അവൾ, മീരമാത്രം, ഒറ്റയ്ക്ക് മാഞ്ചുവട്ടിൽ.
ഒരു കാറ്റുവീശിയാൽ മഴ താഴെ വീഴും എന്നു തോന്നി. ഇരുട്ടുവീണുതുടങ്ങിയിരുന്നു. ഇടിയും മിന്നലുമുണ്ട്.വിജനമായ സ്കൂൾകെട്ടിടങ്ങൾ ഏതോ രഹസ്യങ്ങൾ കരുതിവച്ചിരിക്കുന്ന പുരാതനമായ കോട്ടകൾ പോലെ. ദൂരെ കോടമഞ്ഞിറങ്ങി വരുന്ന പേടിപ്പിക്കുന്ന മലനിരകൾ.
സ്കൂളിൽ നിന്നും വൈകിപ്പോകുന്നവരുടെയും പ്യൂൺ ശങ്കരേട്ടനെക്കാൾ നേരത്തെ എത്തുന്നവരുടെയും സൌകര്യം നോക്കി പൂട്ടാതെയിട്ടിരിക്കുന്ന രണ്ടാമത്തെ ഗേറ്റിലൂടെ ബൈക്കോടിച്ചാണ് ഞാൻ അകത്ത് കടന്നത്.എന്നെ കണ്ടതും മീരയുടെ മുഖത്തെ സ്ഥായിഭാവമായ വേവലാതി പെരുകി. അവൾ ഈ സമയത്ത് എന്നെ തീരെ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ഇനി മറ്റാരെയെങ്കിലും? ഹേയ്. പെട്ടന്ന് വന്ന മഴയല്ലേ, കുടയെടുത്തിട്ടുണ്ടാവില്ല.
അവളുടെ അടുത്തേയ്ക്ക് ചെന്നു. അവൾ ബാഗ് ഒന്നുകൂടി ചേർത്തുപിടിച്ച് അങ്കലാപ്പോടെ തലകുനിച്ച് നിന്നു. എന്റെ ചോദ്യത്തിന് ഒരു പക്ഷേ അവളുടെ കയിൽ ശരിയായ ഒരു ഉത്തരമുണ്ടാവില്ല.
‘എന്താ മീരാ, ഈ നേരത്ത്? വീട്ടിൽ പോണില്ലേ?‘
‘അത് പിന്നെ മാഷേ, ട്യൂഷൻ കഴിഞ്ഞപ്പോൾ നേരം വൈകി. അപ്പോഴേയ്ക്കും മഴേം വന്നു.‘
‘എന്നിട്ട് കൂട്ടുകാരെവിടെ?‘
‘ഗ്രീഷ്മേം റജീനേം ഇന്നു വന്നില്ല.’
രണ്ടു കിലോമീറ്ററിലധികം നടന്നിട്ടു വേണം മീരയ്ക്ക് വീട്ടിലെത്താൻ. മഴവീണുകഴിഞ്ഞ ഈ സന്ധ്യയിൽ അവളൊറ്റയ്ക്ക്...
മീര മറുചോദ്യം ചോദിച്ചു. “മാഷെന്താ മടങ്ങിപ്പോന്നത്?”
അവളുടെ ചോദ്യം കേട്ടപ്പോഴാണ് വന്നകാര്യത്തെക്കുറിച്ച് ഞാൻ ഓർമ്മിച്ചത്.
“സെൽഫോൺ മറന്നുവച്ചു. അതെടുക്കണം.”
സ്റ്റാഫ്‌റൂം പൂട്ടി താക്കോൽ വാതിൽപടിയിൽ തന്നെ വയ്ക്കലാണ് പതിവ്. അതും മുൻപ് പറഞ്ഞ സൌകര്യങ്ങളുടെ കൂട്ടത്തിൽ പെടും. വാതിൽ തുറന്ന് അകത്തുകയറി മേശയ്ക്കുള്ളിൽനിന്നും ഫോൺ എടുത്ത് തിരിച്ചിറങ്ങാൻ തുടങ്ങുമ്പോഴാണ് മൂലയ്ക്ക് ചാരി വച്ചിരിക്കുന്ന കുട കണ്ടത്. അതും കൈയിൽ എടുത്തു. വാതിൽ പൂട്ടി താക്കോൽ വാതിൽപടിയിൽ വച്ച് മീരയ്ക്കടുത്തേയ്ക്ക് നടന്നു. കുട അവളെ ഏൽപ്പിച്ചു.
“വേഗം വിട്ടോ, വൈകിക്കണ്ട. മഴയെക്കരുതി നീ ഇവിടെ കയറി നിന്നത് വലിയ മണ്ടത്തരമായി.”
ഞാൻ ബൈക്ക് സ്റ്റാർട്ടാക്കി. അവൾ വഴിയിലിറങ്ങുന്നതുവരെ കാക്കണോ? വേണ്ട. രാത്രി പതിനൊന്നിനാണ് ട്രയിൻ. വീട്ടിൽ ചെന്നിട്ട് കുറച്ച് ജോലിയുണ്ട്. അത് മാത്രമല്ല. മീര മുതിർന്ന കുട്ടിയാണ്. ഈ നേരത്ത്, ഈ മഴയത്ത് അവൾ സ്കൂളിൽനിന്നിറങ്ങി പോകുന്നതിന്റെ പിന്നാലെ ഞാൻ ഇറങ്ങുന്നതുകണ്ടാൽ, അതുമതി നാളെ മതിലിൽ പോസ്റ്റർ പതിയാൻ. ഉദ്ദേശ്യശുദ്ധിക്കോ സ്നേഹത്തിനോ നന്മക്കോ തീരെ മൂല്യമില്ലാത്ത കാലത്ത് അതൊരു ബാദ്ധ്യത മാത്രമല്ല ചിലപ്പോഴൊക്കെ അപകടവുമാണ്.
“മാഷ് അടുത്താഴ്ച മുഴോനും ലീവാന്നല്ലേ പറഞ്ഞത്.?”
“ഉം. ഒരു ദൂരയാത്രയുണ്ട്.”
ഗേറ്റിനു പുറത്തെത്തിയപ്പോഴേയ്ക്കും ശക്തമായ ഒരു മിന്നലിനൊപ്പം മഴ പതിച്ചു.നനയാൻ തന്നെ തീരുമാനിച്ചു. മനസ്സിൽ യാത്ര മാത്രമായിരുന്നു. കുറേക്കാലം ചെലവഴിച്ച നഗരത്തിൽ പഴയ സുഹൃത്തുക്കളോടൊപ്പം കുറച്ചുദിവസങ്ങൾ.
