17 Jun 2012

തേരെ മെഹ്ഫില്‍ മേം ലേകിന്‍ ഹം ന ഹോന്ഗെ….

ഇസ്മൈൽ കെ

മെഹ്ദി ഹസൻ




 അത്ഭുതമായിത്തീർന്ന  ഗായകനെക്കുറിച്ച്

രാജസ്ഥാന്റെ ശേഖാവതി ഭാഗത്തുള്ള ജുന്‍ചുനു ജില്ലയില്‍ ലൂണ എന്ന ഗ്രാമത്തില്‍ നിന്നും സംഗീതത്തിന്റെ ആ മഹാഭേരി ആര്‍ത്തലച്ചു വന്ന് 84 വര്‍ഷങ്ങള്‍ പിന്നിട്ട് ഇന്ന് ആ നാദം എന്നെന്നേക്കുമായി നിലച്ചു പോയിരിക്കുന്നു. വിഭജനത്തിന്റെ മുറിവ് പടരുന്നതിന് മുമ്പേ പാകിസ്ഥാനിലെ ലാഹോറിലേക്ക് കുടിയേറിപ്പോയതിലൂടെ ഇന്ത്യക്ക് സ്വന്തമായിട്ടും സ്വന്തമെന്നു വിളിക്കാന്‍ കഴിയാതെ പോയെങ്കിലും ഗസലിന്റെ മധുരോധാരമായ മാന്ത്രിക വീചികളിലൂടെ അതിര്‍ത്തികളെ തന്നെ മായിച്ചു കളഞ്ഞ ആ മഹാവിസ്മയം ഏറെ നാളായി കറാച്ചിയിലെ ആശുപത്രില്‍ ജനലക്ഷങ്ങളെ പ്രണയാര്‍ദ്രമാക്കിയ ആ മധുരശബ്ദം പോലും നഷ്ട്ടപ്പെട്ടു ജീവിതത്തിനും മരണത്തിനുമിടയിലെ നേര്‍ത്ത നൂല്പാലത്തില്‍ ഒളിഞ്ഞും തെളിഞ്ഞും വരുന്ന ഓര്‍മയുമായി കിടക്കുകയായിരുന്നു , കഴിഞ്ഞ ഒരു പതിറ്റാണ്ടോളം ഒരു വരി പോലും പാടാന്‍ ആകാതെ. അസുഖബാധിതനായപ്പോള്‍  ദാരിദ്ര്യത്തിന്റെ കൌമാരം വര്‍ക് ഷോപ്പിലെ കനത്ത യന്ത്രങ്ങളോട് മല്ലിട്ട് പിന്നിട്ട അയാള്‍ ആ പരുത്ത വിരലുകള്‍ പഴക്കം ചെന്നൊരു ഹാര്‍മോണിയത്തില്‍ ഓടിച്ച് പട്ടിന്റെ നൈര്‍‍മല്യമുള്ള ശബ്ദത്തില്‍ പാടിയപ്പോള്‍ അത് കാലവും ദേശവും കടന്നു അറ്റമില്ലാത്ത പ്രണയതീരങ്ങളെ തഴുകിയുണര്‍ത്തിയും ഉറക്കിയും ഒരു കുളിര്‍തെന്നലായി പടര്‍ന്നു. ഒരിക്കല്‍ മെഹ്ഫിലിനായി വേദിയിലേക്ക് തന്റെ ഹാര്‍മോണിയം കൊണ്ട് പോകുമ്പോള്‍ താഴെ വീണു തകര്‍ന്നു. മിനിട്ടുകള്‍ക്കകം അതെടുത്തു റിപ്പയര്‍ ചെയ്തു പഴയ രീതിയില്‍ പ്രവര്‍ത്തിപ്പിച്ചു കാണിച്ച അദ്ധേഹത്തെ അത്ഭുതത്തോടെ നോക്കി നിന്ന ആരാധകരോടദ്ദേഹം പറഞ്ഞു: ” ആശ്ച്ചര്യപ്പെടേണ്ടതില്ല,ഒരു കാലത്ത് ഓട്ടോ മെക്കാനിക്ക് ആയിരുന്ന ഞാന്‍ എത്രയോ ട്രാക്ടര്‍ യന്ത്രങ്ങള്‍ കൂട്ടിയോജിപ്പിച്ചിരിക്കുന്നു, അത് നോക്കുമ്പോള്‍ ഇതെനിക്കൊരു കുട്ടിക്കളി മാത്രം”.

