നിലാവിന്റെ വഴി

ശ്രീപാർവതി
ഉണങ്ങി വീഴാത്ത പൂമരങ്ങള്‍"ഹാ! പുഷ്പമേ അധിക തുംഗപദത്തിലെത്ര
ശോഭിച്ചിതൊരു രാജ്ഞികണക്കയേ....."
ജീവിതത്തിന്‍റേയും മരണത്തിന്‍റേയും നൂല്‍പ്പാലത്തിലൂടെയുള്ള ഒരു പൂവിന്‍റെ യാത്ര, ജീവിതവുമായി എത്ര താരതമ്യപ്പെടുത്തിയിരിക്കുന്നുവെന്ന് നോക്കൂ. ഇതു തന്നെയായിരുന്നില്ലേ പ്രൈമറി സ്കൂളിലെവിടെയോ പഠിച്ച ഈ കവിത തന്നെയായിരുന്നില്ലേ എനിക്കാദ്യമായി ജീവിതത്തെ മനസ്സിലാക്കിത്തന്നത്. കുട്ടിക്കാലത്തു തന്നെ ലേശം എഴുതുന്ന അസുഖമുണ്ടായിരുന്നതു കൊണ്ടും കുറച്ചൊക്കെ ഫിലോസഫികള്‍ സ്വയം ആലോകിക്കുന്നതില്‍ ഇഷ്റ്റമുള്ളയാള്‍ ആയതു കൊണ്ടും ആണോ എന്തോ കുമാരനാശാന്‍ എന്ന കവിയെ ശ്രദ്ധിച്ചില്ല പകരം ആ കവിത, അതും വളരെ മനോഹരമായ ഒരു പുഷ്പത്തെ ജീവിതവുമായി താരതമ്യപ്പെടുത്തിയ ആ ഒരു രീതി അതാണു ഏറെ ഇഷ്ടമായത്. പ്രകൃതിയുമായി അത്ര ആഴമുള്ള അടുപ്പമുണ്ട്, ഒരു പുഷ്പത്തെ തൊട്ടാലും എനിക്ക് വേദനിക്കുമായിരുന്ന കാലം. വീടിനു ചുറ്റുമുള്ള പറമ്പിലും ആള്‍പ്പാര്‍പ്പില്ലാത്ത ഭാര്‍ഗ്ഗവീ നിലയം പോലെയുള്ള അടുത്ത വീട്ടിലും ഏതു നേരവും കറങ്ങി നടന്ന് മരങ്ങളോടും പൂക്കളോടും ചങ്ങാത്തം കൂടുന്ന ഒരു കുട്ടി. എത്ര പൂക്കളാണ്, പരിസരത്ത്!!!?
പല നിറങ്ങളില്‍ സുഗന്ധങ്ങളില്‍ അതങ്ങനെ കാറ്റിലുലഞ്ഞ് ഞെളിഞ്ഞ് നിന്നു.ആദ്യമായി ബാല്യം ഏറ്റവും കൂടുതല്‍ ആഘോഷിച്ചത് ആ ഇളം റോസ് നിറമുള്ള പനിനീര്‍ റോസിനെ കണ്ടപ്പോള്‍ .മറ്റെങ്ങും കണ്ടിട്ടില്ല അത്ര വലിപ്പമുള്ള നല്ല പനിനീര്‍ മണമുള്ള റോസ് നിറത്തിലുള്ള ആ പൂവ്. ഒരേ സമയം തന്നെ മൂന്നോ നാലോ പൂവുണ്ടാകാറുണ്ട് .പനിനീര്‍ ഈ പൂവില്‍ നിന്ന് ഉണ്ടാക്കുന്നതുകൊണ്ടാനത്രേ ഇതിനെ പനിനീര്‍ റോസ് എന്നു പരയുന്നത്. ഇംഗ്ലണ്ട്, അമേരിക്കന്‍ ഐക്യനാടുകള്‍ എന്നിവയുടെ ദേശീയ പുഷ്പവുമാണത്രേ, അതൊക്കെ എന്തായാലും എന്നെ ആദ്യം ആകര്‍ഷിച്ച പുഷ്പം ആ പനിനീര്‍ റോസ് തന്നെയായിരുന്നു. വിറ്റര്‍ന്ന് ഒരു ദിവസം കഴിയുമ്പോള്‍ ഇതളുകള്‍ പറിച്ചെടുത്ത് പച്ചവെള്ളത്തില്‍ ഇട്ടു വയ്ക്കും ഒരു ദിവസം അത് ആ വെള്ളത്തില്‍ കിറ്റന്നാല്‍ ജലത്തിനു പോലും അപാരമായ പനിനീര്‍ മനമാണ്, പിറ്റേന്ന് ആ വെള്ലമെടുത്ത് മുഖം കഴുകാം, ഏതോ മാസികയില്‍ വായിച്ച അറിവ്, പലപ്പോഴും പ്രയോജനപ്പെടുത്താറുമുണ്ടായിരുന്നു, പക്ഷേ അതിനല്ലാതെ ഒരു റോസാ പുഷ്പം പോലും തലയില്‍ വയ്ക്കാനായി ഉപയോഗിച്ചിട്ടില്ല, റോസാപൂവെന്നല്ല ഒരു പുഷ്പവും തയില്‍ ചൂടുന്നത് അത്ര താല്‍പ്പര്യവുമില്ല.

