19 Sept 2012

ശരീരങ്ങളുടെ തെരുവില്‍

വിഡ്ഢിമാൻ


‘ആണുങ്ങളായി ഇങ്ങനെ നടന്നാല്‍ പോരാ !’. തിരക്കുള്ള നടപ്പാതയിലൂടെ ആഞ്ഞു നടക്കുമ്പോള്‍ ലക്ഷ്മണ്‍ പറഞ്ഞു. കണക്കു ചെയ്യാനറിയാത്ത കുട്ടിയെ കുറ്റപ്പെടുത്തുന്ന ടീച്ചറുടെ സ്വരമായിരുന്നു അവനപ്പോള്‍. എന്നെക്കാള്‍ മൂന്ന് വയസ്സ് ഇളപ്പമായിരുന്നിട്ടും തലമുതിര്‍ന്ന ഒരു ജ്യേഷ്ഠനെപ്പോലെയാണ് അവനെന്നോടെപ്പോഴുമിടപ്പെട്ടത്.
ഞങ്ങള്‍ ബോംബെയിലെത്തിയിട്ട് ഏഴു മാസം കഴിഞ്ഞിരുന്നു. കാന്റീന്‍ ജോലിയോടുള്ള മടുപ്പ് വര്‍ദ്ധിച്ചു വരുന്നതിനിടയിലാണ് അവനെ പരിചയപ്പെട്ടത്. പിന്നെ സൂപ്പര്‍വൈസറുടെ കൈയ്യും കാലും പിടിച്ച് അവനോടൊപ്പം മെക്കാനിക്കല്‍ സെക്ഷനില്‍ കയറിപ്പറ്റി. അവിടെയും മടുത്തപ്പോള്‍ ഒരു സുപ്രഭാതത്തില്‍ ബോംബെയില്‍ !.
സാക്കിനാക്കയില്‍, അവന്റെ ഒരു പരിചയക്കാരന്‍ ഏര്‍പ്പെടുത്തിതന്ന ഒരു ഗല്ലിയിലെ പഴഞ്ചന്‍ റൂമിലാണു ഞങ്ങള്‍ താമസിച്ചിരുന്നത്. ഒരു മലയാളിയും ഒരു തമിഴനും ഉള്‍പ്പെടെ മുറിയില്‍ നാലു പേരുണ്ട്. മലേറിയയും കോളറയും ചിക്കന്‍പോക്‌സും എലികളും കൊതുകളും മൂട്ടകളും ഊഴമിട്ട് വിരുന്നെത്തുന്ന ആകാശത്തിനു കീഴില്‍ പുളയ്ക്കുന്ന മനുഷ്യ കൃമികള്‍ക്കിടയിലേക്ക് നാലു പേര്‍ കൂടി ! ക്ലോക്കിലെ സൂചിയാണ് ജീവിതം നിശ്ചയിക്കുന്നത് !.. കുളിക്കണമെങ്കില്‍, ടോയ്‌ലറ്റില്‍ പോകണമെങ്കില്‍ വെളുപ്പിനു നാലുമണിക്കെണീറ്റ് ബക്കറ്റില്‍ വെള്ളം പിടിച്ച് കാത്തു നില്‍ക്കണം. ഓരോയിടത്തും ക്യൂവാണ്. അവസാനം ഉഴമെത്തി ഒന്നു കയറിയാലോ, അടുത്ത സെക്കന്റില്‍ തുടങ്ങും വാതിലിനിടി ! കമ്പനിയില്‍ കാലെടുത്തു വച്ചാലും പിടിപ്പതു പണിയാണ്.മേല്‍നോട്ടമെന്ന പേരില്‍ ഈച്ചയാട്ടിയിരിക്കുന്ന മറാഠിയുടെ തെറിവിളി..അവസാനം, ആറു ദിവസത്തെ നരകത്തിനു ശേഷം ഒരു സ്വര്‍ഗമെത്തും : ഞായര്‍ !!.( ഒഴിവുദിനങ്ങള്‍ നല്‍കുന്ന മായക്കാഴ്ച്ചകളാണ് വര്‍ണ്ണബലൂണുകള്‍ കുട്ടികളെയെന്നപോലെ ജനങ്ങളെ നഗരത്തോട് ചേര്‍ത്തു നിര്‍ത്തുന്നതെന്ന് തോന്നിയിട്ടുണ്ട്, പിന്നീടും. ) വെളുപ്പിനെണീറ്റ് വെള്ളം പിടിച്ചു വെച്ച് വീണ്ടും മതിയാവോളമുറങ്ങാം എന്നതാണ് ഒന്നാമത്തെ ആഹ്ലാദം. പിന്നെ സാവധാനം കുളിയൊക്കെ കഴിഞ്ഞൊരിറക്കമാണ്. ജൂഹുവിലെ കടല്‍ത്തീരത്ത്, തിരക്കേറിയ ലോക്കല്‍ ട്രെയിനില്‍, ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ പ്രൌഢിയില്‍, നരിമാന്‍ പോയിന്റിലെ ആര്‍ഭാടവേഷങ്ങളില്‍, ലേഡി ബാറുകളില്‍, സിനിമാ തിയറ്ററുകളില്‍, പാര്‍ക്കുകളില്‍..വടേപ്പാവും ഇഞ്ചിനീരൊഴിച്ച ചായയും കുടിച്ചങ്ങിനെ ഒഴുകി നടക്കും. ചില ദിവസങ്ങളില്‍, ആ ആഴ്ച്ചയിലെ അദ്ധ്വാനത്തിന്റെ പകുതി മുക്കാലും കീശയില്‍ നിന്നപ്രത്യക്ഷമാകും !.
