കാവാലം ശശികുമാര്‍
എല്ലാവരുടെയും ആശാനായ കാവാലം നാരായണപ്പണിക്കരുടെ ശതാഭിഷേക വേളയില്‍ അക്ഷരാര്‍ച്ചനയായി ഈ വരികള്‍....
കാലം തന്‍ തനതു കളത്തില്‍
തകതരികിട താളം തട്ടി
കാവാലം തനതു തലത്തില്‍
കലയാട്ടുന്നതി രസ ചതുരം
തലയാട്ടുവതഖിലരുമനിശം
പൂക്കൈതയാറിനും പൂണൂല്‍ വരമ്പിട്ടു
പൂത്തുലഞ്ഞാടുന്ന നെല്‍ച്ചെടിക്കുഞ്ഞിനും
വാക്കിന്റെ തമ്പുരാന്‍ തുള്ളിപ്പഠിച്ചതാം
വാക്കേറ്റമുള്ളോരു നാട്ടിന്റെ മണ്ണിനും
നോക്കിന്നിതുല്‍സവം കാവാലമിവിടെയൊരു-
നാട്ടിന്റെ പേരല്ല, വീട്ടില്‍ചുരുങ്ങില്ല,
യാറ്റിന്റെയക്കരെക്കടലിന്നുമക്
യ്ക്കെങ്ങൊക്കെയാരൊക്കെയാര്‍ഷ സംസ്കാരത്തി-
നാശയം കാണുന്നു കേള്‍ക്കുന്നവര്‍ക്കിന്നു
വാക്കല്ല പേരല്ല കാവാലമിന്നിദം
കാലം തന്‍ തനതു കളത്തില്‍
തകതരികിട താളം തട്ടി
കാവാലം തനതു തലത്തില്‍
കലയാട്ടുന്നതി രസ ചതുരം
തലയാട്ടുവതഖിലരുമനിശം
സാക്ഷിയായിത്തുടങ്ങീട്ട-
ബ്ഭാസ നാടക ചക്രമഖിലവു-
മാര്യ സംസ്കൃത നാട്യ വൈഭവ-
മാദിയന്തവുമനിശമധികം
സ്പഷ്ടമായങ്ങുള്‍ ഗ്രഹിച്ച-
ബ്ഭരത മുനിയുടെ തത്വഗുണഗണ-
നൃത്ത നാടക രംഗകലതന്‍
സത്തുനാടിനു നല്‍കി മഹിതന്‍
കാലം തന്‍ തനതു കളത്തില്‍
തകതരികിട താളം തട്ടി
കാവാലം തനതു തലത്തില്‍
കലയാട്ടുന്നതി രസ ചതുരം
തലയാട്ടുവതഖിലരുമനിശം
പാട്ടുവാദ്യവുമഖിലനൃത്തവു-
മാര്‍പ്പു വിളിയും പകിടകളിയും
ഞാറ്റുപാട്ടുകള്‍, തേക്കു പാട്ടുകള്‍
വെപ്പു ചുണ്ടനുമോടി ചുരുളനു-
മൊത്തു തുഴയവെയേറ്റു പാടിന
നെഞ്ചുപാട്ടിനുമൊന്നുതാളമ-
തെന്റെ ജീവനതെന്റെ ജീവിത-
മെന്നു പറയവെയൊന്നുചേരുവ-
തിന്നു പേരല്ലല്ലല്ല പെരുമയു-
മൊന്നു ജീവിത സത്യമല്ലോ
കാലം തന്‍ തനതു കളത്തില്‍
തകതരികിട താളം തട്ടി
കാവാലം തനതു തലത്തില്‍
കലയാട്ടുന്നതി രസ ചതുരം
തലയാട്ടുവതഖിലരുമനിശം
കാല്‍ക്കല്‍ത്താന്‍ ചേര്‍പ്പിതു നിഭൃതം
കാവാലക്കരയുടെ കുസുമം
കാവാലപ്പെരുമയെ വിശ്വം-
കാണിച്ചൊരു ഗുരുവിന്‍ ചരണം-
പൂജിക്കും ശിഷ്യഗണത്തിന്‍
പൂവിട്ട മനസ്സിന്‍ കുസുമം
കണ്ടൂ പൂര്‍ണ സിതാഭനായ ശശിയെ,ക്കൊണ്ടൂ ഭവാന്‍ കീര്‍ത്തിയെ-
ക്കണ്ടൂ വൈഭവമിന്നു നാടു നിറയെക്കൊണ്ടൂ യശസ്സാം ശ്രിയേ
ചെല്പും മാലയുമായി നില്‍പ്പു പലരും കൈക്കൊള്‍ക; കര്‍മ്മത്തെയും,
പണ്ടേപ്പോലെ ലസിക്ക, കാണ്‍ക ഗുരുവേ ശീതാംശു നൂറായിരം