അയല്‍വക്കത്തെ ഭാര്‍ഗ്ഗവീ നിലയത്തില്‍ പൊതുവേ അങ്ങനെ ആരും പോകാറില്ല, അല്‍പ്പം ഭയം, ഒറ്റപ്പെട്ട സ്ഥലം അങ്ങനെ കാരണങ്ങള്‍ പലവിധം. പക്ഷേ ഞാനേറെ ഇഷ്ടപ്പെട്ടിരുന്ന ഒരിടമായിരുന്നു അത്, പലപ്പോഴും എന്നിലുള്ള എഴുത്തിന്‍റെ വഴികളെ വെള്ളവും വളവും കൊടുത്ത് നനച്ചു വളര്‍ത്തിയത് അവിടുത്തെ ഏകാന്തത തന്നെ. പറമ്പിന്‍റെ നടുവിലെ വലിയ ഇലഞ്ഞി മരത്തിന്‍റെ ചുവട്ടില്‍ ഒരു ഡയറിയും കയ്യിലൊരു പേനയുമായി ഏറെ തപസ്സിരുന്നു, ചില നേരങ്ങളില്‍ കൊതിപ്പിക്കുന്ന മണമുള്ള ഇലഞ്ഞി പൂക്കള്‍ മടിയിലേയ്ക്കിട്ടു തന്ന് അവളെന്നെ വീണ്ടും മോഹിപ്പിച്ചു. ഒരു സെന്‍റീമീറ്ററോളം വലിപ്പമുള്ള ആ കുഞ്ഞു പൂവ് എന്‍റെ അതിശയമായിരുന്നു ആദ്യം. പക്ഷേ വലിപ്പത്തെ മറികടക്കുന്ന മാസ്മരിക സൌരഭ്യം, അതല്ലാതെ മറ്റൊന്നുമായിരുന്നില്ല അതിശയത്തിന്, കാരണം. പുതിയൊരു മുകുളം ഉടലെടുക്കുമ്പോള്‍ മരത്തടിയോടു ചേര്‍ന്നു നിന്ന് എന്‍റെ മനസ്സിനെ അവള്‍ക്ക് പകുത്തു നല്‍കിയിട്ടുണ്ട്, മറുപടിയെന്ന പോലെയോ അനുഗ്രഹമെന്ന പോലെയോ ഒരു ച്റുകാറ്റ് എത്തുകയും ശിഖരങ്ങള്‍ കാറ്റിലുലയുകയും പൂക്കള്‍ പൊഴിയുകയും.പൂക്കള്‍ ഇല്ലാതിരുന്ന കാലത്തു പോലും മരച്ചില്ലകളാല്‍ ഇലഞ്ഞി മരമെന്നെ വശീകരിച്ചിരുന്നു, പ്രിയ സുഹൃത്തുക്കള്‍ അങ്ങനെയാണല്ലോ.

