പത്മവ്യൂഹം


മീരാകൃഷ്ണ

യാത്രപറയാതിറങ്ങട്ടെ ഞാനമ്മേ
പ്രാർത്ഥനയായ്‌ നീ പുറകിലുണ്ടെങ്കിലും
ഒരുങ്ങി നിൽക്കുന്നു ഞാൻ ഒടുക്കത്തെ-
യാട്ടവിളക്കിലെ തിരിയണയും മുമ്പ്‌
മുദ്രപിഴക്കാതെ യമർന്നിരുന്നാടുവാൻ
അമ്മേ നിന്നുടെ ഉദരത്തിൽ വച്ചു ഞാൻ
ആയോധന കല മൂളി പഠിച്ചതും
അച്യുതനമ്മാവൻ അച്ഛനായ്‌ നൽകിയ
ആത്മോപദേശങ്ങൾ ഒക്കെയറിഞ്ഞതും
നിങ്ങളെയുറക്കി, എന്നെ പവിത്രത്തിലൂറി
നിൽക്കുന്ന ബലിപിണ്ഡമായ്‌ മാറ്റുവാൻ
അകാലമൃത്യുവായന്നെന്റെ വിധിയൊരുങ്ങി
ഏതോ ശാപാസ്ത്രം എന്റെ ജീവനായ്‌
നിഷാദ ദാഹമായ്‌ പാഞ്ഞടുക്കുന്നുവോ
കുടിപ്പക വാൾത്തല രാകിയിരിക്കുന്നു
വംശവൃക്ഷത്തിന്റെയടിവേരറുക്കുവാ

മരച്ചില്ലകൾ തോറും ബലികാക്കകൾ
മരണ ചിറകടിച്ചു ചുഴിഞ്ഞു നോക്കീടുന്നു.
അവർക്കു ബലിച്ചോറായ്‌ ഞാനെന്നെ നൽകണോ
ഇവിടെ ഞാനെന്തേ പകച്ചു പോകുന്നു.
മധുര നാദങ്ങളിടറി വീഴുന്നു
വിരഹ വേദനക്കൊരുങ്ങി നിൽക്കുന്നു
പ്രണയ സ്വപ്നങ്ങൾ വിരിഞ്ഞ കണ്ണിലായ്‌
ഹൃദയ രക്തത്തിൽ നിറം കലരുന്നു
ഇവിടെ പടർത്തുന്നതെന്തിനു ഞാനെന്റെ
ഇമകളിൽ ചാലിച്ചെഴുതിയ കിനാവിന്റെ കരിമഷി
രക്തബന്ധങ്ങൾ തകർത്ത പടക്കളം
ആർത്തു പത്മവ്യൂഹം ഭേദിച്ചു ഞാനിന്ന്‌
ഇവിടെ ചരിത്രവും വാക്കുമെൻ ചിന്തയും
ഒടുവിൽ വന്നെത്തി നിൽക്കുന്നൊരു ബിന്ദുവിൽ
ചതിവിന്റെ പത്മവ്യൂഹങ്ങൾക്കു നടുവിലായ്‌
മോക്ഷണത്തിൻ വാതായനം തേടി നിൽക്കവേ
എന്റെ വിധിയുറങ്ങീലന്നറിയുന്നു ഞാനിന്ന്‌
സ്വപ്നങ്ങളെല്ലാം മറക്കുന്നു ഞാനിന്ന്‌
ഒന്നുമറിയാതിരിക്കാനകക്കണ്ണും മൂടുന്നു.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?