ഒഴുക്കിലെ പൊങ്ങുതടി പോലെ ജീവിതം അങ്ങനെ മുന്നോട്ടു പോകവെയാണ് ലക്ഷ്മണില്‍ ചില മാറ്റങ്ങള്‍ ഞങ്ങള്‍, സഹമുറിയന്മാര്‍, ശ്രദ്ധിച്ചു തുടങ്ങിയത്. ഞായറാഴ്ച്ചകളില്‍, ഞങ്ങളോടൊപ്പം പുറത്തിറങ്ങാന്‍ അവനു പഴയ താല്പര്യമില്ല. ക്ഷീണം, തലവേദന തുടങ്ങിയ നിസ്സാരകാര്യങ്ങള്‍ പറഞ്ഞാണ് ഒഴിഞ്ഞു മാറല്‍.എന്നാലോ, രാത്രി ഞങ്ങള്‍ തിരിച്ചെത്തുമ്പോള്‍ അവനെ മുറിയില്‍ കാണാനുണ്ടാകില്ല. അതു പോലെ, ചില ദിവസങ്ങളില്‍ ജോലി കഴിഞ്ഞു മടങ്ങുമ്പോള്‍ , ‘ ഭായി നടന്നോളൂ, ഞാനിപ്പോ വരാം’ എന്നു പറഞ്ഞവന്‍ അപ്രത്യക്ഷമായാല്‍, രാത്രി പതിനൊന്ന് കഴിയും തിരിച്ചെത്തുമ്പോള്‍. എവിടെ പോകുന്നു എന്ന ചോദ്യത്തിന് തൃപ്തികരമായ മറുപടി ഒരിക്കലും കിട്ടാതായി തുടങ്ങിയതോടെ ഞങ്ങള്‍ക്കെല്ലാം അവനോട് നീരസം തോന്നി തുടങ്ങിയിരുന്നു.
അവനെ രഹസ്യമായി ഒന്നു നിരീക്ഷിക്കണം എന്നു തീര്‍ച്ചപ്പെടുത്തിയിരിക്കുമ്പോഴാണ് ഒരു ശനിയാഴ്ച്ച അവനെന്നോട് നൂറു റൂപ കടം ചോദിച്ചത്.
‘ പൈസ തരാം.. പക്ഷെ നീയെവിടെയാണ് പോകുന്നതെന്നെന്നോടു പറയണം.’ ഞാന്‍ പറഞ്ഞു.
അവന്‍ കുറച്ചു നേരം ആലോചിച്ചു : ‘ ഞാന്‍ പറയാം..ഭായിയെ എനിക്കു വിശ്വാസമാണ്. പക്ഷെ അവന്മാരോടു പറയരുത്.’
അങ്ങിനെ, പിറ്റേന്ന് അവന്റെ രഹസ്യമറിയാന്‍ ഒപ്പം നടക്കുമ്പോഴാണ് അവനതു പറഞ്ഞത് : ‘ആണുങ്ങളായി ഇങ്ങനെ നടന്നാല്‍ പോരാ !’.
മറ്റവന്മാര്‍ക്ക് സംശയം തോന്നാതിരിക്കാന്‍ വ്യത്യസ്ത സമയത്താണ് ഞങ്ങളിറങ്ങിയത്. ഒരു നാട്ടുകാരനെ കാണാന്‍ പോകുന്നു എന്നാ!ണു ഞാന്‍ അവരോടു പറഞ്ഞത്.
എനിക്കു പരിചയമില്ലാത്ത ഏതൊക്കെയോ ബസ്സില്‍ കയറി, ഏതൊക്കെയോ വഴികളിലൂടെ അവന്‍ എന്നെ നയിച്ചു കൊണ്ടിരുന്നു. ഇരുവശത്തെയും പുതിയ കാഴ്ച്ചകള്‍ ഞാന്‍ കൌതുകത്തോടെ നോക്കി.
‘കാമാട്ടിപുരയിലേക്കാണ് നാം പോകുന്നത്. ‘ പെട്ടന്ന് അവന്‍ പറഞ്ഞു.
ഞാന്‍ ഞെട്ടിയതൊന്നുമില്ല. അങ്ങനെയൊരു സംശയം എന്നില്‍ മുന്‍പേ ബലപ്പെട്ടിരുന്നു.
‘ അങ്ങിനെ വരട്ടെ…നീയാളു കൊള്ളാമല്ലോ..നിന്റെ കാശു പെണ്ണുങ്ങള്‍ തിന്നു പോകുകയാണെന്ന് എനിക്കു മുമ്പെ സംശയമുണ്ടായിരുന്നു ‘ ഞാന്‍ ചിരിച്ചു.
‘ആണാണെന്നു പറഞ്ഞിങ്ങനെ തെക്കു വടക്ക് കൈ വീശി നടന്നാല്‍ പോരാ !’.അവന്‍ ആവര്‍ത്തിച്ചു. ‘ ഭായിയൊക്കെ ഇങ്ങനെ നിന്ന് മൂത്തു നരച്ചു പോവുകയേയുള്ളു..’ അവന്റെ വഴിയേ നടക്കുന്നതിന് അവനെനിക്കൊരു പരവതാനി വിരിക്കാനുള്ള ശ്രമമാണെന്ന് തോന്നി.
