19 Jul 2012

ചേര


വിനോദ്

 ഒന്ന്
നാട്ടുച്ചയായിരുന്നു.  കത്തുന്ന കണ്ണുകളോടെ സൂര്യന്‍ ഭൂമിയെ നോക്കിനിന്നു.
പാതയിലൂടെ പലതരത്തിലുള്ള വാഹനങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും പൊയ്ക്കൊണ്ടിരുന്നു. മനുഷ്യന്‍ എല്ലാം വെട്ടിപ്പിടിയ്ക്കാനുള്ള  വ്യഗ്രതയില്‍ നിര്‍ത്താതെ ഓടുകയാണ്. പാതയ്ക്കപ്പുറത്തുള്ള പോന്തയില്‍നിന്നും നേരിയ നിഴലനക്കങ്ങള്‍ കാണുന്നുണ്ട്. അവന്‍ ഇന്നും എത്തിയിട്ടുണ്ട്. എന്നും വരാറുണ്ടവന്‍.  പിറകില്‍  രാജകലയുള്ള സുന്ദരന്‍.  എന്തായാലും ഒരു അഭിജാതകുടുംബത്തിലെ അംഗമെന്ന് ഉറപ്പുണ്ട്.

നേരമേറെയായി കാത്തുനില്‍ക്കുന്നു ഈ പാതയോന്നു മുറിച്ചു കടക്കാന്‍! പണ്ട് ഇതൊരു ചെറിയ ഒറ്റയടിപ്പാതയായിരുന്നു. മനുഷ്യന്‍റെ കാല്‍പാദങ്ങള്‍ക്ക് കഷ്ടിച്ച് കടന്നുപോകാനുള്ള നേര്‍ത്തൊരു രേഖ മാത്രമായിരുന്നു. ബാക്കിയെല്ലാം പുല്ല് പിടിച്ചു കിടന്നിരുന്നു. വല്ലപ്പോഴും വല്ല മനുഷ്യരും ആ വഴി പോയെങ്കിലായി. പാതയ്ക്ക് ഇരുവശവുമുള്ള കുറ്റിക്കാടുകളില്‍ നട്ടുച്ചയ്ക്ക് പോലും  ചീവീടുകളുടെ കരച്ചില്‍ കേള്‍ക്കുമായിരുന്നു.
കാണെക്കാണെ ഈ ഒറ്റയടിപ്പാത വളര്‍ന്നു വലുതായി. മനുഷ്യര്‍ അവിടെ കല്ല്‌ പതിച്ച്‌ മുകളില്‍ കറുത്തൊരു തരം കൊഴുത്ത ദ്രാവകം ഉരുക്കി ഒഴിച്ചത് ഇപ്പഴുമോര്‍ക്കുന്നു. വെയില്‍ ചൂട്പിടിക്കുമ്പോള്‍ ആ കറുത്ത പ്രതലം നന്നായി പഴുത്തിരിയ്ക്കും. അപ്പുറത്തേക്കൊന്നു കടക്കുമ്പോഴെയ്ക്കും വയറോക്കെ പൊള്ളി ഒരുവിധമാകും.
കുന്നും കുളങ്ങളുമുള്ള നാടായിരുന്നു ഞങ്ങളുടെ. ഞങ്ങളുടെ എന്ന് ഉറപ്പിച്ച് പറയാന്‍ കഴിയുമോ എന്നറിയില്ല. കാരണം ഭൂമിയില്‍  മനുഷ്യന്‍ എല്ലാം സ്വന്തമാക്കിവെച്ചിരിക്കയാണല്ലോ.  ഈ ഭൂമി മുഴുവന്‍ പങ്കുവച്ചിട്ടും അവന് കൊതി തീരുന്നില്ല എന്നു മാത്രം.
പോന്തയുടെ  അപ്പുറത്ത് മനുഷ്യരുടെ നൃത്തവിദ്യാലയമാണ്. സദാ ചിലങ്കയോച്ച കേള്‍ക്കാം.
പോന്തയില്‍നിന്നും ഇപ്പഴും അനക്കം കേള്‍ക്കുന്നുണ്ട്. അവന്‍ അവിടെത്തന്നെയുണ്ട്. ചിലങ്കയുടെ അലയൊലികള്‍ അവനെ ആശങ്കാകുലനാക്കുന്നുണ്ട്.  മട്ടും ഭാവവും കണ്ടിട്ട് എന്തൊക്കെയോ സ്വപ്നം കാണാന്‍ തുടങ്ങിയ പോലുണ്ട്.  കണ്ണുകളില്‍ സ്വപ്നത്തിന്‍റെ തിളക്കവും കാമത്തിന്‍റെ തീനാളങ്ങളും കാണാനാവുന്നുണ്ട്.
വിശന്നിട്ടു വയ്യ. ദിവസം മൂന്നായി വല്ലതും അകത്താക്കിയിട്ട്.  അതും ആര്‍ക്കും വേണ്ടാത്ത ഒരു ചെറിയ ചുണ്ടനെലിയെ.  അതിന്‍റെ ഒരു വാട്ടമണം ഇപ്പഴും മനസ്സില്‍നിന്നു പോയിട്ടില്ല. വാട്ടമണമായാലും വേണ്ടില്ല ഒരു ചുണ്ടനെലിയെങ്കിലും കിട്ടിയെങ്കിന്‍ എന്ന് ആശിച്ചുപോയി, അത്രയ്ക്ക് വിശക്കുന്നുണ്ട്.
