19 Aug 2012

തിരസ്കരിക്കപ്പെട്ട ദൈവങ്ങൾ


എം.കെ.ചന്ദ്രശേഖരൻ

കരയിലെ രക്ഷകൻ-കായലിനോടു ചേർന്നുള്ള വിശുദ്ധ പിതാവിന്റെ അരമനക്കു
മുന്നിലെ പള്ളിവക കെട്ടിടത്തിനു മുകളിലെ ക്രിസ്തുദേവന്റെ രൂപം
-അതാണിപ്പോൾ അപ്രത്യക്ഷമായിരിക്കുന്നത്‌. കടലിൽ പോകുന്നവർക്ക്‌
പ്രതിസന്ധിഘട്ടത്തിൽ കരയിലേക്ക്‌ നോക്കി കുരിശ്‌ വരയ്ക്കാനും
പ്രത്യാശയോടെ കരയിൽ കാത്തിരിക്കുന്നവർക്ക്‌ പ്രതീക്ഷയർപ്പിക്കാനുമുള്ള
രൂപം-അതാണ്‌ ഇല്ലാതായിരിക്കുന്നത്‌. അഞ്ചുവർഷം മുന്നേ കടൽകടന്ന്‌
അക്കരപ്പച്ചതേടി പോവുമ്പോൾ രക്ഷകൻ അവിടുണ്ടായിരുന്നു. അമ്മച്ചി അന്നു
പറഞ്ഞത്‌ ഇപ്പോഴും ചെവിയിൽ മുഴങ്ങുന്നു. മോനേ, കടലിനക്കരെ നിനക്കവിടെയും
കപ്പലിലല്ലേ ജോലി. അവിടെ നിന്നെ കാക്കാൻ ഇവിടെ കായലിനക്കരെയുള്ള നമ്മുടെ
പിതാവിന്റെ അരമനക്കടുത്ത കെട്ടിടത്തിന്റെ മുകളിലെ ക്രിസ്തുവിന്റെ രൂപം
അതെപ്പോഴും മനസ്സിലുണ്ടായാൽ മതി, നെനക്കീ നാടിനെപ്പറ്റിയും
വീടിനെപ്പറ്റിയും പ്രായംചെന്നുനിൽക്കുന്ന അമ്മച്ചിയെയും
കൂടപ്പിറപ്പുകളെയും  ഓർമിക്കാൻ അത്‌ ധാരാളം മതിയാകും. നിന്നെ ഒരു
കൊഴപ്പത്തിലും ചാടിക്കാതെനോക്കും.
        അക്കരെ ചെന്നിട്ടും അയാൾക്ക്‌ പ്രശ്നങ്ങളായിരുന്നു. പതിനായിരങ്ങൾ വരെ
എജന്റിന്‌ കൊടുത്തത്‌ വിസ ശരിയാക്കി ചെന്നിട്ടും കിട്ടിയത്‌
പറഞ്ഞുറപ്പിച്ച ജോലിയല്ല. ശമ്പളം നേരത്തെ പറഞ്ഞുറപ്പിച്ചതിലും നേർപകുതി.
മടങ്ങിയാലോ എന്ന്‌ പലവട്ടം നിരീച്ചതാണ്‌. പ്രതീക്ഷകളോടെ കാത്തിരുന്ന
അമ്മച്ചിയോട്‌ രാത്രി സമയം അടുത്ത വീട്ടിലെ അന്തപ്പായിയുടെ ഫോണിലൂടെ
വിഷമതകൾ പറയുമ്പോൾ, അമ്മച്ചിയും വല്ലാതായി. എന്താണ്‌ മറുപടി പറയുക?
എല്ലാം ഉപേക്ഷിച്ചു പോരാൻ പറയണോ? വീട്ടിലെ ചുറ്റുപാടുകൾ,
പ്രതീക്ഷാപൂർവ്വം ഉറ്റുനോക്കുന്ന പെങ്ങന്മാർ കൊടുത്തുതീർക്കാനുള്ള കടം.
        മോനെ-നീ എടുത്തുചാടി ഒന്നും ചെയ്യരുത്‌. നെനക്കറിയാലോ ഇവിടത്തെ
ചുറ്റുപാടുകൾ മോനേ മനസ്സിൽ നീ ഈശോയുടെ രൂപം സൂക്ഷിക്ക്‌ -അതേ മോനേ
നമ്മുടെ പിതാവിന്റെ അരമനക്കടുത്ത എടുപ്പിലെ ക്രിസ്തുവിന്റെ രൂപം, കടലിൽ
പോണോർക്ക്‌ മനസ്സുകൊണ്ടായാലും കുരിശ്‌ വരയ്ക്കണത്‌ ആ രൂപം നിരീച്ചാണല്ലോ,
നീയതോർത്താൽ മതി. എല്ലാം ശരിയാകും.
        യേശുദേവൻ പടിഞ്ഞാറു നോക്കിനിന്ന്‌ അങ്ങ്‌ ദൂരെ കടലിൽ മീൻപിടിക്കാൻ
പോണവരെയും ദ്വീപുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ബോട്ടുകളിലും വള്ളങ്ങളിലും
യാത്ര ചെയ്യുന്നവരെയും രണ്ടു കൈകളും നീട്ടി അനുഗ്രഹിക്കുന്നു.
ആഴക്കടലിലേക്ക്‌ നീങ്ങി വലവീശുന്ന ഓരോരുത്തരുടെയും മനസ്സിലപ്പോൾ
യേശുദേവന്റെ വാക്കുകളാണ്‌.
നിങ്ങളെ ഞാൻ മനുഷ്യരെ പിടിക്കുന്നവരാക്കും.
