17 Jun 2012

എന്റെ പ്രണയം ഇടി വെട്ടി പെയ്യുന്നു

ബഷീർ തൃപ്പനച്ചി

മഴയോട് ഞാന്‍ കൂട്ട് കൂടാന്‍ തുടങ്ങിയത് എന്നാണ് ?
ഉമ്മയുടെ മടിയില്‍ നിന്ന് ഊര്‍ന്നിറങ്ങി നിലത്തു കാലുറപ്പിക്കാന്‍ തുടങ്ങിയ കാലത്ത് തന്നെ മഴയുടെ നനഞ്ഞ നോട്ടം എന്നില്‍ കുളിര് കോരിയിട്ടിരിക്കണം. രാത്രിയുടെ ഇരുട്ടില്‍ ഉമ്മയുടെ ചൂടേറ്റു ഞാനുറങ്ങാന്‍ ശ്രമിക്കുമ്പോള്‍ കാറ്റിന്റെ അകമ്പടിയോടെ വാതിലില്‍ തുരുതുരാ മുട്ടി മഴയെന്നെ പുറത്തേക്കു കൂട്ട് വിളിച്ചിരുന്നു .
പിന്നെ പിന്നെ മഴയോടൊപ്പം ഞാനും വളര്‍ന്നു .എപ്പോഴോ മഴയെന്ന ബാല്യകാലസഖി എന്റെ പ്രണയിനിയായി .വീടിനു പുറത്തിറങ്ങി എന്റെ കാമുകിയോടൊപ്പം ലയിച്ചും തിമിര്‍ത്തും ഞാന്‍ കലപില കൂട്ടി .ഇടയ്ക്കിടെ വരുന്ന പനിയായിരുന്നു ഞങ്ങളുടെ പ്രണയ സല്ലാപങ്ങള്‍ക്കിടയിലെ സ്ഥിരം വില്ലന്‍ .പനിച്ചു പിച്ചും പേയും പറയുന്ന എനിക്ക് ,പുറത്തു നൃത്തം ചെയ്യുന്ന അവളെ കണ്‍നിറയെ കാണാന്‍ ഉമ്മ ജനവാതില്‍ തുറന്നിടുമായിരുന്നു. മഴയോടുള്ള എന്റെ പ്രണയം ഉമ്മ രഹസ്യമായി അറിഞ്ഞുട്ടുണ്ടായിരിക്കും . ഉപ്പ ഉപേക്ഷിച്ചു പോയതില്‍ പിന്നെ അകവും പുറവും നിശബ്ദമായ ആ ഓല മേഞ്ഞ കുരയില്‍ ബഹളമയമായ വാചാലത നിറച്ചിരുന്ന മഴയെ ഉമ്മയും സ്‌നേഹിച്ചിരിക്കണം.
കൌമാരം പിന്നിട്ടതും എന്റെ ഭ്രാന്തന്‍ പ്രണയമഴ ചിറപ്പൊട്ടിയൊഴുകി. മഴയൊരുക്കുന്ന തോടിന്റെ കുത്തൊഴുക്കിലും കുളത്തിന്റെ ആഴപ്പരപ്പിലും കിടന്നുരുളാന്‍ ഞാനെന്റെ മഴക്കാലത്തെ കെട്ടഴിച്ചു വിട്ടു .മാനത്തു നിന്ന് പൊട്ടി വീഴുന്ന മഴയെ വായിലേക്ക് കമഴ്ത്തി എനിക്ക് നഷ്ട്ടപ്പെട്ട സ്‌നേഹ ദാഹത്തെ ഞാന്‍ തിരിച്ചു പിടിക്കാന്‍ വ്യഥാ ശ്രമം നടത്തി.ചിലപ്പോള്‍ രാത്രിയില്‍ മഴനാരു കൊണ്ട് ഊഞ്ഞാലു കെട്ടി എന്റെ ഭ്രാന്തന്‍ സ്വപ്‌നങ്ങള്‍ തിമിര്‍ത്താടി .
മഴയോടെനിക്കിത്ര ഒടുക്കത്തെ പ്രണയമെന്താണ് ?
സ്വര്‍ണ്ണ നാരുകള്‍ പോലെ ഊര്‍ന്നിറങ്ങുന്ന അതിന്റെ സൗന്ദര്യഭാവമാണോ ?