‘പക്ഷെ എനിക്കതില്‍ താല്പര്യമില്ല ലക്ഷ്മണ്‍’ ഞാന്‍ പറഞ്ഞു.
അവന്‍ തിരിഞ്ഞു നിന്നു. എന്റെ സ്വരത്തിലെ ദൃഢത അവന്റെ ആത്മവിശ്വാസം ഇളക്കിയിട്ടുണ്ടാവണം .
‘ ഛെ ! ഭായിയെന്താ ഇങ്ങനെ ? ഇതൊന്നും ആരും അറിയാന്‍ പോകുന്നില്ല. ഭിലായില്‍ കാണുന്നതുപോലത്തെ ഉണക്കകളല്ല ; നല്ല സൊയമ്പന്‍ പെണ്ണുങ്ങളുണ്ട് ഇവിടെ..’ അവന്‍ പ്രലോഭനം നിര്‍ത്തിയില്ല. .
‘ മോനെ !’, ഞാന്‍ ചിരിച്ചു. നിന്നെക്കാള്‍ മുമ്പ് ഈ പണിക്കിറങ്ങിയവനാണു ഞാന്‍.. നിന്നെക്കാള്‍ കൂടുതല്‍ പെണ്ണുങ്ങളുടെ കൂടെ കിടന്നിട്ടുമുണ്ടാവും..ഇപ്പോ എനിക്കവറ്റകളോട് ഒരു താല്പര്യം തോന്നാറില്ല..അതാ കാര്യം..നീയവിടെ പോയിട്ട് വാ..ഞാന്‍ തിരിച്ചു പൊക്കോളാം..’
‘ഛെ ! … ഭായിക്ക് ഇതിനോടൊക്കെ നല്ല കമ്പമാണെന്ന് തോന്നിയതു കൊണ്ടാ ഞാനാദ്യമേ ഇതൊന്നും പറയാതിരുന്നത്.. എന്നാലും ഇത്ര ദൂരം വന്നിട്ട്.. ഒരു കാര്യം ചെയ്യാം..ഭായ് എന്റൊപ്പം തന്നെ വാ..അവിടത്തെ പെണ്ണുങ്ങളെയൊന്നും കണ്ടിഷ്ടപ്പെട്ടില്ലെങ്ങെ കൌണ്ടറില് ടി. വിം കണ്ടിരിക്കാം. അതല്ലെങ്ങെ അവിടെ ഒരു മദ്രാസ്സിയുടെ ചായക്കടയുണ്ട്. നിങ്ങടെ ഇഡ്ഡലീം ദോശേം സാമ്പാറുമൊക്കെ കിട്ടുമവിടെ. അവിടന്ന് എന്തെങ്കിലും കഴിച്ചിരിക്കാം…ഞാനധികനേരമെടുക്കില്ല..’ അവനൊരു കള്ളച്ചിരി ചിരിച്ചു.
ഞങ്ങള്‍ തെരുവിലേക്ക് പ്രവേശിച്ചു കഴിഞ്ഞിരുന്നു. പൊട്ടിപൊളിഞ്ഞു കിടക്കുന്ന ഇടുങ്ങിയ റോഡിനിരുവശത്തും പഴക്കമുള്ള കെട്ടിടങ്ങള്‍. അവയുടെ ഉമ്മറത്തിരുന്നും നിന്നും പെണ്ണുങ്ങള്‍ ശരീരം പ്രദര്‍ശിപ്പിച്ച് മാടി വിളിക്കുന്നു. ഒപ്പം, തമ്മില്‍ എന്തൊക്കെയൊ സംസാരിക്കുന്നു, തര്‍ക്കിക്കുന്നു, ചിരിക്കുന്നു പല പ്രായങ്ങള്‍ ,പല നിറങ്ങള്‍, പല ശരീരങ്ങള്‍…മുടി നരച്ചു തുടങ്ങിയ ചില മധ്യവയസ്‌ക്കകള്‍ ഉമ്മറത്തിരുന്ന് ധാന്യമുണക്കുകയോ മറ്റോ ചെയ്യുന്നു..പെട്ടന്നെനിക്ക് അമ്മയെ ഓര്‍മ്മ വന്നു.കത്തു കിട്ടിയപ്പോള്‍ എന്തായിരുന്നിരിക്കും അമ്മയുടെ പ്രതികരണം ? ആരും കാണാതെ അടുക്കളയില്‍ നിന്നൊരു പൊട്ടിക്കരച്ചില്‍ ? അഭിമാനിയാണല്ലോ.. ഭിലായില്‍ നിന്നിറങ്ങുന്നതിനു രണ്ടു ദിവസം മുമ്പാണ് അമ്മയ്‌ക്കെഴുതിയത്..ആദ്യം തീരുമാനിച്ച പോലെ തന്നെ വിശേഷങ്ങളില്ലാതെ,മേല്‍വിലാസമില്ലാതെ…ജീവിച്ചിരിക്കുന്നു എന്നുള്ളതിന് ഒരു തെളിവ്. അത്രമാത്രം.
