Skip to main content

ചുവക്കുന്ന ആകാശത്തിന്റെ ചുവട്ടിലൂടെ/ഇരവിഎസ്. ഭാസുരചന്ദ്രൻ
pho. 9645811117 
sbeeline@yahoo.comകഥാരചനയിൽ അപൂർവ്വ 
ചായക്കുട്ടുകളൊരുക്കിയ 
എസ് ഭാസുരചന്ദ്രനുമായി അഭിമുഖം


താങ്കൾക്ക്‌ മുമ്പും താങ്ങൾക്ക്‌ ശേഷവും ഒരുപാടുപേർ കഥയെഴുതിയിട്ടുണ്ട്‌.
ഈ കഥകളിലൊന്നും കാണാതെ എന്താണ്‌ താങ്കളുടെ കഥകൾക്ക്‌ മാത്രമായി ഉള്ളത്‌?
        നല്ല ചോദ്യം! എന്റെ കഥകളുടെ ഐഡന്റിറ്റി എന്താണെന്ന്‌ ഞാനാണോ പറയേണ്ടത്‌?
ശരിക്ക്‌ പറഞ്ഞാൽ എനിക്കതറിയുകയുമില്ല. തീർച്ചയായും മറ്റുള്ളവരുടെ
കഥകളിലില്ലാത്ത എന്തോ ചിലത്‌ എന്റെ കഥകളിലുണ്ട്‌. പറയൂ എന്താണത്‌?
പറയാം. കഥ എന്ന മാധ്യമത്തിലേക്ക്‌ താങ്കളെ എത്തിച്ച ബാല്യകാല
സാഹചര്യങ്ങളെന്തൊക്കെയാണ്‌?
        കുട്ടിയിലേ തന്നെ നല്ല ഡേ ഡ്രീമർ ആയിരുന്നു ഞാൻ. രണ്ടര വയസ്സിൽ എന്റെ
കാലിൽ കുറച്ചു പ്രശ്നങ്ങളുണ്ടായി. ഒന്നിലേറെ ശസ്ത്രക്രിയകളും മറ്റും.
ഒടുവിൽ വെല്ലൂരിൽ കൊണ്ടുപോയാണ്‌ ചെയ്തത്‌. കരിവണ്ടിയിലെ ആ നീണ്ടയാത്രയും
മലയടിവാര പട്ടണത്തിലെ ഹോട്ടലിന്റെ ടെറസ്സിലിരുന്ന്‌ കണ്ട
സൂര്യാസ്തമയങ്ങളും ഒക്കെ വലിയ വിശദാംശങ്ങളോടെ ഓർമ്മയിലുണ്ട്‌. ഒരു പക്ഷേ,
ആ ഡീറ്റെയിൽസ്‌ പിന്നീട്‌ മനസ്സ്‌ കൂട്ടിച്ചേർത്തത്തായിരിക്കാം. ആശുപത്രി
ജനാലയിലൂടെ കണ്ട നീലാകാശവും വെണ്മേഘങ്ങളും വച്ച്‌ ഞാൻ അന്നേ ജോലി
തുടങ്ങിക്കാണണം.
കലാപ്രവർത്തനങ്ങളുണ്ടായിരുന്നോ?
        കല മനസ്സിലുണ്ടായിരുന്നു. പക്ഷേ, കലാപ്രവർത്തനങ്ങൾ എന്നു പറയാൻ അങ്ങനെ
ഇല്ല. ഇതിന്‌ രസകരമായ ഒരു പശ്ചാത്തലമുണ്ട്‌. എന്റെ വീട്ടിൽ ചെറിയ
പ്രായത്തിൽ എന്നേക്കാൾ കലാവാസന പ്രകടിപ്പിച്ചതു എന്റെ ജേഷ്ഠനായിരുന്നു.
നിങ്ങൾ മക്കൾ എത്രപേരാണ്‌?
        ഏഴു പേർ. ഞാൻ മൂന്നാമൂഴമാണ്‌. ഏറ്റവും താഴത്തെ മൂന്നുപേർ സഹോദരിമാർ.
ഈ പറഞ്ഞ ജേഷ്ഠൻ?
        എന്റെ തൊട്ടുമൂത്തയാൾ. ശോഭനചന്ദ്രൻ. ശോഭനയണ്ണന്‌ വിപുലമായ
വായനശാലാപ്രവർത്തനവും സെറ്റ്‌ കൂടലും നാടകം കളിയും ഒക്കെയുണ്ടായിരുന്നു.
ഒന്നാന്തരം നടനായിരുന്നു. സ്കൂൾ കഴിഞ്ഞാൽ, അതുകഴിഞ്ഞ്‌ കോളേജ്‌ വിട്ടാൽ
സദാസമയം വായനശാലയിലാണ്‌ കലാപ്രവർത്തനവുമായി. അച്ഛനതിനോട്‌
യോജിപ്പില്ലായിരുന്നു. മാർക്കൊക്കെ കുറയുന്നതുകൊണ്ടായിരിക്കും. ഏതായാലും
വായനശാല, നാടകം കളി, വിസ്തരിച്ചുള്ള കമ്പനികൂടൽ ഇതൊന്നും വളരെ
പരിശ്രമശാലിയായ അച്ഛന്‌ ഇഷ്ടമായിരുന്നില്ല. അതിലൊരു ഐറണിയുള്ളത്‌ അച്ഛൻ
വലിയൊരു സംഗീതപ്രേമിയായിരുന്നു എന്നതാണ്‌. ചുമ്മാ ലളിതസംഗീതമൊന്നുമല്ല.
ക്ലാസിക്കൽ സംഗീതം. നല്ല രാഗനിശ്ചയത്തോടെ. എം.ഡി.രാമനാഥൻ എന്നു
കേൾക്കുമ്പോൾ തന്നെ രോമഹർഷം അനുഭവിക്കുന്നയാളായിരുന്നു.
ആ വകയിൽ വല്ലതും പകർന്നു കിട്ടിയോ?
എന്നിൽ സംഗീതമുണ്ട്‌. വാക്യങ്ങൾ എഴുതുമ്പോൾ മൗലികമായ ഒരു രാഗബോധം എന്നിൽ
പ്രവർത്തിക്കുന്നതായി തോന്നിയിട്ടുണ്ട്‌. അതിരിക്കട്ടെ. നമ്മൾ
സംസാരിച്ചുവന്നത്‌ അച്ഛന്റെ നിലപാടിനെക്കുറിച്ചാണ്‌. അതിങ്ങനെ
കലാപ്രവർത്തനവിരുദ്ധമായപ്പോൾ ഞാൻ എന്റെ സാഹിത്യതാത്പര്യങ്ങൾ ഉള്ളിലേക്ക്‌
വലിച്ചങ്ങനെ കഴിഞ്ഞു. സ്കൂൾ തലത്തിൽ മത്സരങ്ങളിലൊന്നും
പങ്കെടുത്തില്ല.ആദ്യത്തെ കഥ. ശ്രീ.കെ.വി.എസ്‌.ഇളയതിന്റെ 'കേരളദേശം'
പത്രത്തിന്റെ ഞായറാഴ്ചപ്പതിപ്പിൽ അച്ചടിക്കുമ്പോൾ ശിവഗിരി
എസ്‌.എൻ.കോളേജിൽ ഞാൻ പ്രീഡിഗ്രി ഒന്നാംവർഷമായിരുന്നു. വീട്ടിൽ വരുത്തുന്ന
പത്രങ്ങളിലൊന്നാണ്‌. പേരുകാരനെ എളുപ്പം പിടിക്കാതിരിക്കാൻ
ചുരുക്കപ്പേരിലാണ്‌ തട്ടിയിരിക്കുന്നത്‌. എന്തായാലും അച്ചടിച്ച ആദ്യത്തെ
കഥ അച്ഛനിൽ നിന്നൊളിപ്പിക്കാൻ എനിക്ക്‌ സാധിച്ചു. പക്ഷേ രണ്ടാമത്തേതിൽ
പിടിച്ചു.
രാത്രി യാത്രയില്ല
കഥകൾ
എസ്.ഭാസുരചന്ദ്രൻ

എന്തായിരുന്നു പ്രതികരണം?
        ആരാണീ എസ്‌.ബി.ചന്ദ്രൻ പുരവൂർ എന്ന്‌ പത്രം നോക്കിക്കൊണ്ട്‌
മൂത്തജേഷ്ഠനായ മണിയണ്ണനോട്‌ ചോദിച്ചെന്നറിഞ്ഞു. നമ്മുടെ ഭാസുരൻ എന്ന്‌
അണ്ണൻ ഉത്തരവും പറഞ്ഞു. അച്ഛൻ വല്ലാതെ ആശ്ചര്യപ്പെട്ടുപോയി എന്നാണ്‌
അറിഞ്ഞത്‌. വിശ്വസിക്കാനാവാത്തതുപോലെ കുറേനേരം അങ്ങനെ ഇരുന്നു എന്ന്‌.
അതുകഴിഞ്ഞ്‌ ആദ്യമായി മുന്നിൽ ചെന്നുപെട്ടപ്പോൾ അച്ഛൻ എന്നെ നോക്കിയ ഒരു
നോട്ടമുണ്ട്‌.
വിവരിക്കാമോ അത്‌?
ഒരിക്കലും സാധിക്കില്ല. എത്രയോ വർഷങ്ങൾക്ക്‌ ശേഷം അതേ നോട്ടം ഞാൻ ഒരു
സിനിമയിൽ കണ്ടു. ഹരിഹരന്റെ 'സർഗം' എന്ന സിനിമയിൽ. ക്ഷേത്രനടയിൽ
സരസ്വതീസ്തുതി രാഗശുദ്ധിയോടെ വിനീതചൊല്ലിക്കഴിയുമ്പോൾ അച്ഛൻ നെടുമുടിവേണു
അവനെ നോക്കുന്ന നോട്ടം. ഏറെ പശ്ചാത്താപത്തോടെ, ഒരുപാട്‌
വാത്സല്യത്തോടെ... അന്ന്‌ എന്റെ അച്ഛൻ എന്നെ നോക്കിയ അതേ നോട്ടമാണത്‌.
എഴുതാനുള്ള വാസനയെ വലിയൊരു സിദ്ധിയായി അച്ഛൻ കണ്ടിരുന്നിരിക്കണം. ആശാൻ
കവിതകളുടെയൊക്കെ വലിയ ആരാധകനാണ്‌.
അച്ഛന്റെ പൊതുവായൊരു ചിത്രം ?
        പറഞ്ഞല്ലോ. വലിയ പരിശ്രമശാലിയായിരുന്നു. യൗവനത്തിന്റെ തുടക്കത്തിൽ
ജീവിതം തേടി സിലോണിൽ പോയി തിരികെ വന്ന്‌ നാട്ടിൽ കൈത്തറി നെയ്ത്തിന്റെയും
നൂൽവ്യാപാരത്തിന്റെയും വലിയൊരു ലോകം തനിയേ പടുത്തുയർത്തിയ ആളാണ്‌.
ഞങ്ങളുടെ ചിറയിൻകീഴിൽ ആ രംഗത്തെ ഒരു ഫോർ റണ്ണർ എന്നു പറയാം. ശ്രീധരൻ
മുതലാളി എന്നാണറിയപ്പെട്ടിരുന്നത്‌. ഇന്നിപ്പോൾ മുതലാളി എന്നൊന്നും
ആരെയും വിളിക്കാറില്ല. ആവാക്കേ അന്യം നിന്നു. യാൺ ഡൈയിങ്ങിന്റെയും
അതിന്റെ വ്യാപാരത്തിന്റെയും സാധ്യതകൾ സിലോണിൽ വച്ചുണ്ടായ തമിഴ്‌
സൗഹൃദങ്ങളിൽ നിന്നാണ്‌ അച്ഛൻ മനസ്സിലാക്കിയെടുത്തത്‌. സംഗീതാഭിരുചിയുടെ
വേരുകളും ആ ഏരിയയിലാണെന്നു തോന്നുന്നു.
ആദ്യത്തെ മറക്കാനാവാത്ത ആ നോട്ടത്തിനുശേഷം അച്ഛൻ എങ്ങനെ പ്രോത്സാഹിപ്പിച്ചു?
നമ്മൾ ഈ എഴുതിത്തുടങ്ങുന്ന കാലത്ത്‌ പിന്നെ ഒന്നും എഴുതിയില്ലേ എന്ന്‌
ഇടയ്ക്ക്‌ ചോദിക്കാൻ ഒരാൾ വേണം. എന്റെ കാര്യത്തിൽ ആ ആൾ അച്ഛനായിരുന്നു.
അപൂർവ്വവും അതീവഹൃദ്യവുമാണത്‌. പിതൃപുത്രബന്ധത്തിലെ അസുലഭമായ ഒരു
മനോഹാരിതയുണ്ടതിൽ.
അനാർക്കലി പറയും
കഥകൾ
എസ് ഭാസുരചന്ദ്രൻ