അനുയായികളെ ഉദ്ബോധിപ്പിക്കാൻവേണ്ടി പറഞ്ഞ വാക്കുകളാണെങ്കിലും ആ
വാക്കുകളിൽ പ്രതീക്ഷയർപ്പിച്ച്‌ വലയെറിയുമ്പോൾ ഒരിക്കലും
നിരാശപ്പെടേണ്ടിവന്നിട്ടില്ല. കാറ്റിലും കോളിലുംപെട്ട്‌ ഓടങ്ങൾ
ഉലയുമ്പോഴും ബോട്ടുകൾ കായലിൽ വട്ടം കറങ്ങുമ്പോഴും അവയിലെ യാത്രക്കാർക്ക്‌
മനസ്സ്‌ സ്വസ്ഥമാവാൻ സഹായിക്കുന്നത്‌ അങ്ങ്‌ കരയിലെ കെട്ടിടത്തിനു
മുകളിലെ യേശുദേവന്റെ രൂപമാണ്‌. കാരുണ്യവും ശാന്തിയും ആർദ്രതയും നിറഞ്ഞ
കണ്ണുകളാൽ ദൂരേക്ക്‌ തങ്ങളെ നോക്കി ആശ്വസിപ്പിക്കുന്നു.
ഭയപ്പെടേണ്ട-ഞ്ഞാൻ നിങ്ങളോട്‌ കൂടെ ഉണ്ട്‌.
അഞ്ചുവർഷം ഒരു നീണ്ട കാലയളവല്ല. പക്ഷേ, ഒരു നാടിന്റെ മുഖച്ഛായതന്നെ
മാറിപ്പോയ പരിവർത്തനങ്ങളാണ്‌ ഇവിടെ വന്നുചേർന്നിരിക്കുന്നത്‌. തങ്ങളുടെ
ദ്വീപിനെയും നഗരത്തെയും ബന്ധിപ്പിക്കുന്ന പാലങ്ങൾ വന്നതാണ്‌ അതിൽ
പ്രധാനം. ഏകദേശം അര നൂറ്റാണ്ട്‌ മുന്നേ സഹോദരൻ അയ്യപ്പന്റെ കാലത്തുതന്നെ
ശ്രമങ്ങൾ തുടങ്ങിയിരുന്നു. ഇപ്പോഴാണ്‌ ഫലവത്തായി മാറിയത്‌. അതോടെ, നാട്‌
പുരോഗമിക്കുമെന്ന്‌ കരുത്തിയത്‌ തെറ്റി. അധോലോക സംഘങ്ങളുടെ വിളയാട്ടം
നഗരംവിട്ട്‌ ഇങ്ങോട്ടും തുടങ്ങിയിരിക്കുന്നു. കാർമോഷണവും ജനങ്ങളെ
തട്ടിക്കൊണ്ടുപോകളും വാടകക്കൊലയാളികളുടെ വിളയാട്ടവും ഇപ്പോൾ മുംബൈപോലുള്ള
മഹാനഗരങ്ങളിൽ മാത്രമൊതുങ്ങുന്നില്ല. നാടെങ്ങും ബഹുനില കെട്ടിടങ്ങൾ അവ
നഗരംവിട്ട്‌ തങ്ങളുടെ ദ്വീപുകളിലേക്കും വ്യാപരിച്ചിരിക്കുന്നു.
വിവരസാങ്കേതികവിദ്യ വശത്താക്കാൻ പറ്റിയ പഠനകേന്ദ്രങ്ങളും അതിന്റെ
സാധ്യതകൾ പ്രയോജനപ്പെടുത്തിയുള്ള വ്യവസായ വാണിജ്യകേന്ദ്രങ്ങളും എല്ലാം
നഗരങ്ങളിലേപ്പോലെ ഇതാ ഇവിടെയും കൈയെത്തുംദൂരത്തുവരെ വന്നിരിക്കുന്നു.
പക്ഷേ അയാളെ വേദനിപ്പിച്ചതു അതൊന്നുമായിരുന്നില്ല.
തങ്ങളുടെ പ്രത്യാശകേന്ദ്രമായിരുന്ന പ്രതീക്ഷയോടെ ആരെ നോക്കുമായിരുന്നോ
ആരെ നോക്കി കുരിശുവരച്ച്‌ മനസ്സ്‌ സ്വസ്ഥമാക്കുമായിരുന്നോ ആ രക്ഷകനെവിടെ?
ക്രിസ്തുദേവന്റ അദ്യശ്യമായ തലോടലിൽക്കൂടി മനസ്സിന്റെ പിരിമുറുക്കം
അയഞ്ഞ്‌ സ്വസ്ഥത കൈവരിച്ച അനുഭവം അമ്മച്ചിക്ക്‌ മാത്രമായിരുന്നില്ലല്ലോ.
പുറംകടലിൽ നങ്കൂരമിട്ടിരിക്കുന്ന കപ്പലിൽ നിന്ന്‌ ഡോളർകണക്കിനുതന്നെ
പതിനായിരങ്ങൾ വിലമതിക്കുന്ന പാക്കറ്റുകളുമായി തീരത്തെ ലക്ഷ്യമിട്ട്‌
നീങ്ങുമ്പോഴായിരുന്നു ആദ്യാനുഭവം.
പെട്ടെന്നാണ്‌ എടുത്തടിച്ചാലെന്ന പോലെ മഴ, കൊള്ളിയാൻ, പ്രപഞ്ചമാകെ
കിടുകിട വിറപ്പിച്ചു കൊണ്ടുള്ള ഇടിവെട്ട്‌.
ചതിച്ചെന്നാ തോന്നണേ?
സ്രാങ്ക്‌ വിളിച്ചുകൂവി.
എന്തുപറ്റി? എന്താ ആശാനെ? കൂടെയുള്ളവന്റെ ആശങ്കയോടെയുള്ള പറച്ചിൽ.
ബോട്ടിനടിയിൽ എവിടെയോ തൊളവീണു. പമ്പിൽനിന്ന്‌ ചീറ്റുന്നപോലാ.
