ഏകംഎം.കെ.ഖരീം

എന്തിനെന്നറിയാതെ, എങ്ങനെയെന്നറിയാതെ തുടക്കം. എത്രമേല്‍ ആലോചിച്ചിട്ടും ഒടുക്കത്തെ കുറിച്ച് ധാരണയില്ല...
ഗ്രന്ഥങ്ങള്‍ വിരല്‍ ചൂണ്ടുന്നത് പാലത്തിലേക്ക്..
അത് അങ്ങനെ തന്നെയോ, ഇങ്ങനെയോ, അതുമല്ലെങ്കില്‍ അതിനപ്പുറം ...
എന്റെ ചിന്തകള്‍ക്ക് അപ്രാപ്യമായ ഒരവസ്ഥ.
ചിന്തയുടെ പാതയില്‍ തടസ്സങ്ങളുണ്ടാവുന്നുണ്ട്.
എന്താണ് എന്നെ വിലക്കുന്നത്?
ഞാനോ നീയോ?
അല്ലെങ്കില്‍ എന്റെ അപ്രരന്‍ ?!
ഒഴുകുമ്പോള്‍ കരയിലെ ഇല്ലി മരങ്ങളോടൊരു ചോദ്യം; എന്തിന്?
ആവോ...
ഇല്ലിക്കാടിന് അതിന്റെ നിലനില്‍പ്പിനെ കുറിച്ച് ബോധമില്ലാത്തിടത്ത് എങ്ങനെ എന്നെ കുറിച്ച് ചൊല്ലാന്‍ ..
എങ്കിലും ഞാന്‍ ഒഴുകുന്നു...
എന്റെ ചോദ്യങ്ങളാണ് എന്റെ അശാന്തി. ഉത്തരമില്ലായ്മയിലൂടെ ഞാന്‍ തുടരുകയും...
എങ്ങോ ഇരിക്കുന്ന ആളോട് എനിക്കെന്തോ പറയാനുണ്ടാവുക. എങ്ങോ അങ്ങനെ ഒരാള്‍ ഉണ്ടെന്ന ധാരണയോടെ... എന്നില്‍ നിറയുന്ന അനുഭൂതിയും. ആ അനുഭൂതി ആ ആളില്‍ നിന്നും എന്നിലേക്ക്‌ ഒഴുകിയെത്തുന്ന പ്രണയമല്ലേ...
നദി വന്നു നദിയില്‍ ചേരുമ്പോള്‍ ഉണ്ടാകുന്ന ചലനം... അങ്ങനെ നിത്യവും ചലനത്തിലാണ് ഞാന്‍ .
ചലനം പല തരത്തിലും... എന്നാല്‍ പ്രണയത്തിന്റെത് മറ്റൊന്ന്...
പ്രണയം സ്വാതന്ത്ര്യമാണ്.
എന്നില്‍ വന്നു ചേരുന്ന ആ ഒഴുക്കിന് എന്നോട് ചേര്‍ന്ന് ഒഴുകാനുള്ള സ്വാതന്ത്ര്യം. ഒരുമിച്ചു ഒഴുകി പോകുമ്പോഴും കൈവഴി തിരിയാനുള്ള സ്വാതന്ത്ര്യം. നദിയില്‍ നിന്നും നദികള്‍ ഉണ്ടാവുന്നു. ഒടുക്കം നദികള്‍ സമുദ്രത്തില്‍ ചെന്ന് ചേരുകയും.
നദി നദിയെ വിരോധിക്കുന്നില്ല.
അതുപോലെ പ്രണയവും..
എന്നിലെ അപൂര്‍ണതയാണ് എന്നെ അന്വേഷിയാക്കുന്നത്. യാതൊന്നിന്റെ കുറവാണോ എന്നില്‍ ആ ഒന്നിന് വേണ്ടിയുള്ള അടക്കാനാവാത്ത ദാഹം.
അവിടെ സഞ്ചാരം തുടങ്ങുന്നു. ആ ഒന്നിനെ പ്രാപിക്കാന്‍ , അതിലാവാന്‍ , അതാവാന്‍ ...
പിന്നെ ഞാനോ നീയോ ഇല്ല.
ഏകം.
പരമാനന്ദം!

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