സയൻസൺ പുന്നശ്ശേരി
ഒട്ടും വേദനിച്ചിരുന്നില്ല,
ഏട്ടൻ നടുവിരൽ മുറിച്ചെടുക്കുമ്പോൾ,
പൂർണ്ണതയില്ലാത്ത കൈകൂപ്പൽ
ദൈവത്തിനിഷ്ടമാവില്ലന്നറിയുന്
അമ്പലങ്ങളിലേക്ക് നടന്നിട്ടില്ല.
മറുപടി പറയാനില്ലാത്തതു കൊണ്ട്
മറച്ചു പിടിച്ച് നടന്നിട്ടുണ്ട്,
കണ്ടു പോയവരോട് ഒരിക്കലും നടന്നിട്ടില്ലാത്ത
അപകടകഥ വിശദീകരിച്ചിട്ടുണ്ട്.
അപ്പോഴൊന്നും വേദനിച്ചിരുന്നില്ല,
സ്നേഹത്തിൽ പൊതിഞ്ഞ് വഞ്ചിക്കാമെന്ന്
ഏട്ടൻ കാട്ടിത്തരുന്നതുവരെ.
അതിർത്തിയിൽ ഒട്ടിപ്പിടിച്ച
നടുവിരലുമായി രാജ്യം കാക്കുന്നവന്
ചോർന്നു പോവാത്ത ദൈവകൃപ
നിറയുമ്പോൾ.....
ഇവിടെ ഒലിച്ചു പോവുന്നത്,
കാൽമുട്ട് തട്ടി നരച്ചു പോയ
ചുമരുകളും അതിനുള്ളിലെ
ചുവന്ന മൺകട്ടയുമാണ്.