വേണമെങ്കിൽ മീരയെ വീട്ടിൽ ആക്കാമായിരുന്നു. സമയം ഒരു പ്രശ്നമല്ലായിരുന്നു. അവളെ ഒറ്റയ്ക്ക് അവിടെ വിട്ടുപോന്നത് ശരിയായോ? ഒരു അരുതായ്മ ചെളിവെള്ളം പോലെ ഉള്ളിൽ നിറഞ്ഞുപൊന്തി. സത്യത്തിൽ നാട്ടുകാരെയാണോ പേടി. അതോ തന്നെതന്നെയോ? ഘോരമായ ആ വിജനതയിൽ അവളെ ഒറ്റയ്ക്ക് വിട്ടുപോരുമ്പോൾ ലോകത്തിലെ ഏറ്റവും കൊള്ളരുതാത്തവനായില്ലേ താൻ.? അതും മീരയുടെ ജീവിതത്തെ സ്നേഹത്തോടും അനുതാപത്തോടും തിരിച്ചറിഞ്ഞവൻ എന്ന് അഹങ്കരിക്കുന്ന ഞാൻ. മുനകൂർത്ത സൂചികൾപോലെ മഴത്തുള്ളികൾ മുഖത്ത് പതിക്കവെ മനസ്സ് കുറ്റബോധത്തിന്റെ വേനലിൽ നെൽവയലുകൾ പോലെ വിണ്ടുകീറിക്കൊണ്ടിരുന്നു.
പിറ്റേന്ന് രാത്രിയിലാണ് സേവ്യർസാറിന്റെ ഫോൺ വരുന്നത്.
അപ്പോൾ ഞങ്ങൾ നാലഞ്ച് കൂട്ടുകാർ വയനാട്ടിലെ പുതൂർവയലിലെ ഗിരിജന്റെ വീട്ടിലായിരുന്നു. ടെറസ്സിൽ പുല്ലും ഓലയും ഈറയും മുളയുമൊക്കെ ഉപയോഗിച്ച് ഒരു ഹട്ട് അവൻ ഉണ്ടാക്കിയിട്ടുണ്ട്. ഞങ്ങളെപ്പോലെ വല്ലപ്പോഴും വന്ന് ‘അഴിഞ്ഞാടുന്ന’ സുഹൃത്തുക്കൾക്ക് വേണ്ടിയുള്ള സങ്കേതം. ഈ പ്രപഞ്ചത്തിൽനിന്നുതന്നെ കുറേനേരം വിട്ടുനിൽക്കാനുള്ള കൂടാരത്തിന് ഞങ്ങൾ ‘ഫ്രഞ്ചു ഗയാന’ എന്നാണ് പേരിട്ടിരിക്കുന്നത്. ഞങ്ങളെയൊക്കെ ഭൂമിയുമായി ബന്ധമില്ലാത്ത ഭ്രമണപഥത്തിലെത്തിക്കുന്നത് ഇവിടെ നിന്നാണല്ലോ.
ഫോൺ വരുമ്പോൾ ഞങ്ങൾ കൌണ്ട് ഡൌൺ തുടങ്ങിയതേയുണ്ടായിരുന്നുള്ളൂ. സേവ്യറിന്റെ ശബ്ദം വല്ലാതെ വിറയ്ക്കുന്നുണ്ട് .ആ വിറയൽ ചെവിയിൽ ചേർത്തുപിടിച്ച എന്റെ ഫോണിലേക്കും പടർന്നു.
“മാഷേ, നിങ്ങളുടെ ക്ലാസ്സിലെ മീര ആത്മഹത്യ ചെയ്തു.”
വെടിമരുന്നു നിറച്ചുപൊട്ടിച്ച പാറ ചിതറും പോലെ ഒരു സ്ഫോടനം തലച്ചോറിലുണ്ടായി. ചോരയെ തള്ളിമാറ്റി രക്തക്കുഴലുകളിലൂടെ നാനാഭാഗത്തുനിന്നും കൊടുങ്കാറ്റ് പാഞ്ഞുവന്ന് ഹൃദയത്തെ ഒരു ബലൂൺ കണക്കെ വീർപ്പിച്ചുപൊട്ടിക്കുമെന്ന് ഞാൻ ഭയന്നു.
“സേവ്യർ സാർ?”
“കൂടെ ആ തലതെറിച്ചവനുമുണ്ടായിരുന്നു, ഷഹനാസ്. വല്ലാത്ത മരണമായിപ്പോയി മാഷേ. അവൻ കഴുത്തിൽ കോമ്പസ് കുത്തിയിറക്കി. അവൾ രണ്ടു കൈയിലെയും ഞരമ്പറുത്തു.”
ചെളിയിൽ പുതഞ്ഞുപോയ കാല് വലിച്ചൂരിയെടുക്കുമ്പോലെ വരണ്ടുപോയ നാവിനെ ബദ്ധപ്പെട്ടുയർത്തി.
“എവിടെ, എവിടെവച്ച്?”
“ഒൻപത് എയുടെ ക്ലാസ്മുറിയിൽ. ഇന്നലെ വൈകിട്ടെപ്പോഴോ ആണ് സംഭവം. തകർത്തുപെയ്യുന്ന മഴയല്ലായിരുന്നോ. ഇന്ന് രണ്ടാം ശനിയായതിനാൽ സ്കൂൾ തുറന്നുമില്ലല്ലോ . വൈകിട്ടാണ് കണ്ടത്. ഒക്കെ ഒരുജാതിയാ മാഷേ. നമ്മളെ കബളിപ്പിച്ചിട്ട് അവനും അവളും കടുത്ത പ്രണയത്തിലായിരുന്നു. വീട്ടുകാരും നാട്ടുകാരുമറിഞ്ഞപ്പോൾ പിടിച്ചുനിൽക്കാൻ കഴിയാതെ ചെയ്തതാണെന്നാ നാട്ടിലൊക്കെ സംസാരം. കഷ്ടം സ്കൂളിനും ചീത്തപ്പേരായി.”
സേവ്യർസാർ പിന്നീട് പറഞ്ഞതൊന്നും ഞാൻ കേട്ടില്ല. ടെലിലെൻസു പിടിപ്പിച്ച ഗണ്ണിൽ നിന്നും അനേകം ബുള്ളറ്റുകൾ വന്ന് ശരീരത്തിലാകെ തറച്ചുകയറും പോലെ തോന്നി. എന്തോ പന്തികേടു തോന്നിയ ഗിരിജൻ ഓടിവന്നു.
“എന്താടാ, എന്തുപറ്റി.?”
