19 Jul 2012

അഞ്ചാംഭാവം

 ജ്യോതിർമയി ശങ്കരൻ

സ്ത്രീധനകുരുക്കുകൾ  മുറുകുമ്പോ


ഇടയ്ക്കൊക്കെ പുറകോട്ട് തിരിഞ്ഞു നോക്കിയാൽ തന്നെയേ നടന്നവഴി മനസ്സിലാക്കാനാകൂ. നടന്ന വഴി ശരിയോ എന്നൊന്നു ചിന്തിയ്ക്കുന്നതും നന്നായിരിയ്ക്കും.  നന്മ മാത്രം ഉദ്ദേശിച്ചു തുടങ്ങിവച്ച പല ആചാരാനുഷ്ഠാനങ്ങളും കാലപ്രവാഹത്തിന്റെ കുത്തൊഴുക്കിൽ‌പ്പെട്ട് ഇന്നു നമുക്കു തന്നെ വിനയായി മാറുമ്പോൾ മനുഷ്യനു കൈ കെട്ടി നോക്കി നിൽക്കാനേ കഴിയുന്നുള്ളൂ. മാറ്റങ്ങൾ ഉൾക്കൊള്ളാൻ വിസമ്മതിയ്ക്കുന്ന സമൂഹം സ്വാർത്ഥതയെ  സമർത്ഥമായി ഒളിച്ചു വയ്ക്കുന്നതിൽ വിജയിയ്ക്കുമ്പോൾ വിലപറയപ്പെടുന്ന പെൺജീവിതങ്ങളുടെ കഴുത്തിലെ കുരുക്കുകൾക്കു മുറുക്കം കൂടുന്നു.
സ്ത്രീ തന്നെ ധനമെന്ന പൊള്ളവാക്കുകൾക്കുള്ളിലെ സത്യം നമ്മെ നോക്കി പല്ലിളിയ്ക്കുമ്പോഴും അതിനെ ദൂരീകരിയ്ക്കാൻ എന്തേ ആരും തയാറാകാത്തത്? പിതൃസ്വത്തവകാശം സ്ത്രീകൾക്കില്ലാതിരുന്ന സമയത്ത്  ചെന്നു കേറുന്ന ഭർതൃഗൃഹത്തിൽ അവൾക്കു വില കൽ‌പ്പിച്ചിരുന്നത് ഇതിന്റെ ഏറ്റക്കുറച്ചിലുകൾ തന്നെയായിരുന്നെന്ന സത്യം മറക്കാൻ പറ്റില്ല.വെറുതെ വലിഞ്ഞു കേറി വന്നവളല്ല ഞാൻ എന്നവൾക്ക് പറയാനും സാധിച്ചെന്നിരിയ്ക്കാം.കാലഘട്ടത്തിന്റെ ഒഴിച്ചു കൂടാനാകാത്ത ഒരു സ്ഥിതിവിശേഷം ഇത്തിക്കണ്ണി പോലെ മാറിയ യുഗത്തിലും തഴച്ചു വളർന്നപ്പോൾ ആവശ്യം സ്വാർത്ഥതയായി മാറിയെന്നത് തന്നെ സത്യം. വിവാഹം കച്ചവടമായി മാറുമ്പോൾ  ഇരകൾക്കിന്നും പ്രതികരിയ്ക്കാനാകുന്നില്ല.ഫലമോ പൊട്ടിത്തെറികൾ നിറഞ്ഞ ജീവിതവും. ഒരു മണിക്കൂറിൽ ഒരു സ്ത്രീയെങ്കിലും സ്ത്രീധനത്തിനോടനുബന്ധമായ കാരണത്താൽ മരിയ്ക്കുകയോ ആത്മഹത്യ ചെയ്യപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്ന രാജ്യമാണിന്ന് നമ്മുടേത്. ഇത്തരം പല മരണങ്ങളും ആത്മഹത്യയോ അപകടമോ ആയി കാണാനും നമ്മൾ പഠിച്ചു കഴിഞ്ഞു.
തലമുറകളായി ശീലിച്ചു വരുന്ന ഒരു ആചാരത്തെ തുടച്ചു നീക്കുക അത്ര എളുപ്പമല്ലെങ്കിലും മാറ്റങ്ങളെ രണ്ടു കൈയും നീട്ടി സഹർഷം സ്വാഗത ചെയ്യുന്ന നമ്മൾ ക്ക് അസാധ്യമായ ഒന്നല്ലതെന്നു നിസ്സംശയം പറയാം.ഇവിടെയാണ് മനുഷ്യന്റെ കുബുദ്ധി ഉണരുന്നത്. മറ്റീരിയലിസത്തിനോടുള്ള അടക്കാനാവാത്ത അഭിവാഞ്ഛയുടെ ചിറകടികൾ ഇവിടെ കേൾക്കാനാകും. ബന്ധങ്ങളെ ബന്ധനങ്ങളാക്കി മാറ്റുന്നതിനോടൊപ്പം ശിഥിലമാക്കാനും മടി തോന്നുന്നില്ല. സ്വന്തം നേട്ടം മാത്രം മുന്നിൽ കാണാൻ മനുഷ്യൻ പണ്ടു തന്നെ പഠിച്ചതാണല്ലോ?