റോഡിനോടു ചേര്‍ന്നു കിടക്കുന്ന ഞങ്ങളുടെ പറമ്പില്‍ ഒരു കണിക്കൊന്നയുണ്ടായിരുന്നു. വിഷുക്കാലമായാല്‍ കുട്ടികള്‍ പലയിടങ്ങളില്‍ നിന്നായി പാഞ്ഞെത്തുകയായി, മരത്തിന്‍റെ മുകളില്‍ കയറി പൂക്കള്‍ പറിച്ച് താഴേക്കിടും, ആദ്യം കിട്ടുന്നവര്‍ എടുത്തോണ്ട് ഓടുകയൊന്നുമില്ല എല്ലാം ശേഖരിച്ച് വയ്ക്കും, അവസാനമാണ്, പകുക്കല്‍ . പക്ഷേ കയറുന്നയാളുടെ കഷ്റ്റകാലമാണ്. നിറയെ ചോണനെറുമ്പുകളാണ്. ഇലകള്‍ തമ്മില്‍ കൂട്ടിക്കെട്ടി അവയുടെ കൂട് കാണാന്‍ തന്നെ ബഹുരസാണ്. ചിലപ്പോള്‍ കൂട് പൊട്ടിച്ചെടുത്ത് മഴയുള്ള സമയത്ത് മുന്നിലൂടെ ഒഴുന്ന തോട്ടില്‍ ഒഴുക്കി വിടുക ഏറെ കൌതുകമായിരുന്നു, വള്ളവും പട്ടാളവും. ഒടുവില്‍ ഏതെങ്കിലും മരക്കൊമ്പില്‍ ചേര്‍ന്നു വരുമ്പോള്‍ ഉറുമ്പുകള്‍ ഓട്ടമാകും പാവങ്ങള്‍ .എത്ര ക്രൂരമാണ് .പലപ്പോഴും ബാല്യം. കണിക്കൊന്നയെ കുറിച്ചല്ലേ പറഞ്ഞു വന്നത്, വിഷുക്കാലത്തു മാത്രമല്ല, ഇടക്ക് പലപ്പോഴും ആ കൊന്നയില്‍ പൂക്കളുണ്ടാകുമായിരുന്നു. ആ പൂക്കള്‍ കണ്ടിട്ടാണ്, മഞ്ഞ നിറത്തോടുള്ള എന്‍റെ പ്രണയം തുടങ്ങിയതെന്നു പറയാം. കണിക്കൊന്ന എന്ന പേരും അതുപോലെ, പിന്നീട് സ്വന്തമായി ഒരു കരിയര്‍ എന്ന ആലോചന വന്നപ്പോഴും കണിക്കൊന്ന എന്ന പേരിനോടുള്ള ഇഷ്ടം അവിടേയും തുണയ്ക്കെത്തി. കുലയായി തൂങ്ങിക്കിടക്കുന്ന ആ പൂക്കളോടുള്ള ഇഷ്ടം മലയാളികളായുള്ളവര്‍ക്ക് ഒഴിവാക്കാന്‍ വയ്യാത്തതെന്ന് ഇന്നും പലരും എന്നെ ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരിക്കുന്നു.

ഹൈസ്കൂള്‍ ക്ലാസിലാണ്, പൂവിന്‍റെ ഉടലിനെ അറിഞ്ഞത്. അതൊരു വേദനയായിരുന്നു. ടീച്ചര്‍ ബോര്‍ഡില്‍ വരയ്ക്കുന്ന വെളുത്ത ചെമ്പരത്തുപ്പൂവിനു ഭംഗി പോരാഞ്ഞിട്ടാവണം കുട്ടികളെ കൊണ്ട് ചെടിയില്‍ നിന്ന് പൂക്കള്‍ കൊണ്ടു വന്ന് നെടുകേ ഛേദിച്ച് ഭാഗങ്ങള്‍ അടയാളപ്പെടുത്തിച്ചു. പൂക്കള്‍ക്കും അണ്ഡാശയമുണ്ടെന്നും കേസരമുണ്ടെന്നുമുള്ള അറിവുകള്‍ ഞങ്ങള്‍ക്ക് പുതിയതായിരുന്നു. മനുഷ്യന്‍റെ ശരീരഭാഗങ്ങളെ അറിയുന്നതിനും എത്രയോ മുന്‍പായിരുന്നു ഒരു പൂവിന്‍റെ ഉടലിനെ മനസ്സിലാക്കിയത്. മനുഷ്യനോളമോ അതിനുയരത്തിലോ എന്തുകൊണ്ട് ഒരു ചെടിയെ വാഴ്ത്തിന്നില്ല എന്ന സങ്കടം അക്കാലത്തുണ്ടായതില്‍ അതിശയപ്പെടാനില്ലല്ലോ.