“പോണം”
“ഈ നട്ടപ്പാതിരയ്ക്കോ?”
“ഉം..”
സുഹൃത്തുക്കളെ വിട്ട് ഓഫീസ് ജീപ്പെടുത്ത് എന്നെയും കയറ്റി അവൻ ചുരമിറങ്ങി. എല്ലുമരവിപ്പിക്കുന്ന മഞ്ഞുവീഴുന്ന ആ നേരത്തും തീക്കുണ്ഡത്തിനരുകിൽ ഇരിക്കുന്ന മെഴുകുപ്രതിമ പോലെ ഞാൻ വിയർത്തൊഴുകി.
മീരയുടേത് ഒരു ആത്മഹത്യയാണെന്ന് വിശ്വസിക്കാൻ എനിക്കാവില്ല.കഴിഞ്ഞ കുറേ മാസങ്ങളിൽ അവളെ ചുറ്റിപ്പറ്റി അരങ്ങേറിയ കാര്യങ്ങളാണ് എന്റെ വിശ്വാസങ്ങൾക്ക് സാക്ഷ്യം.
മഴവീണ ആ സന്ധ്യയിൽ അവൾ മരണത്തെ കാത്തുനിൽക്കുകയായിരുന്നെന്നോ? എങ്കിൽ തനിക്ക് അവളെ രക്ഷിക്കാൻ കഴിയുമായിരുന്നില്ലേ? ഓഹ്,. അവൾക്ക് മരിക്കാൻ വേണ്ടുന്നതിലധികം കാരണങ്ങൾ ഉണ്ടെന്നിരിക്കെ ആർക്കെങ്കിലും തടയാൻ കഴിയുമോ?
ആരോ കഴുത്തിൽ കുരുക്കിട്ടു മുറുക്കുന്നപോലെ എനിക്ക് ശ്വാസം മുട്ടി.
‘എങ്കിലും മീരാ, ഓരോ നിമിഷത്തിലും നിന്നെ വേട്ടപ്പട്ടിയെപ്പോലെ പിൻതുടർന്ന് ആക്രമിച്ചവന്റെ കൂട്ടുവേണമായിരുന്നോ നിനക്ക് മരിക്കാൻ. കൊഞ്ഞനം കുത്തിയ ജീവിതത്തിനു നേരേ കാർക്കിച്ചു തുപ്പിയ നിന്റെ ധൈര്യം ഇത്ര ബലമില്ലാത്തതായിരുന്നോ?‘
മീര എന്നെ വല്ലാതെ അത്ഭുതപ്പെടുത്തിയ ആ വെള്ളിയാഴ്ചദിവസം പൊടുന്നനെ ഓർമ്മയിലേക്ക് വന്നു.
ഉച്ചയൂണും കഴിഞ്ഞ് ടീച്ചേഴ്സെല്ലാം അവനവന്റെ സീറ്റിൽ മയക്കത്തിലാണ്. ഞാൻ ഒരു വാരികയിലെ കഥയിലൂടെ എങ്ങോട്ടോ പോവുകയായിരുന്നു.അപ്പോഴാണ് ജനലോരത്ത് മീര വന്നുനിന്നത്. ഞാൻ വരാന്തയിലേക്കിറങ്ങിച്ചെന്നു. നാലായി മടക്കിയ ഒരു കടലാസ് അവൾ എന്റെ നേരെ നീട്ടി.
“എനിക്ക് കിട്ടിയ പ്രേമലേഖനമാണ് മാഷേ.പത്ത് ബിയിലെ ഷഹനാസാണ് എഴുത്തുകാരൻ. എനിക്കിഷ്ടപ്പെട്ടില്ല മാഷേ. അപ്പടി അക്ഷരത്തെറ്റും സ്ഥിരം വാഗ്ദാനങ്ങളും.അവന് സാഹിത്യോം അറീല്ല, ജീവിതോം അറീല്ല.”
എനിക്ക് അത്ഭുതവും ചിരിയും ഒന്നിച്ചുവന്നു.
“എനിക്ക് കിട്ടിയ ആദ്യത്തെ പ്രണയലേഖനം തന്നെ നിരാശപ്പെടുത്തി മാഷേ. ഈ ആൺകുട്ടികളൊക്കെ കാലത്തിനനുസരിച്ച് എന്നാ മാഷേ മാറുന്നത്? എനിക്കവനെ ഒരുപാട് കാലമായി അറിയാം. എന്റെ വീടിന്റെ തൊട്ടടുത്താ അവന്റെ വീട്. ഒത്തിരിയായി അവൻ എന്റെ പിന്നാലെ നടക്കുന്നു. എനിക്കിഷ്ടമില്ല. അവനെയല്ല, ഈ പ്രേമത്തെ.”
കാര്യങ്ങളിങ്ങനെ ചങ്കൂറ്റത്തോടെ പറയുമ്പോഴും അവളുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു.
“എന്നെ ആരും സ്നേഹിക്കുന്നത് എനിക്കിഷ്ടമല്ല മാഷേ, ആരും.”
“മീരാ...?”
“എന്റച്ഛൻ അമ്മയെ സ്നേഹിച്ചാ കല്യാണം കഴിച്ചത്. എനിക്കൊരുപിടി ചോറു വാരിത്തരുന്നതിനു മുൻപ് മറ്റൊരു സ്ത്രീയോട് ഇഷ്ടം തോന്നി അച്ഛൻ എന്നെയും അമ്മയെയും ഉപേക്ഷിച്ചു.കണ്ണീർ വറ്റിയപ്പോൾ സ്ഥിരമായി തേടിവരാറുള്ള ഒരാളോടൊപ്പം അമ്മയും പോയി. അല്ല എത്ര നാൾ അവർ പിടിച്ചുനിൽക്കും ?.അമ്മ പോവുമ്പോൾ ഞാൻ സ്ക്കൂളിൽ പോയിത്തുടങ്ങിയിരുന്നില്ല മാഷേ.”
അവൾ എന്നെ അറിയിക്കാത്ത വിധത്തിൽ കണ്ണീർ തുടച്ചു. ഒരു ഏങ്ങൽ തൊണ്ടയിൽ കുരുങ്ങിപ്പിടഞ്ഞതിനെ അവൾ വിഴുങ്ങി.
“അമ്മ പക്ഷേ എന്നോട് കരുണ കാണിച്ചു. ഓടയിലോ കുപ്പത്തൊട്ടിയിലോ എറിഞ്ഞില്ല. മുത്തശ്ശനെ ഏല്പിച്ചു. ഇടയ്ക്കൊക്കെ കാണാനും വരും.” അവൾ ഒന്നു നിർത്തി. “കാരുണ്യം ചിലർക്കൊക്കെ ഭാരമാണ് മാഷേ. അത് ബുദ്ധന്റെ വകയായാലും പെറ്റമ്മയുടെ വകയായാലും.”