        തീർച്ചയായും. എന്റേതായി അച്ചടിച്ചുവരുന്നതൊക്കെ ആകാംക്ഷയോടെ പലപ്രാവശ്യം

വായിക്കുന്നതു കണ്ടിട്ടുണ്ട്‌. അഭിപ്രായം അങ്ങനെ പറയില്ല. ആ ദിവസവും
അടുത്ത ദിവസവുമൊക്കെ വലിയ സന്തോഷവാനായി കാണും. നിശബ്ദമായി സ്വകാര്യമായി
അച്ഛൻ അതാഘോഷിക്കുമായിരുന്നു. അച്ഛന്റെ അവസാനക്കാലത്ത്‌ മാതൃഭൂമിയിൽ വന്ന
'നേഗറ്റീവ്‌' എന്ന കഥ വായിച്ച ശേഷം ഫോണിൽ വിളിച്ച്‌ വാത്സല്യത്തോടെ
പറഞ്ഞു "കഥയുടെ ആവിഷ്കാരം ഒന്നാന്തരം. പക്ഷേ പ്രമേയം തെറ്റാണ്‌" എന്ന്‌.
എനിക്കത്‌ മനസ്സിലാക്കാൻ സാധിച്ചു. ഭാര്യയുടെ നഗ്നത സ്വകാര്യമായി
ക്യാമറയിൽ പകർത്തി പിന്നെ നേഗറ്റീവ്‌ മറ്റൊരാളെക്കൊണ്ട്‌ വാഷ്‌
ചെയ്യിക്കുന്ന ഒരു സ്വിറ്റ്വേഷനുണ്ടല്ലോ അതിൽ. അത്‌ ആ തലമുറയിലെ
ഒരച്ഛന്റെ മനസ്സിന്‌ ഉൾക്കൊള്ളാൻ സാധിക്കണമെന്നില്ല.
കഥയിൽ ഒരു ഡാർക്ക്‌ ർറൂം പ്രോസസ്‌ വിശദാംശങ്ങളോടെ വിവരിക്കുന്നുണ്ട്‌.?
        കഥയ്ക്കായി ഒരു ഡാർക്ക്‌ ർറൂം പ്രോസസ്‌ അടുത്തുനിന്നു കണ്ടു. എനിക്ക്‌
പ്രിന്റിട്ട്‌ കാണിച്ചുതരികയായിരുന്നു. നമ്മുടെ ശശിധരൻ കുമാരപുരം.
ഫോട്ടോഗ്രാഫർ. കുമാരപുരത്തിന്റെ സ്റ്റുഡിയോയിൽപ്പോയി ഇതിനായി ഒരു
ഡാർക്ക്‌ റും പ്രോസസ്‌ കാണുകയായിരുന്നു. ഒരു നേഗറ്റീവ്‌ ഫിലിം
തുണ്ടെടുത്ത്‌ വാഷ്‌ ചെയ്ത്‌ പോസിറ്റീവായി അടിച്ചു കാണിച്ചുതന്നു. പഴയ ആ
നേഗറ്റീവിൽ ആരായിരുന്നു എന്ന്‌ കുമാരപുരത്തിനും അറിയില്ലായിരുന്നു.
പോസിറ്റീവായപ്പോൾ ഞങ്ങൾ രണ്ടുപേരും ഒരുമിച്ചു തിരിച്ചറിയുകയായിരുന്നു.
ആരായിരുന്നു അത്‌?
        ഒ.വി.വിജയൻ. അതൊരു ഭയങ്കര നിമിത്തമായി എനിക്കു തോന്നി. അപ്പോൾ തന്നെ
ഉറപ്പിച്ചു, എന്റെ കഥ ഒരു ലവലിൽ നിന്നും മുകളിലേക്ക്‌ പോകുമെന്ന്‌.
നിമിത്തങ്ങളിലൊക്കെ വിശ്വാസമുണ്ടോ?
        നിമിത്തങ്ങളുടെ ഘോഷയാത്രയാണ്‌ എന്റെ ജീവിതം.
വിശദീകരിക്കാമോ?
        ഒരനുഭവം പറയാം. ദീർഘകാലമെടുത്ത്‌ പൂർത്തിയായ അനുഭവമാണ്‌. ഞാൻ
താമസിച്ചിരുന്ന ലോഡ്ജിലെ മുറി, നമ്മുടെയൊക്കെ ആ മുറിയാണ്‌ അരങ്ങ്‌.
തിരുവനന്തപുരത്ത്‌ പ്രസ്‌ റോഡിലെ കമലാലയം. പത്രപ്രവർത്തനവുമായി നഗരത്തിൽ
വന്ന കാലം മുതൽ അവിടെയായിരുന്നല്ലോ എന്റെ പാർപ്പ്‌. പഴയകാലത്തെ പ്രമുഖ
പുസ്തക പ്രസിദ്ധീകരണശാലയാണ്‌. കോപ്പിറൈറ്റ്‌ കേസിനെത്തുടർന്ന്‌
പ്രസിദ്ധീകരണശാല പിടിച്ചുവച്ചിരുന്ന മാർത്താണ്ഡവർമ്മ സിനിമയുടെ പ്രിന്റ്‌
ഇവിടെ നിന്നാണ്‌ പൂനാ ഫിലിം ആർക്കൈവ്സുകാർ വീണ്ടെടുത്തത്‌. പി.പത്മരാജൻ,
നടൻ ഗോപി തുടങ്ങിയ വലിയ പ്രതിഭകൾ അവിടെ താമസിച്ചിട്ടുണ്ട്‌. ഇപ്പോൾ
അമേരിക്കയിലുള്ള എന്റെ ഏറ്റവും ഉറ്റ സുഹൃത്തുക്കളിലൊരാളായ
പിച്ചുമണിയുമൊത്ത്‌ ദീർഘകാലം ഷെയർ ചെയ്ത മുറിയിലായിരുന്നു ഞാൻ. പിന്നെ
മണി പോയതിനുശേഷം ഞാൻ തനിച്ചായി. ഇടത്തരം സർക്കാരുദ്യോഗസ്ഥർ താമസിക്കുന്ന
ലോഡ്ജ്‌. അതിന്റെ സൗഹൃദബഹളങ്ങളും ഒക്കെയുണ്ട്‌. അതായത്‌ ദീർഘനേരം
സ്വകാര്യതയിൽ ലയിച്ചിരുന്ന്‌ കടലാസിലും മഷിയിലും കേന്ദ്രീകരിക്കേണ്ടതുള്ള
ഒരെഴുത്തുകാരന്‌ പറ്റിയ പാർപ്പിടമായിക്കൊള്ളണമെന്നില്ല. പക്ഷേ,എന്റെ
കാര്യത്തിൽ ഒരു വ്യത്യാസമുണ്ടായി. ഇരുവശത്തെയും മുറികൾ മിക്കവാറും
ഒഴിഞ്ഞാണ്‌ കിടന്നിരുന്നത്‌. വല്ലപ്പോഴുമൊരിക്കൽ വന്നിട്ടു
പോകുന്നവരായിരുന്നു എന്റെ അയൽക്കാർ. അങ്ങനെയല്ലാതെ, ഒരു ലോഡ്ജിന്റെ
സ്വാഭാവികമായ രാത്രിമേളങ്ങൾ നിറഞ്ഞതായിരുന്നു ഇരുവശത്തേയും മുറികൾ
എങ്കിൽ? എനിക്ക്‌ യാതൊന്നും എഴുതുവാനോ വായിക്കുവാനോ
സാധിക്കുമായിരുന്നില്ല. അങ്ങനെ സംഭവിച്ചുപോകാതെ രാത്രികളിൽ നിശബ്ദതയുടെ
രണ്ട്‌ സ്പോഞ്ചുകൾകൊണ്ട്‌ എന്നിലെ എഴുത്തുകാരനെ കുഷൻ ചെയ്തു. ഒരുപാടു
വർഷങ്ങൾ. തിരക്കഥകൾ പോലും ഇവിടെയിരുന്ന്‌ എഴുതി. ഒരുപക്ഷേ ജീവിതത്തിലെ
ഏറ്റവും വലിയ നിമിത്തം.
നമുക്ക്‌ ചിറയൻകീഴിലേക്ക്‌ മടങ്ങാം. സുപ്രസിദ്ധമായ ശാർക്കര ക്ഷേത്രവും
പറമ്പുമായുള്ള ബന്ധം താങ്ങൾ പറയാറുണ്ട്‌. എത്ര പറഞ്ഞാലും
മതിയാവാത്തതുപോലെ?
        ഞാൻ ആ പറമ്പിന്റെ സൃഷ്ടിയാണ്‌. ശാർക്കരപറമ്പിന്റെ മറ്റൊരു പ്രോഡക്ട്‌.
കാളിയൂട്ടുത്സവത്തിന്റെയും ഭരണിയുത്സവത്തിന്റെയും
ആൾക്കൂട്ടത്തലകളിലൊന്നായി ചുറ്റിത്തിരിയുന്ന ചെക്കൻ മുതൽ പറമ്പു മുഴുവൻ
നിറയുന്ന സദസ്സിന്‌ മുന്നിൽ എല്ലാവർഷവും ജനുവരിയിൽ പ്രേംനസീർ
അനുസ്മരണപ്രസംഗം നടത്തി മൈക്കിന്‌ മുന്നിൽ നിൽക്കുന്നയാൾ വരെ നീളുന്ന ആ
ഗ്രാഫ്‌ ഞങ്ങളുടെ ദേവി ശാർക്കരപൊന്നമ്മച്ചിയുടെ അനുഗ്രഹമായി ഞാൻ
കാണുന്നു. സൈക്കിൾ പഠിച്ചതു, സ്കൂൾ കാലത്ത്‌ വെള്ളിയാഴ്ച ഉച്ചയ്ക്ക്‌
ലാവിഷായ രണ്ടു മണിക്കൂർ ഇന്റർവെൽ നേരത്ത്‌ കളിച്ചുമറിഞ്ഞത്‌.
