സതീശൻ പയ്യന്നൂർ
അന്നു തൊട്ടിന്നേവരെ,
പെണ്ണു തൊട്ട് കൂട്ടിയെഴുതിയിട്ടില്ല;
പ്രേമമെന്ന മണ്ണാം കട്ട!
അന്നാരോ പറഞ്ഞു
പ്രേമം അനശ്വരമാണെന്ന്,
കുഴിഞ്ഞ ഉദരം വിയർപ്പൊഴുക്കാൻ
ആവശ്യപ്പെട്ടപ്പോൾ,
അനശ്വരമായതെന്റെ
നെട്ടോട്ടമായിരുന്നു.
ഒടുവിലിട വഴിയിലെവിടെയോ
പ്രേമം മൊട്ടിട്ടപ്പോൾ,
ഞാൻ കരുതി പൂത്തുലയുമെന്ന്,
പൂവാകും മുന്നെ പറിച്ചെടുത്ത്,
കാലിനു വ്യായാമം നടത്തുമ്പോൾ
അവരൊരു ചിരി ചിരിച്ചു പറഞ്ഞു
ചെടിയാകുമ്പോൾ പൂക്കണമെന്ന് തോന്നും
എന്നു വെച്ച് നീയെന്തിനു
വാ പൊളിക്കണം?
തിരിഞ്ഞു നടക്കുമ്പോൾ
ഇറ്റുവീണ കണ്ണീർ
ചെടിയൊട്ട് അറിഞ്ഞുമില്ല,
ഞാനൊട്ട് പറഞ്ഞുമില്ല!
ചെടി ശപിച്ചിരിക്കുമോ?
അതോ അജ്ഞയായി…?
അല്ലേങ്കിലും..
പറയാതെ, അറിയാതെ എന്തു പ്രേമം?
എല്ലാ പുഞ്ചിരികളും,സ്നേഹങ്ങളും പ്രേമമല്ലല്ലോ?
എല്ലാ ചെടികളും മൊട്ടിടുന്നത്,
എന്നെ ആകർഷിക്കാനുമല്ലല്ലോ?
പിന്നെയൊരു ചെടിയെ
സ്വന്തമാക്കി വളർത്തിയപ്പോൾ
പ്രേമം പൂക്കുകയോ
കായ്ക്കുകയോ ചെയ്തില്ല
പകരം ജീവിതം കായ്ച്ചു.!
അപ്പോഴുമവരുടെ ചിരിയിൽ
എന്തോ ഒരു പന്തികേട്!
പുച്ഛമോ?,
അതോ ചവിട്ടി തേച്ച ആഹ്ലാദമോ?
--------------