ഒരിക്കലുമല്ല …
സൌന്ദര്യത്തെ പ്രണയിക്കുന്നതിനു മുന്‍പേ മഴയെന്റെ കാമുകിയായിരുന്നു .
സങ്കടങ്ങള്‍ കറുത്തിരുണ്ട് മേഘാവ്രതമാക്കിയ എന്റെ ബാല്യകാലം മഴയായ് പെയ്ത് എന്നില്‍ തന്നെ ഒലിച്ചിറങ്ങിയതാണോ ?
കഴിഞ്ഞ വര്‍ഷം കരഞ്ഞു പിരിയുമ്പോഴും ഈ ചോദ്യത്തിനുത്തരം കണ്ടെത്താന്‍ ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്ക് കഴിഞ്ഞിട്ടില്ല .
അവളുടെ അഭാവത്തില്‍ എന്റെ ഭ്രാന്ത് മുറുകുന്നതിനു മുന്‍പേ കഴിഞ്ഞ വേനലില്‍ ഉമ്മ എന്റെ വിവാഹം നടത്തി .
ഒരു വര്‍ഷത്തിനു ശേഷം ഒടുവില്‍ ഇന്നലെ പാതിരാത്രി ഒരു മണിക്ക്, മൂടിപ്പുതച്ചു ഉറങ്ങുന്ന എന്നെയവള്‍ ജാലകവാതില്‍ മുട്ടി വിളിച്ചുണര്‍ത്തി.ജാലകം തുറന്നപ്പോള്‍ ഈറനുടുത്തു നനഞു കുതിര്‍ന്നു നൃത്തം ചെയ്യുകയാണവള്‍ .
പാതിരാത്രി ഉറക്കത്തില്‍ നിന്ന് എന്നെ ഉണര്‍ത്താന്‍ നമുക്കിടയിലുള്ള ബന്ധം എന്താണ് ?
ഒന്നുമറിയാതെ ഉറങ്ങുന്ന സഹധര്‍മിണിയെ അവള്‍ കാണാതിരിക്കാന്‍ പുതപ്പിനുള്ളിലാക്കി, ഉറക്കച്ചടവോടെ ഞാന്‍ ചോദിച്ചു.
നൃത്തത്തിന്റെ ചുവടു ദൃതഗതിയിലാക്കി അവള്‍ എന്റെ മുഖത്തേക്ക് മഴനാരെറിഞ്ഞു.ബാല്യം മുതല്‍ സ്പര്‍ശിച്ച ആ നനുത്ത പ്രണയ തുള്ളികള്‍ എന്റെ ശ്യാസം മുട്ടിച്ചു.അകം പൊള്ളിയ ഓര്‍മ്മകള്‍ പെയ്തിറങ്ങുന്നതിനു മുന്‍പേ ഈര്‍ഷ്യതയോടെ ഞാന്‍ ജനവാതില്‍ കൊട്ടിയടച്ചു .
അപ്രതീക്ഷമായ എന്റെ പ്രണയനിരാസത്തില്‍ പ്രതിഷേധിച്ചു പുലര്‍ച്ച വരെ പുറത്തു അമര്‍ത്തിയും മൂളിയും കൈകാലിട്ടടിച്ചും അവള്‍ സീല്‍ക്കാരം തുടര്‍ന്നു . നേരം വൈകിയുണര്‍ന്നു പുറത്തിറങ്ങിയപ്പോഴാണ് തലേന്ന് രാത്രിയവള്‍ ഒഴുകിപരന്നതിന്റെ നനവ് വറ്റാത്ത പാടുകള്‍ കണ്ടത് .
ഇനി നാളെ മുതല്‍ രാത്രിയും പകലും അവളെനിക്കു മുന്‍പില്‍ ഈറനുടുത്തു നൃത്തം ചെയ്യുമ്പോള്‍ ഞാനെന്തു ചെയ്യും ? നിങ്ങള്‍ തന്നെ പറയൂ

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...