കൂട്ടുകാരുമൊത്ത്‌ ആൽത്തറകളിൽ സെറ്റ്‌ കൂടിയത്‌. ഇന്നില്ലാത്ത
ഭഗവതിവിലാസം ഗ്രന്ഥശാലയിൽ നിന്ന്‌ പുസ്തകമെടുത്ത്‌ കളിത്തട്ടിലിരുന്ന്‌
വായിച്ച്‌ ഹരം കൊണ്ടത്‌. എത്രയോ വൈകുന്നേരങ്ങളിൽ മണലിൽ വട്ടം കൂടിയത്‌ -
എന്തെല്ലാം ഓർമ്മകൾ!
ഗ്രാമീണവായനശാലയിലെ അനുഭവങ്ങൾ?
        ഗ്രാമീണവായനശാലയാണ്‌ എന്റെ ഏറ്റവും തീവ്രമായ ഗൃഹാതുരത്വം. ഗ്രാമത്തിലെ
യുവജനവിഭാഗം ഗ്രന്ഥശാലയിൽ പുസ്തകങ്ങൾ ഉണ്ട്‌. പക്ഷേ, അതിന്റെ പത്തിരട്ടി
പുസ്തകങ്ങൾ ശാർക്കരയിലെ 'ഭഗവതിവിലാസം ഗ്രന്ഥാലയ'ത്തിൽ ഉണ്ടായിരുന്നു. ഒരു
കുടുംബം നടത്തിയിരുന്ന ഗ്രന്ഥശാലയാണ്‌. വീട്ടിലൊരു റാലി സൈക്കിൾ
ഉണ്ടായിരുന്നു. അതിലാണ്‌ പുസ്തകമെടുക്കാൻ പോകുന്നത്‌. ചില ദിവസങ്ങളിൽ
ഗ്രന്ഥശാല തുറക്കില്ല. ഖദീജാ തീയേറ്ററിനടുത്ത റയിൽവേ
ക്രോസിനടുത്തെത്തുമ്പോൾ നോക്കും അപ്പുറത്തെ ഗ്രന്ഥശാലയിൽ ജനാല
തുറന്നിട്ടുണ്ടോ എന്ന്‌. തുറന്നിട്ടുണ്ട്‌. അപ്പോൾ അനുഭവിക്കുന്ന
ഒരാഹ്ലാദമുണ്ട്‌. അതോർക്കുമ്പോൾ ഞാനിപ്പോഴും സ്കൂൾ വിദ്യാർത്ഥിയായി
മാറും. റയിൽപ്പാത ഇരട്ടിപ്പിച്ചപ്പോൾ ആ ഗ്രന്ഥശാല പോയി. ബാല്യത്തിന്റെ
സിനിമാക്ഷേത്രമായിരുന്ന ഖദീജയും ഇന്നില്ല.
തീവ്രമായ ഒരനുഭവം എത്രദൂരം സഞ്ചരിച്ചാണ്‌ കഥയാകുന്നത്‌?
        ഇക്കാര്യത്തിൽ സംഗതികൾമൊത്തം തലതിരിഞ്ഞ അവസ്ഥയാണെന്റേത്‌. തീവ്രമായ
ഒരനുഭവം ഉണ്ടായിട്ട്‌ പിന്നതുകഥയായി ആവിഷ്കരിക്കുകയല്ല. പലപ്പോഴും
മറിച്ചാണ്‌. കഥയെഴുതിക്കൊണ്ട്‌ പുതിയൊരനുഭവം സ്വന്തമാക്കുകയാണ്‌
ഞാൻ...ഇരവി ഇപ്പോൾ സൂചിപ്പിച്ചില്ലേ ഞാൻ ജനിച്ചു വളർന്ന വീട്‌.
പരിസരങ്ങൾ, ഗ്രാമം, അവിടത്തെ ആൾക്കാർ ഇതൊന്നും എന്റെ കഥയിൽ വരാറില്ല.
എന്തുകൊണ്ടാണെന്ന്‌ ചോദിച്ചാൽ അതൊക്കെ എനിക്ക്‌ വേണ്ടതിലേറെ അരുകിലാണ്‌.
അതെഴുതുവാൻ എനിക്കൊരു പ്രയാസവുമില്ല. അതിലൊരു ചലഞ്ചില്ല. ഒരു
കഥയെഴുതണമെങ്കിൽ ആ സന്ദർഭത്തിനകത്ത്‌ എനിക്ക്‌ വളരെ സ്ട്രെയിഞ്ച്‌ ആയ
ഒന്നുണ്ടാവണം. നേരത്തെ പരിചയപ്പെട്ടിട്ടില്ലാത്ത പിടിച്ചാൽ
പിടികിട്ടാത്തൊരു സാധനം. വലിയ ലേബർ ഇറക്കി മെരുക്കി സ്വന്തമാക്കേണ്ട
ഒരംശം. അപ്പോഴാണ്‌ എനിക്ക്‌ നരേറ്റീവ്‌ ത്രിൽ കിട്ടുന്നത്‌. കഥയെ
എഴുത്തുകാരൻ അവന്റെ തന്നെ അനുഭവമാക്കിയാൽ അത്‌ വായനക്കാരുടെയും
അനുഭവമായിക്കൊള്ളും.
ശരിയാവണം. കാരണം താങ്കളുടെ കഥകൾ ലളിതമാണെന്നു തോന്നും പക്ഷേ ഒട്ടും
ലളിതമല്ല. ഈ വൈരുദ്ധ്യത്തെപ്പറ്റി?
        കഥയിൽ, കലയിൽ, ലാളിത്യത്തിന്റെ അസംസ്കൃതപദാർത്ഥം സങ്കീർണ്ണതയാവണം.
ലളിതമായ ഒന്നെടുത്ത്‌ ലളിതമായി മിനഞ്ഞാൽ അടുത്ത കാറ്റിൽ
അതുപോകും.Deceptive simplicity എന്ന്‌ ഇംഗ്ലീഷിൽ പറയില്ലേ? അതാവണം. അവിടെ
ലാളിത്യം ഒരു രചനാതന്ത്രം മാത്രമാണ്‌. വായനക്കാരനെ ഇങ്ങു പിടിച്ചെടുക്കാൻ
വേണ്ടിയൊരു സൂത്രം. അയ്യോ പാവം എന്ന്‌ പറഞ്ഞ്‌ കക്ഷി കയറിയിറങ്ങി വരും.
അടുത്തത്‌ സങ്കീർണ്ണതയുടെ നീരാളിപ്പിടിത്തമായിരിക്കണം. ആയുസ്സ്‌
നീട്ടിക്കൊടുക്കുന്ന ഒരു മരണപ്പിടുത്തം.
ഒരു പ്രമേയം അല്ലെങ്കിൽ ജീവിതസന്ദർഭം കഥക്കായി തിരഞ്ഞെടുക്കുമ്പോൾ താങ്കൾ
ആദ്യം പരിഗണിക്കുന്നതെന്താണ്‌?
        അതിനകത്ത്‌ എന്തുമാത്രം ഹൃദയഭാരം ഉണ്ട്‌ എന്ന്‌.
എന്നിട്ട്‌ അത്‌ ആവിഷ്കരിക്കുകയാണോ ചെയ്യുന്നത്‌?
        അല്ല. കഥയിൽ അത്‌ ഒളിച്ചുവക്കുകയാണ്‌ ചെയ്യുന്നത്‌.
മറഞ്ഞിരിക്കുമ്പോഴല്ലേ ഒരു ഹൃദയത്തിന്‌ ഫലപ്രദമായി പ്രവർത്തിക്കാൻ
കഴിയുന്നത്‌? എന്റെ കഥകൾ എന്റെ വേവലാതികളുടെ ഒളിത്താവളങ്ങൾ കൂടിയാണ്‌.
അന്ധന്റെ മനസ്സ്‌ പറിച്ചുവച്ച്‌ നോവലെറ്റാണ്‌ 'അനാർക്കലി പറയും' എങ്ങനെ
സാധിച്ചു ഈ പരകായപ്രവേശം? ആരാണ്‌ മോഡൽ?
        മോഡൽ ഇല്ല. നഗരത്തിൽ വച്ച്‌ അയൽപക്കത്തെ വലിയവീട്‌ പുതുതായി
പെയിന്റടിക്കുന്നത്‌ നോക്കി നിന്നപ്പോൾ തോന്നിയ ആശയമാണ്‌. താമസിക്കാൻ
വരുന്ന അതിഥിക്ക്‌ വേണ്ടിയാണ്‌ വീടൊരുങ്ങുന്നത്‌ എന്ന്‌ സങ്കൽപ്പിച്ചശേഷം
ആലോചിച്ചു നോക്കി നിൽക്കുന്ന എന്റെ സ്ഥാനത്ത്‌ ഒരു പെൺകുട്ടിയാണെങ്കിലോ
എന്ന്‌. പിന്നെ ടേണിംഗ്‌ പോയിന്റായാണ്‌ തോന്നിയത്‌. ഇത്ര വിശദാംശങ്ങളോടെ
വീടൊരുക്കുന്നയാൾ ഒരന്ധനായലെന്ത്‌ എന്ന്‌. തനിക്കു കാണാനാവില്ല എങ്കിലും
തന്റെ പരിസരങ്ങൾ അതിമനോഹരമായിരിക്കണമെന്ന്‌ അയാൾക്ക്‌ നിർബന്ധമുണ്ട്‌.
ഇത്രയുമായപ്പോൾ ആ കഥ എഴുതാതിരിക്കാൻ വയ്യ എന്നായി.
'കഥയമമ' താങ്കളിലെ കഥാകൃത്തിന്റെ വളർച്ചയെ കാണിക്കുന്നു. അതിൽ ഭൂമിയിലെ
കുരുക്ഷേത്രയുദ്ധവും അവിടത്തെ ജീവിതത്തിന്റെ അവസാനവും
ഗോളാന്തരങ്ങളിലെവിടെയോ മനുഷ്യനായി ഒരുങ്ങുന്ന മരതകദ്വീപുമുണ്ട്‌.
സർവ്വനാശത്തിൽ നിന്നും പ്രത്യാശ സൃഷ്ടിക്കുന്ന ഈ കഥയുടെ
പണിപ്പുരരഹസ്യങ്ങൾ വ്യക്തമാക്കാമോ?
