കടത്തുതോണി


ധനലക്ഷ്മി പി. വി.


രാവേറെയായ്‌ ദൂരെതെളിയുമാ
ചെറുതിരിയും കണ്ണടച്ചുറക്കമായ്‌
തോരണം ചാര്‍ത്തിയൊരുക്കിയ
മേല്‍പാലത്തിലെ  താലമേന്തിയ-  
വഴിവിളക്കിന്‍റെ ചോട്ടിലിപ്പൊഴും
ആഘോഷത്തിന്നാരവം മുഴങ്ങുന്നു  
ചടുലമാകുന്നു  നൃത്തച്ചുവടുകൾ
ലഹരിമണക്കുന്നു കാറ്റിലും   

എന്തൊരാഹ്ലാദമായിരുന്നന്നു ഗ്രാമത്തില്‍
നീരഹാരമണിയിച്ചു ചന്ദനം ചാര്‍ത്തി
നെയ്പായസംകുടിച്ചു, ആര്‍പ്പുവിളിയു-   
മായെന്നെ നീറ്റിലിറക്കിയൊരാ പ്രഭാതത്തിൽ    
ഒഴുകിമറയുന്ന ഓളങ്ങള്‍പോലായിരം
ഓര്‍മ്മകള്‍ ഓടിമറയുന്നു നിശ്ശബ്ദമായ്

ചേമ്പിലക്കുടചൂടി ബാല്യങ്ങള്‍
ചേറില്‍ തിമര്‍ത്തതും, ചോരപൊടിഞ്ഞ
കൈത്തണ്ടില്‍ പച്ചിലച്ചാറുപിഴിഞ്ഞതും
കരിമഷിപടര്‍ന്ന കണ്ണുകള്‍
തുടച്ചിരുവരും പൊട്ടിച്ചിരിച്ചതും
എത്ര കണ്ടു രസിച്ചിരുന്നു ഞാന്‍

ഉച്ചവെയിലിന്‍ ചൂടറിയാതെ
തമ്മില്‍ നോക്കിയിരുന്നവര്‍
എത്ര വേഗം വളര്‍ന്നു, പിന്നെ
ഒറ്റയായവര്‍ വന്നുപോയതും
വിരല്‍ത്തുമ്പുകള്‍ ജലരേഖകള്‍ 
തീര്‍ത്തതും, തൊട്ടു പിണഞ്ഞതും

വാദ്യഘോഷങ്ങള്‍ അകമ്പടിയായ്
വരന്‍റെ ചാരത്തിരുന്നവള്‍ ചിരിച്ചതും  
ഒറ്റക്കിരുന്നീ കടവില്‍ കവിളത്തെ
കരിവാളിപ്പിന്‍ കഥ പറഞ്ഞതും
ഏറെക്കഴിയാതെ ഇരുവഴിയ്ക്കു
മൂകരായ്‌ പിരിഞ്ഞു പോയതും

പേറ്റ്നോവില്‍ പിടഞ്ഞപെണ്ണിന്
ഈറ്റില്ലമായി കണ്ണുപൂട്ടിയിരുന്നതും
ആരോകടിച്ചു കുടഞ്ഞെറിഞ്ഞവള്‍
നീന്തി നീന്തി കുഴഞ്ഞു താഴ്ന്നതും
നീട്ടിയകൈ പിടിക്കുവാനാവാതെ
നീറിപുകഞ്ഞു ഉറക്കമൊഴിച്ചതും

എങ്ങോമറഞ്ഞ മകനെയും കാത്ത്   
കടവത്തു കാലംകഴിച്ചൊരമ്മ   
പിന്നെ കാലമെത്താതെ മരിച്ചതും    
കാവലിരുന്ന കുറിഞ്ഞി കരഞ്ഞതും
കനലായെരിയുന്നു ഓര്‍മ്മയിലിപ്പോഴും

കടവ് പൂട്ടി മുദ്ര വെച്ചിന്നലെ
കരയ്ക്ക് കയറ്റി ഇരുത്തിയെന്നെയും
ഇനിയില്ല യാത്രകള്‍, ഇനിയില്ല
നക്ഷത്ര രാവിന്‍റെ ഭംഗികള്‍, ഇനിയില്ല  
കരള്‍നോവും കാഴചകള്‍, ഇനിയില്ല
നേര്‍ത്തു വറ്റുന്ന പുഴതന്‍ നിലവിളി

കാലം കടിഞ്ഞാണില്ലാതെ പായവെ
കാലിടറി വീഴുന്ന ജന്മമെന്നപോല്‍ 
കായലോരത്തതാ ഒറ്റയ്ക്കിരിക്കുന്നു   
കാല്‍നൂറ്റാണ്ട്കാലത്തെ സഹയാത്രികന്‍

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