‘അധികം നോക്കണ്ട..അവറ്റകളു വന്നു കൈ പിടിച്ചാ വിടില്ല’, ലക്ഷ്മണ്‍ പറഞ്ഞു.: ‘ ഇവിടുള്ളതൊക്കെ പഴഞ്ചന്‍ ഉരുപ്പടികളാ..ഇത്തിരീം കൂടി ഉള്ളിലോട്ട് കയറീട്ട് ഗംഗാദീദിയുടെ വീട്ടിലാ ഏറ്റവും പുതിയേറ്റങ്ങളു വരുന്നത്..കാശിത്തിരി കൂടുതലാ.. എന്നാലും ഞാനവിടെയെ പോകാറുള്ളു.. അതിനു തൊട്ടപ്പുറത്താ മദ്രാസീരെ ചായക്കട..’
അവന്‍ പറഞ്ഞതു പോലെ , മറ്റു വീടുകളെക്കാള്‍ അല്പം മോടി കൂടുതലുണ്ടെന്നു തോന്നി ആ വീടിന്.
‘ ഉള്ളതില്‍ ഏറ്റവും നല്ലേറ്റങ്ങളാ ഇപ്പോ ഉമ്മറത്തിരിക്കുന്നത്..വേണെങ്ങെ നോക്കിക്കോ..’ അകത്തേയ്ക്കു കയറുമ്പോള്‍ അവന്‍ രഹസ്യം പറഞ്ഞു.
‘ വേണ്ട’ ഞാന്‍ തീര്‍ത്തു പറഞ്ഞു.
ചെറിയ സെറ്റിയില്‍, ഒരു സ്റ്റൂളിലേക്ക് കാലു നീട്ടിയിരുന്ന് ടി. വി. കണ്ടിരുന്ന മദ്ധ്യവയസ്‌ക്ക അവനോട് പരിചയഭാവത്തില്‍ ചിരിച്ചു. അവരോടൊപ്പം , കറുത്ത കണ്ണട വെച്ചൊരു വൃദ്ധനും ടി. വി. യിലേക്ക് നോക്കി ഇരിപ്പുണ്ടായിരുന്നു.
‘ വന്നാലും മഹാരാജ്..താങ്കളുടെ മഹാറാണിയും താങ്കളുടെ സുഹൃത്തിനു വേണ്ട രാജകുമാ!രിമാരും ഇവിടെ എപ്പോഴും തയ്യാറാണ്..’ ആ സ്ത്രീ ലക്ഷ്മണോട് പറഞ്ഞു. പിന്നെയവര്‍ ഒരു തരം കൃത്രിമശൃംഗാരത്തോടെ ഒളികണ്ണിട്ട് എന്നെ നോക്കി.
ലേശം നാടകീയത കലര്‍ത്തിയ അവരുടെ സംസാരം എനിക്കിഷ്ടപ്പെട്ടു. ഇതായിരിക്കണം ‘ഗംഗാദീദി’, ഞാനോര്‍ത്തു.
‘ ഉവ്വ്..ഇന്നലെ രാത്രി വന്നപ്പോ അവളെ എനിക്കു കിട്ടിയില്ല..അതാ ഇപ്പോ ഈ തിരക്കു കുറഞ്ഞ നേരത്തു വന്നത്..പിന്നെ എന്റെ കൂടെ വന്ന മഹാരാജിന് ഗംഗാദീദിയുടെ രാജകുമാരിമാരിലൊന്നും താല്പര്യമില്ല..അദ്ദേഹം സന്യസിക്കാന്‍ പോകുകയാണ്..’ അവന്‍ ചിരിച്ചു. എന്നോടുള്ള ഒരു പരിഹാസം അവനതിലൊളിപ്പിച്ചിട്ടുണ്ടെന്നു തോന്നി. പിന്നെയാണവന്‍ വൃദ്ധനെ ശ്രദ്ധിച്ചത് : ‘അഃ ! ആരിത്..രാമുക്കാക്കയോ !..എന്തൊക്കെയുണ്ട് രാമുക്കാക്ക വിശേഷങ്ങള്‍ ? ‘
ആ സ്ത്രീയുടെ മുഖം നിമിഷനേരത്തേക്കിരിണ്ടു. പിന്നെയവര്‍ ചിരിച്ചു..’ തീര്‍ച്ചയായും സന്യാസിമാര്‍ക്കിരുന്ന് ധ്യാനിക്കാന്‍ പറ്റിയ ഇടം കൂടിയാണിത്.. വന്നാലും മഹാഗുരോ..ഈ സെറ്റിയിലിരുന്ന് വിശ്രമിച്ചാലും !’.
വൃദ്ധനുമെന്തോ മറുപടി പറയാന്‍ തുടങ്ങിയതായിരുന്നു. ‘ഗംഗാദീദി’ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ അയാളതു ശൂന്യമായ ഒരു ചിരിയിലേക്കൊതുക്കി.എവിടേക്കെന്നില്ലാതെ മുഖം തിരിച്ച്, പല്ലുകള്‍ മുഴുവന്‍ പുറത്തുകാണിച്ച് ഒരു വശം കോടിയുള്ള ആ ചിരി കണ്ടപ്പോഴാണ് അയാള്‍ കാണുകയല്ല, കേള്‍ക്കുക മാത്രമാണ് ചെയ്യുന്നതെന്ന് തിരിച്ചറിഞ്ഞത്. അയാളൊരന്ധനാണ് !കൊള്ളാം !! കാമത്തിനു കണ്ണില്ല എന്നുള്ളതിന് ഒന്നാന്തരം ഉദാഹരണം.. !