        ഒരു കഥയുടെ നിർമ്മാണരഹസ്യങ്ങൾ അതിൽതന്നെ ഉപേക്ഷിക്കുകയാണ്‌ ഞാൻ
ചെയ്യാറ്‌. സാധാരണ നാടോടിക്കഥകൾ കഴിഞ്ഞുപോയ കാലമല്ലേ
അവതരിപ്പിക്കുന്നത്‌? കഴിഞ്ഞ കാലത്തിൽ നിന്ന്‌ തുടങ്ങി വരും
കാലത്തിലേക്ക്‌ കയറുന്നു എന്ന ചിന്തയാണ്‌ എന്നെ ആദ്യം പ്രചോദിപ്പിച്ചതു.
വിവിധ കാലങ്ങളെ ഒരു ലാൻഡ്സ്ക്കേപ്പായി കണ്ടു. പറക്കുന്ന മിഥുനപ്പക്ഷികൾ
രണ്ടാമത്തെ സ്പാർക്കാണ്‌.
'സൈറൺ' എന്ന കഥ തിന്മ പ്രവർത്തിച്ചവന്റെ മനസ്സിലെ നന്മയുടെ സ്വപ്നമാണ്‌.
രണ്ട്‌ വിരുദ്ധഭാവങ്ങൾ ഒരേ ആളിൽ സംയോജിക്കുന്നു. അങ്ങനെ തന്നെയാണോ
ആലോചിച്ചതു?
        തീർച്ചയായും. മനസ്സിന്റെ എതിരറ്റങ്ങൾ ഒരേ മനുഷ്യനിൽ
ആവിഷ്കരിക്കുകയായിരുന്നു. ഒരൊറ്റ സ്ട്രോക്കിൽ കഥ പൂർണമായും തോന്നിയ
ഒരനുഭവം കൂടിയായിരുന്നു ഈ കഥ. രാത്രി വെറുതെ കിടന്നപ്പോൾ ഒരു
പത്തുമിനിട്ടിനുള്ളിൽ കഥ മുഴുവനായും മനസ്സിൽ വന്നു. സ്ട്രക്ചർ ഉൾപ്പെടെ.
ഉയർന്നു താഴുന്ന സൈറൺ ഉൾപ്പെടെ.
'കരുണ' എന്ന കഥ ഇരുട്ടിൽ നിഷ്പന്ദമായി ജ്വലിച്ചു നിൽക്കുന്ന ഒരു ദീപംപോലെ
തോന്നുന്നു. "സത്യമായ നിശീഥിനി, ശിവമായ നിശബ്ദത. അറ്റങ്ങളില്ലാത്ത
ആകാശത്തിന്റെ പശ്ചാത്തലത്തിൽ ഇവിടെ ഒരുവഴിയമ്പലം. അതിൽ അളവില്ലാത്ത
ദൂരങ്ങൾ താണ്ടിയെത്തിയ നിഷ്പന്ദദീപമായി ഇരിക്കുന്ന ഗുരു"
ശ്രീനാരായണഗുരുവിന്റെ അസാധാരണവ്യക്തിത്വത്തെ അനുവാചകനു മുന്നിൽ അനാവരണം
ചെയ്യുന്ന വിദഗ്ധഹസ്തത്തെ ഇവിടെ കാണാം. ദുഃഖത്തിലാരംഭിച്ച്‌
അധ്യാത്മികതയിലേയ്ക്കുയർന്ന്‌ ഒരു കണ്ണുനീർ മുത്തായി മുനവച്ച കഥ. ഈ കഥയിൽ
ഉന്നതനിലാവാരത്തിലുള്ള ഒരു ചലച്ചിത്രപ്രതിഭയുണ്ട്‌.
ഇത്‌ സിനിമയാക്കാൻഞാൻ ശുപാർശ ചെയ്താൽ?
        ശുപാർശക്കാരനോട്‌ ഒരു രഹസ്യം പറയാം. സിനിമയിലെ സ്വീക്വിൻസായി തന്നെയാണ്‌
ഈ കഥ ആദ്യം തോന്നിയത്‌. ക്ഷേത്രത്തിൽ നിന്ന്‌ ഗുരു പിണങ്ങിയിറങ്ങി
കഴക്കൂട്ടം റയിൽവേസ്റ്റേഷനിൽ ചെന്ന്‌ രാത്രി മുഴുവൻ ഇരുന്നതും ഗ്രാമം
മുഴുവൻ കുറച്ചിപ്പുറത്ത്‌ മാറി തണുപ്പിൽ നിലാവിൽ ഉത്കണ്ഠയോടെ നിന്ന്‌
നേരം വെളുപ്പിച്ചതും കോലത്തുകരയുടെ ആത്മകഥയിലുണ്ട്‌. ആ സംഭവം
അറിഞ്ഞനിമിഷം തന്നെ ആ അത്ഭുതരാത്രിയുടെ ചലച്ചിത്രസാധ്യത ഞാനോലിച്ചു. വലിയ
കാൻവാസിൽ പഴയകാലത്തെ റെയിൽവേ സ്റ്റേഷനും ട്രാക്കുമൊക്കെ സെറ്റിട്ട്‌
ഹോളിവുഡ്‌ ബജറ്റിൽ ചെയ്യണം. അറ്റൻബറോയുടെ 'ഗാന്ധി' ഫിലിംപോലെയൊക്കെ ഒരു
ഫിലിം.
'അവതാരിക അപൂർണ്ണം' സ്ഥലകാലങ്ങൾക്കപ്പുറത്തെ ശൂന്യതയിൽ വിരിഞ്ഞ പൂവാണ്‌.
നടന്നതോ നടക്കാത്തതോ അർത്ഥമുള്ളതോ ഇല്ലാത്തതോ? അതല്ല കാര്യം.
കഥാപാത്രത്തിനയച്ച കത്തിന്‌ മറുപടി വരുന്നതാണ്‌ ഈ കഥയിലെ സൂപ്പർ ഫാന്റസി.
എന്താണ്‌ സ്പാർക്ക്‌?
        മനുഷ്യരിൽ പ്രതീക്ഷ നഷ്ടപ്പെടുമ്പോൾ കഥാപാത്രങ്ങളെ ആശ്രയിക്കുന്ന
സിറ്റ്വേഷനാണ്‌ ആലോചിച്ചതു. കഥാപാത്രം പ്രതികരിക്കുകയും ചെയ്യുന്നു.
അവതാരിക എന്തുകൊണ്ട്‌ അപൂർണ്ണം?
        ഞാനും അതാണ്‌ ചോദിക്കുന്നത്‌. അയാൾ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ? അവതാരിക
അത്രയും ഭാഗം എഴുതിക്കഴിഞ്ഞ്‌ എന്തോ സംഭവിച്ചു. എഴുതാത്ത ആ സംഭവമാണ്‌
കഥയുടെ ക്ലൈമാക്സ്‌.
'അന്നത്തെ ആകാശം' ഭൂതവും ഭാവിയുമല്ല. വർത്തമാനമാണ്‌ ജീവിതം
എന്നു പറയുന്നു. ഈ സന്ദേശം കഥാകൃത്ത്‌ നേരിട്ട്‌ കൈമാറുന്നില്ല. മുൻകൂട്ടി
വരച്ച ചതുരംഗക്കള്ളികളിൽ ഒരു ഫോട്ടോഗ്രാഫറുടെ അവധാനതയോടെ ഉദ്ദേശിച്ച
റിസൾട്ട്‌ കിട്ടാൻ പാകത്തിലുള്ള പോസുകളിൽ കഥാപാത്രങ്ങളെ നിറുത്തുന്നു.
കഥയുടെ അന്തരീക്ഷത്തിലെ മൂടൽമഞ്ഞ്‌ കഥയുടെ ക്രാഫ്റ്റിലേക്ക്‌
കയറിവരുന്നുണ്ടെന്ന്‌ പറഞ്ഞാൽ?
        ശരിയായ നിരീക്ഷണം. ഫൈനൽ കോപ്പി എഴുതിയപ്പോഴാണ്‌ ആ കൈക്രിയ നടത്തിയത്‌.
മഞ്ഞുവീഴുന്നൊരു കുന്നിൻ ചെരുവിലാണ്‌ കഥ നടക്കുന്നത്‌. ആ ഒരു അവ്യക്തത്ത
വരണം. പക്ഷേ, ഡ്രാഫ്റ്റ്‌ കോപ്പിയിൽ കാഴ്ചകൾ ക്ലിയർ കട്ടായി നിന്നു.
അതുവേണ്ടെന്നു തീരുമാനിച്ച്‌ കഥയെ ഉടനീളം ഒന്ന്‌ 'ഫ്യൂം' ചെയ്തു. എഡ്ജുകൾ
അവ്യക്തമാക്കി. കഥ വായിക്കുമ്പോൾ വായനക്കാരനും മൂടൽമഞ്ഞിൽപെട്ടു
നിൽക്കുകയാണെന്ന്‌ തോന്നിയോ?
അച്ഛനും മകനും തമ്മിലുള്ള വ്യക്തിബന്ധത്തിൽ നിന്നുണ്ടായ ശക്തമായ കഥയാണ്‌
'അച്ഛൻ' എന്നാൽ 'അമ്മ' വ്യക്തിബന്ധങ്ങൾക്കപ്പുറമായ
തലങ്ങളിലേയ്ക്കുയരുകയാണ്‌. ആരുടെയും സ്വന്തമല്ല. എല്ലാവരുടെയും
അമ്മയാണ്‌. ഈ രണ്ടു കഥകളും തമ്മിൽ മത്സരിച്ചാൽ 'അമ്മ'യ്ക്ക്‌ ഒന്നാം
സമ്മാനം കിട്ടുമെന്ന്‌ ഞാൻ പറഞ്ഞാൽ?
ആരോ വന്നിരുന്നു
കഥകൾ
എസ്.ഭാസുരചന്ദ്രൻ
പ്രഭാത് ബുക്സ്
വില 75/        ആ കഥകൾ തമ്മിൽ മത്സരിക്കില്ല. കാരണം അവിടെ എതിരാളികളില്ല. പിന്നെ ആ

