വാരിക്കെട്ടിയ ഭാരങ്ങൾ ഇറക്കുകയുമാവാം!


സി.രാധാകൃഷ്ണൻ

ഞാൻ ചിന്തിക്കുന്നു, അതിനാൽ ഞാൻ ഉണ്ട്‌ എന്നായിരുന്നു അടുത്ത കാലംവരെ
പടിഞ്ഞാറൻ തത്ത്വശാസ്ത്രകാരന്മാരുടെ നിലപാട്‌. അങ്ങനെയല്ല, തല
തിരിച്ചാണ്‌ വേണ്ടതെന്ന്‌ ഇപ്പോൾ അവർക്കും മനസ്സിലായിട്ടുണ്ട്‌. ഞാൻ
ഉണ്ട്‌, അതിനാൽ ഞാൻ ചിന്തിക്കുന്നു.
ഇപ്പറഞ്ഞ രണ്ട്‌ പ്രസ്താവങ്ങളിലും ഞാൻ എന്ന ശബ്ദമുണ്ട്‌. പക്ഷെ,
രണ്ടിടത്തും അർത്ഥം ഒന്നല്ല എന്ന വിശേഷമുണ്ട്‌. ആദ്യത്തെതിലെ ഞാൻ വെറും
ഭൗതികതലത്തിലെ ഞാൻ ആണ്‌. രണ്ടാമത്തേതാകട്ടെ, അതിനും അടിയിലുള്ള മറ്റൊരു
ഞാനും.
ആദ്യത്തെ ഞാൻ ചിന്തിച്ചുകൊണ്ടേയിരിക്കുന്നു. സത്യത്തിൽ ഈ ഞാൻ പല
ഞാനുകളുടെ ഒരു അവിയലാണ്‌. ഇതിൽ ഓരോ ഞാനും ഓരോ വഴിക്കാണ്‌ ചിന്തിക്കുക.
അപ്പപ്പോൾ പ്രമുഖമായ ഞാൻ ഏതോ അതുമായി ബന്ധപ്പെട്ട്‌ നിമിഷം തോറും
ചിന്തിക്കുന്നു.
എനിക്ക്‌ ഏറ്റവും നന്നായി അറിയാവുന്നത്‌ എന്റെ സ്വന്തം കാര്യമാണല്ലോ.
അതിനാൽ ഉദാഹരണത്തിന്‌ എന്റെ കാര്യം തന്നെ എടുക്കാം. നിലനിൽപ്പിന്റെ മിക്ക
സമയവും ഞാൻ ഒരു എഴുത്തുകാരനാണ്‌. എന്റെ ഭാഷ, ഇതിവൃത്തങ്ങൾ, എന്റെ കൃതികൾ,
പ്രസാധനം, വിമർശനം, വായിച്ച പുസ്തകങ്ങൾ, ഇനിയും വായിക്കേണ്ട പുസ്തകങ്ങൾ,
എഴുത്തുകാരുടെ ലോകത്തെ വിശേഷങ്ങൾ, വാചകമേളകൾ, ലോകസാഹിത്യത്തിലെ
വഴിത്തിരിവുകൾ എന്നിങ്ങനെ ചിന്തകൾ കറങ്ങിത്തിരിയും,
തിരിഞ്ഞുകൊണ്ടേയിരിക്കും!
ഇതിനിടെ, ഞാനൊരു ഭർത്താവാവും. അപ്പോൾ വീട്ടിൽ കൂട്ടുകാരിയെക്കുറിച്ചും
അവളുടെ സ്നേഹത്തെക്കുറിച്ചും വിഷമങ്ങളെക്കുറിച്ചും അസുഖങ്ങളെക്കുറിച്ചും
ചിന്തിക്കും. ഉടൻതന്നെ, ഒരു അച്ഛനാവും. മോന്റെ കാര്യം ആലോചിക്കും,
പൊടുന്നനെ ഒരു മുത്തച്ഛനാകും, പേരക്കിടാങ്ങളുടെ കളികളും ഭാവങ്ങളും അവരുടെ
ഭാവിയെക്കുറിച്ചുള്ള ആശങ്കകളും ചിന്താവിഷയമാവും. ശയൻസ്‌ പഠിക്കാൻ
തുടങ്ങിയ കാലം മുതൽ പ്രപഞ്ചത്തെ മനസ്സിലാക്കാൻ ഞാൻ നടത്തുന്ന ശ്രമങ്ങളുടെ
തുടർച്ചയായ പരിഗണനകൾ ഇടയിലിടയിൽ തള്ളിക്കയറി വരും. ഇതിനോക്കെ പുറമെ,
പഴയതും പുതിയതുമായ സൗഹൃദങ്ങളും അനുഭവങ്ങളും കണ്ട നാടുകളും നാട്ടാരും
ഇവിടെ ചുറ്റുമുള്ള സമൂഹവും ഭരണക്രമവും ചമ്രവട്ടം പാലവും പുഴയും മഴയും
കൃഷിയും അന്നന്നത്തെ കൊലപാതകാദി വാർത്തകളും ഒക്കെ പല ഞാനുകളുടെ
ഭാണ്ഡങ്ങളിൽ നിന്ന്‌ പുറത്തു ചാരി ശ്രദ്ധ പിടിച്ചുപറ്റും.