അവരുടെ പുച്ഛം ഗൌനിക്കാതെ ഞാന്‍ വൃദ്ധനിടതുവശത്ത് സെറ്റിയിലിരുന്നു. ടി.വി.യിലെ സംഭാഷണത്തിലേക്കാണ് അയാള്‍ കാതു കൂര്‍പ്പിച്ചിരിക്കുന്നതെന്നു തോന്നി. അല്ലെങ്കിലും അയാള്‍ക്കെന്നെ പരിഗണിക്കേണ്ട കാര്യമെന്ത് !
‘ ഭായ്..ഞാന്‍ വേഗം വരാം….ഇവിടിരുന്ന് ബോറടിച്ചാ ആ ചായക്കടയില്‍ ചെന്നിരിന്നോ..’ അകത്തേയ്ക്കു നടക്കുമ്പോള്‍ അവന്‍ പറഞ്ഞു.
ഞാന്‍ ടി.വി. ശ്രദ്ധിക്കാന്‍ ശ്രമിച്ചു. ഒരു പഴയ ഹിന്ദി സിനിമ കളിക്കുന്നു.ക്ലൈമാക്‌സ് ആവാ!റായതുകൊണ്ടാവാം, അയാളെന്നെയൊരു തരിമ്പും ശ്രദ്ധിക്കാത്തത്..പുറത്ത്, ഉമ്മറത്തു നിന്നിരുന്ന പെണ്ണുങ്ങള്‍ ഇടയ്ക്കിടെ എന്നെ നോക്കുന്നുണ്ട്..
ഒരു മദ്ധ്യവയസ്‌ക്കന്‍ വീട്ടിനുള്ളില്‍ നിന്നിറങ്ങി വന്നു. അയാള്‍ മദ്യപിച്ചിട്ടുണ്ടെന്ന് തോന്നി. ആരെയും ഗൌനിക്കാതെ അയാള്‍ പുറത്തിറങ്ങാന്‍ തുടങ്ങുകയായിരുന്നു. അപ്പോഴാണ് ഗംഗാദീദി ആ ചോദ്യം ഉയര്‍ത്തിയത്..
‘ എങ്ങനെയുണ്ട് രത്തന്‍ ഭായ് ?’
‘കൊള്ളാം..എന്നാലും അവള്‍ പെട്ടന്ന് തീര്‍ത്തു ‘..അവരുടെ മുഖത്ത് രൂക്ഷമായൊന്ന് നോക്കി അയാള്‍ ആടിയാടി ഇറങ്ങിപ്പോയി.
‘അല്ലെങ്കിലും ഈ ഗംഗയുടെ രാജകുമാരിമാരെ ആര്‍ക്കാണിഷ്ടപ്പെടാതിരിക്കുക! ‘, അവര്‍ ആരോടിന്നില്ലാതെ പറഞ്ഞു. പിന്നെയവര്‍ എന്നെയൊന്നു നോക്കി ഇരുത്തിയൊന്ന് ചിരിച്ച് പുറത്തു നിന്നിരുന്ന ഒരു പെണ്ണിനു നിര്‍ദേശം കൊടുത്തു: ‘ മോത്തി, മഹാഗുരു വെയിലത്താണു കയറി വന്നത്..അദ്ദേഹത്തിനല്പം സര്‍ബത്ത് കൊടുക്കൂ..’
വൃദ്ധന്‍ ഒന്നു മുരടനക്കി.
ഉമ്മറത്ത്, മേനിക്കൊഴുപ്പ് പ്രദര്‍ശിപ്പിച്ചു നിന്നിരുന്ന ഒരു നേപ്പാളിപ്പെണ്ണ് എന്നെ നോക്കി ചിരിച്ച് അകത്തേയ്ക്കു കയറിപ്പോയി..
പരിഹസിക്കാനും എന്നെ ഇളക്കാനുമാണ് അവരുടെ ശ്രമമെന്നു തോന്നി.
‘ശരിയാണ്..എനിക്കു ദാഹിക്കുന്നുണ്ട്..’ ഞാന്‍ പറഞ്ഞു.
അകത്തേയ്ക്കു പോയവള്‍ കൈയ്യിലൊരു ഗ്ലാസ് നാരങ്ങാവെള്ളവുമായി തിരികെ വന്നു. അവള്‍ക്കു പുറകെ, താലത്തില്‍ ഒരു ചെറിയ മുന്തിരിക്കുല വെച്ച് മറ്റൊരുത്തിയുമുണ്ടായിരുന്നു..
ഞാന്‍ ഗ്ലാസിനു കൈ നീട്ടി.
‘ വേണ്ട, വേണ്ട.. ഞാനൊഴിച്ചു തരാം..ആ പുണ്യം എനിക്കിരിക്കട്ടെ സന്യാസിവര്യാ..’ ചിരിയൊതുക്കി അതിവിനയത്തോടെ അവള്‍ പറഞ്ഞു.