ഒരു അയൽവാസിയെക്കുറിച്ചിവിടെ രണ്ടുവരി പറയാതെ വയ്യ.വടക്കേ ഇന്ത്യക്കാരൻ. രണ്ടു മക്കൾ. മൂത്ത മകൻ കൊണ്ടുപിടിച്ചു ശ്രമിച്ചു, ഒരു ഐ. ഏ.എസ്. എങ്ങനെയെങ്കിലുമൊന്ന് തരപ്പെടുത്താൻ. കാരണം വിവാഹമാർക്കറ്റിൽ കോടികളുടെ വില. കടന്നു കൂടാൻ പറ്റിയില്ല. ഒടുവിൽ രക്ഷയില്ലാതെ കോർപ്പറെറ്റ് ജോബ് സ്വീകരിച്ചു, തരക്കേടില്ലാതെ സ്ത്രീധനം വാങ്ങി ഒരു നല്ല ഫ്ലാറ്റും വാങ്ങി. മരുമകളുടെ സൌന്ദര്യക്കുറവും അനാരോഗ്യവും സ്ത്രീധനത്തുക കൂടുന്നതിൽ സഹായിച്ചെന്നത് ചിലരെങ്കിലും അറിയാതിരുന്നില്ല. മകൾക്കു ആരെ വേണമെങ്കിലും സ്വീകരിയ്ക്കാനുള്ള അനുമതി മുന്നേ നൽകിയതിനാൽ അവൾ നല്ലൊരുത്തനെ സ്വയം കണ്ടെത്തുകയും സ്ത്രീധനപ്രശ്നത്തിൽ നിന്നും അച്ഛനെ രക്ഷിയ്ക്കുകയും ചെയ്തു.പക്ഷേ ഇനിയും വരാനിരിയ്ക്കുന്നതേയുള്ളൂ മക്കൾ തമ്മിലുള്ള പ്രശ്നങ്ങൾ. തനിയ്ക്കു കിട്ടാനുള്ളത് മകൾ കണക്കു പറഞ്ഞു വാങ്ങാതിരിയ്ക്കില്ല, തീർച്ച. അച്ഛന്റെ തന്നെയല്ലേ മകളും എന്നാവുമിപ്പോൾ പലരുടേയും ചിന്താഗതി.കുറ്റം അവളുടെ തലയിൽ ചുമത്താനുള്ള വ്യഗ്രതയും തൊട്ടുപുറകിൽ. സ്ത്രീയായി ജനിച്ചതു തന്നെയോ അവളുടെ തെറ്റ് എന്ന ആപഴയ ചോദ്യം വീണ്ടും ഒരിയ്ക്കൽക്കൂടി ഉയർത്താനല്ലാതെ  മറ്റൊരു പ്രതിവിധിയും വിവാഹക്കമ്പോളത്തിലെ ഈ ഇടപാടിനെ കൈ ചൂണ്ടി കുറ്റം പറയുന്നവർക്കും നിർദ്ദേശിയ്ക്കാനാകുന്നില്ലെന്നതാണ് സത്യം. സ്ത്രീധന സമ്പ്രദയത്തിന്റെ സകല ദൂഷ്യവശങ്ങളേയും ഇവിടെ കണ്ടെത്താനാകും, ഒപ്പം തന്നെ മനുഷ്യമനസ്സിന്റെ സങ്കീർണ്ണതകളേയും. ആർക്കും ആരെയും കുറ്റം പറയാനാവില്ല, നമ്മളൊക്കെ ചേർന്നുണ്ടായ സമൂഹത്തിന്റെ നേരെ വിരൽ ചൂണ്ടുന്നത് സ്വന്തം നെഞ്ചിനു നേരെത്തന്നെയാണെന്നതോർക്കുമ്പോൾ.
