എൻ.ബി.സുരേഷ്
ആര്‍ത്തിയുടെ ഘോഷയാത്രകൾ കാട്ടുപാതകളില്‍ ഇല്ലില്ല.
തീരവൃക്ഷങ്ങളില്‍
കിളി ചിലക്കുന്നു
ആശ്രമമൃഗങ്ങൾ തീണ്ടുന്ന നദീതീരത്ത്
അമ്പുകളെയ്യാന്‍ ഞാനില്ല.
കാറ്റിന്‍ കഥകള്‍ കേട്ടിട്ട്,
കാനനമേറാന്‍ ഞാനുണ്ട്.
നനഞ്ഞ പുല്‍മേടുകളില്‍
തുമ്പികള്‍ ചിറകു കുടയുമ്പോള്‍
തളിര്‍ത്ത ചില്ലകളാൽ
മരങ്ങള്‍ നൃത്തം തുടങ്ങുന്നു.
നിനച്ചിരിക്കാതെ വനപ്പച്ചയില്‍
മഴയുടെ പഞ്ചവാദ്യം
സന്ധ്യയില്‍ പുഴയുടെ നീലാംബരി.
മഞ്ഞില്‍ നിലാവില്‍,
നിഴലുകളുടെ പാവക്കൂത്ത്.
നീണ്ടുനില്‍ക്കാത്ത മഞ്ഞുകാലത്ത്,
ഇണപക്ഷികള്‍ തപസ്സു തുടങ്ങുന്നു.
കൂട്ടില്‍ സ്വപ്നത്തിന്‍റെ മുട്ടകള്‍.
വള്ളിക്കുടിലിലെ ഊഞ്ഞാലിൽ
സര്‍പ്പങ്ങളുടെ പ്രണയനൃത്തം.
കരിമണ്ണിന്‍റെ മെത്തയിൽ
കലഹംമൂത്ത ചെറുജീവികള്‍.
മുളംകാട്ടില്‍നിന്നൊരു ഫ്ലൂട്ട്,
മരച്ചില്ലകളുടെ വയലിന്‍,
അരുവികളുടെ തംബുരു,
അകലെനിന്നും ഒറ്റയാന്‍റെ ഡ്രം ബീറ്റ്,
കിളികളുടെ കോറസ്,
മഞ്ഞിന്‍റെ തിരശീലയിൽ
നിലാവിന്‍റെ നിറച്ചാര്‍ത്ത്,
കാട്ടിലിപ്പോള്‍ മഹാസിംഫണി
ആര്‍ത്തിയുടെ ഘോഷയാത്രകൾ
കാട്ടുപാതയിലേക്കാണ്.
കാടുകളില്ലത്ത ദേശത്തേക്ക്
ദേശാടനത്തിനിറങ്ങിയ വസന്തം
വിലാപത്തിന് കൂട്ടുറങ്ങി
തിരിഞ്ഞുനോക്കാതെ പോകുന്നു.
വഴിമരങ്ങളില്ലാത്ത പാതയിൽ
തണലും അത്താണിയും
ആള്‍ക്കുട്ടവുമില്ല.
മാനത്തെ മഴയില്‍
ഭൂമിയുടെ കണ്ണീരും അമ്ലവും.
ഈ വഴി പ്രളയകാലത്തേക്കാണ്.
കാട്ടിലിപ്പോള്‍
കബന്ധങ്ങളുടെഹംസഗാനം
നിലാവറ്റുപോയ കണ്ണിൽ
പൂക്കള്‍ വിടരുന്നത്
ഇതളുകളില്ലാതെ.
ഓരോ കാഴ്ചയിലും
കാട്ടുതീയുടെ വിരുന്ന്.
ചേക്കേറാന്‍ ചില്ലയില്ലാതെ
പ്രാര്‍ത്ഥനയുടെ പക്ഷികള്‍.
മണല്‍പ്പുറത്ത്
ഉറക്കം കാത്തുകിടക്കുമ്പോൾ
ഞാനുമെന്‍റെ പുഴയും
ഭൂമിയുടെ ഹൃദയത്തിലേക്ക്
പതുക്കെ.. പതുക്കെ