അതും പറഞ്ഞ് അവൾ എന്റ്റെ മുഖത്തേയ്ക്ക് നോക്കി. അന്തംവിട്ടുള്ള എന്റെ നില്പ് കണ്ട് അവൾക്ക് ചിരി വന്നു. എന്റെ കൈയിൽ പിടിച്ചുകൊണ്ടവൾ പറഞ്ഞു. “ എന്നെ ശല്യപ്പെടുത്തരുതെന്ന് ഒന്ന് പറയണേ മാഷേ.” അതും പറഞ്ഞ് പടിക്കെട്ടുകളിറങ്ങി തിരിഞ്ഞുനോക്കാതെ അവൾ പോയി.
‘ദൈവമേ പതിനാല് വയസ്സ് മാത്രം പ്രായമുള്ള ഇവളെ എനിക്ക് മനസ്സിലാകുന്നില്ലല്ലോ. തീ കത്തുന്ന ജീവിതത്തിന്റെ പെരുവഴിയിലൂടെ കാക്കക്കാലിന്റെ തണലുപോലുമില്ലാതെ നടന്നുവരുന്നവരുടെ മുൻപിൽ നാം ചിലപ്പോൾ തീരെ ചെറുതായിപ്പോവും. അവരെത്ര ചെറുതായാലും.
കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തി ടിക്കറ്റെടുത്തതും കമ്പാർട്ട്മെന്റ് തേടിപ്പിടിച്ചതുമെല്ലാം ഗിരിജനാണ്. വണ്ടിയിലേക്ക് കയറുന്നതിനുമുൻപ് ബാഗിന്റെ സൈഡുറയിലേക്ക് അവൻ ഒരു കുപ്പി നിക്ഷേപിച്ചു.
“ഈ രാത്രിയിൽ നിനക്കിതാവശ്യമായി വരും.”
കാലുകുത്താൻ ഇടമില്ലാതിരുന്ന കമ്പാർട്ട്മെന്റിന്റെ പടിവാതിൽക്കൽ കാലു പുറത്തേയ്ക്ക് നീട്ടി ഇരുന്നു. ചുറ്റിലും ഭാണ്ഡങ്ങളിൽ തലചായ്ച്ച് ഏതോ നാടോടിക്കൂട്ടം.ഇടയ്ക്ക് അവരിലൊരു കുട്ടി ഉണർന്ന് വയറിൽ പൊത്തിപ്പിടിച്ച് നിലവിളിച്ചു. ആ കരച്ചിലിന്റെ ഭാഷ വിശപ്പിന്റേതാണെന്നു തോന്നി.
മാനാഭിമാനങ്ങൾക്കും ആർത്തികൾക്കും പകിട്ടുകൾക്കും പിന്നാലെ പായുന്ന ഒരു മദ്ധ്യവർഗ്ഗ മൂരാച്ചി ഉള്ളിൽ കിടന്ന് മുരളുമ്പോഴും എവിടെയോ തെറ്റുപറ്റിയെന്ന ഖേദത്തിന്റെ മുറിവിൽ നിന്നും ചോര ഒലിച്ചിറങ്ങിക്കൊണ്ടിരുന്നു. ‘ആരുമറിയാതെ സങ്കടങ്ങളുടെ അഗ്നിപർവ്വതം എന്റെയുള്ളിൽ പുകയുന്നതു കണ്ടിട്ടും കാണാത്തഭാവത്തിൽ ഒരു ഒട്ടകപക്ഷിയെപ്പോലെ മാഷ്......’
മീരയുടെ നിറഞ്ഞ കണ്ണുകൾ മുന്നിൽ വന്നു നിന്നു തേങ്ങുന്ന പോലെ.
അനുതപിക്കുന്നതിനു പകരം പരിഹസിക്കുകയും അഭയം നൽകുന്നതിനു പകരം ആട്ടിയോടിക്കുകയും ചെയ്തവരോടുള്ള പ്രതികാരമാണോ ഈ ആത്മഹത്യ?
അതൊരു കൊലപാതകമാണെങ്കിലോ?
എങ്കിൽ ഞാൻ?
മഴ നനഞ്ഞുകൊണ്ട് ആദ്യമായി എന്റെ ക്ലാസ്സിലേക്ക് അവൾ കയറി വന്നത് ഓർമ്മവരുന്നു.
“കുട്ടിയുടെ കുടയെവിടെ?”
“എനിക്ക് കുടയില്ല മാഷേ.” തലകുനിച്ചുകൊണ്ട് അവൾ പതിയെ പറഞ്ഞു.
മീര സുന്ദരിയായിരുന്നു. അതാണോ അവൾക്ക് ശാപമായത്? അതോ അവളുടെ ജന്മം തന്നെയോ? മറ്റു കുട്ടികളെ പോലെ തന്റെ ഭംഗിയെ താലോലിക്കാനോ ആകർഷകമാക്കാനോ അവൾ ശ്രമിച്ചില്ല. ചോദിച്ചാൽ പോലും വർത്തമാനം തീരെ കുറവ്. കൂട്ടുകാർ അധികമില്ല. മറ്റു കുട്ടികൾ അവളെ ഒഴിവാക്കൂകയായിരുന്നോ.? എപ്പോഴും എന്തിനോടും ഒരുതരം നിർമ്മമത. അകാലത്തിൽ പക്വമതിയായപോലെ. ആ ഭാവം അവളുടെ ഒരു പ്രതിരോധമായിരുന്നില്ലേ?
പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി ക്ലാസ്സിൽ ചർച്ചചെയ്യവേ മീര ജീവിതത്തിലെ ഒറ്റപ്പെടലിനെക്കുറിച്ച് വാചാലയായി.
“ശരിയാ മാഷേ, ചിലരെ ജീവിതം കരുതിക്കൂട്ടി ഒറ്റപ്പെടുത്തിക്കളയും.യാതൊരു പഴുതും നൽകാതെ. തീരെ ആഗ്രഹിക്കുന്നില്ലങ്കിൽ കൂടി. ചിലർക്കത് നഷ്ടം മൂലം ഉണ്ടാകുന്നതാണെങ്കിൽ ഗതികെട്ട ചിലരെ ആരെല്ലാമോ ചേർന്ന് വെറുത്ത് പുറന്തള്ളുകയാണ്.”
