19 Jul 2012

പാട്ടെഴുത്തിന്റെ ശനിദശ



രാജനന്ദിനി

നമ്മുടെ പാട്ടെഴുത്ത്‌ മേഖലയ്ക്ക്‌ ഇപ്പോൾ കണ്ടകശനിയാണെന്ന്‌ തോന്നുന്നു.
ഈയിടെ ഇറങ്ങിയ ബ്യൂട്ടിഫുൾ എന്ന സിനിമയിലെ 'മഴനീർത്തുള്ളികൾ
നിൻതനുനീർമുത്തുകൾ' എന്ന പാട്ടും അതിനെ തുടർന്നുള്ള കോലാഹലവും കണ്ടപ്പോൾ
അങ്ങനെയാണ്‌ തോന്നിയത്‌.
അനൂപ്‌ മേനോന്റെ ഇന്റർവ്യൂ ഒരു ആഴ്ചപതിപ്പിൽ വായിക്കാനിടയായി. അദ്ദേഹം
മറ്റൊരു സിനിമയ്ക്കു വേണ്ടി മൂന്നു പാട്ടുകൾ കൂടി എഴുതി എന്നു
വായിച്ചപ്പോൾ ഞെട്ടിപ്പോയി. ഞാൻ മാത്രമായിരിക്കില്ല മലയാളത്തെ അറിയുന്നവർ
മുഴുവൻ ഞെട്ടിക്കാണും. ബ്യൂട്ടിഫുൾ എന്ന പടത്തിലെ 'ഹിറ്റു' ഗാനം എഴുതി
സംഗീതപ്രേമികളെ ധർമ്മസങ്കടത്തിലാക്കിയ അനൂപ്മേനോൻ ആദ്യം മലയാളം ശരിക്ക്‌
പഠിക്കേണ്ടതാണ്‌. ജീവിതത്തിൽ ഒരിക്കൽപോലും ഒരു കവിതയെങ്കിലും
എഴുതിയിട്ടില്ലാത്ത അനൂപിനെ കൊണ്ട്‌ ഈ പാതകം ചെയ്യിക്കുന്നവർക്കും
മലയാളഭാഷയെ അറിയേണ്ടതില്ലെന്ന്‌ തോന്നുന്നു. ഗിരീഷ്‌ പുത്തഞ്ചേരിയെന്ന
അതുല്യഗാനരചയിതാവിനു ശേഷം ഒരു നല്ല അർത്ഥസമ്പുഷ്ടമായ പാട്ടെഴുത്ത്‌
മലയാളി കണ്ടില്ലെന്നുള്ളതാണ്‌ സത്യം. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തെന്ന
നിലയിൽ ഞാൻ പലപ്പോഴായി മനസ്സിലാക്കിയിട്ടുള്ളത്‌ ഗാനരചനയിൽ അടിസ്ഥാനമായി
അറിഞ്ഞിരിക്കേണ്ട ചിലതുണ്ടെന്നുള്ളതാണ്‌. ഒരു മാലയിൽ കൊരുത്തെടുക്കുന്ന
പൂക്കൾപോലെ വാക്കുകൾ വ്യന്യസിപ്പിച്ച അർത്ഥതലങ്ങൾ ഒന്നിനോടൊന്ന്‌
ചേർന്നുപോകുമ്പോഴാണ്‌ സംഗീതത്തിന്റെ അനുഭൂതിയോടൊപ്പം അർത്ഥങ്ങളുടെ
മാസ്മരികതയും കൂടി ശ്രോതാക്കളെ സംഗീതത്തിന്റെ ധ്യാനാത്മകമായ
ലോകത്തെത്തിക്കുന്നത്‌. ഇത്‌ അനൂപ്‌ മേനോന്‌ വശമില്ലാതെ പോയി. വീണ്ടും
അദ്ദേഹത്തെ ഈ പാതകത്തിന്‌ ഒരുക്കിയത്‌ മഴനീർത്തുള്ളികൾ
"ഹിറ്റാ"യതിനാലാണ്‌. എന്തു കിട്ടിയാലും വെട്ടിവിഴുങ്ങന്നത്‌ ഈ
കാലഘട്ടത്തിന്റെ ജീർണ്ണതയാണ്‌. മലയാളത്തെ അറിയാനാഗ്രഹിക്കാത്തവരുടെ
അറിവില്ലായ്മയും കൂടിയാണ്‌. അല്ലെങ്കിൽ 'മഴനീർത്തുള്ളികളെ ആരും
ചുണ്ടിലേറ്റില്ലായിരുന്നു. ഒന്ന്‌ സമ്മതിക്കാതെ തരമില്ല. ഈ ഗാനത്തിന്റെ
സംഗീതം അതിഗംഭീരമായിരിക്കുന്നു. ഈയിടെ പുറത്തിറങ്ങിയ ഗാനങ്ങളുടെ
വികളവെപ്രാളങ്ങളിൽ തലകുനിച്ചിരിയ്ക്കുന്ന സംഗീതപ്രേമികളുടെ നെറുകയിലൂടെ
ഒരുതണുമഴയായ്‌ പെയ്തിറങ്ങിയ സംഗീതം. രതീഷിന്‌ അഭിനന്ദനം. എന്നാൽ ആ ഗാനം
വാക്കുകളിലൂടെ പുറത്തേക്ക്‌ ഒഴുക്കാൻ പറ്റാത്തവിധം മലയാള ത്തെ
സ്നേഹിക്കുന്നവരുടെ ചുണ്ടിൽ അതു തടഞ്ഞു നിന്നത്‌ ഈ അർത്ഥവൈകല്യം
ഒന്നുകൊണ്ടുമാത്രമാണ്‌.

