19 Sept 2012

ഒരു മലവെള്ളപ്പാച്ചിലില്‍

vettathan

കാട് കാണാനുള്ള മോഹത്തില്‍ പോയതാണ്. പതിവ് പോലെ സര്‍വ്വയര്‍മാരാണ് പ്രചോദനം. ഉടുമ്പന്നൂര്‍ കഴിഞ്ഞു ചീനിക്കുഴി. വീണ്ടും അഞ്ചാറ് കിലോമീറ്റര്‍ നടന്നാല്‍ സ്ഥലത്തെത്താം. അവിടെ ഗിരിവര്‍ഗ്ഗക്കാരനായ ബാലകൃഷ്ണനുണ്ട്. അയാളുടെ വീട്ടില്‍ താമസിക്കാം. പിറ്റെന്നു അയാളോടൊപ്പം മലകള്‍ കയറി ഇടുക്കിയിലെത്താം.എല്ലാക്കാര്യങ്ങളും സര്‍വ്വേയര്‍ ജനാര്‍ദ്ദനന്‍ പിള്ളയും കൂട്ടുകാരും പറഞ്ഞുറപ്പിച്ചിട്ടുണ്ട്. അധ്യാപക സമരം കൊണ്ട് കോളേജ് അടച്ചിരിക്കയാണ്. ഞങ്ങള്‍ (ജോസഫ്, ജോര്‍ജ് വര്‍ക്കി പിന്നെ ഞാനും ) പുറപ്പെട്ടു.നാലുമണിയോടെ ബാലകൃഷ്ണന്റെ വീട്ടിലെത്തി. ബാലകൃഷ്ണന്‍ സമ്പന്നനാണു. ധാരാളം ഭൂസ്വൊത്ത്. എറണാകുളത്തു ഉന്നത ഉദ്യോഗങ്ങളിലിരിക്കുന്ന ജ്യേഷ്ഠന്‍മാരുടെ കൃഷികള്‍ നോക്കി നടത്തുന്നതും ബാലകൃഷ്ണനാണ്. വൈക്കോല്‍ മേഞ്ഞതെങ്കിലും വലിയ നാലുകെട്ടാണ്പുര. എന്തിന്, ഭാര്യമാര്‍ തന്നെ രണ്ടെണ്ണം. പ്രായം ഒരു മുപ്പത്തഞ്ചിലധികമില്ല. രസികനായ ബാലകൃഷ്ണന്‍ ഞങ്ങളെ സഹര്‍ഷം സ്വീകരിച്ചു.
രാത്രി നല്ല ചൂടുള്ള ഗ്രാമീണ ഭക്ഷണവും കഴിച്ചു ഞങ്ങള്‍ കിടന്നു. ചീവീടുകളുടെ സുഖ സംഗീതം ആസ്വദിച്ച്, പറമ്പിന്റെ അതിരിലൂടെ ഒഴുകുന്ന കാട്ടാറിന്റെ കളകളാരവം കേട്ടു എപ്പോഴാണ് ഉറങ്ങിയതെന്ന് ഓര്‍മ്മയില്ല. വാതിലില്‍ മുട്ടുന്ന ശബ്ദം കേട്ടാണ് ഉണര്‍ന്നത്. മുന്നില്‍ ആവി പറക്കുന്ന കട്ടന്‍ കാപ്പിയുമായി ബാലകൃഷ്ണന്റെ ഭാര്യ ദേവകി. അപ്പോഴേക്കും കുളിച്ചു ഷേവ് ചെയ്തു കുട്ടപ്പനായി ബാലകൃഷ്ണനും എത്തി. ഒരു മണിക്കൂര്‍ കൊണ്ട് റെഡിയായി ,നല്ല ചൂട് കഞ്ഞിയും പുഴുക്കും കഴിച്ചു ഞങ്ങള്‍ യാത്രയായി. മുന്നില്‍, ഒരു നാടന്‍ തോക്ക് ഇടതു തോളില്‍ ചാരി, ബാലകൃഷ്ണന്‍. കഴിക്കാനുള്ള ഭക്ഷണപ്പൊതികളുമായി, ഞങ്ങള്‍ പുറകെ. വെള്ളം ഒരു പ്രശ്‌നമല്ല എന്ന ബാലകൃഷ്ണന്റെ ഉറപ്പില്‍, കുടിവെള്ളം എടുത്തിട്ടില്ല. അല്ലെങ്കിലും കുപ്പി വെള്ള സംസ്‌കാരം നാട്ടില്‍ തുടങ്ങിയിട്ടില്ല.
