സ്വാതന്ത്ര്യം..

 ഷാജഹാൻ നന്മണ്ട
നിലത്തുറക്കാത്ത കാല്‍പാദങ്ങളുമായി വാതില്‍തുറന്ന ഡാനിയേല്‍ കട്ടിലിലേക്ക് വീണ് ഉറക്കംതുടങ്ങി.മുമ്പൊക്കെ അയാള്‍ വരുമ്പോള്‍ കാളിംഗ് ബെല്‍ അമര്‍ത്തി തുറക്കുംവരെ കാത്തിരിക്കുമായിരുന്നു.പിന്നെ തന്റെ അരയില്‍ പിടിച്ച്  തന്നോടടുപ്പിച്ച് ഗാഡമായൊരു സ്നേഹചുംബനം.ശേഷം അന്നന്നത്തെ വിശേഷങ്ങള്‍ പങ്ക്‌വെക്കല്‍. ജസീന്ത ഓര്‍ത്തു.

കമ്പനിയുടെ പുതിയ ഒരു പ്രോജക്ടിനായുള്ള പ്രാരംഭ നടപടികള്‍ തയ്യാറാക്കേണ്ടത് അവളുടെ ചുമതല ആയതിനാലായിരുന്നു മറ്റൊന്നും ചിന്തിക്കാന്‍ പോലുമുള്ള സമയമില്ലായിരുന്നു അവള്‍ക്കു.

മദ്യത്തിന്റെ ലഹരിയില്‍ അര്‍ദ്ധബോധാവസ്ഥയിലായിരുന്ന ഡാനിയേല്‍ പുലമ്പുന്ന അവ്യക്തവാക്കുകളെ അവഗണിച്ചു അവള്‍ അയാളുടെ ഷൂസും ടൈയും ഊരി വെച്ചു ഏസി ഓണ്‍ ചെയ്യുമ്പോഴേക്കും മുറിയിലാകെ മദ്യത്തിന്റെ മണം നിറയാന്‍ തുടങ്ങിയിരുന്നു.

നിഴലുകല്‍ക്കെല്ലാം ഒരേ നിറമാണ്.പുലരികളില്‍ പിന്നോട്ടാഞ്ഞും നട്ടുച്ചകളില്‍ പതിയിരുന്നും ,പകലറുതികളില്‍ മുന്നോട്ടാഞ്ഞും ആകൃതിയില്‍ വ്യതിയാനം വരുത്തി അവയങ്ങിനെ ഭൂമിയുടെ മുകളില്‍ അടയിരിക്കും.എന്നാല്‍ പ്രണയത്തിനു നിറങ്ങളേറെയാണ്.പുലരികളില്‍ വിരിയുന്ന ഏതൊരു പുഷ്പവും പ്രണയപുഷ്പമാവുമ്പോള്‍ നട്ടുച്ചകളില്‍ കിതച്ചും പകലറുതികളില്‍ നര്ത്തനമാടിയും നിലാവില്‍ ഹൃദയത്തോട് ചേര്‍ന്നും അവയങ്ങിനെ തുടര്ന്നു കൊണ്ടിരിക്കും.

ഡാനിയെലിന്റെ വേദാന്തങ്ങള്‍ കാലഹരണപ്പെട്ടിരിക്കുന്നുവെന്നു ജസീന്ത തിരിച്ചറിഞ്ഞു.അയാളിപ്പോള്‍ പ്രണയിക്കുന്നത് മരുഭൂമിയെയാണ്.തന്റെ പ്രണയം മരണപ്പെട്ടതും അവയെ സംസ്കരിച്ചതും മരുഭൂമിയിലാണെന്ന് ജസീന്ത ആത്മഗതം ചെയ്തു.

അകല്‍ച്ചയുടെ ആരംഭം എവിടെ നിന്നായിരുന്നു ? ഡാനിയെലിനേക്കാള്‍ പ്രതിഫലം വാങ്ങുന്ന തന്റെ പുതിയ ജോലി സമ്പാ ദിച്ചപ്പോഴോ ..?വിവാഹമെന്ന ഉടമ്പടിയില്ലാതെ ഒരുമിച്ചു ജീവിക്കുമ്പോഴും ഇത്തരം അപകര്‍ഷതാബോധം സൂക്ഷിക്കുന്നത് പുരുഷവര്‍ഗ്ഗത്തിന് മൊത്തം അപവാദമാണെന്നവള്‍ നിരീക്ഷിച്ചു.

കത്തുന്ന വേനലിനേക്കാള്‍ ജസീന്ത ഇഷ്ടപ്പെട്ടത്  തോരാതെ പെയ്യുന്ന മഴക്കാലത്തെയായിരുന്നു.വറ്റി വരണ്ടു ഊഷരമായ പുഴയെക്കാള്‍ സ്നേഹിച്ചത് ഒഴുകിയൊഴുകി കടല്‍ സന്ധിക്കുന്ന നദിയെയും, .ഇലകൊഴിഞ്ഞു നഗ്നമായ മേപ്പിള്‍ മരങ്ങളെക്കാള്‍ വിഷു വരുമ്പോള്‍ പൂക്കുന്ന കൊന്നമരവും,കാട്ടുതീ കരിച്ച വനത്തെക്കാള്‍ സ്നേഹിച്ചത് മുറ്റത്തു നിന്നു നോക്കിയാല്‍ കാണുന്ന പച്ചപ്പാടവുമായിരുന്നെങ്കിലും ഡാനിയേല്‍ അവളെ വേനലുരുക്കിയൊഴിച്ചു നഗ്നമാക്കിയ മരുഭൂമിയില്‍ ഒരിക്കലും പൂക്കാത്ത ഇലകൊഴിക്കും വൃക്ഷത്തിനടിയില്‍ അന്തിയുറക്കി..
കമ്പനിയുടെ പുതിയ പ്രൊജക്ടുമായി ബന്ധപ്പെട്ട്‌ അനിവാര്യമായ ആദ്യ യൂറോപ്യന്‍ സന്ദര്‍ശനത്തിനായി യാത്രയാക്കാനെത്തിയ സഹപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും ഇടയില്‍ ജസീന്ത ഡാനിയെലിനെ തിരയാതെ സ്വാതന്ത്ര്യത്തിന്റെ തുറന്നിട്ട ആകാശത്തിലേക്ക് പറന്നുയര്‍ന്നു.

സ്വാതന്ത്ര്യം എന്ന കഥ അടുത്ത ലക്കം  മലയാള സമീക്ഷയില്‍  പ്രസിദ്ധീകരിക്കാന്‍ താല്പര്യപ്പെടുന്നു.
ഷാജഹാന്‍ നന്മണ്ട.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