തൊള്ളായിരത്തി അറുപതുകള്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ റേഡിയോ പ്രക്ഷേപണത്തിന്റെ സുവര്‍ണ കാലഘട്ടമായി വിലയിരുത്താം. പന്ത്രണ്ടാം നൂറ്റാണ്ടില്‍ പേര്‍ഷ്യയില്‍ നിന്നും ഇന്ത്യയിലേക്ക്‌ വന്ന മുസ്ലിം ഭരണാധികരികളിലൂടെ നമ്മള്‍ക്ക് സമ്മാനമായി കിട്ടിയ ഗസല്‍ എന്ന മാന്ത്രിക സംഗീതരൂപം അറുപതുകളില്‍ റേഡിയോകളിലൂടെ ജനകീയമായി അര നൂറ്റാണ്ടിലേറെ പിന്നിട്ടിട്ടും ഇന്നും പരകോടികളുടെ പ്രിയപ്പെട്ടതായി നിലനില്‍ക്കുന്നു എന്നത് തന്നെ അതിന്റെ മാധുര്യത്തിനു തെളിവാണ്. പതിനെട്ടു- പത്തൊമ്പത് നൂറ്റാണ്ടിലായിരുന്നു ഉറുദു സാഹിത്യത്തിന്റെ ഹര്ഷകാലം. സൌദയുടെയും മീര്‍ താഖി മീറിന്റെയും സൌഖിന്റെയും മിര്‍സ ഗാലിബിന്റെയും തൂലിക തുമ്പിലൂടെ ഉതിര്‍ന്നു വീണ മനോഹരമായ കവിതകള്‍ മെഹ്ദി ഹസന്റെ ശബ്ദ സൌകുമാര്യത്തിലൂടെ ഗസലുകളായി അന്തരീക്ഷത്തില്‍ അലയടിച്ചപ്പോള്‍ ജനസഹസ്രങ്ങള്‍ റേഡിയോകള്‍ക്ക് മുന്നില്‍ കാത്തുകെട്ടിക്കിടന്ന ഒരു കാലമുണ്ടായി. ഉസ്താദ് മൌസുദ്ധീന്‍ ഖാനും ഗൌഹര്‍ ജാനും ബര്ഖത് അലി ഖാനും മുഖ്താര്‍ ബീഗവും ബീഗം അഖ്തറും പാകി വെച്ച മണ്ണില്‍ പുതിയ പുതിയ കൊട്ടാരങ്ങള്‍ തീര്‍ത്തു മെഹ്ദി സാബ്.