ആദ്യമാദ്യം പുഴയുടെ തീരത്ത് കൂടിയായിരുന്നു യാത്ര. സാധാരണ പട്ടണവാസി കണ്ടിട്ടുള്ള തരം പുഴയല്ല. പുഴയൊഴുകുന്ന ഭാഗം മുഴുവന്‍ കല്ലുകളാണ്.ചെറിയ ഉരുളന്‍ കല്ലുകള്‍ തൊട്ട് വലിയ വലിയ കല്ലുകള്‍ വരെ നിരന്നിരിക്കുന്ന പാതയിലൂടെ കലപില ശബ്ദമുണ്ടാക്കി കാട്ടാറൊഴുകുന്നു. നല്ല തെളിനീര്. കൈക്കുമ്പിളില്‍ കോരി മുഖത്തൊഴിക്കുമ്പോള്‍ സുഖകരമായ ഒരു കുളിര്. പുഴയുടെ മറുഭാഗം കാടാണ്. ഈറ്റക്കൂട്ടങ്ങളും ചെറുമരങ്ങളും ഇടയ്ക്കു വന്മരങ്ങളുമായി ശാന്ത ഗംഭീരമായ പ്രകൃതി. പാദസരം പോലെ ചെറുമണി കിലുക്കി കാട്ടാര്‍ . ചീവീടുകളുടെ നേര്‍ത്ത സംഗീതത്തിനിടക്ക് വേഴാമ്പലിന്റെ ഘനഗംഭീര ശബ്ദം. കാര്യമായൊന്നും സംസാരിക്കാതെ,പൂര്‍ണ്ണമായും പ്രകൃതിയില്‍ ലയിച്ചു ഞങ്ങള്‍ യാത്ര തുടര്‍ന്നു. പതുക്കെ പുഴ കടന്നു കാട്ടു വഴികളിലൂടെ മുന്നോട്ട് നീങ്ങി. കുറെ പോയപ്പോള്‍ ആ കാട്ടില്‍ ഒരു പുര. ഏതോ കയ്യേറ്റക്കാരനാണ്.മൂന്നാല് ഏക്കര്‍ സ്ഥലത്തു തെരുവ (ഇഞ്ചിപ്പുല്ല്) നട്ടിരിക്കുന്നു. പ്രായപൂര്‍ത്തിയായ രണ്ടു പെങ്കുട്ടികളും ഒരു സഹായിയുമായി ആ കാട്ടില്‍ കഴിയുകയാണ്. അവര്‍ ഞങ്ങള്‍ക്ക് കട്ടന്‍ ചായ ഇട്ടു തന്നു. പത്തുമിനുറ്റ് നേരത്തെ വിശ്രമത്തിന് ശേഷം ഞങ്ങള്‍ യാത്ര തുടര്‍ന്നു.
നിബിഡ വനം കഴിഞ്ഞു മൊട്ടക്കുന്നുകളാണ്.മലഞ്ചെരിവില്‍ ചെറു വനങ്ങളുമുണ്ട്. നല്ല വെയില്‍. അല്‍പ്പം വെള്ളം കുടിച്ചാല്‍ കൊള്ളാമെന്നുണ്ട്. ആടിനെ പ്ലാവില കാണിച്ചു കൊണ്ടുപോകുന്നത് പോലെ വെള്ളം അവിടെയുണ്ട് ,ആ ചെരിവിലുണ്ട് തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്‍കി ബാലകൃഷ്ണന്‍ ഞങ്ങളെയും കൊണ്ട് നീങ്ങുകയാണ്. അവസാനം വെള്ളമുള്ള സ്ഥലത്തെത്തി. കൈകൊണ്ടു കോരിയെടുക്കാന്‍ മാത്രം വെള്ളമില്ല. ചളി കൊണ്ട് ഞങ്ങളൊരു വരമ്പുണ്ടാക്കി.ഒരു തടയണ. കൈക്കുടന്നയില്‍ കൊരി കുടിക്കാന്‍ നോക്കുമ്പോള്‍ കൈ നിറയെ അട്ടകള്‍ (തോട്ടപ്പുഴു ) . അയ്യേ എന്നു വിളിച്ച് കൈ വിടര്‍ത്തിയെങ്കിലും കയ്യിലും കാലിലും നിറയെ അട്ടകളായി. കൂടെ കരുതിയ പുകയിലകൊണ്ടും ചുണ്ണാമ്പു കൊണ്ടും അട്ടകളെ ദേഹത്ത് നിന്നും ഇറക്കി. പക്ഷേ വെള്ളം എങ്ങിനെ കുടിക്കും? ബാലകൃഷ്ണന്‍ ഒരു ഈറ്റ (ഓട) കുഴല്‍ ഉണ്ടാക്കി അതിലൂടെ വെള്ളം ഒഴുക്കി.ആ വെള്ളം കൈക്കുടന്നയില്‍ പിടിച്ച് ഞങ്ങള്‍ സ്വാദോടെ കുടിച്ചു. കാരണം ഒരു മണിക്കൂറെങ്കിലും നടന്നാലെ അടുത്ത വെള്ളമുള്ള സ്ഥലത്തു എത്തൂ.