“എന്താ നിനക്ക് അങ്ങനെ തോന്നാൻ കാരണം.?”
“അങ്ങനെ തോന്നിപ്പോവാ മാഷേ. സ്വാർത്ഥത മൂലം അവനവനുവേണ്ടി ജീവിക്കുന്നവരല്ലേ അധികവും. അവരുടെ എല്ലാ തെരഞ്ഞെടുപ്പും സ്വന്തം സുഖത്തിനുവേണ്ടി മാത്രം. ഭാര്യയും ഭർത്താവും മക്കളും കൂട്ടുകാരും എല്ലാം. പക്ഷേ മറ്റുള്ളവർക്ക് ആവശ്യമില്ലാത്തതിനാൽ അവനവനുവേണ്ടി ജീവിക്കേണ്ടി വരുന്നത് വല്ലാത്ത ഒരു ട്രാജഡിയാ, ഇല്ലേ മാഷേ?”
ഞാൻ ഒന്നും പറഞ്ഞില്ല. ഒന്നും പറയാൻ ഉണ്ടായിരുന്നില്ല.
ഒന്നാം ടേം പരീക്ഷ കഴിഞ്ഞ് പ്രൊഫൈൽ ഒപ്പിടാൻ മീരയുടെ രക്ഷകർത്താവ് മാത്രം വന്നില്ല. എനിക്ക് വല്ലാതെ ദേഷ്യം തോന്നി. അന്നൊന്നും എനിക്ക് മീരയെ മനസ്സിലായിരുന്നില്ല. ഒടുവിൽ അവളുടെ മുത്തശ്ശൻ വന്നു. കാവിമുണ്ടുടുത്ത് രണ്ടാംമൂണ്ട് തോളത്തിട്ട് ആകെ നരച്ച ഒരു വൃദ്ധൻ.
“ അവൾ പാവമാ സാറെ, ഇന്റെ കുട്ടിക്ക് ആരുമില്ല. അമ്മാവന്മാരുടെ തണലിലാ അവൾ. ആട്ടും തുപ്പും കേട്ട് അവൾ മടുത്തു. അവൾക്ക് എഴുതണമെന്നോ വായിക്കണമെന്നോ ഒക്കെയുണ്ട്. പക്ഷേ ആ വീട്ടിൽ....“ അദ്ദേഹം രണ്ടാം മുണ്ടുകൊണ്ട് കണ്ണുതുടച്ചു.
സ്കൂൾ കലോത്സവത്തിൽ രചനാമത്സരങ്ങളിൽ എല്ലാം മീരയ്ക്കായിരുന്നു ഒന്നാം സ്ഥാനം. പക്ഷേ സബ്ജില്ലാതലത്തിൽ മത്സരിക്കാൻ അവൾ വിസമ്മതിച്ചു.
“അതൊന്നും നടക്കില്ല മാഷേ. എനിക്കതിലൊന്നും താല്പര്യമില്ല. വിശക്കുന്നവന്റെ മുന്നിൽ ദൈവം അപ്പത്തിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെടട്ടെ. അല്ല മാഷല്ലേ ഇതൊക്കെ പറഞ്ഞിട്ടുള്ളത്? “തെല്ലിട അവൾ നിർത്തി.“ഞാനതിനൊക്കെ പോയാൽ വീട്ടീന്ന് പുറത്താക്കും മാഷേ. എന്തിനാ വെറുതെ...”
എനിക്ക് വീണ്ടും മീരയുടെ മുൻപിൽ ഉത്തരം മുട്ടി.
പി.റ്റി. മാഷായ ജേക്കബ് ചെറിയാനാണ് പറഞ്ഞത്.
“ആ കുട്ടീടെ കാര്യം വല്യ കഷ്ടാ. വീട്ടിൽ തല്ലും കുത്തുവാക്കുകളും മാത്രമല്ല പലപ്പോഴും പട്ടിണിയുമാ.അതൊക്കെ ആ തള്ളേടേം തന്തേടേം തരവഴികൊണ്ടാ. തള്ളേടെ നടപടിദോഷം കൊണ്ടാ അയാൽ ഇട്ടെറിഞ്ഞുപോയതെന്ന് നാട്ടിൽ ഒരു പറച്ചിലുണ്ട്. ഇപ്പോഴും അവരുടെ പോക്കത്ര ശരിയല്ല, തള്ളേടെ കൊണവതിയാരം കൊണ്ട് ഈ പാവം കുട്ടിയ്ക്ക് വഴിനടക്കാൻ പറ്റില്ല. ഇടയ്ക്ക് തള്ള അവളെ കൂട്ടിക്കൊണ്ടുപോയിരുന്നു. രാത്രിയിൽ വന്ന ആരോ ഇവളെ കയറിപ്പിടിച്ചെന്നും പറയുന്നുണ്ട്.”
‘ജീവിതമെന്ന ഭാരം’ എന്ന പേരിൽ അവൾ മത്സരത്തിനെഴുതിയ കഥയുടെ തുടക്കം ഞാനോർത്തു.
“വയസ്സറിയിച്ച പെൺമക്കൾക്ക് ഭർത്താവു വാഴാത്ത ഒരമ്മയുള്ളതും ഭാര്യയെ കൂട്ടിക്കൊടുക്കുന്ന ഒരു രണ്ടാനച്ഛനുള്ളതും ഒട്ടും നന്നല്ല.”
വണ്ടി പൊടുന്നനെ നിന്നു. സ്റ്റേഷനല്ല. വല്ല ക്രോസിംഗും ആകും. ആരോ പറയുന്നത് കേട്ടു. “പട്ടാമ്പിക്കടുത്ത് ട്രാക്കിലെന്തോ പ്രശ്നം. ഇപ്പോഴൊന്നും പോക്കു നടക്കുമെന്നു തോന്നുന്നില്ല.”
ട്രാക്കിനോട് ചേർന്ന് നീണ്ടുപരന്നു കിടക്കുന്ന നെൽവയൽ. അതിനു താഴെ മെലിഞ്ഞൊഴുകുന്ന നിള. നോക്കെത്താത്ത ദൂരത്തോളം നിലാവുവീണു കിടക്കുന്ന മണൽപരപ്പ്.എനിക്കൊന്നു കിടക്കണമെന്നു തോന്നി. ബാഗെടുത്തു തോളിൽ തൂക്കി കമ്പാർട്ട്മെന്റിൽ നിന്നിറങ്ങി. വയലും കടന്ന് മൺതിട്ടിൽ നിന്നും മണൽപരപ്പിലേക്ക് ചാടി.