സ്വന്തം ഉടലിനെ ഇതളുകളെന്ന മനോഹരമായ വസ്ത്രം കൊണ്ട് മറയ്ക്കുന്ന പൂക്കളെ എന്തുകൊണ്ടോ അതിരറ്റു സ്നേഹിച്ചു. മണമുള്ള പൂക്കള്‍ തന്നെയായിരുന്നു എന്നും പ്രിയം. പറമ്പിലെ വള്ളിച്ചെടി പടര്‍ന്ന സ്ഥലത്ത് നിന്നിരുന്ന ഒരു നീളന്‍ തണ്ടുള്ള പൂവ് വളരെ പെട്ടെന്നാണ്, എന്നെ ആകര്‍ഷിച്ചത്, പേരറിയാത്ത ആ പൂവിന്‍റെ വ്യത്യസ്തതയുള്ള സുഗന്ധം ഒരു നിര്‍വൃതിയായി. പിങ്കും വെള്ളയും കലര്‍ന്ന അഞ്ചിതളുള്ള ചെറിയ പൂവ്. പിന്നീടെപ്പോഴോ ആണ്, അതിന്‍റെ പേര്, യശോദപ്പൂവ് എന്നറിഞ്ഞത്. കുലകളായി നിറഞ്ഞു കിടക്കുന്ന യശോദപ്പൂകാടുകളില്‍ പലപ്പോഴും ഇലയനക്കമില്ലാതെ കടന്നു വരുന്ന പാമ്പ് ആദ്യം മരവിപ്പിക്കാറുണ്ടെങ്കിലും പിന്നെ ശബ്ദമുണ്ടാക്കി അവയെ പറഞ്ഞു വിട്ടാല്‍ ആ കാട് എന്‍റെ സ്വന്തമായിരുന്നു, ഒരുപക്ഷേ ആ പാമ്പിനെ പോലെ, അതിനുള്ളില്‍ അഭയം തേടിയ ചെറിയ കുരുവികളെ പോലെ. ഒരിക്കല്‍ ആ കാടിനു മുന്നില്‍ വച്ചാണ്, ഒരു മഞ്ഞ ച്ചേര എന്‍റെ പാദത്തെ മറികടന്ന് പോയത്, പോയി കഴിഞ്ഞ ശേഷമാണ്, കണ്ടതെന്നതു കൊണ്ട് പേടിച്ചലറിയില്ല, പക്ഷേ ഒന്നും ചെയ്യാതെ അത് കടന്നു പോയത് ഒരുപക്ഷേ നിശബ്ദമായി ഞാന്‍ അതുമായി പലപ്പോഴും നടത്താറുള്ള നുണക്കഥകളോടുള്ള ഇഷ്ടം കൊണ്ടാവാം.