ഉച്ചയോടെ ഞങ്ങള്‍ ഒരു മല കയറി മറിഞ്ഞു. വീണ്ടും നിബിഡ വനം. മലയുടെ മറുവശത്തേക്ക് ഒഴുകുന്ന തെളിനീരരുവി. അവിടെ ഒരു പാറപ്പുറത്തിരുന്നു ഞങ്ങള്‍ ആഹാരം കഴിച്ചു.ഞങ്ങള്‍ക്ക് അല്‍പ്പം വിശ്രമിച്ചാല്‍ കൊള്ളാമെന്നുണ്ടായിരുന്നു. പക്ഷേ ബാലകൃഷ്ണന്‍ സമ്മതിച്ചില്ല. ഇരുന്നാല്‍, മല കയറി ഇരുട്ടുന്നതിന് മുമ്പു തിരിച്ചെത്താന്‍ കഴിയില്ല. രാത്രി ആനയും മറ്റ് ഹിംസ്ര ജന്തുക്കളുമുള്ള കാട്ടില്‍ പെട്ട് പോകുന്നത് അത്ര സുഖകരമല്ല. കുത്തി നടക്കാന്‍ മൂന്നു പേര്‍ക്കും ഓരോ വടി വെട്ടിത്തന്നു ഞങ്ങളുടെ ആതിഥേയന്‍. മൂന്നു മണിയോടെ ഞങ്ങള്‍ മലയുടെ മുകളിലെത്തി. ആളെ വിറപ്പിക്കുന്ന തണുത്ത കാറ്റ് അടിക്കുന്നുണ്ട്. മൊട്ടക്കുന്നുകളും, ചെരിവില്‍ വനങ്ങളുമായുള്ള ആ കാഴ്ചകണ്ട് കുറച്ചുനേരം നില്‍ക്കണമെന്നുണ്ടായിരുന്നു. അതിനാണ് വന്നതും. പക്ഷേ കൂടുതല്‍ നിന്നാല്‍ വനത്തില്‍ പെട്ടുപോകുമെന്ന അറിയിപ്പില്‍ ഞങ്ങള്‍ മല ഇറങ്ങാന്‍ തുടങ്ങി. കയറ്റം പോലെ തന്നെ ദുഷ്‌കരമാണ് ഇറക്കവും.ഞങ്ങളുടെ ദീര്‍ഘ ശ്വാസങ്ങളും ഞരക്കങ്ങളും ബാലകൃഷ്ണന്‍ പരിഗണിച്ചില്ല. ഇടയ്ക്കു ഒരു മരത്തിന്റെ ചോട്ടില്‍ നിറഞ്ഞുനിന്നിരുന്ന ചെമന്ന കായ്ക്കുലകള്‍ പറിച്ചു തന്നു.പുളിയുള്ള ഒരു കായ (മൂട്ടിപ്പുളി). അതും തിന്നുകൊണ്ടു ഞങ്ങള്‍ ഇറക്കം തുടര്‍ന്നു. സമയം അഞ്ചുമണി കഴിഞ്ഞു. കാടുകളുടെ ഭാവം മാറിതുടങ്ങി. ചീവീടുകളുടെ സംഗീതം ഉച്ചത്തിലായി.