ഗിരിജൻ ബാഗിലിട്ട കുപ്പി ഭദ്രമായുണ്ട്. അത് പുറത്തെടുത്തു. പകുതി ഒഴിഞ്ഞതാണ്. പുഴയിൽ മുക്കി മദ്യം ഡയല്യൂട്ട് ചെയ്തു. വല്ലാത്ത ദാഹവും മരവിപ്പും. ഒറ്റയടിക്ക് കുടിച്ചുതീർത്ത് കുപ്പി പുഴയുടെ ഒഴുക്കിലേക്കെറിഞ്ഞു. ബാഗ് തലയണയാക്കി വെള്ളത്തിലേക്ക് കാലുകൾ നീട്ടിൽ മണലിൽ മലർന്നുകിടന്നു. പുഴയുടെ കുളിർമ്മ തലച്ചോറിലേക്ക് പ്രവഹിച്ചു.
അകലെ തീവണ്ടി നെടുനീളത്തിൽ കിടക്കുന്നു. ഒറ്റമുറിവീടുകളുടെ ഒരു നിര പോലെ.
കണ്ണടച്ചപ്പോൾ മനസ്സ് കൂടുവിട്ട് ഓർമ്മകളിലേക്ക് പറന്നുപോയി.
ഷഹനാസ് പ്രണയലേഖനം കൊടുത്ത അന്നുമുതലാണ് മീരയുടെ ജീവിതം കൂടുതൽ സങ്കീർണ്ണമായത്. ഞാനാദ്യം അവനെക്കുറിച്ച് തിരക്കി. അവന്റെ വീടിനടുത്തുള്ള അശോകൻ സാർ പറഞ്ഞു.
“അതൊരു പുലിവാല് കേസാ മാഷേ. അവന്റെ അമ്മ ജില്ലാ പഞ്ചായത്തംഗം. അവന്റെ വീട് ഒരു പെണ്ണരശ്ശു നാടാ. അവൻ മാത്രമല്ല വേറേ മൂന്നെണ്ണം കൂടി ഒപ്പമുണ്ട്. ‘ഫോർ ദ പീപ്പിൾ’ എന്നാ അവന്മാരുടെ വിളിപ്പേര്. അവൻ എന്തു ചെയ്താലും അവന്റെ വീട്ടുകാർ ന്യായീകരിക്കും. അവന്റെ പേരിൽ പോലീസ് കേസ് വരെയുണ്ട്. കാമദേവനാണെന്നാ അവന്റെ വിചാരം. നാട്ടിലെ സി.ഡി.പാലസ് കേന്ദ്രീകരിച്ചാ അവന്മാരുടെ വിളയാട്ടം.” ഇത്തിരി രഹസ്യമായി സാർ ഇത്ര കൂടി കൂട്ടിച്ചേർത്തു. “ ക്ലാസ്സിൽ പിടിച്ചുനിൽക്കണമെങ്കിൽ അവന്മാരുടെ പ്രീതി വേണമെന്നുള്ളതുകൊണ്ട് നമ്മുടെ ചില ടീച്ചേഴ്സ് എന്തിനും സപ്പോർട്ടുമായുണ്ട്.”
വൈകാതെ അത് മനസ്സിലായി. ഒരു തിങ്കളാഴ്ച ക്ലാസ്സിൽ ചെല്ലുമ്പോൾ കുട്ടികൾ ക്ലാസ്സിനു പുറത്ത് കൂട്ടം കൂടി നിൽക്കുന്നു. ക്ലാസ്സിൽ മീര ഒറ്റയ്ക്ക്. ഡെസ്കിൽ തലകുനിച്ച് കിടന്നു തേങ്ങുകയാണവൾ. ഏതോ പുരാതനദേവതയ്ക്ക് ബലിനൽകാൻ വിധിക്കപ്പെട്ട ബലിമൃഗത്തെപ്പോലെ അവൾ. ജനലോരത്ത് ആൺകുട്ടികൾ അടക്കം പറഞ്ഞു ചിരിക്കുന്നു.
ഭിത്തികളിലും ബോർഡിലും ഡെസ്കിലുമെല്ലാം പലനിറത്തിലുള്ള ചോക്കു കൊണ്ട് എഴുതിവച്ചിരിക്കുന്നു.
‘ഷഹനാസ് വിത് മീര’
ഞാൻ നേരേ ഓഫീസിലെത്തി. കേട്ടപാടെ ഹെഡ്മാസ്റ്ററുടെ ചാർജ്ജുള്ള സീനിയർ ടീച്ചർ എഴുതിയതെല്ലാം മായ്ച്ചുകളയാൻ ഏർപ്പാടു ചെയ്തു. മീരയെയല്ല ഷഹനാസിനെ രക്ഷിക്കാൻ. ടീച്ചറുടെ തൊട്ടയലത്താണ് അവൻ. എന്നിട്ട് ഒരു ഉപദേശവും. “ സാറിതിലിടപെടണ്ട. അവളൊരു നാറ്റക്കേസാ. ആ ചെറുക്കന്റെ പിന്നാലെ അവൾ കൂടിയിരിക്കുകയാ. നല്ല വീട്ടിലെ പയ്യനല്ലേ. വല വീശിപ്പിടിച്ചാൽ കയ്ക്ക്വോ?. അതെങ്ങനാ തള്ള വേലി ചാട്യാ മോള് മതില് ചാടില്ലേ.”
“ടീച്ചർ ഒരു സ്ത്രീയല്ലേ, ഒരു പെൺകുട്ടിയോട് കുറച്ചുകൂടിയൊക്കെ അനുതാപം കാണിക്കാം.” ഉള്ളിലുണ്ടായ കലക്കം ആ വാകുകളിലൊതുക്കി ഇറങ്ങി നടന്നു.
അവൾക്ക് അവളുടെ വീട്ടിൽ നിന്നും അതിനു കിട്ടിയ സമ്മാനം വയറു നിറച്ചു പട്ടിണിയും ശരീരം അടിച്ചു തിണർപ്പിച്ച സ്നേഹവുമായിരുന്നു.
കൃസ്തുമസ്സ് ആഘോഷത്തിന്റെ മറവിലാണ് അടുത്ത വേട്ട നടന്നത്. സാന്താക്ലോസ്സിന്റെ വേഷം സ്വന്തം നിലയിൽ കെട്ടിവന്ന ഷഹനാസ് സ്റ്റേജിന്റെ പിന്നിൽ വച്ച് മീരയെ ബലമായി ചുംബിച്ചു. ആ ചെറ്റത്തരത്തെ തമാശയെന്ന് എല്ലാവരും മുദ്രകുത്തി അവനെ വെറുതെവിട്ടു. പക്ഷേ ഫോർ ദ പീപ്പിൾ അതിലും മുൻപോട്ട് പോയി. കഞ്ഞിപ്പുരയിൽ നിന്നെടുത്ത കരിക്കട്ടകൾ കൊണ്ട് അവർ സ്കൂളിന്റെ മഞ്ഞഭിത്തികളിൽ വീരഗാഥകൾ എഴുതി.