നീയൊരു കാര്യം ചെയ്യ്‌. ദാ-അവിടെയുള്ള ബക്കറ്റ്‌ രണ്ടുമെടുത്തോ. നിങ്ങൾ
രണ്ടാളും മാറിമാറി കോരിയെടുത്ത്‌ കള. ഉത്സാഹിച്ചാ ഒരു പതിനഞ്ച്‌
മിനിറ്റ്‌ അതിനുമുന്നേ കരക്കെത്താൻ പറ്റുമോന്ന്‌ നോക്കാം.
തുള്ളിക്കൊരു കുടംപോലാ മഴ. അടിയിൽ നിന്നും മുകളിൽനിന്നും വെള്ളം.
ഈശോയെ-എന്തെങ്കിലും അപകടശങ്ക വരുമ്പോൾ അമ്മച്ചി പറയുന്ന വാക്കുകളാണ്‌
ഓർത്തത്‌. വല്ലാർപാടം പള്ളീലെ തിരുരൂപക്കൂടിന്‌ മുന്നിൽ ഒരു കൂട്‌
തിരി-മാല-കാക്കണേ.
എന്റീശോയെ എന്നും അപകടങ്ങളിൽ തുണയായുള്ളോനെ കാക്കണേ-അമ്മച്ചി പറയുന്നത്‌
അക്കരെ കായൽക്കരയിലെ അരമനക്കടുത്ത പള്ളിവക കെട്ടിടത്തിനു മുകളിലെ
ക്രിസ്തുദേവനെ ഉദ്ദേശിച്ചാണ്‌. പിന്നെ അമ്മച്ചി കുരിശ്‌ വരക്കും.
ഒരിക്കൽ അമ്മച്ചിയോട്‌ ചോദിച്ചതാണ്‌. അമ്മച്ചി പള്ളിയവിടല്ലല്ലോ.
കുറച്ചൂടെ മാറിയില്ലേ. അതവരുടെ ഒരു കെട്ടിടത്തിനു മുകളിൽ
ഒരലങ്കാരമായിവെച്ച രൂപമല്ലേ?
എടാ കുരുത്തം കെട്ടോനെ. അതെന്തിന്‌ വേണ്ടിയാണെന്നറിയണേങ്കി, അങ്ങ്‌
പുറംകടലിപ്പോണോരോട്‌ ചോദിക്കണം. അവരവിടെ ചിലപ്പം ദിക്ക്‌ തെറ്റി വട്ടം
കറങ്ങുമ്പോഴോ, വല്ല മഴേം കൊടുങ്കാറ്റും വരുമ്പോഴോ താങ്ങും തൊണയും അങ്ങാ
കായൽക്കരേലേ എടുപ്പിന്‌ മോളിലെ ക്രിസ്തുദേവനാ. നിന്റെയപ്പനുതന്നെ
രണ്ടുമൂന്നു തവണ കടലിപ്പോയപ്പം അങ്ങനത്തെ അപകടമൊണ്ടായിട്ടൊണ്ട്‌. പഠിച്ച
പണി പതിനെട്ടും നോക്കീട്ടും വള്ളം നേരെയാക്കാൻപ്പറ്റണില്ല.
കൂടെയുള്ളോരൊക്കെ കടലിച്ചാടിയാലോന്ന്‌ നിരീച്ചെന്നാ പറഞ്ഞെ. അപ്പോ,
വെറാരുമല്ല, വേലുവാശാനാ പറഞ്ഞെ, നമുക്ക്‌ കെഴക്കോട്ട്‌ നോക്കി കുരിശ്‌
വരക്കാം.
അതിന്‌ കെഴക്കും തെക്കും അറിയണ്ടേ?
ഇയാളങ്ങോട്ട്‌ നോക്കെടോ. കണ്ടോ. തെളിഞ്ഞു വരണെ കണ്ടോ? കായൽക്കരേലെ ആ
എടുപ്പിന്റെ മോളിലെ വെട്ടം. അങ്ങോട്ട്‌ നോക്കി കുരിശ്‌ വരക്കാ.
അന്യമതത്തിൽപെട്ടയാളാണേലും ആശാൻ വേണ്ടിവന്നു, നല്ല ബുദ്ധി പറഞ്ഞുതരാൻ.
പിന്നപ്പച്ചൻ പറഞ്ഞതിങ്ങനാ...
വള്ളത്തിലടുത്തിരുന്നോരെപ്പോലും തിരിച്ചറിയാൻ പറ്റാത്ത മഴ. തുമ്പിക്കൈ
വണ്ണത്തിലാ പെയ്യണെ. തെരയാണേലും എളകി മറയണ്‌. രണ്ടുമൂന്നു തവണ വള്ളം
മറിഞ്ഞെന്ന്‌ തന്നെയാ കരുതിയെ. തൊഴകുത്താൻപോലും പറ്റത്തില്ല.
കുറ്റാക്കുറിരുട്ടും രണ്ടുമൂന്നു തവണ തലങ്ങും വെലങ്ങും നോക്കി കുരിശ്‌
വരച്ചപ്പം എവിടോ ഒരു വെട്ടം. അതെ, അതാ കരയിലെ കോടതിക്ക്‌ മുന്നിലെ
കെട്ടിടത്തിന്‌ മോളിലാർന്നു. പിന്നവിടെ ഈശോയുടെ രൂപം തെളിഞ്ഞു വരുന്നു.
ഒലയുന്ന വള്ളത്തിലിരുന്നു കൊണ്ടുതന്നെ എല്ലാരും അങ്ങോട്ട്‌ നോക്കി ഒപ്പം
കുരിശു വരച്ചു. പിന്നെ വല്ലാർപാടത്തമ്മക്കൊരു നേർച്ചേം. രണ്ടോ മൂന്നോ
നിമിഷംകൊണ്ട്‌ കടലിൽ ഓളമടങ്ങി. വള്ളം നേരെ നിർത്താനായി. മഴയപ്പോഴാ
കെട്ടെന്നാ പറഞ്ഞെ.