കഥകളിലെ അച്ഛനും അമ്മയും കൃത്യമായി എന്റെ അച്ഛനും അമ്മയും അല്ല. പക്ഷേ,
രണ്ടുപേരുടെയും സാരാംശം ആ കഥകളിലുണ്ട്‌. അച്ഛൻ എന്ന കഥയിൽ കൂടുതലുണ്ട്‌.
എന്റെ വീട്ടിൽ അങ്ങനെയൊരു സിറ്റ്വേഷൻ ഒന്നുമുണ്ടായിട്ടില്ല. ആ
കഥാപാത്രമായി എന്റെ അച്ഛൻ അഭിനയിക്കുന്നതായി ഞാൻ സങ്കൽപിച്ചു. ആ കഥ എന്റെ
വീട്ടിൽ ചിത്രീകരിക്കുന്നതായി ഞാൻ ആലോചിച്ചു. അപ്പോൾ അച്ഛനും വീടിന്റെയും
കുറേ ഭാവങ്ങൾ വരുമല്ലോ. എന്റെ ക്രാഫ്റ്റിന്റെ ഒരു പ്രധാനവശം അതിലുണ്ട്‌.
കഥാപാത്രത്തെ മോഡൽ ചെയ്യുന്നതിന്‌ പകരം ഞാനിടപഴകിയവരെ കഥാപാത്രങ്ങളായി
കാസ്റ്റ്‌ ചെയ്യുകയാണ്‌. ഒരു സംവിധായകൻ അഭിനേതാക്കളെ കാസ്റ്റ്‌
ചെയ്യുന്നതുപോലെ. അയാൾ ഒരുവീട്‌ തന്റെ ലൊക്കേഷനാക്കുന്നതുപോലെ
എനിക്കറിയാവുന്ന ഒരു വീടിനെ, സ്ഥലത്തെ ഒക്കെ അവരുടേതല്ലാത്ത കഥ
അരങ്ങേറാനായി ഞാൻ തിരഞ്ഞെടുക്കാറുണ്ട്‌.
താങ്കളെ മനസ്സിൽ വച്ചുകൊണ്ട്‌ ഞാനൊരു നോവലെഴുതിയത്‌ ഓർക്കുന്നില്ലേ?
        ഉണ്ട്‌. മറക്കാനാവാത്ത ഒരു കാലം.
ആ നോവൽ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നപ്പോൾ താങ്കളുടെ അന്നത്തെ കാമുകിയും
ഇന്നത്തെ സഹധർമ്മിണിയുമായ ശ്രീമതി വത്സാമണി ഓഫീസിൽവച്ച്‌ എന്നോട്‌ ചില
കാര്യങ്ങൾ പറഞ്ഞു.  കഥയിൽ കേന്ദ്രസ്ഥാനത്ത്‌ ആരെയാണ്‌ മോഡൽ ചെയ്തതെന്ന്‌
അവർക്ക്‌ മനസ്സിലായി എന്ന്‌. കൂടാതെ ഈ കഥയിലെ ചില സംഭവങ്ങൾ നിങ്ങളുടെ
ജീവിതത്തിലും നടന്നതായും.?
        അതുശരി. അപ്പോ ആ ഭാഗത്തുനിന്നും കുറേ അടിച്ചുമാറ്റി അല്ലേ?
        താങ്കൾ കഥ എങ്ങനെയാണ്‌ പ്ലാൻ ചെയ്തിരിക്കുന്നതെന്ന്‌ എന്നോട്‌ ചോദിച്ചു.
അയാളെ പിടിച്ച്‌ കെട്ടിക്കും. പെട്ടെന്ന്‌ ഞാൻ അങ്ങനെ പറഞ്ഞപ്പോൾ അവർ ഒരു
നിമിഷം ചിന്തയിൽ നഷ്ടപ്പെട്ടു. പെട്ടെന്ന്‌ മുഖത്ത്‌ ഒരു അലൗകിക
മന്ദഹാസവും. കഥ തീർന്നിട്ട്‌ ഒട്ടും വൈകാതെ താങ്കൾ വത്സയെ വേളി കഴിച്ചു.
എന്റെ ജീവിതത്തിലെ അവിസ്മരണീയ സംഭവങ്ങളിലൊന്നാണിത്‌. കല്യാണം സ്വൽപം
ലേറ്റ്‌ ആയ താങ്കൾക്കാണ്‌ എന്റെ ഭാവനയിലെ കല്യാണം ഉടൻ യാഥാർത്ഥ്യമായത്‌.
എഴുത്തുകാരന്റെ പ്രവചനസിദ്ധിയെപ്പറ്റി എന്തുപറയുന്നു?
        സമ്മതിച്ചിരിക്കുന്നു. ഞാൻ നേരത്തെ പറഞ്ഞ നിമിത്തത്തിന്റെ ഒരു കളി
ഇവിടെയുണ്ട്‌. എളുപ്പം തിരിച്ചറിയാൻ കഴിയാത്തവിധം എന്നെ മോഡൽ ചെയ്ത്‌
നോവലെഴുതുക. അതുപ്രസിദ്ധീകരിച്ചുകൊണ്ടിരിക്കെ തന്നെ കഥയ്ക്ക്‌
സമാന്തരമായി എന്റെ ജീവിതകഥയിലും നായികയുണ്ടാകുക. കഥയിലേതുപോലെ അതും
വിവാഹത്തിലേക്ക്‌ പോവുക...
കമലാലയ ലോഡ്ജിലെ ജീവിതം. ഒരു കൊച്ചുമുറി താങ്കളുടെ ലോകമാക്കി. എഴുത്തും
വായനയും പൂജയും സുഹൃത്‌ സമ്മേളനങ്ങളും കിടപ്പും...വിവാഹത്തെപ്പറ്റി
ചിന്തിക്കാതെയുള്ള അടുക്കില്ലാത്ത ജീവിതവും മറവിയും അശ്രദ്ധയും താങ്കളുടെ
ബാഹ്യസ്വഭാവമായിരുന്നു. എന്നാൽ കൃത്യമായും ഇതല്ല യഥാർത്ഥ ആളെന്നും
ഭക്തിയും ലക്ഷ്യബോധവും സദാചാരനിഷ്ഠയും തീവ്രമായ വ്യക്തിബന്ധങ്ങളുമുള്ള
ഒരാന്തരിക വ്യക്തിത്വം താങ്കൾക്കുണ്ടെന്നും ഞാൻ കണ്ടുപിടിച്ചു.
ഞാനതൊരിക്കൽ പറയുകയും ചെയ്തു. എന്റെ ഈ നിരീക്ഷണത്തെക്കുറിച്ചെന്തു
പറയുന്നു?
        എന്നോടു പറഞ്ഞപ്പോഴാണ്‌ ഞാനതിനെക്കുറിച്ചാലോചിച്ചതു. ആ നിരീക്ഷണത്തിൽ
ശരിയുണ്ടെന്ന്‌ തോന്നി. അല്ല, ആ നിരീക്ഷണത്തിൽ ശരി മാത്രമേയുള്ളൂ. എത്ര
അലസനായി. താന്തോന്നിയായി തോന്നിച്ചാലും ഐ ആം ഇന്റേണലി ഓർഗനൈസ്ഡ്‌. അത്‌
എന്റെ സ്പിരിച്വാലിറ്റിയാണ്‌. ഒന്നാലോചിച്ചു നോക്കൂ. ആ ഒരു
വശമില്ലായിരുന്നെങ്കിൽ വീട്ടിൽ നിന്നകന്ന്‌ ലോഡ്ജിലെ മുറിയിൽ ഒറ്റയ്ക്ക്‌
താമസിക്കുന്ന ഒരവിവാഹിതൻ, അതും ജേർണലിസ്റ്റ്‌, മദ്യത്തിന്റെയൊക്കെ
വഴിയിലൂടെ എത്രദൂരം വേണമെങ്കിലും പോകാമല്ലോ. 40വയസ്സിനുമുമ്പ്‌ തന്നെ
ആൽക്കഹോളിക്‌ പദവി നേടാം. അതു സംഭവിച്ചില്ല. അതേസമയം സൗഹൃദത്തെ
വർണ്ണോജ്വലമാക്കുന്ന വലിയ കുഴപ്പമില്ലാത്ത ചുറ്റിക്കളികളൊക്കെ
എന്നുമുണ്ട്‌.
ശരിയാണ്‌. ടൂറിസ്റ്റ്‌ ബോട്ടിലെ ബാറിൽവച്ച്‌ കഴുത്തിൽ സ്കാർഫ്‌ കെട്ടിയ
കുപ്പിയിലെ റോയൽ ചലഞ്ച്‌ ആസ്വദിച്ച്‌ ആടിയുലഞ്ഞു നീങ്ങിയ നിമിഷങ്ങൾ.
അതുപോലെ കുമരകത്തെ മരച്ചുവടുകളിലൂടെ നടന്ന്‌ ലഹരി പിടിച്ചതു
എൻ.എൻ.പിള്ളച്ചേട്ടന്റെ എരുത്തിലിൽ ഇരുന്നത്‌...
        അവിസ്മരണീയമായ നമ്മുടെ യൗവനപര്യടനങ്ങൾ. മരണവാർത്തയോടൊപ്പം ചേർക്കുന്ന ആ 'വിപുലമായ സൗഹൃദവലയ'ത്തിൽ എനിക്ക്‌ പണ്ടേ താത്പര്യമില്ല. വലയം
അത്രവിപുലമായാൽ ആ ബന്ധങ്ങൾ വെറും ഉപരിപ്ലവമായിരിക്കും. ഒരു സുഹൃത്ത്‌
മറ്റൊരു സുഹൃത്തിന്റെ ജീവിതത്തിൽ വഹിക്കേണ്ട സുപ്രധാനമായ ഏതോ ഒരു റോൾ
ഉണ്ടെന്ന്‌ ഞാൻ വിശ്വസിക്കുന്നു. വിപുലവലയത്തിനകത്ത്‌ ഇത്‌ സംഭവിക്കാതെ
പോകുന്നു. എന്റെ കാര്യത്തിൽ ഞാൻ സുഹൃത്തുക്കളാൽ സ്വാധീനിക്കപ്പെടുകയും
സുഹൃത്തുക്കളെ സ്വാധീനിക്കുകയും ചെയ്തു എന്ന്‌ തോന്നുന്നു. എന്റെ
കമ്പനിയൊക്കെ അറിയാമല്ലോ. സ്കൂൾ തലം മുതലുള്ള വില പിടിച്ച സൗഹൃദങ്ങൾ
ഞാനിപ്പോഴും സൂക്ഷിക്കുന്നു. സ്കൂൾ, കോളേജ്‌, ട്രെയിനിങ്‌ കാലം.
പിന്നീട്‌ അങ്ങനെ ജീവിതത്തിന്റെ ഏതു കാലഘട്ടത്തിലേയും ഒരു
സുഹൃത്തെങ്കിലും എപ്പോഴും എന്റെ സെറ്റിനകത്തുണ്ടാകും.
ചിറയിൻകീഴിലെ കുഗ്രാമമായ പുരവൂരിലെ ആൾ എങ്ങനെയാണ്‌. അടിമുടി വെസ്റ്റേൺ
ടച്ചുള്ള 'വീണ്ടും വൃശ്ചികം' എന്ന നോവൽ രചിച്ചതു?
പറഞ്ഞല്ലോ ,സ്ട്രേഞ്ചായ ഒരിടത്തു നിന്നായിരിക്കും ഇൻസ്പ്രയർ
ചെയ്യുന്നതെന്ന്‌. പുരവൂർ എന്ന എന്റെ ഗ്രാമം എന്റെ കഥകളിൽ വന്നിട്ടില്ല.
വരുത്തില്ല എന്ന്‌ നിർബന്ധമുണ്ടോ?
        തീർച്ചയായും ഇല്ല. ഒരു പുരവൂർക്കഥയെഴുതണം എന്ന്‌ തോന്നുന്നു.ഒരു
വ്യത്യാസത്തിനെങ്കിലും
നെയ്ത്തും നെയ്ത്തുനൂലിന്‌ വർണ്ണം നൽകുന്ന ലോകവുമുള്ള വ്യത്യസ്തമായ ഒരു
നോവലിനുള്ള കുടുംബപശ്ചാത്തലം താങ്കൾക്കുണ്ടല്ലോ? മാത്രവുമല്ല താങ്കളുടെ
നോസ്റ്റാൾജിയയുമാണല്ലോ അത്‌.
        വേണ്ടതിലേറെ അരുകിലാണെന്നതിനാൽ എന്നിലെ കഥാകൃത്ത്‌ ഒഴിവാക്കിയതാവണം.
ഇന്നിപ്പോൾ ആ ലോകം എന്റെ അരുകിലില്ല. ഒന്നു നിരീക്ഷിച്ചുവയ്ക്കാൻ പോലും.
നൂലും ചായവും നെയ്ത്തും വച്ചൊരു ഡ്രാമ തോന്നുകയാണെങ്കിൽ ഞാനെഴുതും.
അതായത്‌ ഇപ്പോൾ എളുപ്പമായി തോന്നുന്നത്‌ ഡിഫിക്കൾട്ടായി മാറുന്ന ഒരു
സിറ്റ്വേഷൻ.
കഥാകൃത്തെന്ന നിലയിൽ താങ്കളെ ആകർഷിച്ചിട്ടുള്ള ജീവിതമേഖലകൾ എന്തൊക്കെയാണ്‌?
        ജയിലും ആശുപത്രിയും പോലീസ്‌ സ്റ്റേഷനും അനാഥാലയവും കഥാകൃത്തിന്റെ
ഏരിയകളാണെന്ന്‌ ഞാൻ വിശ്വസിക്കുന്നു. ഒരു കഥാകൃത്ത്‌
ജീവിതത്തിലൊരിക്കലെങ്കിലും ഭ്രാന്താശുപത്രി സന്ദർശിച്ചിരിക്കണം.
സന്ദർശിച്ചിട്ടുണ്ടോ?
        ഉണ്ട്‌. ഊളമ്പാറ തന്നെ. ഒരു ഫങ്ങ്ഷന്‌ പോയതാണ്‌. ചടങ്ങുകൾ പുരോഗമിക്കവേ
ഞാൻ നൂഴ്‌ന്നുമാറി ആ വലിയ വളപ്പ്‌ ഒരു ഫുൾ റൗണ്ട്‌ ചുറ്റിവന്നു. വാർഡുകൾ
കണ്ടു. വലിയ മരങ്ങൾക്ക്‌ ചുവട്ടിലൂടെയുള്ള നടത്തയ്ക്കിടയിൽ
വീണുകിട്ടിയതാണ്‌ 'നൂറാമത്തെ പൂമരം' എന്ന കഥ. ഭ്രാന്താശുപത്രിയാണ്‌
പശ്ചാത്തലം. മെന്റൽ അസെയിലത്തിൽ നൂറു പൂമരങ്ങൾ വച്ചുപിടിപ്പിക്കാൻ വരുന്ന
കഥാപാത്രത്തിന്റെ ജീവിതത്തിൽ അനുരാഗത്തിന്റെ ചുഴലിക്കാറ്റ്‌ വീശുന്ന കഥ.
താങ്കളുടെ പ്രസംഗങ്ങൾക്ക്‌ പലപ്പോഴും നാം ഒരുമിച്ച്‌ പോയിട്ടുണ്ട്‌.
പ്രസംഗശേഷം പലരും താങ്കളെ പരിചയപ്പെടാനായി അടുത്തുവരാറുണ്ട്‌. ആരാധകരെ
സൃഷ്ടിക്കുന്ന അയത്നലളിതവും നർമ്മരസം തുളുമ്പുന്നതുമായ പ്രസംഗശൈലി എങ്ങനെ
കൈവന്നു?