ഇപ്പറഞ്ഞതൊന്നും വേണ്ടാത്തതോ അരുതാത്തതോ മോശമോ ആയ ആലോചനകളല്ല. തീർച്ച.
പക്ഷെ ഒരു കാര്യം തീർച്ചയാണ്‌. ഇവ എന്റെ സ്വൈരം കെടുത്തുന്നു.
പൊക്കണത്തിൽ കനത്ത ഞാനുകൾ പല അറകളിലായി ഏറെ ഉള്ളതിനാൽ നേരെ നിന്ന്‌
നന്നായി ഒന്ന്‌ ശ്വാസം കഴിക്കാൻ ഒക്കുന്നില്ല. തല പൊങ്ങുന്നില്ല. മടിയിൽ
അൽപസ്വൽപം കനം ഉള്ളതിനാൽ പേടി ഒഴിയുന്നില്ല.!
അതിനാൽ പണ്ടേ മുത്തച്ഛൻ പഠിപ്പിച്ച വിദ്യ പ്രയോഗിക്കുന്നു. ഭാണ്ഡമിറക്കൽ
എന്നതാണ്‌ ആ വിദ്യ. ശാന്തമായ ഒരിടത്തുനിന്ന്‌ ഓരോന്നായി താഴെ വയ്ക്കുക.
ഞാൻ ജനിച്ചതു എഴുത്തുകാരനായല്ല. അതിനാൽ ആ ഭാണ്ഡം ആദ്യം ഇറക്കാം.
തുടർന്ന്‌, ജനിച്ചപ്പോൾ ഇല്ലാതിരുന്ന എല്ലാ ഭാരങ്ങളും ഓരോന്നായി
കൈയൊഴിക്കാം. ഇവയൊക്കെ പോകുമ്പോൾ ഇവയോട്‌ ബന്ധപ്പെട്ട ആലോചനകളും
പോവുന്നു. പോവണം. എല്ലാം പോവുമ്പോൾ എന്റെ സങ്കടങ്ങളും സന്തോഷങ്ങളും
വേദനകളും ഇഷ്ടാനിഷ്ടങ്ങളും മാത്രമല്ല ഞാൻ പഠിച്ചുണ്ടാക്കിയ
കാര്യങ്ങളത്രയും പോകും. ഞാൻ ഭാണ്ഡങ്ങൾ ഇറക്കുകയാണ്‌ എന്ന അറിവുപോലും
പോകും. ഞാൻ ഒന്നും അറിയുന്നില്ല എന്ന അറിവും ഇല്ലാതാകും. അപ്പോൾ
ശേഷിക്കുന്ന ഞാൻ എന്റെ കളങ്കരഹിതമായ നിലനിൽപ്‌ എന്ന ഞാൻ മാത്രം-ദ
ബ്ലിസ്സ്‌ ഓഫ്‌ ബീയിങ്ങ്‌.
ആർക്കും പരീക്ഷിക്കാം! ഇതൊരു ചെറിയ സുഖമൊന്നും അല്ല! ചെലവോ ഒന്നുമേ ഇല്ല!
ക്ലേശകരമായ ഒരു നീണ്ട യാത്ര കഴിഞ്ഞ്‌ നാട്ടിലെ പുഴയോരത്ത്‌
നീർച്ചാലിന്നരികിൽ തിരിച്ചെത്തി വിയർത്തൊഴുകി ഒട്ടിയ എല്ലാ ഉടുപുടവയും
അഴിച്ചുമാറ്റി സ്വതന്ത്രമായി ഒന്നു മൂരിനിവർന്ന്‌ ശുദ്ധവായു വേണ്ടുവോളം
ശ്വസിച്ച്‌ നീർച്ചാലിലേക്ക്‌ പതുക്കെ ഇറങ്ങി ആണ്ടിറങ്ങി പതുക്കെ പൊങ്ങി
രണ്ടാമതൊന്നു മുങ്ങാൻ മുതിരുമ്പോഴുള്ള ആ ഒരു പ്രത്യേക സുഖമാണല്ലോ അതിന്റെ
അനേകകോടി ഇരട്ടി സുഖം!