അന്നമച്ചി പറഞ്ഞപോലെ അപ്പച്ചനും വേലു ആശാനും അന്ത്രയോസും ആരെ നോക്കി
കുരിശ്‌ വരച്ചോ, അന്യനാട്ടിലായിരുന്നപ്പോഴും അപകടസമയങ്ങളിലൊക്കെ, ഏത്‌
രൂപം മനസ്സിൽ വരുമായിരുന്നോ, ആ ക്രിസ്തുദേവനാണ്‌ ഇപ്പോഴില്ലാതായത്‌.
എയർപോർട്ടീന്ന്‌ കാറിൽ വരുമ്പോൾത്തന്നെ മനസ്സിടിഞ്ഞ്‌ തുടങ്ങിയിരുന്നു.
നാട്ടിലെ പച്ചപ്പ്‌ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. അവിടൊക്കെ പുതിയ
കെട്ടിടങ്ങൾ. മിക്കതും രണ്ടും മൂന്നു നിലകളുള്ളവ. നാട്ടിൻ പുറത്തെ
സ്ഥിതിയും ഭിന്നമല്ല. ബഹുനില കെട്ടിടങ്ങളും അപ്പാർട്ട്‌മന്റ്സും നഗരവും
ഗ്രാമവും തിരിച്ചറിയാൻ പറ്റാതായിരിക്കുന്നു. വഴിയരികിലൊക്കെ എവിടെയും
കൂറ്റൻ കട്ടൗട്ടുകൾ ഹോർഡിങ്ങുകൾ ശ്രദ്ധിക്കൂ.ഒരുവൾ പുറംതിരിഞ്ഞ്‌
അരക്കെട്ടിന്റെ വടിവും കാണിച്ച്‌ കിടക്കുന്നു. കാറോടിക്കുന്നവന്റെ ശ്രദ്ധ
അങ്ങോട്ടായാൽ. പിന്നെ കൂറ്റൻ സിനിമാ പരസ്യങ്ങൾ. എല്ലാത്തിലും കാണുന്ന
സമാനത. നമ്മുടെ നാട്ടിലെ പെണ്ണുങ്ങൾക്ക്‌ മാറ്‌ പകുതി മറച്ചാൽ മതി. സാരി
താഴ്ത്തിയേ ഉടുക്കാവൂ. പൊക്കിൾകുഴി കാണിച്ചേ ഉടുക്കാവൂ. അല്ലെങ്കിൽ
ജീൻസ്‌ അങ്ങനെയേ ധരിക്കാവൂ. മുമ്പൊക്കെ ചില വിദേശ സിനിമകളിലേയോ
അല്ലെങ്കിൽ ചുരുക്കം ചില ഹിന്ദി-തമിഴ്‌ സിനിമകളിലേയോ പോസ്റ്ററുകളിൽ
കണ്ടതൊക്കെ ഏറെക്കുറെ നമ്മുടെ നാട്ടിലെ ചിത്രങ്ങളിലും
പ്രത്യക്ഷപ്പെട്ടുതുടങ്ങിയിരിക്കുന്നു. ഒരു കാര്യത്തിലേലോപമില്ലാത്തത്തായി കണ്ടുള്ളൂ. എല്ലാവരും ചിരിച്ചുകൊണ്ടാണ്‌നോക്കുന്നത്‌. ഇപ്പോൾ പുരുഷത്വത്തിന്റെ മുഴുപ്പും തുടിപ്പും കാണിക്കുന്ന
അടിവസ്ത്രങ്ങൾ ധരിക്കുന്ന യുവാക്കളുടെ ചിത്രങ്ങളടങ്ങിയ കൂറ്റൻ ബോർഡുകളും
വന്നുതുടങ്ങിയിരിക്കുന്നു. നാട്ടിൻപുറത്തും ഇതാണ്‌ സ്ഥിതി.
കാറോടിക്കുന്ന അബൂട്ടി പറഞ്ഞു.
എടോ, ഇത്‌ ഇരുപത്തൊന്നാം നൂറ്റാണ്ടാ. നീ പോണേന്ന്‌ മുന്നേ കണ്ട
പട്ടണമല്ല. നമുക്കിപ്പോൾ നാട്ടിലേക്ക്‌ ബോട്ടിൽ കയറണ്ട. ഹൈക്കോടതിക്ക്‌
വടക്ക്‌ ഗോശ്രീ പാലംവഴി കാറിൽ പോകാം. ബസും ലോറിം എല്ലാം പോവും.
അത്‌ നല്ല കാര്യല്ലേ?
നല്ല കാര്യം. പക്ഷേ, നാട്ടിലെ ചുതുപ്പുനിലത്തിനുവരെ വെലകേറി. ശരിക്കും
കേറുന്നതല്ല, കേറ്റുന്നതാ. നമ്മളെപ്പോലുള്ളവർക്ക്‌ അഞ്ചു സെന്റ്‌ ഭൂമി
വാങ്ങണേല്‌ സെന്റിന്‌ ആയിരം രൂപപോലും ഇല്ലാരുന്നിടത്തൊക്കെ ഇപ്പം
ലക്ഷംകൊടുത്താലും കിട്ടാത്ത സ്ഥിതി. റോഡ്സൈഡിലെ കാര്യല്ല. ഉള്ളിലോട്ട്‌
കേറിയാലും ഇതാണ്‌ സ്ഥിതി.