ഇനി ഗാനത്തിലേക്കു കടക്കാം. പല്ലവി: "മഴനീർത്തുള്ളികൾ നിൻതനുനീർമുത്തുകൾ"
മഴത്തുള്ളികൾ അവളുടെ വിയർപ്പുകണങ്ങൾ, ഓകെ. അടുത്തത്‌ തണുവാപ്പ്യ്തിടും
കനവായ്‌ തോന്നിടും. തണുവായ്‌ പെയ്യുന്നത്‌ എങ്ങനെയാണ്‌. കനവായ്തോരുന്നത്‌
എന്ന്‌ മനസ്സിലായില്ല. തണുവേന്നാൽ തണുപ്പ്‌ ഒരനുഭവമാണ്‌. കനവ്‌ ഒരാളുടെ
സ്വപ്നമാണ്‌ പ്രതീക്ഷയാണ്‌. അതും തണുപ്പും തമ്മിലെന്തു ബന്ധം? ഇനി
വെൺശംഖിലെ ലയ ഗാന്ധവർമ്മായ്‌ നീയെന്റെ സാരംഗിയിൽ- ലയമെന്നാൽ
നൃത്തസംഗീതാതികളുടെ സമന്വയം എന്നർത്ഥവും വരുന്നത്‌. ഗാന്ധർവ്വം ഒരു
വിവാഹരീതി, സംഗീതകല സാമവേദത്തിന്റെ ഉപവേദം, കുതിര എന്നിങ്ങനെ പോകുന്നു.
ഏതാണ്ട്‌ ഒരേ അർത്ഥം വരുന്ന ലയവും ഗാന്ധർവ്വവും ഒന്നിച്ചുവേണോ? സാരംഗി
-ഒരിനം വീണ, മാൻപേട തുടങ്ങിയ അർത്ഥങ്ങളുണ്ട്‌. വീണയിൽ ഇതളിടുന്ന
വാനത്തിന്റെ തേൻതുള്ളിയെ കുറിച്ച്‌ സങ്കൽപിച്ചു നോക്കൂ. വീണയിൽ മഴ
പെയ്യുന്നുവേന്നാണോ പറഞ്ഞുവരുന്നത്‌? മോഹത്തിൻ തേൻതുള്ളിയെങ്ങനെയാണ്‌
കതിരിടുന്നത്‌? കതിരിടുക എന്നതിന്റെ മറ്റൊർത്ഥം പ്രകാശിക്കുക എന്നതാണ്‌.
ഇതിലേതാണ്‌ അനൂപ്‌ ഉദ്ദേശിച്ചതു?
അനൂപ് മേനോൻ