        ബോധപൂർവ്വം വശത്താക്കിയതാണ്‌. ഇത്‌ ഒരു 28 വയസ്സിനോക്കെ ശേഷമാണ്‌.

ഇത്രയും അന്തർമുഖത വേണ്ട എന്ന്‌ തോന്നിയ കാലം. ഒരുപാട്‌
സുഹൃത്തുക്കളില്ല. വലിയ ജനബന്ധമില്ല. പത്രത്തിലെ പണിയുമായങ്ങനെ
ഒതുങ്ങിക്കൂടി...ഇതുശരിയാവില്ല എന്നു തോന്നി. പെട്ടെന്ന്‌
എത്തിപ്പിടിക്കാവുന്നൊരു സാധ്യതയായി ഉണ്ടായിരുന്നത്‌ പ്രസംഗമാണ്‌. പണ്ടേ
എനിക്കതിലൊരു ടേസ്റ്റുണ്ട്‌. പ്രസംഗിച്ചിട്ടുമുണ്ട്‌.
കോളേജു കഴിഞ്ഞ്‌ നേരെ കേരളകൗമുദിയിൽ ചേരുകയായിരുന്നോ?
        അതേ. അതുകൊണ്ട്‌ ജീവിതത്തിൽ ഒരു തൊഴിൽരഹിതകാലം ഇല്ലാതെപോയി. എം.എ
ഫസ്റ്റ്ക്ലാസുകാരന്‌ ഉടനെ കോളേജദ്ധ്യാപകന്റെ ജോലി സംഘടിപ്പിക്കാൻ
സാധിക്കുമായിരുന്നു. അറിയാമല്ലോ, ഏതെങ്കിലും പ്രൈവറ്റ്‌ കോളേജിൽ
ഡൊണേഷനോക്കെ കൊടുത്തിട്ട്‌...പക്ഷേ, അച്ഛനെകൊണ്ട്‌ വീണ്ടും ചെലവ്‌
ചെയ്യിക്കേണ്ടെന്ന്‌ തീരുമാനിച്ചു. ജേർണലിസത്തിൽ വന്നു. പിന്നെ
അവിടെയങ്ങ്‌ ഹരം പിടിച്ചു. എന്നും മനസ്സിലുണ്ടായിരുന്ന സിനിമയിലേക്ക്‌
വരാൻ പറ്റിയ ഒരു പരിസരപ്രദേശം എന്ന നിലയിൽ കൂടി പത്രപ്രവർത്തനത്തെ ഞാൻ
കണ്ടിരിക്കണം.
ജേർണലിസത്തിന്‌ മലയാളമനോരമയുടെ സ്വർണ്ണമെഡൽ കിട്ടിയ പശ്ചാത്തലം? തോംസൺ ഫൗണ്ടേഷൻ ട്രയിനിങ്ങിന്റെ അനുഭവങ്ങൾ?
        കൗമുദിയിലെ ജേർണലിസ്റ്റ്‌ ട്രയിനിയായിരിക്കെയാണ്‌ പ്രസ്ക്ലബ്ബിൽ
പഠിച്ചതു. എഡിറ്റിംഗിനായിരുന്നു മനോരമാ മെഡൽ. തോംസൺ ഫൗണ്ടേഷൻ
ട്രെയിനിംഗും കോട്ടയത്ത്‌ മനോരമയിലായിരുന്നു. ഒരു ക്രാഷ്‌
കോഴ്സായിരുന്നു. ഒരുപാട്‌ പ്രയോജനപ്പെട്ടു. വിശേഷിച്ച്‌ വിഷയങ്ങൾ
കണ്ടെത്തുന്ന കാര്യത്തിൽ.
എന്തായിരിക്കണം ഏറ്റവും മികച്ച കഥ?
        കഥയെക്കുറിച്ച്‌ ഈയിടെ ഞാനെഴുതി മഹത്തായ കഥ വേനൽക്കാലത്ത്‌
വായിക്കുമ്പോൾ കുളിരുകോരുന്നതായും ശിശിരത്തിൽ വായിക്കുമ്പോൾ
തീകായുന്നതായും അനുഭവപ്പെടണം എന്ന്‌.
താങ്കൾക്ക്‌ ഏറ്റവും പ്രിയപ്പെട്ട വായനക്കാരൻ ഉണ്ടോ?
        ഇന്ന വായനക്കാരൻ എന്ന ഒരാളില്ല. വായനക്കാരൻ അല്ലെങ്കിൽ വായനക്കാരി
ഒരമൂർത്തത്തയാണ്‌. മുഖമില്ല, പേരില്ല, നാടില്ല. ഏതെഴുത്തുകാരനും
ഇങ്ങനെയായിരിക്കും. എങ്കിലേ ഒരു സന്ദർഭത്തിന്റെ എല്ലാ സാധ്യതകളും
പ്രയോജനപ്പെടുത്താൻ സാധിക്കൂ. എങ്കിലേ എഴുത്ത്‌
സ്വതന്ത്രമായിരിക്കുകയുള്ളൂ. ഒരു പ്രത്യേക വായനക്കാരന്റെ ശ്രദ്ധിക്കുന്ന
രണ്ടുകണ്ണുകൾ എഴുത്തുമേശയ്ക്കരുകിൽ ഉണ്ടാവരുത്ത്‌.
താങ്കൾ കഥാകൃത്ത്‌ മാത്രമല്ല എഡിറ്ററും കൂടിയാണ്‌. രണ്ടും ഒരാളാകുമ്പോൾ
ഉണ്ടാകുന്ന പ്രതിസന്ധി?
        പ്രതിസന്ധി ഇല്ല. എന്റെ കഥയുടെ കരട്‌ രൂപം എപ്പോഴും എന്നിലെ
എഡിറ്റർക്ക്‌ തന്നെയാണ്‌ കഥാകൃത്ത്‌ കൈമാറുന്നത്‌. കഥാകൃത്തിന്‌
അതൊരാശ്വാസമാണ്‌. ബാക്കി എഡിറ്റർ നോക്കിക്കോളുമെന്ന്‌ വിശ്വസിച്ച്‌
അയാൾക്ക്‌ പോയി കിടന്നുറങ്ങാം.
എന്റെ ചില കഥകൾ താങ്കൾ എഡിറ്റു ചെയ്തിട്ടുണ്ട്‌. അതിന്‌ പുതിയ ചില
അർത്ഥതലങ്ങൾ കൈവന്നതായി തോന്നി. ടൈറ്റിൽ മാറ്റിയാൽ അതിന്‌ അപൂർവ്വ
ഭംഗിയുണ്ടാകും. ഈ കഴിവ്‌ എങ്ങനെ വന്നു ചേർന്നു?
        നേരത്തെ സൂചിപ്പിച്ച പത്രപ്രവർത്തക ട്രെയിനിങ്ങിന്റെ ഭാഗമായി കിട്ടിയതായിരിക്കും.
പത്രപ്രവർത്തകനെന്ന നിലയിൽ ഒട്ടേറെ പ്രശസ്ത വ്യക്തികളുമായി
ഇടപഴകിയിട്ടുണ്ടല്ലോ? ആ അനുഭവം?
        ഒരു മനുഷ്യനെ ചീത്തയാക്കാൻ പറ്റിയ ഏറ്റവും മികച്ച ഒറ്റമൂലിയാണ്‌
പ്രശസ്തി എന്ന്‌ പലപ്പോഴും തോന്നി.
താങ്കൾക്ക്‌ സിനിമാജ്വരം പിടിപെട്ടിട്ടുണ്ട്‌ എന്ന്‌ പറഞ്ഞാൽ?
ജ്വരം ചികിത്സിച്ചു ഭേദപ്പെടുത്താവുന്നതല്ലേ? ഇതങ്ങനെയല്ല. ഇത്‌
ലോകപ്രസിദ്ധമായ ആ ഭ്രാന്താണ്‌. ഇൻക്യൂറബിൾ.
ലബ്ധപ്രതിഷ്ഠരായ സംവിധായകരുമൊത്ത്‌ താങ്കൾ തിരക്കഥയ്ക്ക്‌
സഹകരിച്ചിട്ടുണ്ട്‌. എങ്ങനെയായിരുന്നു ആ അനുഭവം?
        ശ്രീ.കെ.ജി.ജോർജിന്റെ സിനിമയാണ്‌ ആദ്യം റിലീസായത്‌. 'ഈ കണ്ണി കൂടി'
ആദ്യമായി എഴുതിയത്‌ ഹരികുമാറിന്റെ 'എഴുന്നള്ളത്തി'നു വേണ്ടിയാണ്‌.
'യവനിക' ഇറങ്ങിയപ്പോൾ കലാകൗമുദിയുടെ ഫിലിംമാഗസിനുവേണ്ടി ഇന്റർവ്യൂ
ചെയ്തുകൊണ്ടാണ്‌ ജോർജേട്ടനുമായി സൗഹൃദത്തിലായത്‌. 'യവനിക'യുടെ ആജീവനാന്ത
അടിമയാണ്‌ ഞാൻ. അന്ന്‌ അദ്ദേഹം മദ്രാസിലായിരുന്നു. പിന്നെ
തിരുവനന്തപുരത്ത്‌ താമസിക്കാൻ വന്നപ്പോൾ ആരാധനകൂടിച്ചേർന്ന സൗഹൃദം
ഉറച്ചു. എനിക്ക്‌ വിലപിടിച്ച ഒരവസരം തരികയും ചെയ്തു. ഹരികുമാർ തന്ന