‘ഷഹനാസ് മീരയെ ചുംബിച്ചു. അവളുടെ ചുണ്ടുകൾക്ക് മുന്തിരിച്ചാറിന്റെ മധുരം.’
വഴങ്ങാത്ത മൃഗത്തെ ഓടിച്ചിട്ട് വേട്ടയാടി പിടിക്കുന്ന രീതിയായിരുന്നു അവരുടേത്. ഒടുവിൽ സഹികെട്ട് അവനെ സ്റ്റാഫ്‌റൂമിൽ വരുത്തി. ചൂരൽ പ്രയോഗം നടത്തുന്നതിനു പകരം അവന്റെ കഴുത്തിനു കുത്തിപ്പിടിക്കാനാണ് അപ്പോൾ തോന്നിയത്.
“ചെറ്റത്തരം കാണിച്ചാൽ കൊന്നുകളയും നായിന്റെ മോനെ..”
ബാക്കിയുള്ളവരെല്ലാം ചേർന്ന് ഇടപെട്ടു. അവനൊരു കൂസലുമില്ല. ഷർട്ടിന്റെ ചുളിവുകൾ നേരെയാക്കി വരാന്തയിലേക്കിറങ്ങി നിന്നവൻ വിളിച്ചു ചോദിച്ചു.
“ സാറിനെന്താ ഇത്ര ദണ്ഡം? അവളെ നോട്ടമുണ്ടേൽ അതു പറ സാറേ, എന്റെ മെക്കിട്ട് കയറാതെ.”
വല്ലാണ്ട് ചെറുതായിപ്പോയി. അവൻ ഒരു ഹീറോയെപ്പോലെ നടന്നുനീങ്ങി.
അശോകൻ സാർ അടുത്തുവന്ന് ചോദിച്ചു.
“ സാറിനിതെന്തിന്റെ കേടാ. എന്തിനാ ഈ പൊല്ലാപ്പിലൊക്കെ തലയിടുന്നത്?കഴിഞ്ഞ വർഷം അവന്മാരെ ക്ലാസ്സിൽ നിന്നും ഇറക്കിവിട്ട മോഹൻദാസ് സാറിനോട് അവന്മാരും ചില ടീച്ചേഴ്സും കൂടി ചെയ്തത് സാറിനറിയില്ലല്ലോ. മോഹൻദാസ് കമ്പ്യൂട്ടർ ലാബിൽ വച്ച് പെൺകുട്ടികളോട് മോശമായി പെരുമാറുന്നതായി കള്ളപ്പരാതി അയച്ചു. അന്വേഷണമായി. ഒടുവിൽ സാറ് ട്രാൻസ്ഫർ വാങ്ങിപ്പോയി.
വല്ലാത്ത ഒരു ഞെട്ടലുണ്ടാക്കിക്കൊണ്ട് ട്രയിന്റെ ചൂളംവിളി മുഴങ്ങി. വണ്ടി നീങ്ങാൻ തുടങ്ങുന്നു. എത്ര ഞെരിച്ചോടിയാലും അതിലിനി കയറിപ്പറ്റാൻ കഴിയില്ല. ഇന്ന് ഈ രാത്രിയിൽ ഈ പുഴയുടെ നടൂവിൽ ഒറ്റയ്ക്ക്....
വണ്ടി നീങ്ങിക്കഴിഞ്ഞപ്പോൾ പുഴയ്ക്ക് കുറുകെ വെള്ളത്തിലൂടെ ഒരാൾ എന്റെ നേരേ നടന്നടുക്കുന്നു. റം തലയ്ക്ക് പിടിച്ചിട്ട് തോന്നുന്നതാവും.
കണ്ണുതിരുമ്മി നോക്കി. അല്ല ആരോ വരുന്നുണ്ട്.
ഒരു പെൺകുട്ടി വന്ന് മണലിൽ എനിക്കടുത്തിരുന്നു.
മീര..
ഞാൻ മിഴിച്ചിരുന്നുപോയി.
“എന്താ മാഷേ അന്തം വിട്ടു നോക്കുന്നത്.?”
മീരാ... നീ...?
അവൾ എന്റെ മുഖത്തുനിന്നും കണ്ണുകളെടുത്ത് അകലേയ്ക്ക് നോക്കി. നേർത്ത ഒരു നിശ്വാസത്തോടെ, ഒട്ടും തിടുക്കമില്ലാതെ അവൾ പറഞ്ഞു.
“ എനിക്ക് മാഷോട് പറയണമെന്ന് തോന്നി. എന്നിട്ട് നരകത്തിലോ സ്വർഗ്ഗത്തിലോ പോകാം. ഞാൻ കൊന്നു മാഷേ. അവനെ, ദേ ഈ കൈകൾ കൊണ്ട്. പിന്നെ എന്നെയും. എല്ലാവരും കരുതുന്ന പോലെ ഞാൻ അവനോടൊപ്പം ആത്മഹത്യ ചെയ്തതൊന്നുമല്ല, മാഷ്ടെ മീര അങ്ങനെ ചെയ്യുമെന്ന് മാഷ്ക്ക് തോന്നുന്നുണ്ടോ?”
അവനെന്നെ ചതിച്ചതാ. പലരും അതിനു കൂട്ടും നിന്നു. അന്ന് മാഷ് എന്നെ സ്കൂളിൽ വച്ച് കണ്ടില്ല്ലേ. ഞാൻ അവനെ കാത്തുനിന്നതാ. എന്റെ ഒരുപാട് മോശം ഫോട്ടോസ് അവന്റെ കൈയിൽ ഉണ്ടെന്നും സന്ധ്യക്ക് കാത്തുനിന്നാൽ തരാമെന്നും പറഞ്ഞു. അങ്ങനെ ചെയ്തില്ലങ്കിൽ എല്ലാം പരസ്യമാക്കുമെന്നും പറഞ്ഞു. അതാ ഞാൻ കാത്തുനിന്നത്. ഒരുപക്ഷേ മാഷോട് എല്ലാം പറഞ്ഞിരുന്നെങ്കിൽ. .? അതൊക്കെ പോട്ടെ , ഇനി ഓർത്തിട്ടു കാര്യമില്ലല്ലോ.