രാ മേഘംപോൽ വിൺ താരംപോൽ നീ എന്റെ അകലെ നിൽപൂ. നല്ല വരികൾ അതിഗംഭീരം.
പക്ഷെ, അടുത്ത വരിയാണ്‌ മനസ്സിലാകാത്തത്‌. രാ മേഘംപോലെയും വിൺതാരം
പോലെയുമുള്ള അവളുടെ ചുണ്ടിൽ ഒരു സന്ധ്യയുള്ളത്‌ രസകരം തന്നെ.
ഇനിയുള്ളതാണ്‌ അതിലും രസം. ചന്ദ്രലേഖയെന്തിനോ കാത്തുനിന്നതോർത്തുഞ്ഞാൻ.
ആരെ കാത്തുനിന്നു? എന്തിന്‌? മുമ്പുള്ള വരികളിലൊന്നും ചേരാതെപോയി ഈ
കാത്തുനിൽപ്‌. ഇനി ചരണം. 'തൂമഞ്ഞിലെ വെയിൽനാളംപോൽ നിൻകണ്ണിലെൻ ചുംബനം.
നല്ല വരികൾ. തൂവലായ്പൊഴിഞ്ഞൊരീ ആർദ്രമാം നിലാക്കുളിർ പൂക്കളായാലും
തൂവലായാലും പൊഴിയുക എന്നുവച്ചാൽ നേഗറ്റീവ്‌ ഫീലിംഗ്‌ ആണ്‌ നമ്മിൽ
ഉണ്ടാക്കുക എന്നോർക്കണം. പോട്ടെ, സഹിക്കുന്നു. തൂവലായ്‌ പൊഴിഞ്ഞൊരീ
ആർദ്രമാം നിലാക്കുളിരിന്‌ പിന്നീടെന്തുസംഭവിച്ചു എന്നറിയില്ല. ഈ വരികൾ
പാടെ മറന്നതുപോലെയാണ്‌ അടുത്ത വരികൾ. "അണയും ഞാറ്റുവേലയെന്തിനോ ഒരു മാത്ര
കാത്തെന്നോർത്തുഞ്ഞാൻ". എവിടെ അണഞ്ഞു? ആരെ കാത്ത്‌? എന്തിന്‌?
ഒരുപിടിയുമില്ല. കണ്ണിലെ ചുംബനത്തിലാണ്‌ ആർദ്രമാം നിലാക്കുളിർ
പൊഴിഞ്ഞതെന്നു വിചാരിക്കാം. എന്നാൽ ഞാറ്റുവേലയ്ക്ക്‌ എന്ത്‌
ഇതിൽക്കാര്യം?
അനൂപ്‌ മേനോനെയും പറഞ്ഞിട്ടുകാര്യമില്ല. പിടിച്ചുകെട്ടി എഴുതിച്ചതല്ലേ?
അദ്ദേഹം ഭാഗ്യമുള്ള വ്യക്തി തന്നെ. അതുകൊണ്ടല്ലേ നല്ല സംഗീതത്തിനെ
വരികളെഴുതാൻ കിട്ടിയത്‌. ഇനിയും ആരും തുമ്പിയെക്കൊണ്ട്‌
കല്ലെടുപ്പിക്കരുത്‌. പാട്ടെഴുതിക്കോളൂ, പക്ഷെ ചേരുംപടി ചേർത്തെഴുതണം.
മറഞ്ഞിരിക്കുന്ന എത്രയോ കഴിവുള്ളവർ നമ്മുടെ മലയാളത്തിലുണ്ട്‌. അവരെ
കൈപിടിച്ചുയർത്താൻ ആരുമില്ലാതെപോയ്‌. പകരം സിനിമാരംഗത്ത്‌ പരസ്പരം
അറിയുന്നവർ ഇങ്ങനെയുള്ള കടുംകൈയ്ക്കു പ്രേരിപ്പിക്കും. അനൂപിന്‌
തിരക്കഥയും അഭിനയവും പോരെ? ശ്രോദാക്കൾ ക്ഷമിക്കുന്നതിനും ഒരു
പരിധിയില്ലേ?
മഴനീർത്തുള്ളികളെ എന്റെ രീതിയിൽ ചിട്ടപ്പെടുത്തിയത്‌ താഴെ
കൊടുക്കുന്നു. അനൂപ്‌ മേനോനും മഴനീർത്തുള്ളികളെ പിൻതാങ്ങുന്നവരും
നിരുപാധികം ക്ഷമിക്കുക.
മഴനീർത്തുള്ളികൾ നിൻ
തനുനീർമുത്തുകൾ
കനവായ്‌ പെയ്തിടും
നിനവായ്‌ തോർന്നിടും
വെൺശംഖിലെ
തുളസീ തീർത്ഥമോ
നീയെന്റെ ആത്മാവിനെ
തഴുകിടും മോഹത്തിൻ
തേൻ തുള്ളിയോ
തുളുമ്പിടും രാഗത്തിൻ
പൊന്നോളമോ... (മഴനീർ)
രാമേഘം പോൽ
വിൺതാരം പോൽ
നീയെന്തെ അകലെ നിൽപൂ
കാതരേ നിൻ ചുണ്ടിലെ
സന്ധ്യയിൽ അലിഞ്ഞിടാം
കവിളിൽ പൂത്തുനിൽക്കുമാതിരാ
നിലാവേണിക്കെന്നോർത്തു ഞാൻ (മഴനീർ)
തൂമഞ്ഞിലെ വെയിൽനാളം പോൽ
നിൻകണ്ണിലെൻ ചുംബനം
തൂവലായ്‌ പറന്നൊരെൻ
ആർദ്രമാം കിനാവുകൾ
ഇനിയെൻ സ്വന്തമാണെന്നെന്തിനോ
ഒരു മാത്ര നേരമോർത്തു ഞാൻ (മഴനീർ)

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...