സ്വപ്നാനായർ
നീ വരുമെന്ന്
എനിക്കറിയാമായിരുന്നു
ഇന്നലത്തെ ചാറ്റല്‍ മഴയിലും
വിയര്‍ത്തതല്ലേ
തര്‍ക്കിച്ചു തര്‍ക്കിച്ചു
വാക്ക് മുട്ടീപ്പോ
പിന്നെ കാണാന്ന്
പറഞ്ഞിറങ്ങിയതല്ലേ
വിളര്‍ത്തു പോയ
നിന്റെ ഉടലില്‍ നിന്നും
വിരിഞ്ഞിറങ്ങുന്നുണ്ടായിരുന്നു
കഴുകന്മാര്‍
കറുത്ത ചിറകുകള്‍ വീശി
മഹാന്ധകാരത്തിന്റെ
ചിറകടിയൊച്ചകളുമായി
അവ ചുറ്റിനും
പറന്നു തുടങ്ങിയിരുന്നു
നീ വരുമെന്ന്
എനിക്കറിയാമായിരുന്നു
ആയുധങ്ങളേറ്റുവാങ്ങാന്‍
സ്വന്തമായൊരു തലയില്ലാതെ
ഉടലില്ലാതെ
വലിച്ചെറിയപ്പെട്ട ഏതു
മൃഗത്തിന്റെ തോലണിഞും
നീ വരുമെന്ന്
എനിക്കറിയാമായിരുന്നു