കൂടണയാന്‍ പോകുന്ന പക്ഷികളുടെയും ജന്തുക്കളുടെയും ശബ്ദം അന്തരീക്ഷത്തില്‍ അലയടിച്ചു. പെട്ടെന്നു ബാലകൃഷ്ണന്‍ നിന്നു.ഞങ്ങളോടു അവിടെത്തന്നെ നില്‍ക്കാന്‍ ആവശ്യപ്പെട്ടു അയാള്‍ ചരിവിലേക്ക് നീങ്ങി. അഞ്ചു മിനുട്ടിനുള്ളില്‍ ഒരു വെടിശബ്ദം കേട്ടു. ഞങ്ങള്‍ ആകാക്ഷയോടെ നോക്കുമ്പോള്‍ മുഖം നിറയെ ചിരിയുമായി ബാലകൃഷ്ണന്‍. കയ്യില്‍ ഒരു മലയണ്ണാന്‍. വര്‍ണത്തിളക്കമുള്ള, നീണ്ട വാലുള്ള ഒരു സുന്ദരജീവിയാണ് മലയണ്ണാന്‍. രണ്ടുകിലോ തൂക്കം വരുന്ന അവനെ കണ്ടാല്‍ കൊല്ലാന്‍ തോന്നുകയില്ല.അത്രക്ക് സുന്ദരന്‍. ഞങ്ങള്‍ ആദ്യമായി കാണുകയാണ്.
ഇരുട്ട് വീണു തുടങ്ങിയതോടെ ഞങ്ങള്‍ തിരിച്ചെത്തി. നേരെ പുഴയില്‍ ഇറങ്ങി കുളിക്കാന്‍ തുടങ്ങി.വെള്ളത്തിന് ഭയങ്കര തണുപ്പ്. ഞാന്‍ വെറുതെ വെള്ളത്തിലിരുന്നു.ബാലകൃഷ്ണന്‍ അല്‍പ്പം മാറി മലയണ്ണാനെ വൃത്തിയാക്കുകയാണ്.പെട്ടെന്നു പുഴ വെള്ളത്തില്‍ പത നിറയാന്‍ തുടങ്ങി. വെള്ളത്തിന്റെ നിറം മാറി മാറി വരുന്നു.ഒരു മണ്ണിന്റെ നിറം. ഞങ്ങള്‍ അതിനെക്കുറിച്ച് പറയുമ്പോഴാണ് ബാലകൃഷ്ണന്‍ വെള്ളത്തിന്റെ മാറ്റം കാണുന്നത്. ‘മാറിക്കൊ’ അയാള്‍ അലറി.എന്താണെന്ന് മനസ്സിലാവുന്നതിന് മുമ്പു പുഴയിലെ വെള്ളം ഉയര്‍ന്നു.രക്ഷപ്പെടാനുള്ള തത്രപ്പാടില്‍ ഞാനൊഴിച്ചുള്ളവരെല്ലാം ജനവാസമുള്ള ഭാഗത്തേക്ക് നീങ്ങി. ഞാന്‍ പെട്ടെന്നോടിയത് കാടിന്റെ ഭാഗത്തേക്കാണ്.