എന്നിട്ടും പലപ്പോഴും അവിചാരിതമായി സ്ത്രീയുടെ നേരെത്തന്നെ വിരലുകൾ ചൂണ്ടപ്പെടുമ്പോൾ പലപ്പോഴും സമൂഹത്തിന്റെ പക്ഷപാതം പ്രത്യക്ഷമായനുഭവപ്പെടുന്നു. സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകളിൽ പലപ്പോഴും വായിയ്ക്കാനിടയാകുന്ന സമയം കൊല്ലി പോസ്റ്റുകൾ ഇതിനുദാഹരമാണ്. സമുദായത്തിലെ പ്രത്യേകവ്യക്തികളുടെ മുഖം മൂടികളെ അനാവരണം ചെയ്യുന്ന ഇത്തരം പ്രസ്താവനകളും സമൂഹത്തിന്റെ മുഖത്തു പുള്ളിക്കുത്തുകൾ വീഴ്ത്തുന്നു. ഇതും പോരാഞ്ഞു വഴി തെറ്റിയും അല്ലാതെയുമായെത്തുന്ന ഇ-മെയിൽ സന്ദേശങ്ങളും ദോഷകരമായവ തന്നെ. അപൂർവ്വം ചിലവ നമ്മിൽ സന്തോഷം ഉണർത്തുന്നില്ലെന്നു മാത്രം.
ഇതാ ഇപ്പോൾ കിട്ടിയ ഒരു ഇ-മെയിൽ സന്ദേശത്തിന്റെ ചുരുക്കം നിങ്ങൾക്കായി പങ്കു വെയ്ക്കാം. ഒരുപക്ഷേ അവളെ അറിയാൻ ആരോ ശ്രമിച്ചതാണോ?
നിശ്ശബ്ദമായ അവളുടെ മനസ്സിനുള്ളിലൂടെ ലക്ഷക്കണക്കിന് കാര്യങ്ങൾ ഓടിപ്പോകുന്നു. ന്യായത്തിനായി വാദിയ്ക്കുന്ന സമയമൊഴികെ അവൾ അഗാധമായ ചിന്തയിൽത്തന്നെ.
തനിയ്ക്കു വേണ്ട വിധം പ്രാധാന്യം നൽകാഞ്ഞിട്ടും നിങ്ങളെ  ഇത്രമാത്രം ഇഷ്ടപ്പെടുന്നതെന്തു കൊണ്ടായിരിയ്ക്കാം എന്നവൾ നിങ്ങളെത്തന്നെ സൂക്ഷിച്ചു നോക്കുമ്പോൾ അത്ഭുതപ്പെടുകയാണ്.
ദിവസേന നിങ്ങളെ വിളിയ്ക്കുമ്പോൾ ശരിയ്ക്കും നിങ്ങളുടെ സുഖാസുഖങ്ങളറിയാൻ അവൾ ആഗ്രഹിയ്ക്കുന്നു.
ദിവസവും അവളയയ്ക്കുന്ന ലഘുസന്ദേശങ്ങൾക്ക്  നിങ്ങൾ ഒരു മറുപടിയെങ്കിലുമയയ്ക്കണമെന്നവൾ മോഹിയ്ക്കുകയാണ്.
ഞാൻ നിങ്ങളെ ഇഷ്ടപ്പെടുന്നെന്നവൾ പറയുമ്പോൾ അവൾ അതു ശരിയ്ക്കും അർത്ഥമാക്കുന്നു.
അവൾ നിങ്ങളുടെ അഭാവമറിയുന്നെന്നു പറയുമ്പോൾ അവളേക്കാളധികമായി ഈ ലോകത്തൊരാൾക്കും നിങ്ങളുടെ അഭാവം മനസ്സിലാക്കാനാകില്ല.
ഞാൻ നിങ്ങൾക്കൊത്തുണ്ടെന്നവളോതുമ്പോൾ ഒരു പാറപോലെ അവൾ നിങ്ങൾക്കൊപ്പം കാണും, തീർച്ച.
സ്ത്രീകളെന്നും പ്രത്യേകതയെഴുന്നവർ തന്നെ. അവൾ ലോകത്തെ എട്ടാമത്ഭുതമായി പറയപ്പെടുന്നു. അവൾ എന്നും  വിലമതിയ്ക്കാനാകാത്ത ഒരു നിധിയാണ്.
ഒരിയ്ക്കലും  അവളെ വ്രണപ്പെടുത്തുകയോ  തരം താഴ്ത്തുകയോ ചെയ്യരുത്.

ആഹാ! എത്ര സുന്ദരമായ സന്ദേശങ്ങൾ! ഇതെഴുതിയ ആൾ പോലും  അഥവാ ഇതു മറ്റുള്ളവർക്കായി ഫോർവേർഡ് ചെയ്യുന്നവരെങ്കിലും ഇതിന്റെ സത്തയെ ഉൾക്കൊള്ളാൻ ശ്രമിച്ചിരുന്നെങ്കിൽ! കച്ചവടച്ചരക്കായവളെ കാണുന്ന ഗതികേട് ഒഴിവാക്കാമായിരുന്നു. മുറുകുന്ന കുരുക്കുകളും സ്വയം അഴിഞ്ഞേനേ!

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...