ഞാന്‍ എതിര്‍ത്തില്ല. അവള്‍ക്കു കൂടി ഇരിപ്പിടമൊരുക്കുന്നതുപോലെ വൃദ്ധന്‍ സെറ്റിയില്‍ ഒന്നു കൂടി ഒതുങ്ങിയിരുന്നു.
എന്നോടു ചേര്‍ന്നു നിന്ന് അല്പാല്പമായി അവളത് വായിലേക്കൊഴിച്ചു തന്നു. ചെറുനാരങ്ങയുടെയും ഏതോ സോപ്പിന്റെയും ഗന്ധമായിരുന്നു അവള്‍ക്ക്.
അതു കഴിഞ്ഞപ്പോള്‍ അവള്‍ നിലത്തിരുന്നു. പിന്നെ പാവാട തുടയ്ക്കു മുകളിലേയ്ക്കുയര്‍ത്തി എന്റെ പാദങ്ങള്‍ കയറ്റി വെച്ചു. ‘ ഈ പാദപങ്കജങ്ങള്‍ ഞാനൊന്നു തൊട്ടു നെറുകയില്‍ വെക്കട്ടെ…’
‘നല്ലത് വരട്ടെ സഹോദരി ! ‘ അവളുടെ ശിരസ്സില്‍ കൈവെച്ച് പരമാവധി സ്വാതികഭാവം ഉള്‍ക്കൊണ്ട് ഞാന്‍ പറഞ്ഞു..ഒരു നാടകം കളിക്കുന്ന രസം എനിക്കും അനുഭവപ്പെട്ടു തുടങ്ങിയിരുന്നു.
‘നല്ലതേ വന്നിട്ടുള്ളു മഹാരാജ്..ഇനിയും നല്ലത് വരും !..’ അവള്‍ കപടഭക്തിയോടെ ചിരിച്ചു.
പുറകില്‍ നിന്നവള്‍ മുന്തിരിക്കുല കൈയ്യിലെടുത്ത് എന്റെ വായ്ക്കു നേരെ നീട്ടി.. പകുതി മുക്കാലും നഗ്‌നമാണ് അവളുടെ മാറിടം. ‘ ഇനി ഈ മുന്തിരിപ്പഴങ്ങള്‍ കഴിച്ചാലും മഹാഗുരോ..’
ഞാന്‍ കടിക്കാനാഞ്ഞപ്പോള്‍ അവളത് മുകളിലേക്കുയര്‍ത്തി.
നടത്തിപ്പുകാരിയും പുറത്തുള്ള പെണ്ണുങ്ങളും ആ തമാശക്കളി ആസ്വദിക്കുന്നുണ്ട്..
ഞാനവളെയൊന്ന് തറപ്പിച്ചു നോക്കി. ആ കണ്ണുകളില്‍ കുസൃതി തിളങ്ങുന്നുണ്ട്.
ഞാന്‍ പെട്ടന്ന്, അവള്‍ക്ക് മറ്റെന്തെങ്കിലും ചിന്തിക്കാനാവുന്നതിനു മുന്‍പ്, അവളുടെ കൈ ബലമായി പിടിച്ചു താഴ്ത്തി മുന്തിരിക്കുല അപ്പാടെ വായ്ക്കുള്ളിലാക്കി. വായില്‍ കൊള്ളാഞ്ഞ നാലഞ്ചെണ്ണം സെറ്റിയിലേക്കും ഉരുണ്ടു വീണു.
അപ്രതീക്ഷിതമായ ആക്രമണത്തില്‍ അവള്‍ അല്പനേരം തരിച്ചു നിന്നു.പിന്നെയവള്‍ മറ്റു പെണ്ണുങ്ങളുടെ ചിരിയോടൊപ്പം പങ്കു ചേര്‍ന്നു..എങ്കിലും അവളുടെ കണ്ണുകളില്‍ പ്രതികാരം ജ്വലിക്കുന്നത് ഞാന്‍ കണ്ടു..
എന്താണു സംഭവിച്ചതെന്നറിയാന്‍ വൃദ്ധന്‍ പെട്ടന്നിങ്ങോട്ട് മുഖം തിരിച്ച് ചെവി വട്ടം പിടിച്ചു. ആകാംഷ കൊണ്ടാവണം അയാളുടെ വായ സ്വല്പം തുറന്നിരുന്നത്.
‘ ആഹാ..ഇങ്ങനെയങ്ങ് തിടുക്കം കൂട്ടിയാലോ കള്ള സന്യാസീ.. നോക്കൂ..ഇനിയുമുണ്ട് തേന്മുന്തിരികള്‍..’ മുന്തിരിക്കാരിയുടെ കൈകള്‍ മേല്‍വസ്ത്രത്തിനു നേരെയാണ് നീങ്ങുന്നത്.എന്താണവളുടെ ഉദ്ദേശമെന്ന് വ്യക്തം.അത്രയും പ്രതീക്ഷിച്ചില്ല.ഒന്നുകില്‍ തല താഴ്ത്തിയിരുന്ന് വീണ്ടും സന്യാസവേഷം തുടരാം.അല്ലെങ്കില്‍ എണീറ്റ് ചായക്കടയിലേക്കോടാം..പക്ഷെ അതൊക്കെ ഒരു തരം തോല്‍വിയാണ്.എന്തു പറഞ്ഞാണ് തലയുയര്‍ത്തി നില്‍ക്കുക ? എന്തു പറഞ്ഞാണ് ഇവരുടെ തല താഴ്ത്തുക. ?…….അല്ലെങ്കില്‍, ഊരും പേരുമറിയാത്ത ഈ നാട്ടില്‍, ഇവരോട് സത്യം തന്നെ പറഞ്ഞാലെന്ത്.!!.പക്ഷെ കേള്‍ക്കുമ്പോള്‍ ഉള്ളില്‍ തട്ടണമെങ്കില്‍….