അബൂട്ടിക്ക്‌ പറയാനൊത്തിരി വിഷയമുണ്ട്‌. നാട്ടിൽ പൈപ്പിലിപ്പോഴും
വെള്ളമില്ല. കാത്തിരുന്ന്‌ കിട്ടുന്ന വെള്ളത്തിലൊക്കെ അഴുക്കും ചളിയും.
നാടൊട്ടുക്ക്‌ അപ്പാർട്ട്‌മന്റ്സ്‌ വരുമ്പം എവിടെയാലും ഇതൊക്കെത്തന്നെ.
നാലഞ്ചുതവണ ആൾക്കാര്‌-പെണ്ണുങ്ങളും കൊച്ചുങ്ങളുമടക്കം-ചട്ടീം കലോക്കെയായി
വന്ന്‌ മെയിൻ റോഡും കലക്ടറുടെ ഓഫീസുമൊക്കെ വളഞ്ഞു. അതിനുശേഷം വെള്ളം
ടാങ്കർ ലോറിയേൽ കിട്ടുമെന്നായി. അതും പലപ്പോഴും മൊടങ്ങണു...വല്ലപ്പോഴും
അമ്മച്ചിയുമായി ഫോണിൽകൂടി വിശേഷങ്ങൾ പറയുമ്പോൾ ഇതൊക്കെ
പറഞ്ഞിട്ടുള്ളതാണ്‌. പക്ഷേ, അന്നാ പറഞ്ഞറിഞ്ഞതിലുമപ്പുറത്താണ്‌
കാര്യങ്ങൾ. വീണ്ടും ആ പരസ്യത്തിന്റെ കൂറ്റനൊരു ബോർഡ്‌.
ശ്രദ്ധ തിരിക്കൂ. കട്ടൗട്ട്‌ വെച്ചിരിക്കുന്നത്‌ കൊടും വളവിലാണ്‌.
തൊട്ടപ്പുറംതന്നെ വേറെയും രണ്ടുപേരുടെ കട്ടൗട്ട്‌. താഴ്ത്തിയുടുത്ത
സാരിയും കക്ഷം കാണിക്കുന്ന ബ്ലൗസും ധരിച്ച്‌ ശരീരത്തിന്റെ മറയ്ക്കേണ്ട
ഭാഗങ്ങളൊക്കെ എങ്ങനെ തുറന്നുകാട്ടാമെന്ന്‌ വിളിച്ചുപറയുന്നപോലാണ്‌
രണ്ടുപേരുടെയും നിൽപ്‌.
അത്‌ നമ്മുടെ പിതാവിന്റെ അരമനയുടെ അടുത്ത്‌ ഈയിടെ തുടങ്ങിയ
തുണിക്കടയുടെയും സ്വർണക്കടയുടെയും പരസ്യാ. എവിടന്നോ കൊറേ പൂത്ത പണം
കിട്ടീന്നാ കേഴ്‌വി. കേരളമൊട്ടുക്ക്‌ സ്വർണക്കടേം തുണിക്കടേം. ഏത്‌
മുക്‌#​‍ിലും മൂലേലും ഇവരുടെ പരസ്യങ്ങളാ. പതിനായിരങ്ങൾ കൊടുത്ത്‌ വാങ്ങണ
സാരീം ബ്ലൗസും ധരിച്ചാലും ഇതാണവസ്ഥ.
പള്ളിക്കാര്‌ വിട്ട്‌ കൊടുത്ത കെട്ടിടം പൊളിച്ച്‌ 'ദാ'ന്ന്‌ പറേണ നേരം
കൊണ്ട്‌ പുതിയ ഒരെണ്ണം വന്നുകഴിഞ്ഞു. മുമ്പവിടെ ഒരു യൂറോപ്യൻ
കമ്പനിക്കാരുടെ ഓഫീസായിരുന്നു. ഇതിനിടയിൽ കെട്ടിടം കുറേശ്ശേ
താഴോട്ടിരിക്കുന്നോന്ന്‌ സംശയം. അപ്പോൾ വിറ്റതാണ്‌ പക്ഷേ...
ഒരു മിന്നൽപ്പിണർ തലച്ചോറിലൂടെ കടന്നുപോയി. അടുത്ത നിമിഷം അയാളുടെ ചിന്ത
പരസ്യത്തിൽ കണ്ട ഒരുവളെക്കുറിച്ചായി. ആ മുഖം നല്ല പരിചയമുള്ളതാണ്‌.
അവളാര്‌? പെട്ടെന്നുതന്നെ അയാൾക്ക്‌ കാഴ്ച നഷ്ടപ്പെട്ടപോലെ അത്‌? ആ
ബോർഡ്‌ ഒന്നുകൂടി കാണണമെന്ന്‌ തോന്നി. അബുവിനോട്‌ ആ പെൺകുട്ടിയെപ്പറ്റി
ചോദിക്കണമെന്ന്‌ കരുതിയെങ്കിലും ഒരു വീണ്ടുവിചാരം വിലക്കി. വല്ലാതെ
ദാഹിക്കുന്നു. ഒരു കാപ്പികുടിച്ചാലേ ശരിയാവൂ. അബുവിനോട്‌ പറഞ്ഞതേയുള്ളൂ.
പിന്നെന്താ. വെറും കാപ്പി മാത്രമാക്കണയെന്തിനാ? വീണ്ടും
ഒരുസ്ഥലവിഭ്രാന്തിപോലെ. ഇവിടെ പരിചിതമാണല്ലോ. ഈ ഹോട്ടൽ പുതിയതാണ്‌,
പണ്ടിവിടെ ഒരു കുശിനിക്കടയായിരുന്നു. തൊട്ടപ്പുറമുള്ള ടൈപ്പ്‌റൈറ്റിങ്‌
ഇൻസ്റ്റിറ്റിയൂട്ട്‌  കണ്ടതോടെ സൂസിച്ചേടത്തിയുടെ വിടർന്നചിരിയോടെയുള്ള
അപ്പവും കടലക്കറിയും വിളമ്പുന്ന ഓർമ്മ കടന്നുവന്നു. അപ്പോൾ
അവരെവിടെപ്പോയി?