പിന്നെയും എത്രയോ പൂക്കള്‍ ജീവിതത്തിന്‍റെ പലഘട്ടത്തിലും മനസ്സിനെ തൊട്ട് കടന്നു പോയി. പുസ്തകത്താളില്‍ ഒളിപ്പിച്ച മയില്‍പ്പീലി പോലെ പുസ്തകത്തില്‍ മറച്ചു വച്ച ഒരു ചുവന്ന റോസിന്‍റെ അസ്ഥിപഞ്ചരം ഈയിടെ വീണ്ടും അവിചാരിതമായി കിട്ടിയപ്പോള്‍, അതിന്‍റെ മരവിച്ച ഗന്ധത്തെ ആത്മവ് ഏറ്റു വാങ്ങിയപ്പോള്‍ കണ്‍മുന്നിലൂടെ ഒരു പൂക്കാലം കടന്നു പോയതു പോലെ. ഓണമെത്തുമ്പോള്‍ മാത്രം തിരയുന്ന തുമ്പയില്‍ എനിക്കിപ്പോള്‍ എന്‍റെ ബാല്യം കാണാം, പറമ്പിലെ പ്രകൃതി രചിച്ച പുല്‍ത്തകിടിയില്‍ ഇരുന്ന് താഴെ നില്‍ക്കുന്ന തുമ്പയും അരിപ്പൂവും കയ്യെത്തി പറിച്ചെടുക്കുമ്പോള്‍ കടുകുമണിയോളം പോലുമില്ലാത്ത മോഹങ്ങളായിരുന്നു ഒപ്പം. ഇപ്പോള്‍ തിരഞ്ഞാലും എത്ര തിരഞ്ഞാലും കണ്ടു കിട്ടാതെ വണ്ടി കയറി ചതഞ്ഞ, പൊടിമണ്ണിന്‍റെ ചുവന്ന ചായം വീണ തുമ്പ തിരഞ്ഞെടുക്കുമ്പോള്‍ എവിടെയൊക്കെയോ തേങ്ങുന്നു. എന്താണ്, എനിക്ക് നഷ്ടപ്പെട്ടത്... കാടു പിടിച്ചു കിടന്ന പ്രകൃതി, എന്‍റെ ആശകള്‍ക്കും നിരാശകള്‍ക്കും വളക്കൂറുള്ള മണ്ണുണ്ടായിരുന്ന എന്‍റെ പ്രകൃതി, ആത്മാവു കൊണ്ട് ഒന്നായിരുന്ന എന്‍റെ ലോകം. ഓണത്തിനു മാത്രം പൂക്കളെ തിരഞ്ഞു നടക്കുന്ന ഒരു മറുജന്‍മം നല്‍കിയതിനു എനിക്കു പരിഭവമുണ്ട്, മറ്റാരോടുമല്ല എന്നോടു തന്നെ. ന്യൂജെനറേഷന്‍ പറയുന്ന വേഗതയുടെ ലോകത്തിന്‍റെ സന്തതിയായി മാറുമ്പോള്‍ ഉള്ളില്‍ പൊട്ടു പോലെ സൂക്ഷിച്ച കുറച്ചു പൂക്കള്‍ കൊഴിഞ്ഞു വീഴുന്നു, നിറം നഷ്ടപ്പെട്ട ആന്തൂറിയത്തിന്‍റേയും മണമില്ലാത്ത ഓര്‍ക്കിഡുകളൂടേയും മുന്നിലിരുന്ന് മടുപ്പ് അനുഭവിക്കാന്‍ താല്‍പ്പര്യമില്ലാത്തതു കൊണ്ട് പറിച്ചു നടപ്പെട്ട ഈ വീട്ടിലെ പറമ്പില്‍ ഞാനിറങ്ങാറില്ല. അതൊരു തരം ഒളിച്ചോടലാണ്, വേഗത്തില്‍ ഓടിയില്ലെങ്കില്‍ സീറ്റില്ലാത്ത കുട്ടിയായി ഞാന്‍ പാതി വഴിയില്‍ ഇറങ്ങേണ്ടി വരും എന്നതു കൊണ്ടു മാത്രം എന്‍റെ പ്രകൃതിയേയും പൂക്കളേയും ഞാന്‍ മനപ്പൂര്‍വ്വം മറക്കുന്നു.
വീണ പൂവു പോലെ ഓരോ ജന്‍മവും ഏതു നിമിഷവും ഇതള്‍ വീണു പോകുമെന്ന് അറിയാതെയല്ല,
"കണ്ണേ, മടങ്ങുക കരിഞ്ഞുമലിഞ്ഞുമാശു
മണ്ണാകുമീ മലരു വിസ്മൃതമാകുമിപ്പോള്‍
എണ്ണീടുകാര്‍ക്കുമിതുതാന്‍ ഗതി! സാദ്ധ്യമെന്തു
കണ്ണീരിനാല്‍? അവനി വാഴ്‌വു കിനാവു കഷ്ടം!"
കുമാരനാശാന്‍ വീണ്ടും കാവ്യമായി മുന്നില്‍. നിസ്സഹായതയുടെ തീച്ചൂളയുമായി വാഴ്വിനായുള്ള അലച്ചിലുമായി ആയിരക്കണക്കിനു മനുഷ്യരുടെ കൂട്ടത്തില്‍ ഒരാളായി ഈയുള്ളവളും.
Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