‘ നോക്കൂ സഹോദരിമാരെ.. ‘ അവളുടെ കൈയ്യിലുള്ള പിടി അയച്ചു കൊണ്ട് ഞാന്‍ പറഞ്ഞു :’ നാട്ടില്‍, എന്റെ അമ്മയും പെങ്ങളും നിങ്ങളുടെ ജോലിയാണ് ചെയ്യുന്നത്.. നിങ്ങള്‍ക്കിടയിലിരിക്കുമ്പോള്‍ ഞാന്‍ അവരെയാണോര്‍ക്കുന്നത്..നിങ്ങളിനി ഉടുതുണിയൊന്നുമില്ലാതെ എന്റെ മുന്നില്‍ വന്നാലും മറ്റാണുങ്ങള്‍ക്ക് തോന്നുന്നതൊന്നും എനിക്കു തോന്നില്ല…സങ്കടവും ദേഷ്യവുമൊക്കെയെ തോന്നൂ…അതുകൊണ്ടൊക്കെ തന്നെ, ഈ പുരുഷജന്മം നഷ്ടപ്പെട്ടുപ്പോയവന്‍…. അല്ലാതെ , ഞാന്‍ സന്യസിക്കാനൊന്നും ഉദ്ദേശിച്ചിട്ടില്ല..’
ഏറ്റു ! പെണ്ണുങ്ങളൊക്കെ സ്തബ്ദരായി നില്‍ക്കുകയാണ്.. വൃദ്ധന്‍ സ്വയമറിയാതെ ഒരാശ്ചര്യ ശബ്ദമുണ്ടാക്കി..ഇപ്പോള്‍ അയാള്‍ എന്നെ മാത്രമാണ് ശ്രദ്ധിക്കുന്നത്..
നിലത്തിരുന്നവള്‍ സാവധാനം എന്റെ പാദങ്ങള്‍ മാറ്റി വെച്ച് തുടയിലേക്ക് തുണി വലിച്ചിട്ടു. രണ്ടാമത്തവള്‍ പിന്‍വലിഞ്ഞ് ഒതുങ്ങി നിന്നു.
നിശബ്ദത..പെണ്ണുങ്ങളുടെ മുഖം വാടിയിരിക്കുന്നു.
‘എവിടെയാണു നിന്റെ നാട് ?’ നടത്തിപ്പുകാരിയാണത് ചോദിച്ചത്.
‘കേരളം….’
അടുത്ത ചോദ്യം മലയാളത്തിലായിരുന്നു :’ നീയവിടെ നിന്ന് പുറപ്പെട്ടു പോന്നതാണോ ?’
മലയാളം കേട്ട് ആദ്യമൊന്നമ്പരന്നെങ്കിലും ഞാന്‍ ഉത്തരം പറഞ്ഞു : ‘അതെ’
‘അവനവിടെ നിന്നു പുറപ്പെട്ടു പോന്നതാണെന്ന്..നമ്മെപ്പോലുള്ളവരെ അമ്മയും പെങ്ങളുമായൊന്നും അവന്നു വേണ്ട ! ‘ ഗംഗാ ദീദി മറ്റു പെണ്ണുങ്ങള്‍ക്കു വിശദീകരിച്ചു കൊടുത്തു. എല്ലാ പെണ്ണുങ്ങള്‍ക്കും വിഷാദം !. മുന്തിരിക്കാരി ഒരു ദീനമായ നോട്ടം പകര്‍ന്ന് അകത്തേയ്ക്കു പോയി.
‘ നിങ്ങള്‍ ആണുങ്ങള്‍ക്ക് എന്തുമാവാം..പെണ്ണുങ്ങളെ വില്‍ക്കാം, വാങ്ങാം..ഇട്ടെറിഞ്ഞു പോകാം…തല്ലിക്കൊല്ലാം..നിങ്ങളാണല്ലോ രാജാക്കന്മാര്‍… എന്നാലും അമ്മ തന്ന മുലപ്പാലു മുഴുവന്‍ കക്കി കളയാന്‍ നിനക്കു പറ്റ്വോ ? ‘ താഴെയിരുന്നവള്‍ എഴുന്നേല്‍ക്കുമ്പോള്‍ ചോദിച്ചു.
ഞാനൊന്നും മിണ്ടിയില്ല.
‘നീയതൊന്നും കാര്യമാക്കണ്ട മോനെ ! ഇവിടെ വരുന്ന ആണുങ്ങളുടെ ഒരു മുഖം മാത്രമെ ഇവരെല്ലാവരും കണ്ടിട്ടുള്ളു..അതാ ഇവരിങ്ങനെ ..’ വൃദ്ധന്‍ എന്നെ ആശ്വസിപ്പിച്ചു. പതിഞ്ഞ, ഇമ്പമുള്ള ശബ്ദമായിരുന്നു അയാളുടേത്.. എന്നിട്ടയാള്‍ മുഖം പെണ്ണുങ്ങളുടെ നേരെ തിരിച്ചു.