അറിയില്ല. റോഡ്സൈഡല്ലേ? നല്ല വില കിട്ടീപ്പം കൊടുത്തത്താവും. ഇതും ആ
സ്വർണ്ണക്കടക്കാരുടെയാ.
ഏറെ കാത്തിരിപ്പിനുശേഷം കിട്ടിയ അപ്പത്തിനും മൊട്ടക്കറിക്കും പഴയ
കുശിനിക്കടയിലെ സൂസിച്ചേടത്തി വിളമ്പിത്തരുമ്പോൾ കിട്ടുമായിരുന്ന
രുചിയുടെ നാലയലത്ത്‌ പോവാനായില്ല. അവസാനം ബില്ലു വന്നപ്പോഴാണ്‌
-എന്റീശോയെ- അമ്മച്ചി പറയുമായിരുന്ന വിളി താനെ വന്നുപോയി.
വീണ്ടും കാറിൽക്കയറാൻ നേരത്താണ്‌ ഹോട്ടൽ കോമ്പൗണ്ടിൽ ആ കൂറ്റൻബോർഡ്‌.
അതോടെ ശരിക്കും ഞെട്ടി. എല്ലാം തുറന്ന്‌ കാണിച്ച്‌ നേരെനോക്കി
ചിരിക്കുന്നവൾ. അതെ. ഇതവൾതന്നെ. അപ്പോൾ അവളീരംഗത്തേക്ക്‌ വന്നെന്നോ?
പള്ളിയിലെ ക്വെയർസംഘത്തിൽ അവളോടൊപ്പം എത്രതവണ പാടിയിരിക്കുന്നു.
പിന്നീട്‌ അതൊരു ചങ്ങാത്തമായി വളർന്നു. അവസാനം അതൊരു മോഹമായി
വളർന്നുപന്തലിച്ച്‌.
പിന്നീടുള്ള യാത്രയിൽ അയാൾ മൂകനായിരുന്നു. ഓരോ കാഴ്ച കാണുമ്പോഴും അബു
പലതും ചൂണ്ടി എന്തൊക്കെയോ പറയുന്നു. വിശദീകരിക്കുന്നു. പക്ഷേ, ഒന്നും
മനസ്സിലേക്ക്‌ കയറുന്നില്ല. അവിടെയാ പെൺകുട്ടിയായിരുന്നു. എന്തേ
അവളിങ്ങനെ? മനസ്സ്‌ വീർപ്പുമുട്ടുന്നു. വീട്ടിൽ ചെന്നതോടെയേ അതിനൽപമൊരു
മാറ്റമുണ്ടായുള്ളു.
കണ്ടമാത്രയിൽ അമ്മച്ചി ഓടിവന്നു. കെട്ടിപ്പിടിച്ചു. പരുപരുത്ത വിരലുകൾ
മുഖത്തും കഴുത്തിലും തലയിലും മാറിമാറിത്തലോടി. അറിയാതെതന്നെ ആ കണ്ണുകൾ
ഈറനണിഞ്ഞു. എന്റെ മോനേ, ഈശോ നിന്നെ കാത്തു. നീ നന്നായിട്ടൊന്നുമില്ല.
ന്നാലും ക്ഷീണമില്ല. നെനക്ക്‌ വേണ്ടി എന്നും ഞാനും സോളിക്കുട്ടീം
മോളിക്കുട്ടീം പ്രാർത്ഥിക്കുമായിരുന്നു. അവർക്കൊരു വേഷമേ ഒണ്ടാർന്നുള്ളൂ.
അവരുടെ കല്യാണത്തിന്‌ നീയില്ലാതെ പോയല്ലോന്ന വേഷമം. നീ വന്നിട്ട്‌
മതീന്നൊക്കെ വാശിപിടിച്ചതാ. എല്ലാം ഞാനെഴുതീതല്ലേ. വളരെ
നിർബന്ധിച്ചതിനുശേഷം അവരുടെ മനസ്സ്‌ മാറിയെ. അവരുടെ കെട്ട്‌ കഴിഞ്ഞപ്പഴാ
എന്റുള്ളിലെ തീയൊന്ന്‌ കെട്ടെ.
അമ്മച്ചിക്ക്‌ സമാധാനിക്കാം. ആ മനസ്സിലെ തീ കെട്ടടങ്ങി. ഇപ്പോൾ
ഈയുള്ളോന്റെ അവസ്ഥ. അമ്മച്ചിയുടെ ഉള്ളിലേയാ നെരിപ്പോട്‌ ഈയുള്ളോന്റെ
നെഞ്ചിനകത്താ. ഒരിക്കൽ മാത്രം അമ്മച്ചിയോട്‌ തന്റെ ആഗ്രഹം പറഞ്ഞു.
അമ്മച്ചി എതിരൊന്നും പറഞ്ഞില്ല. പറഞ്ഞിതിത്രമാത്രം:നെന്റെ താഴെയുള്ളോരുടെ
കെട്ട്‌ കഴിഞ്ഞിട്ട്‌ നീ ആരെ വേണേലും കൊണ്ട്വോന്നോ. വീട്ടീക്കേറ്റാൻ
കൊള്ളാവുന്നോളായിരിക്കണം. അത്രേയുള്ളൂ.
ഉച്ചയൂണ്‌ സമയത്താണ്‌ അമ്മച്ചി അക്കാര്യം എടുത്തിട്ടത്‌.
നീ ഇനി എങ്ങോട്ടെങ്കിലും സർക്കീട്ടു പോണേന്‌ മുമ്പ്‌ വല്ലാർപാടത്തമ്മേടെ
തിരുരൂപക്കൂടിന്‌ മുന്നേ ഒരു കൂട്‌ തിരി കത്തിക്കണം. പിന്നെ നാളത്തെ
വെളുപ്പിനെയുള്ള കുർബാന.