1927 ല്‍ രാജസ്ഥാനിലെ ലുണ ഗ്രാമത്തില്‍ ഒരു പാരമ്പര്യ സംഗീത കുടുംബത്തില്‍ ജനിച്ച മെഹ്ദി ഹസന്‍ പരമ്പരാഗത ദ്രുപത് സംഗീതജ്ഞരായ പിതാവ് ഉസ്താദ് അസീം ഖാന്റെയും അമ്മാവന്‍ ഉസ്താദ് ഇസ്മായില്‍ ഖാന്റെയും ശിക്ഷണത്തില്‍ സംഗീതത്തിന്റെ ബാല പാഠങ്ങള്‍ അഭ്യസിച്ചു തുടങ്ങി. വിഭജന ശേഷം കറാച്ചിയിലേക്ക് കുടിയേറിയ അദ്ദേഹം സൈക്കിള്‍ഷോപ്പിലും കാര്‍ വര്‍ക്ക് ഷോപ്പിലും ട്രാക്ടര്‍ വര്‍ക്ക്‌ഷോപ്പിലുമൊക്കെ മെക്കാനിക്ക് ആയി ജീവിതം പയറ്റി തുടങ്ങുമ്പോഴും ഉള്ളിലുള്ള സംഗീതത്തെ തേച്ചു മിനുക്കുന്നതിലും അദ്ദേഹം ശ്രദ്ധിച്ചു. 1952 ല്‍ പാക്കിസ്ഥാന്‍ റേഡിയോയില്‍ പാടാന്‍ അവസരം കിട്ടിയതോടെയാണ് ഈ സുവര്‍ണ്ണ നാദം ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. കനത്ത ശബ്ദത്തില്‍ ഉച്ചസ്ഥായി ആലാപനം സംഗീതലോകത്ത് പിന്തുടര്‍ന്ന് വന്നിരുന്ന ആ കാലത്ത് പാട്ടിന്റെ നൈര്‍മല്യമുള്ള ഈ ശബ്ദം ഒരു അത്ഭുതമായി ആസ്വാദകര്‍ ഏറ്റെടുത്തു. ശബ്ദത്തിന്റെ ഈ സൌകുമാര്യത തുടക്കത്തില്‍ സിനിമാ സംഗീത രംഗത്തില്‍ നിന്നും അദ്ധേഹത്തെ മാറ്റി നിര്‍ത്താനുള്ള ഒരു കാരണമായിരുന്നു എന്നത് ഇന്നാലോചിക്കുമ്പോള്‍ അത്ഭുതമായി തോന്നാം. അന്ന് പരുക്കന്‍ നായകന്മാര്‍ക്ക് യോജിച്ച കനത്ത ശബ്ദമായിരുന്നു സിനിമാക്കാര്‍ക്ക് പഥ്യം. കാലം കടന്നു പോയതോടെ മെഹ്ദിയുടെ നനുത്ത മാന്ത്രികശബ്ദം സിനിമാഗാന രംഗത്തും അനിവാര്യമായി മാറി.അങ്ങനെയാണ് പാക് വാനമ്പാടി നൂര്‍ജഹാനുമായി ചേര്‍ന്നുള്ള ഹിറ്റുകളുടെ ഒരു പരമ്പര തന്നെ ഇന്ത്യ പാക് ചലച്ചിത്രഗാന രംഗത്ത് പിറവി കൊള്ളുന്നത്.
തുമരി ശൈലിയില്‍ ചില രാഗങ്ങളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ഗസലിന്റെ സാധ്യതകളെ തുംരിയും ഖയാലും ദ്രുപതും കജ്രിയും ദാദ്രയും എല്ലാം സന്നിവേശിപ്പിച്ചു ആസ്വാദ്യതയുടെ അനന്തവിഹായസ്സിലേക്ക് പറത്തി വിട്ടു ഈ മാന്ത്രികന്‍. ബെഹലവാ, മുര്ഖീ, താന്‍, സംസമാ തുടങ്ങിയ രാഗസങ്കേതങ്ങളോടൊപ്പം ജന്മദേശത്തു നിന്നും പകര്‍ന്നു കിട്ടിയ രാജസ്ഥാനി ഫോല്‍ക്കിന്റെ രസക്കൂട്ടുകള്‍ കൂടി ചേര്‍ത്ത് ഗസല്‍ ശാഖയെ ജനകീയമാക്കുന്നതില്‍ അദ്ദേഹം മുന്നില്‍ നടന്നു. ഉറുദു പദങ്ങളുടെ ഉച്ചാരണവും പ്രയോഗവും ഇത്ര കൃത്യതയോടെ പാട്ടുകളില്‍ പകര്‍ന്ന മറ്റൊരു ഗസല്‍ ഗായകനുണ്ടാവില്ല. 1960 മുതല്‍ 1980 വരെയുള്ള ഇരുപതു വര്‍ഷങ്ങളില്‍ ഇന്‍ഡോ – പാക് സിനിമാ സംഗീത ചരിത്രത്തില്‍ മെഹ്ദി സാബ്‌ പാടി റെക്കോര്‍ഡ്‌ ചെയ്ത ഓരോ ഗസലും കാലം അടയാളപ്പെടുത്തിയ ക്ലാസ്സിക്കുകളാണ്.
പ്യാര്‍ ഭരെ ദോ ശര്മീളെ…., രഞ്ജിഷ് ഹി സഹീ…, ദുനിയാ കിസീ കെ പ്യാര്‍ മേം…., മൊഹബ്ബത് കര്നെ വാലേ….യൂ സിന്ദഗീ കീ രാഹ് മേം…., ബാത് കര്നെ മുജ്ഹെ മുഷ്കില്‍…, അബ്കെ ഹം ബിച്ചടെ…., ഇക് സിതം ഓര്‍ മേരി ജാന്‍…, രഫ്താ രഫ്താ…., ഗുലോം മേം രംഗ് ഭരെ…., ഷോലാ ഥാ…., ബീതെ ഹുവെ കുച്ച് ദിന്‍…, ദര്‍ദ് യുന്‍ ദില്‍സേ ലഗാ…, ഹംകോ ഗം നഹീ ഥാ…, മുജ്ഹ്കോ ആവാസ് ദോ…., തന്ഹാ ഥീ ഓര്‍ ഹമേശാ…, യെ ഝുകീ ഝുകീ നിഗാഹെ….., യാരോ കിസി കി ഖാതില്‍ സെ…. അങ്ങനെയങ്ങനെ പ്രണയവും വിരഹവും ഭക്തിയും ലഹരിയും നിറക്കുന്ന അനേകായിരം ഗസലുകള്‍ നമുക്കായി ബാക്കി വെച്ച് ജനപ്രിയ ഗസലുകളുടെ ഷെഹന്‍ഷ പടിയിറങ്ങിയിരിക്കുന്നു, തന്റെ സതിരുകള്‍ ഉപേക്ഷിച്ച്, ആസ്വാദകരെ കണ്ണീരണിയിച്ച്, നാദങ്ങളുടെ കുളിര്‍മഴ പെയ്യാത്ത ലോകത്തേക്ക്… ആ നാദ വിസ്മയത്തിന്  മുന്നില്‍ ഒരു പിടി ഗസല്‍ പൂക്കള്‍………

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...