‘ നിങ്ങക്കൊക്കെ അല്ലാതെ തന്നെ ആള്‍ക്കാരുണ്ടല്ലോ..വെറുതെ ആ കൊച്ചനെ എന്തിനാ ഇളക്കാന്‍ നോക്കുന്നത്..’ ഒരു ശാസനയുടെ ലാഞ്ചനയുണ്ടായിരുന്നു അതിന്.
അതിനും ഞാന്‍ മറുപടിയൊന്നും പറഞ്ഞില്ല. പെണ്ണുങ്ങളും.
പെട്ടന്ന്, മൂന്ന് ചെറുപ്പക്കാര്‍ പുറത്തുനിന്ന് കയറി വന്നു.
ഗംഗാദീദി അതി വേഗം പ്രായോഗികവതിയായി. ‘ വന്നാലും മഹാജനങ്ങളെ.. ഗംഗാദീദിയുടെ രാജകുമാരിമാരെ അനുഗ്രഹിച്ചാലും..’
പെണ്ണുങ്ങള്‍ സമചിത്തത വീണ്ടെടുത്ത് ശൃംഗാരച്ചിരിയോടെ അവരെ നോക്കി.ആ ഒരു നിമിഷം കൊണ്ടു തന്നെ അവരെന്നെ പൂര്‍ണ്ണമായും മറന്നപോലെ തോന്നി. ഞാന്‍ ടി.വി.യിലേക്ക് ശ്രദ്ധ തിരിച്ചു. സിനിമ അവസാനിച്ചിരുന്നു. ഇപ്പോള്‍ ഒരു സീരിയലാണ്..വൃദ്ധന്‍ ടി .വി. ശ്രദ്ധിക്കുകയാണോ മറ്റെന്തെങ്കിലും ഓര്‍ക്കുകയാണോ എന്നുള്ളത് എനിക്കു വ്യക്തമായില്ല.
ചെറുപ്പക്കാര്‍ എന്തോ തമാശ പറഞ് പൊട്ടിച്ചിരിച്ച് പെണ്ണുങ്ങള്‍ക്കൊപ്പം അകത്തേയ്ക്കു കയറിപ്പോയി.
ലക്ഷ്മണ്‍ അകത്തു നിന്ന് തിരികെ വരുന്നുണ്ടായിരുന്നു. അവന്‍ വൃദ്ധന്റെ കൈയില്‍ അഞ്ചു രൂപ വച്ചു കൊടുത്തു. ‘ ഇതു വെച്ചോ രാമുക്കാക്ക..ഒരു ചായ കുടിച്ചോ ‘
തിരിച്ചിറങ്ങുമ്പോള്‍ വൃദ്ധനോട് യാത്ര പറയണോ , ചില്ലറയെന്തെങ്കിലും കൊടുക്കണൊ എന്ന് ഒരു നിമിഷം ഞാന്‍ ശങ്കിച്ചു. ‘ ഓ ..എന്തിന് !’ മനസ്സില്‍ നിന്നാരോ പിന്തിരിപ്പിച്ചു.
പുറത്ത് വെയിലിന്റെ കാഠിന്യം ശമിച്ചു തുടങ്ങിയിരുന്നു.
‘ഓരോ ചായയടിച്ചാലോ ?’ ലക്ഷ്മണ്‍ ചോദിച്ചു.
‘അപ്പോ നീയിവിടെ രണ്ടു മൂന്നു മാസമായി വന്നു തുടങ്ങിയിട്ട് !’ തൊട്ടപ്പുറത്തുള്ള ചായക്കടയിലേക്ക് പ്രവേശിക്കുമ്പോള്‍ ഞാന്‍ പറഞ്ഞു.
അവന്‍ ചിരിച്ചു.
‘അല്ല ; നിന്നെ പറഞ്ഞിട്ട് കാര്യമില്ല..പല്ലുകൊഴിഞ്ഞിരിക്കുന്ന കാര്‍ന്നോന്മാരും കുരുടനും പിച്ചക്കാരനുമൊക്കെ ശാന്തി തേടി വരുന്ന സ്ഥലമാ..പിന്നെയാ ചോരയും നീരുമുള്ള ചെറുപ്പക്കാര് !’
അവന്‍ വീണ്ടും ചിരിച്ചു : ‘ ഹ ഹ..ഇതാ പറയുന്നത് ഭായിക്ക് ലോകവിവരമില്ലെന്ന്.. ഭായ്, ആ രാമുക്കാക്ക ആളൊരു പാവം ..കാലഹരണപ്പെട്ട ഒരു ഖവ്വാലി ഗായകന്‍..ഇപ്പോ.ഗംഗാദീദിയുടെ ദാക്ഷിണ്യത്തില്‍ അവിടെ കഴിഞ്ഞു കൂടുന്നു..’ അവന്‍ സ്വരമൊന്നു താഴ്ത്തി : ‘.അങ്ങേരുടെ മോളുടെ കൂടെയാ ഞാനിപ്പോ കിടന്നത്..’ പിന്നെയവന്‍ ചായയടിക്കുന്നവനു നേരെ തിരിഞ്ഞു ഉറക്കെ പറഞ്ഞു : ‘ ഭായ് ..രണ്ടു സ്‌ട്രോങ്ങ് ചായ ! ‘

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...