അമ്മച്ചി അവിടംകൊണ്ട്‌ നിർത്തി. ഇനി അമ്മച്ചി പറയാൻ പോണകാര്യം
അച്ചട്ടാണ്‌. വെളിയിലോട്ടിറങ്ങുമ്പോൾ അക്കരേക്ക്‌ നോക്കി കുരിശ്‌
വരയ്ക്കൽ. പിന്നെ ഞായറാഴ്ച അവിടത്തെ പള്ളീലും കുർബാന. അമ്മച്ചി
പറയാൻവിട്ടകാര്യം അങ്ങോട്ടുതന്നെ പറഞ്ഞുകൊടുത്തു. അഞ്ചുവർഷം
ഇവിടില്ലായിരുന്നെന്നുവെച്ച്‌ ഒന്നും മറന്നിട്ടില്ല. പക്ഷേ, അമ്മച്ചിയുടെ
മുഖം തെളിയുന്നില്ല. മാത്രമല്ല, ആ മുഖം ദേഷ്യംകൊണ്ട്‌
ചുവന്നുതുടുക്കുന്നതുപോലെ. കണ്ണുകൾ കുറുകുന്നുവോ?
ഇനിപ്പം അക്കരേന്നൊക്കെ പറയണേതെന്തിനാ? പാലം മൂന്നാ വന്നേക്കണെ.
മുളവുകാട്‌, വല്ലാർപാടം, പിന്നെ നമ്മുടെ വൈപ്പിനിലേക്കുള്ള പാലം.
അബുവങ്ങനെ പറഞ്ഞപ്പോൾ അമ്മച്ചി അത്‌ ശരിവച്ചു. പാലം വരണേന്‌ മുന്നേ നാശം
തൊടങ്ങീന്നാ തോന്നണേ. വേദപുസ്തകത്തിൽ പറേണപോലെ അവസാനകാല കെടുതികളൊക്കെ
വരാൻ പോണ്‌. കണ്ടില്ലേ? അക്കരെ അരമനേടെ മുന്നിലെ പുതിയ എടുപ്പിന്റെ
മോളിലിപ്പം ഈശോയുണ്ടോ? ആ കെട്ടിടം പൊളിച്ചതോടെ ഈശോ മറഞ്ഞു.
ഇപ്പോഴത്തേതിലും ഈശോയുടെ സ്ഥാനത്ത്‌ അതിനേക്കാളും പൊക്കത്തിലും ഒരുത്തി
തുണിയഴിച്ച്‌ എല്ലാം തൊറന്ന്‌ കാണിച്ചോണ്ട്‌ നിപ്പല്ലയോ?
കൂത്തിച്ചിമോള്‌.
അമ്മച്ചി പരിസരം മറന്നാണ്‌ സംസാരിക്കുന്നത്‌. നമ്മുടെയാൾക്കാർ പടിഞ്ഞാറ്‌
കടലിപ്പോവുമ്പം വലയെറിയണേന്‌ മുന്നേ, അങ്ങോട്ട്‌ നോക്കി കുരിശ്‌
വരച്ചിട്ടേ പണി തൊടങ്ങുവുള്ളൂ. ഇന്നാള്‌ നമ്മുടെ ശൗരുമൂപ്പൻ പറയുവാ,
ഇനീപ്പോ അവിടെയാ ഒരുമ്പട്ടോളുടെ തൊടെം മൊലേം നോക്കി
കുരിശുവരയ്ക്കണന്നാണോ?
അബു അയാളുടെ അടുക്കൽ വന്ന്‌ ചെവിയിൽ രഹസ്യമായി പറഞ്ഞു.
ആ പെണ്ണിനെ സിനിമയിലാക്കാംന്ന്‌ പറഞ്ഞാ ചാക്കിട്ടെ. അങ്ങനെ തുണിക്കടേടേം
സ്വർണ്ണക്കടേടം ആൾക്കാരുടെ ആളായി മാറി.
ഒന്ന്‌ നിർത്തിയിട്ട്‌ അമ്മച്ചി കേൾക്കില്ലെന്നുറപ്പുവരുത്തി തുടർന്നു:
ആ പെണ്ണിന്റെ ഒരു കാസറ്റ്‌ എറങ്ങീട്ടൊണ്ട്‌. അങ്ങ്‌ പുറംനാട്ടിൽ വെച്ച്‌
കണ്ടോര്‌ ഇഷ്ടംപോലെ. കൊറച്ചൂടി കൂട്ടിത്തന്നെ ഒണ്ടെന്നാ പറയണെ. അതുവച്ച്‌
അവര്‌ കാശ്‌ ഇഷ്ടംപോലെയുണ്ടാക്കി. പിന്നെയാ സ്വർണ്ണക്കടേടെ ബിസിനസ്‌.
അത്‌ പച്ചപിടിച്ചൂന്നായപ്പോ തുണിക്കടേടെ ബിസിനസ്‌. ഇപ്പം വഴിക്കെവിടേം
അവളുടെ വലിയ കട്ടൗട്ടും ബോർഡുമാണ്‌.
നെഞ്ചിലെ നെരിപ്പോടിലെ തീ കൂടുതൽ കൂടുതൽ ആളിക്കത്തി. ഇക്കഴിഞ്ഞ നിമിഷം,
ഇവിടെ വന്നിറങ്ങുന്നതുവരെയും അവളുടെ രൂപവും മനസ്സിലിട്ട്‌ താലോലിച്ചാണ്‌
നടന്നത്‌. പുറംനാട്ടിൽ തീ പൊലിയുന്ന വെയിലത്തും കടലിലുമായി
പണിയെടുക്കുമ്പോഴൊക്കെ പ്രത്യാശ നൽകിയിരുന്നത്‌ അവൾ പറഞ്ഞ
വാക്കുകളായായിരുന്നു. ഞാറയ്ക്കൽ പള്ളിയിൽവെച്ചാണ്‌ ഏറ്റവും അവസാനം
അവളുമൊരുമിച്ച്‌ പാടിയത്‌. ഒരു കല്യാണം നടക്കുമ്പോൾ അന്നവളോട്‌
പറഞ്ഞതോർമ്മയുണ്ട്‌. അവളുടെ മറുപടിയും.