ഈ പാതയോന്ന്‍ മുറിച്ച് കടക്കാനായെങ്കില്‍! അപ്പുറത്തെത്തിയാല്‍  വല്ല പുല്‍ച്ചാടികളെയെങ്കിലും പിടിച്ചുതിന്നാമായിരുന്നു. പിന്നെ ആ സുന്ദരനെ ഒന്നു കാണുകയുമാകാം. അവന്‍റെ കണ്ണിലെ കാമത്തിന്‍റെ കനാലിത്തിരി വാരിയെടുക്കുകയുമാകാം.
ഇപ്പോള്‍ ആളനക്കമോന്നും കേള്‍ക്കുന്നില്ല. മെല്ലെ പാതയിലേയ്ക്ക് ചായ്ഞ്ഞുനില്‍ക്കുന്ന ശീമക്കൊന്നയിലൂടെ അരിച്ച് താഴേക്കിറങ്ങി. അപ്പുറത്ത് പോന്തയില്‍ നിന്നും അവന്‍ ഉല്‍ക്കണ്ഠയോടെ നോക്കി. കറുത്ത പ്രതലത്തില്‍ വയറുരഞ്ഞപ്പോള്‍ പൊള്ളുന്നുണ്ടായിരുന്നു.
പെടുന്നനെ  ഭൂമി കുലുങ്ങുന്നതുപോലൊരു ശബ്ദം കേട്ടു. ശരീരമാസകലം വിറച്ചു. നേരെ പിറകോട്ട് ചാടി. ഹോ…. തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. രണ്ടു ചക്രങ്ങള്‍ സീല്‍ക്കാരശബ്ദത്തോടെ ഉരുണ്ടുപോകുന്നത് കണ്ടു. അതിന്നടിയിലെങ്ങാനും പെട്ടിരുന്നെങ്കില്‍ …… ഓര്‍ക്കാന്‍ പോലും വയ്യ. ശരീരമാകെ തളര്‍ച്ച ബാധിച്ചപോലെ……അപ്പുറത്ത് ഭയവിഹ്വലനായി അവന്‍ നോക്കി നില്ക്കുന്നുണ്ടായിരുന്നു……..
രണ്ട്
എഴുത്തുകാരന്‍  നടക്കാനിറങ്ങിയതാണ്. വൈകുന്നേരങ്ങളിലെ ഒരു പതിവ് നടത്തം. തിരക്കുപിടിച്ച ഈ നഗരത്തിലെ ഒരല്പ്പമെങ്കിലും ആശ്വാസമുള്ള ഒരു വഴിയാണിത്. നേരെ നടന്നാല്‍ സ്കൂള്‍ മൈദാനമാണ്. അവിടെ കാറ്റ് കൊണ്ടിരിക്കാന്‍ പലരും എത്താറുണ്ട്.
വഴിയില്‍ റോഡിനോട് ചേര്‍ന്ന് കുട്ടികളെ നൃത്തം അഭ്യസിപ്പിക്കുന്ന ചെറിയൊരു വിദ്യാലയമുണ്ട്. കുട്ടികള്‍ താളത്തില്‍ നൃത്തം ചവിട്ടുന്ന സ്വരം കേള്‍ക്കുന്നുണ്ട്. അതിനപ്പുറത്ത് ചെറിയൊരു പോന്തക്കാടാണ്.  പിന്നെ കുറെ ഒഴിഞ്ഞ സ്ഥലവും. ഏതോ വലിയൊരു മുതലാളിയുടെ വലിയ ആവശ്യമൊന്നുമില്ലാത്ത തരിശായിക്കിടക്കുന്ന കുറെ ഭൂമി.
അല്‍പ്പം മുന്നോട്ട്‌ പോയപ്പോള്‍ കാലിന്നിടയിലൂടെ എന്തോ ഇഴഞ്ഞുപോകുന്നതായറിഞ്ഞു. പെട്ടെന്ന് ഭയം ഉള്ളില്‍ അരിച്ചുകയറി. കനല്‍ പോലെ അത് നെഞ്ചിലേയ്ക്കിറങ്ങി. അതൊരു മൂര്‍ഖന്‍ പാമ്പായിരുന്നു. തൊട്ടപ്പുറത്ത് ചതഞ്ഞരഞ്ഞ ഒരു ചേരയുടെ ശരീരം കിടന്നിരുന്നു.
പാമ്പ് അപ്പുറത്തെ പോന്തയില്‍ കയറി റോഡിലേക്ക്‌ നോക്കി നിന്നു. അവന്‍റെ കണ്ണുകളില്‍ കനല്‍ കത്തി നിന്നിരുന്നു.  ആ അഗ്നിയില്‍ എരിഞ്ഞുപോകാതിരിക്കാന്‍ എഴുത്തുകാരന്‍ തിരക്കിട്ട് നടന്നു.
“മനുഷ്യാ, ഇത് നിന്‍റെ മാത്രം ഭൂമിയോ?….”
പിറകില്‍നിന്നും അവന്‍ ആക്രോശിക്കുന്നതായി എഴുത്തുകാരന് തോന്നി.
പിന്‍കുറിപ്പ് : ചേരയും മൂര്‍ഖന്‍പാമ്പും ഇണചേരാറുണ്ട്. ഇതൊരു നാട്ടറിവാണ്.  എത്രമാത്രം വാസ്തവമെന്ന് അറിയില്ല… എങ്കിലും …..ഒരു ഭാവന….

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...