അന്ന് മാഷ് പൊയ്ക്കിഴിഞ്ഞപ്പോൾ അവനെത്തി. കൂടെ കൂട്ടുകാരും. എന്നെ ആരും കാണാതിരിക്കാൻ വേണ്ടി ഞാൻ നമ്മുടെ ക്ലാസ്സിൽ കയറി ഇരിക്കുകയായിരുന്നു. അവൻ വന്നയുടനെ മൊബൈൽ എടൂത്തു ചിത്രങ്ങൾ കാട്ടിത്തന്നു. ഒക്കെ തട്ടിപ്പു ചിത്രങ്ങൾ ആയിരുന്നു മാഷെ. എന്റെ തലവെട്ടി ഏതോ ശരീരങ്ങളിൽ ചേർത്ത് വച്ചത്.
അവൻ മൊബൈൽ എന്റെ മുന്നിൽ വച്ചു. എന്നിട്ട് ഒരു അഭാസച്ചിരി ചിരിച്ചു. ആർത്തുചിരിക്കാൻ കൂടെ കൂട്ടുകാരും. “ ഞാൻ പറയുന്നപോലെ അനുസരിച്ചാൽ ചിത്രങ്ങൾ മാത്രമല്ല മൊബൈൽ തന്നെ നീ എടുത്തോ”
ഞാൻ പോകാനായി എണീറ്റു മാഷേ. അവൻ എന്റെ കൈയിൽ കയറിപ്പിടിച്ചു. ഞാൻ കുതറി. ഞാൻ തറയിൽ മറിഞ്ഞുവീണു. ബാഗിൽ നിന്നും പുസ്തകങ്ങളും ഇൻസ്ട്രമെന്റ് ബോക്സും ചിതറിത്തെറിച്ചു. അവനെന്നെ ബലമായി ഉമ്മവച്ചു. എന്റെ യൂണിഫോം വലിച്ചുകീറാൻ നോക്കി. ഇൻസ്ട്രമെന്റ് ബോക്സിൽ നിന്നും തെറിച്ചു വീണ കോമ്പസ്സ് എന്റെ കൈയിൽ കിട്ടി. പിന്നൊന്നുമാലോചിച്ചില്ല മാഷേ. അവന്റെ കഴുത്തിൽ ഞാനത് കുത്തിയിറക്കി. അവന്റെയും കൂട്ടൂകാരുടെയൂം നിലവിളി ഇടിമിന്നലിന്റെ നടുവിലും ഞാൻ വ്യക്തമായി കേട്ടു മാഷേ.
‘ആത്മഹത്യയ്ക്കും കൊലയ്ക്കുമിടയിലൂടെ ആർത്തനാദം പോലെ പായുന്നതാണ് ജീവിതം’ എന്ന് മാഷ് എപ്പോഴും പറയാറില്ലേ? ഞാൻ രണ്ടിന്റെയും ഇടയിലൂടല്ല രണ്ടിലൂടെയും കടന്നുപോയി മാഷേ. പെൻസിൽ കൂർപ്പിക്കാൻ ബോക്സിൽ കരുതിയ പഴയ ബ്ലേഡ് എടുത്ത് ഒരുപാട് പണിപ്പെട്ട് ഞാൻ എന്റെ ഞരമ്പ് ഒരു ദാക്ഷിണ്യവുമില്ലാതെ അറുത്തുകളഞ്ഞു .”
മുഖത്ത് ചോര ചീറ്റിത്തെറിച്ചപോലെ ഞാൻ തലകുടഞ്ഞുകൊണ്ട് കണ്ണുകൾ അടച്ചു.
“ഇത്രനാളും കൊണ്ടുനടന്ന ജീവിതത്തിന്റെ ഭാരം ഞരമ്പുകളിലൂടെ ഒഴുകി ഇല്ലാതാവുന്നത് ഞാനറിഞ്ഞു. എന്റെ ജീവിതത്തിൽ പേടിയില്ലാതെ ആസ്വദിച്ച ഒരേയൊരൂ മുഹൂർത്തം അതായിരുന്നു മഷേ. ജീവൻ പോകുന്നതിനു മുൻപ് ഞാൻ അവന്റെ മുഖത്തേയ്ക്ക് കാറിത്തുപ്പി.എന്റെ മരണത്തെപ്പോലും ലോകം അവഹേളിക്കും. അതിനുള്ള പരിഹാരമായിരുന്നു മാഷേ അത്.”
അവൾ ഒട്ടും ഭാരമില്ലാതെ ഒരു ചിരി എനിക്ക് സമ്മാനിച്ചു. ഞാനോ ശ്വാസമെടുക്കാൻ കഴിയാതെ വീർപ്പുമുട്ടി.....
“ മാഷ് എന്നോട് മാപ്പാക്കണം. എന്റെ പ്രിയപ്പെട്ട കൂട്ടുകാരോട് പറയണം, അവരുടെ ക്ലാസ്സ് പാപപങ്കിലമാക്കിയതിന് അവരുടെ ആരുമല്ലാതിരുന്ന ഈ കൂട്ടുകാരി മാപ്പുചോദിച്ചെന്ന്. അവരെന്നെ സ്നേഹിച്ചില്ലങ്കിലും ഞാൻ അവരെ സ്നേഹിച്ചിരുന്നൂന്ന് മാഷ് പറയണം.”
ഞാൻ പറയാൻ തുടങ്ങുന്നത് കേൾക്കാൻ നിൽക്കാതെ മീര എഴുന്നേറ്റു നടന്നു. എപ്പോഴത്തെയും പോലെ തിരിഞ്ഞുനോക്കാതെ.
എന്റെയുള്ളിൽ നിന്നും ചോരയും പിത്തജലവും പറ്റിപ്പിടിച്ച ഒരു നിലവിളി പുഴയിലേക്ക് തെറിച്ചുവീണു.
അത് പതിയെ അവൾ നടന്നുപോയ ദിക്കിലേക്ക് ഒഴുകാൻ തുടങ്ങി.
******************************
(സ്ത്രീ പീഡനം പ്രമേയമായി എഴുതപ്പെട്ട മലയാളത്തിലെ ചെറുകഥകൾ എഡിറ്റ് ചെയ്തപ്പോൾ അതിൽ ഞാൻ എഴുതിച്ചേർത്ത കഥയാണിത്. പുസ്തകം. കൊത്തിമുറിച്ച ശില്പങ്ങൾ.(55കഥകൾ)അമ്പലപ്പുഴ സംഭവം നടക്കുന്നതിനും മുൻപ് എഴുതിയ കഥയാണിത്)