നമ്മുടെ കല്യാണത്തിന്‌ ആരാ പാടുന്നേ?
മനസ്സ്‌ പാകപ്പെടുമ്പോൾ വേറൊരു പാട്ടെന്തിന്‌? അവളുടെ ആ വാക്കുകൾ ഒരു
കുളിർനാദമായിരുന്നു. പിന്നവൾ പറഞ്ഞു.
അഞ്ചുവർഷം കഴിഞ്ഞാലേ വരുന്നുള്ളൂന്ന്ണ്ടോ? അല്ല, ഇനി പിന്നേം
താമസിച്ചാലും ഈയുള്ളോളുടെ മനസ്സിൽ ഈയൊരു രൂപേ കാണൂ.
എന്താണവൾക്ക്‌ പറ്റിയത്‌? എവിടായിരുന്നു താളപ്പിഴയുടെ തുടക്കം.
അമ്മച്ചിയുടെ ദേഷ്യം ഇപ്പോഴും അടങ്ങിയിട്ടില്ല.
അവരാ കെട്ടിടം പൊളിച്ച്‌ പണിതപ്പോ, വേറൊരെണ്ണം വെച്ചു കൂടാരുന്നോ?
ഇതിനോക്കെ നമ്മുടെയാൾക്കാർ എങ്ങനെ സമ്മതം കൊടുത്തു? ഇപ്പോ ആ
ഒരുമ്പെട്ടോളുടെ രൂപമല്ലേ കളർ വെളിച്ചത്തിൽ കുളിച്ച്‌ രാത്രി മുഴുവനും
നിക്കണേ. കടലിപ്പോണോരുടെ നെഞ്ചത്ത്‌ ആണിയടിച്ച്‌ കുരിശേ തറച്ചപോലായീന്നാ
ശൗരുമൂപ്പൻ പറയുന്നേ.
പിന്നമ്മച്ചി അവന്റെ നേരെ തിരിഞ്ഞു.
നീയെന്താടാ ഒന്നും കഴിക്കാത്തെ?
എന്താ നമ്മുടെ ചോറും മീൻകറിയൊന്നും നെനക്കിഷ്ടംല്ലാണ്ടായോ?
ഒന്നുമല്ലമ്മച്ചി. അമ്മച്ചി പറഞ്ഞപ്പം ആ കെട്ടിടത്തിന്റെയും ഈശോയുടെയും
കാര്യം ഓർത്തുപോയതാ.
പോട്ടെടാ പോട്ടെ. എന്തൊക്കെയായാലും കർത്താവിനെ നമ്മുടെ മനസ്സീന്ന്‌
മാറ്റാൻ പറ്റ്വോ? അതിനവർക്ക്‌ കഴിയ്യ്‌വോ?
ബാല്യത്തിന്റെ ഓർമ്മയുടെ ഒരു ചിമിഴ്‌ അയാളുടെ മനസ്സിൽ തുറന്ന്‌
കിട്ടുകയായിരുന്നു. പണ്ടപ്പച്ചൻ കടലിൽപ്പോവുന്ന ദിവസം മാനത്തെങ്ങാനും ഒരു
കോള്‌ കണ്ടാമതി. അമ്മച്ചീടെ നെഞ്ചിടിക്കും. പിന്നെ തന്നേം കൂട്ടി വീട്‌
മുറ്റത്തേക്കിറങ്ങും. ആദ്യം പുറംകടലിലോട്ട്‌ നോക്കും.
ദൂരെയെവിടെയെങ്കിലും ഒരനക്കം. ഒരു ദൃശ്യം? പിന്നെ മുഖം തിരിച്ച്‌ അക്കരെ
അരമനയുടെ മുന്നിലെ കെട്ടിടത്തിന്‌ മുകളിലെ ഈശോയെ നോക്കി കുരിശ്‌ വരക്കും.
പ്രാർത്ഥിക്കും. അവനോടും ഈശോയോട്‌ അപേക്ഷിക്കാൻ പറയും. മനസ്സ്‌
വേവലാതിപ്പെടുമെങ്കിലും ഒരിക്കലും വേദനിച്ചിരുന്നില്ല. പ്രത്യാശയോടെ
നോക്കാൻ, തങ്ങളുടെ വേദനയകറ്റാൻ നിയുക്തനായവൻ അവിടുണ്ടെന്ന സത്യം.
മനസ്സിലെ ഭാരമെല്ലാം ഒഴിഞ്ഞുപോവും.
ഇനിയോ?
ക്രിസ്തുദേവനവിടെയില്ല എന്നതിലുപരി അവിടെ കയറിപ്പറ്റിയവൾ.
കാലം ചിലപ്പോൾ അവളെയും ആരാധനയോടെ നോക്കിനിൽക്കുന്ന ഒരു സമൂഹത്തെ
സൃഷ്ടിക്കുമായിരിക്കും. യുവാക്കളുടെ ഹരമായി മാറുന്ന അവൾ. അവരുടെ പരശ്ശതം
കണ്ണുകൾ അവളുടെ മേനിയിൽ മേഞ്ഞുനടക്കുമ്പോൾ.
ഈ നാടിന്‌ ഇനി വേണ്ടത്‌ ഇത്തരം ചില മാതൃകകളായിരിക്കും.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...