ഒരു ചെറിയ പ്രയാസമേയുള്ളു. പ്രകൃതി എന്ന അമ്മയുടെ മടിയിൽ കയറിയിരുന്നാലെ
ഈ ഭാരമിറക്കൽ നടക്കൂ. പൊടിയും പുകയും ശബ്ദവും മാലിന്യവും തിക്കും
തിരക്കും ആയാൽ പറ്റില്ല. കാരണം, ഇതെല്ലാം പല ഞാനുകളും ഇറങ്ങിപ്പോകുന്നത്‌
ശക്തിയായി തടയുന്ന കാര്യങ്ങളാണ്‌. വെള്ളത്തിൽ വീണ പാമ്പ്‌ വടി
കിട്ടിയാലെന്നപോലെ ചിന്തകൾ വീണ്ടും വീണ്ടും മേലോട്ടുതന്നെ കയറിവരും. ഇനി
ആധുനികമായ എല്ലാ സൗകര്യങ്ങളുമുള്ള ചുറ്റുപാടായാലും എല്ലാം
കൃത്രിമമായതിനാൽ ഫലം ഇതുതന്നെ. പാറാവുകാരനും വേലക്കാരും ഏസിയും
മനസ്സമാധനമല്ല അനേകം ആശങ്കകളും പേടികളുമാണ്‌ സൂക്ഷ്മബോധത്തിൽ
മുളപ്പിക്കുക.
എന്തിനാണ്‌ ആളുകൾ ഹിമാലയത്തിലും മറ്റും പോകുന്നത്‌ എന്ന്‌ ചോദിക്കുന്നവർ
സൂചിയുടെ ചെറിയ കുഴയിലൂടെ സ്വന്ത മനസ്സെന്ന വലിയ നൂൽ പരമശാന്തിയിലേക്ക്‌
കടത്താൻ ശ്രമിക്കാത്തവരാവും. വേണ്ട, ഹിമാലയസാനുവൊന്നും വേണമെന്നില്ല.
നമ്മുടെ പാവം പശ്ചിമഘട്ടത്തിന്റെ താഴ്‌വാരമായാലും മതി. മഞ്ഞുപാളികളൊന്നും
ഇല്ലെന്നാലും ശാന്തത്ത ധാരാളം അല്ല, സാമാന്യം വലുതാണെങ്കിൽ വീട്ടിലെ
സർപ്പക്കാവിനകത്തു കയറിയാലും കഴിച്ചുകൂട്ടാം. വ്യാവസായികാടിസ്ഥാനത്തിൽ
ഫാക്ടറി പോലെ ബഹളമയമായി പ്രവർത്തിക്കുന്ന ഒന്നല്ലെങ്കിൽ ചുടുകാട്‌ എന്ന
അധ്യാത്മവിദ്യാലയവും മോശമല്ല.
ഉയിരിനെ അനുഭവിക്കുക എന്നതാണ്‌ വിദ്യ. ജീവനുള്ളവരാണ്‌ നാം എന്നു
തീർച്ചയാണല്ലോ. അപ്പോൾപ്പിന്നെ അതിന്റെ രുചി ഒന്ന്‌ അറിയണ്ടേ?
അതനുഭവിക്കാനും നമുക്ക്‌ നമ്മുടെ ബുദ്ധിയും മനസ്സും ഇന്ദ്രിയങ്ങളും
മാത്രമേയുള്ളൂ. ജീവൻ പോകുമ്പോഴാകട്ടെ, ഇവയുടെയെല്ലാം സത്തയെ, പൂവിൽ
നിന്ന്‌ കാറ്റ്‌ സുഗന്ധത്തെ എന്നപോലെ, എടുത്തു കൊണ്ടുപോകുന്നു. അതിനാൽ,
ജീവനെ അനുഭവിക്കുന്നെങ്കിൽ അത്‌ ആ ഒഴിഞ്ഞുപോക്ക്‌ നടക്കും മുമ്പേ വേണം!
ഇപ്പോൾ ഒത്തില്ലെങ്കിൽ ഒരിക്കലുമില്ല.
ഈ ലോകമെന്ന ഭാരം എന്നേയ്ക്കുമായി ഇറക്കിവയ്ക്കാനൊന്നുമില്ല ഈ വിദ്യ. ആ
ഭാരം കൂടുതൽ നന്നായി ചുമക്കാൻ നമുക്ക്‌ ശേഷി നൽകാനാണ്‌. അങ്ങനെ
വിജയകരമായി ചുമക്കുമ്പോഴും ഇതൊന്നും  എന്റെയല്ല എന്ന ബോധം ചിരന്തനമായി
നിലനിന്നാൽ ഏത്‌ ഭാരോദ്വഹന മത്സരത്തിലും ജയിക്കാനുള്ള അടവ്‌ പഠിച്ചു!
ഉണ്ടോ എന്നു ചോദിച്ചാൽ ഉണ്ട്‌ എന്നും കുറച്ചുകൂടി അമർത്തി ഒരിക്കൽകൂടി
അമർത്തി ഒരിക്കൽക്കൂടി ചോദിച്ചാൽ ഇല്ലായെന്നും പറയാൻ കഴിയണം.
രണ്ടുമല്ലാത്ത ഒരവസ്ഥ ഉണ്ടോ എന്നു ചോദിച്ചാൽ അതിനും ഇതേ മറുപടിക്രമം
ആവാം! നന്നേ വിഷമിച്ചാൽ കുഞ്ചൻനമ്പ്യാർ പണ്ടു പറഞ്ഞ രസികൻ മറുപടി
നമുക്കും പറയാം. ഉണ്ടില്ല!

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