ആദ്യത്തെ അവസരത്തെയും ഞാൻ ഏറെ ആദരിക്കുന്നു. അവസരം നൽകുക എന്നത്‌
ജീവിതത്തിലെ ഏറ്റവും വലിയ മൂല്യമായി ഞാൻ കാണുന്നു. അവസരങ്ങൾ നൽകാൻ
കഴിയുന്ന ഒരു സ്ഥാനത്തെത്താൻ കഴിയുക എന്നത്‌ വലിയ ഒരു ഭാഗ്യമാണ്‌.
ദൈവാനുഗ്രഹമാണ്‌. 'ഉത്സവമേള'ത്തിനുവേണ്ടി സംവിധായകൻ സുരേഷ്‌
ഉണ്ണിത്താനുമൊത്തുള്ള തിരക്കഥഷനുകൾ എന്റെ റിഥം ഫാസ്റ്റാക്കി. പിന്നെ
വന്നത്‌ സിബിമലയിൽ സംവിധാനം ചെയ്ത 'ഫ്ലാഷ്‌' ആണ്‌. ആ സിനിമയെക്കാൾ എന്റെ
മനസ്സിലിപ്പോൾ കിടക്കുന്നത്‌ സുഹൃത്ത്‌ സുകു പാൽക്കുളങ്ങരയുമൊത്ത്‌ അത്‌
ഓർഗനൈസ്‌ ചെയ്യാനായി നടത്തിയ വലിയ, സുദീർഘമായ പരിശ്രമത്തിന്റെ കഥയാണ്‌.
വലിയൊരു പുസ്തകത്തിനുണ്ട്‌ അത്‌.
ആത്മബോധം ചൂണ്ടിക്കാണിക്കാവുന്ന നമ്മുടെ രണ്ടുമൂന്ന്‌ കലാകാരന്മാരുടെ
പേര്‌ പറയാമോ?
        പത്രപ്രവർത്തകനാണ്‌. സമ്പർക്കങ്ങളുണ്ട്‌. ഇരിക്കുന്ന ഇരിപ്പിൽ
ഒരിരുപത്തിയഞ്ചുപേരുടെയൊക്കെ പേരു പറയാൻ സാധിക്കും. പക്ഷേ ഒറ്റ കോരിന്‌
അത്രയും ശത്രുക്കളെ സമ്പാദിക്കണോ? നമ്മുടെ പ്രിയപ്പെട്ട
സച്ചിദാനന്ദനോക്കെ സ്വന്തം കവിതയിൽത്തന്നെ ഗവേഷണം നടത്തി
ജലത്തിന്റെ സ്വന്തം പ്രതിച്ഛായയിൽ നോക്കി അനുരക്തനാവുന്നത്‌
കണ്ടിട്ടുണ്ട്‌. അടൂർ സാറൊക്കെ വിമർശനം വരുമ്പോൾ വെളിച്ചപ്പാടായി
മാറുന്നത്‌ കണ്ടിട്ടില്ലേ? ഒന്നോ രണ്ടോ സിനിമ പോയെങ്കിൽ അങ്ങ്‌
പൊയ്ക്കോട്ടെ എന്ന ലാഘവബോധം ഇല്ലാത്തതുകൊണ്ടാണ്‌.
ജി.കെ.പിള്ളയുമായും വളരെ അടുപ്പത്തോടെ ഇടപഴകുന്നത്‌ കണ്ടിട്ടുണ്ട്‌?
        ജി.കെ.പിള്ളസാറുമായും ഏറെ അടുത്തു. വളരെ വാത്സല്യമാണ്‌ എന്നോട്‌.
നാടിനോടുള്ള സ്പിരിറ്റിന്റെ കാര്യത്തിൽ നസീറിനെ കടത്തിവെട്ടാൻ
ഒറ്റയാളേയുള്ളൂ. അത്‌ പിള്ളസാറാണ്‌.
സംവിധായകന്റെ തൊപ്പി താങ്കൾക്ക്‌ ചേരുമെന്ന്‌ പലപ്പോഴും ഞാൻ
സൂചിപ്പിച്ചിട്ടുണ്ട്‌. എന്തു പറയുന്നു?
        ഈ പറയുന്ന തൊപ്പി എവിടെ കിട്ടുമെന്നറിയില്ല. ഒരാൾ തിരക്കഥാകൃത്താണെങ്കിൽ
അയാളിൽ ഒരു അരസംവിധായകനെങ്കിലും ഉണ്ടാവും. ഒട്ടും സംവിധായകനല്ലാത്ത
ഒരാൾക്ക്‌ നല്ല തിരക്കഥയെഴുതാൻ സാധിക്കില്ല. മാറ്റർ പേജിൽ ലേ ഔട്ട്‌
ചെയ്യുമ്പോൾ സ്വാഭാവികമായും അതിൽ എന്റെയൊരു ഫ്രയിം സേൻസ്‌ കടന്നുവറൂം. ലേ
ഔട്ട്‌ കൂടി ചേർന്ന ഒന്നായാണ്‌ എഡിറ്റിംഗിനെ കൈകാര്യം ചെയ്തത്‌. ഒരുപക്ഷേ
ലേ ഔട്ടിന്റെ അവസരം മൂലമാണ്‌ എഡിറ്റിങ്ങ്‌ എനിക്ക്‌ ആകർഷകമാവുന്നത്‌.
അടിസ്ഥാനപരമായി എന്നിൽ ഒരു വിഷ്വലൈസർ ഉണ്ട്‌.
എഴുത്തുകാരിയും പത്രപ്രവർത്തകയുമാണല്ലോ സഹധർമ്മിണി. ഇരുവരും ചേർന്നുള്ള
ഒരു സാഹിത്യലോകം വീട്ടിലുണ്ടോ?
വീടിനകത്ത്‌ അങ്ങനെയൊരു ഇന്റലക്ച്വലിസം ഒന്നുമില്ല. സാഹിത്യവും
സിനിമയുമൊക്കെ കടന്നുവരും. എല്ലാം വീടിന്റെ കാഷ്വൽ ഭാവങ്ങളിലാണ്‌.
എഴുതുംമുമ്പ്‌ ജീവിതസഖിയുമായി ചർച്ചയുണ്ടോ?
        ത്രെഡ്‌ തോന്നുമ്പോൾ ഒരു ടെസ്റ്റ്‌ ഡോസ്‌ എന്ന നിലയിലൊക്കെ പറയാറുണ്ട്‌.
പൂർത്തിയാകുമ്പോൾ ഉറക്കെ വായിച്ചു കൊടുക്കുകയൊക്കെ ചെയ്യും. നല്ലതാണ്‌.
ചില വൈബ്സൊക്കെ കിട്ടും. ഒരു വാക്കു മാറ്റാനും ഒരു വാക്യം
വെട്ടിക്കളയാനും മറ്റും സഹായിക്കും. ഇതിന്‌ ഞാൻ സുഹൃത്തുക്കളെയും
ആശ്രയിക്കാറുണ്ട്‌. ഇരവി 'നേഗറ്റീവി'ന്റെ കയ്യെഴുത്തു പ്രതി വായിച്ചപ്പോൾ
അവസാനഭാഗത്ത്‌ കളർ കൂടിക്കിടക്കുകയാണെന്ന്‌. ഞാനാ കളർ കറക്ഷൻ നടത്തി.
ഏതാണ്ട്‌ ബ്ലാക്ക്‌ ആന്റ്‌ വൈറ്റിലാക്കി. അപ്പോൾ ആ ഭാഗത്ത്‌
കഥയ്ക്കിണങ്ങും വിധം ദുരന്തച്ഛായ വന്നു.
മനസ്സിൽ തോന്നുന്ന എല്ലാ കഥകളെയും എഴുതാനായി പൈന്തുടരാറില്ല അല്ലേ?
        ഇല്ല. ആ തോന്നൽ തന്നെ എന്നെ ചാർജ്ജ്‌ ചെയ്യുന്നു. ചില കഥകൾ പോയിട്ട്‌
തിരിച്ചുവരും. ചിലത്‌ ഓർക്കാൻ പോലും സാധിക്കാത്തവിധം പോയിമറയുന്നു.
പക്ഷേ, അപ്പോഴും ആരോ വന്നിരുന്നു എന്നൊരു ഫീൽ കിട്ടുന്നുണ്ട്‌. ഒരു
കഥാപാത്രമാവാം വന്നിരുന്നത്‌. ഇനി വരില്ലായിരിക്കാം.Any how I wish him
all the best.
ഇപ്പോൾപോലും ഫാഷനബിൾ ആയ ഒരു പേരാണല്ലോ മകന്‌ അച്ഛനിട്ടത്‌?
       'നിത്യഭാസുരനഭശ്ചരങ്ങളേ' എന്ന ആശാന്റെ പ്രയോഗത്തിൽ നിന്നാണ്‌
എന്റെ പേരെടുത്തിരിക്കുന്നത്‌. പിന്നെ ശരത്ചന്ദ്രൻ (മണി), ശോഭനചന്ദ്രൻ,
സുരേഷ്‌ ചന്ദ്രൻ(അമ്പിളി), പെൺമക്കൾ വന്നപ്പോൾ പേരുകൾ അച്ഛൻ ലളിതമാക്കി.
സന്ധ്യ, ഗംഗ, സുമ.
മക്കൾ വൈശാഖ്‌, വിസ്മയ്‌, വൈഭവ്കൃഷ്ണ, അച്ഛന്റെ മകൻ മക്കളുടെ അച്ഛൻ എന്ന
നിലയിൽ എങ്ങനെയാണ്‌?
എസ്. ഭാസുരചന്ദ്രൻ

        വലിയ കുഴപ്പമില്ലാത്ത അച്ഛനാണെന്ന്‌ തോന്നുന്നു. മക്കളുടെ ഫ്രണ്ടാണ്‌.

ഇടയ്ക്ക്‌ അത്യാവശ്യത്തിന്‌ കയറി 'അച്ഛനാവുക'യും ചെയ്യും. ഇരവി
കണ്ടിട്ടില്ലേ. ക്ടാങ്ങൾ സദാസമയവും എന്നെ പറ്റിക്കൂടി നടക്കുന്നത്‌.
വൈശാഖ്‌ തന്റെ ലോകം നിർമ്മിച്ചു തുടങ്ങി. താഴെയുള്ള രണ്ടും
കുരുത്തക്കേടുകാലത്തിലാണ്‌.
രസകരമായൊരു മക്കൾ അനുഭവം?
ആകാശത്തെ പൂർണ്ണചന്ദ്രനെ നോക്കി ഒരു കുസൃതി പറയുന്നു...ദോ ഭാസുരചന്ദ്രൻ!
അപ്പോൾ മറ്റേ കുസൃതി തിരുത്തുന്നു. ദോ എസ്‌.ഭാസുരചന്ദ്രൻ!
തമാശ തന്നെ. അച്ഛന്റെ കോമഡിട്രാക്ക്‌ കിട്ടിയതായിരിക്കും 2004ലാണല്ലോ
താങ്കളുടെ അച്ഛൻ യാത്രയായത്‌? അച്ഛനോടുള്ള സ്നേഹം
പൂർണ്ണതയിലെത്തിച്ചിരുന്നോ അപ്പോഴേക്കും?
        ഇല്ല. അതിൽ വലിയ ഒരു അപൂർണ്ണത ഉണ്ടായിരുന്നു.
എന്താണത്‌?
        എന്റെ വിവാഹം നീണ്ടു പോയി. അക്കാര്യത്തിൽ എനിക്ക്‌ എന്റേതായ
ന്യായീകരണങ്ങൾ ഉണ്ടാകാം. പക്ഷേ മറ്റൊരു തലത്തിൽ അതിൽ അച്ഛനോട്‌ ചെയ്ത
പരിഹരിക്കാനാവാത്ത ഒരു തെറ്റുണ്ട്‌.
ങ്കിലും മകന്റെ വിവാഹം നടക്കുന്നത്‌ അദ്ദേഹം കണ്ടു. കൊച്ചുമോനെ
ലാളിക്കാനും സാധിച്ചു. അപ്പോൾ പരിഹാരമായില്ലേ?
        ഇല്ല എന്നാണ്‌ തോന്നുന്നത്‌. ഞാൻ ഭയങ്കരമായ ഏകാന്തത്തയിലേക്ക്‌
പോകുന്നത്‌ നോക്കിനിന്ന്‌ അച്ഛൻ ഏറെ വ്യാകുലപ്പെട്ടിരിക്കണം. ഒരച്ഛൻ
ആഗ്രഹിക്കുന്നവിധം മകന്റെ ജീവിതം ശരിയായ പ്രായത്തിൽ അരങ്ങേറിക്കാണിക്കാൻ
എനിക്ക്‌ സാധിക്കാതെ പോയി.
അതിൽ എസ്‌.ഭാസുരചന്ദ്രനെ എഴുതാൻ ക്ഷണിക്കുന്ന ഗംഭീരമായ ഒരു കഥാസന്ദർഭം
ഉണ്ട്‌ എന്ന്‌ തോന്നുന്നു എഴുതുമോ?
        ഇല്ല.
ഇങ്ങനെ എഴുതില്ല എന്ന്‌ തീരുമാനിച്ചിട്ടുള്ള തീവ്രമായ കഥാസന്ദർഭങ്ങൾ
സ്വകാര്യജീവിതത്തിൽ വേറെയുമുണ്ടോ?
        ഉണ്ട്‌.
നിർദ്ദയമായ ഒരു 'ഇല്ല' നിർമമമായ ഒരു 'ഉണ്ട്‌' എനിക്ക്‌ തോന്നുന്നു
നമ്മുടെ സംഭാഷണം അതിന്റെ സന്ധ്യയിൽ എത്തിക്കഴിഞ്ഞു എന്ന്‌.
        എങ്കിൽ നമുക്ക്‌ പക്ഷികളുടെയും മരങ്ങളുടെയും ചുവക്കുന്ന ആകാശത്തിന്റെയും
ചുവട്ടിലൂടെ പഴയതുപോലെ ഇങ്ങനെ ചുമ്മാ നടക്കാം.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചുരുങ്ങിയത്‌ 50 വർഷത്തെയെങ്കിലും വിളവ്‌ പ്രതീക്ഷിച്ച്‌ വേണം  ഇനി തെങ്ങുകൾ നടാൻ. കൂടുതൽ ഉത്പാദനം നൽകുന്ന മികച്ച ഗുണമേന്മ തെങ്ങിൻ തൈകൾ മാത്രം തെരഞ്ഞെടുത്ത്‌ നടണം. എങ്കിൽ മാത്രമെ അത്‌ രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ ആദായം നൽകുകയുള്ളു. തെങ്ങുകൾ നേരത്തെ  കായ്ച്ചു തുടങ്ങിയാലെ കർഷകന്‌ അതുകൊണ്ട്‌ സാമ്പത്തിക നേട്ടം ഉണ്ടാവുകയുള്ളു.

വേനൽ മഴ യഥാസമയം എത്തിയതിനാൽ തെങ്ങിൻ തൈ വയ്ക്കാൻ പറ്റിയ സമയമാണിത്‌. ഈ സമയത്ത്‌ ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വാങ്ങി നട്ടാൽ മഴക്കാലത്തോടെ തൈകൾ വേരു പിടിക്കുകയും വെയ്ക്കുന്ന എല്ലാ തൈകളും പിടിച്ചു കിട്ടുകയും ചെയ്യും. തേങ്ങയ്ക്ക്‌ ഒരു കാലത്തും ലഭിക്കാതിരുന്ന ഏറ്റവും ഉയർന്ന വില ലഭിക്കുന്നതിനാൽ തെങ്ങിൻ തൈ വെച്ചുപിടിപ്പിക്കാൻ പൊതുവേ ജനങ്ങൾ താൽപര്യം കാണിക്കുന്ന കാലമാണിത്‌. എന്നാൽ ഏത്‌ ഇനം തൈ വയ്ക്കണം, ഗുണമേ?യുള്ള തൈ എവിടെ കിട്ടും, എത്രയും പെട്ടെന്ന്‌ കായ്ക്കുന്ന തൈ നടണം, ഉയരം കുറഞ്ഞ ഇനമായിരിക്കണം, ഇവതൊക്കെയാണ്‌ തെങ്ങിൻ തൈ നടാനായി ഉദ്ദേശിക്കുമ്പോൾ കർഷകരുടെ മനസ്സിലെ ചിന്തകൾ.  നടുന്ന തൈകൾ തോട്ടത്തിൽ പ്രക…

ജൈവവളം മാത്രം പോരേ?

ആർ. ജ്ഞാനദേവൻ
അസി. ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌

കഴിഞ്ഞ 28 വർഷമായി ഈ ലേഖകൻ പങ്കെടുത്ത കാർഷിക സെമിനാറുകളിൽ കേരകർഷകർ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്‌ തെങ്ങിന്‌ ജൈവവളം മാത്രം ചേർത്താൽ പോരെയെന്ന്‌. തെങ്ങിന്‌ വളം ചെയ്യുമ്പോൾ നാം ആദ്യം ഓർക്കേണ്ടത്‌ ജൈവവളപ്രയോഗം തന്നെയെന്നതിൽ സംശയമില്ല. കാരണം ഇന്ന്‌ നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തടങ്ങളിലും വർഷം തോറും വേണ്ടത്ര ജൈവവളം ചേർത്ത്‌ കൊടുക്കാത്തതിനാൽ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര ജൈവാംശം ചേർത്ത്‌ തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്‌ നാം ആദ്യം ചെയ്യേണ്ടത്‌. രാസവളം ശുപാർശ ചെയ്ത അളവിൽ നൽകിയാലും തെങ്ങിൻ തടത്തിൽ വേണ്ടത്ര ജൈവാംശം ഇല്ലെങ്കിൽ അതുകൊണ്ടുള്ള ഗുണം തെങ്ങിന്‌ ലഭിക്കില്ല എന്നതാണ്‌ വാസ്തവം. ഉദാഹരണമായി യൂറിയ എന്ന രാസവളം തെങ്ങിൻ തടത്തിൽ വിതറിയാൽ തടത്തിലെ മണ്ണിൽ ജൈവാംശം ഉണ്ടെങ്കിൽ മാത്രമേ ഈ വളത്തിലെ പോഷകങ്ങൾ തെങ്ങിന്‌ വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതായത്‌ ഈ വളത്തിൽ അടങ്ങിയിരിക്കുന്ന പാക്യജനകത്തെ വലിച്ചെടുക്കാൻ പാകത്തിലാക്കുന്ന രാസപ്രവർത്തനത്തെ സഹായിക്കുന്ന ചില എൻസൈമുകൾ പുറപ്പെടുവിക്ക…

കാർട്ടൂൺ കവിതകൾ

ജി.ഹരിനീലഗിരി

1) അയ്യപ്പൻ
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.
കാക്കകൊത്തി കടലിലിട്ടീല.
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തീല.
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചീല.
വാണിയപ്പിള്ളേരു വായിലുമിട്ടീല.
അയ്യപ്പൻ തന്നെ നെയ്യപ്പം തിന്നു!
2) നിരൂപഹയൻ
മണ്ഡൂകം കൂപത്തിൽ നിന്നിറങ്ങി.
കൂപത്തിനാശ്വാസമായി.
മണ്ഡൂകത്തിനും.
ഇരുവർക്കുമിവ്വിധമാശ്വാസമാകീടിലും
മണ്ഡൂകം മണ്ഡൂകമല്ലാതായീടുമോ?!
കൂപം കൂപവും?!
സർ?
3) കല്യാണരാമൻ
കല്യാണരാമൻ ജമീലയോടു പറഞ്ഞു;
ആഴ്ചപ്പതിപ്പിലോട്ടു കയറിക്കിടക്കെടീ,
ഞാൻ നിന്നെ ഒന്നു ...........!
4) ഫെമിനിഷം
ഇതെൻ വക്ഷോജങ്ങൾ.
ഇതെൻ യോനി.
ഇതെൻ ജഘനങ്ങൾ.
ഇതെൻ കാർക്കൂന്തൽ.
ഇതെല്ലാ-
മെല്ലാ മെല്ലാ-
മെന്റേതെന്റേതെന്റേതു മാത്രം!
5) 40+
പ്രണയമേ,
എന്റെ വഴികളിൽ
എന്നും നീയുണ്ടായിരുന്നു..
7ലും,
17ലും,
37ലും.
ഇപ്പോൾ
40+ ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിൻകൂടുപോൽ
എന്നുള്ളിലെഫ്ഫെം സംഗീതമായ്‌
പ്രണയമേ,
നീ കിടന്നു
പിട പിടിയ്ക്കുകയാണ്‌...
6)ചുള്ളൻ
വയലാർ കവിയല്ലെന്നു
(പണ്ടൊരിക്കൽ)
ഗുണ്ടൊരെണ്ണം പൊട്ടിച്ചൂ.
ചുള്ളിയും കാടുമെല്ലാം പോയ്‌
ഗൗതമസുധാംശുവായ്ത്തീർന്നു! 7) A.M എന്റെ റേഡിയോ.
പൊന്നു റേഡിയോ.
എന്റെ കൗമാരദിനങ്ങളെ
പാടിയുണർ…