നോക്കി നില്‍ക്കേ പുഴയില്‍ വെള്ളം പൊങ്ങി. വെള്ളത്തിന് മണ്ണിന്റെ നിറമായി. മണ്ണും കല്ലും മരക്കൊമ്പുകളും ഒഴുകിവരാന്‍ തുടങ്ങി. മറുവശത്തു നിന്നു ബാലകൃഷ്ണന്‍ എന്നോടു കൂടുതല്‍ കാട്ടിലേക്ക് കയറാന്‍ അലറുന്നുണ്ട്. ഇതിനിടെ മഴ പെയ്യാനും തുടങ്ങി. ശക്തിയായി പെയ്യുന്ന മഴ. അലറിപ്പായുന്ന കാട്ടാര്‍. എനിക്കൊന്നും കേള്‍ക്കാന്‍ വയ്യ. പുറകോട്ടു നീങ്ങാന്‍ ബാലകൃഷ്ണന്‍ ആംഗ്യം കാണിക്കുന്നുണ്ട്. ഞാന്‍ കഴിവതും പുറകോട്ടു നീങ്ങി. മഴവെള്ളവും മണ്ണും ഞാന്‍ നില്‍ക്കുന്ന ഭാഗത്തുകൂടിയും ഒഴുകി വരുന്നുണ്ട്. ആ ഒഴുക്കില്‍ ജീവനുള്ള പാമ്പുകളും ഉണ്ട്. ഞാന്‍ അക്ഷരാര്‍ഥത്തില്‍ ഭയന്നു. അപ്പോഴേക്കും ഇരുട്ടായി. ബാലകൃഷ്ണന്‍ വേട്ടയ്ക്കുള്ള ലൈറ്റ് തെളിച്ചു കാണിച്ചു തരുന്നുണ്ട്. ഭയപ്പെടേണ്ട എന്നു വിളിച്ചുപറയുകയും ആംഗ്യം കാണിക്കുകയും ചെയ്യുന്നുണ്ട്.ഇതിനിടെ ജോസഫ് ബാലകൃഷ്ണന്റെ വീട്ടില്‍ നിന്നു അഞ്ചു ബാറ്ററിയുടെ ടോര്‍ച്ചുമായി എത്തി. ആ വെളിച്ചത്തില്‍ എനിക്കു കുറച്ചുകൂടി കാണാം. പുഴ നിറഞ്ഞു കവിഞ്ഞു ഒഴുകുകയാണ്. പക്ഷേ വെള്ളം കൂടുതല്‍ ഉയരുന്നില്ല. താഴുന്നുമില്ല. വെള്ളം ഉടനെ താഴും, ഭയപ്പെടേണ്ട എന്നു കൂട്ടുകാരും വിളിച്ച് പറയുന്നുണ്ട്. മഴയും തണുപ്പും ഏറ്റു ഞാന്‍ തുമ്മാന്‍ തുടങ്ങി. ഞാന്‍ പഴയൊരു ആസ്ത്മാ രോഗിയും കൂടിയാണ്. കാലാവസ്ഥ മാറിയാല്‍ എന്റെ ശ്വാസ കോശത്തില്‍ നിന്നു ‘കര കര’ ശബ്ദം ഉയരും. സുഹൃത്തുക്കള്‍ക്ക് കുഴപ്പമില്ലല്ലോ എന്നൊരു ആശ്വാസം മാത്രം. എന്നെ വിശ്വസിച്ചാണ് അവരെ കൂടെ വിട്ടിരിക്കുന്നത്.
രാത്രി എട്ടര മണിയായി. പുഴ മുറിച്ച് കടക്കാന്‍ ബാലകൃഷ്ണന്‍ ഒരു ശ്രമം നടത്തി. ഒഴുക്കിന്റെ ശക്തി മനസ്സിലാക്കി അയാള്‍ പിന്‍വാങ്ങി. എന്നോടു, ഭയപ്പെടേണ്ട വെള്ളം ഉടനെ കുറയും എന്നു വിളിച്ച് പറയുന്നുണ്ട്. തുമ്മിയും ചീറ്റിയും ചുമച്ചും ഞാന്‍ ഒരു വമ്പന്‍ മരത്തിന്റെ ചുവട്ടിലേക്ക് മാറി. മഴ ശമിച്ചു.പക്ഷേ ഒഴുക്കിന്റെ ശക്തി കുറഞ്ഞിട്ടില്ല. അര മണിക്കൂറിന് ശേഷം ബാലകൃഷ്ണന്‍ പുഴ മുറിച്ച് കടക്കാന്‍ ഒരു ശ്രമം കൂടി നടത്തി. അയാള്‍ക്ക് പിന്‍ വാങ്ങേണ്ടി വന്നു. ഇത്തവണ എന്നോടു താഴോട്ട് നടക്കാന്‍ അയാള്‍ ആവശ്യപ്പെട്ടു. അക്കരെ നിന്നുള്ള ടോര്‍ച്ചിന്റെയും, ഹെഡ് ലൈറ്റിന്റെയും അരണ്ട വെളിച്ചത്തില്‍ ഞാന്‍ അരിച്ചരിച്ചു താഴോട്ട് നീങ്ങി. താഴെ ഒരു അഞ്ഞൂറു മീറ്റര്‍ പിന്നിടുമ്പോള്‍ പുഴക്ക് വീതി തീരെ കുറവാണ്.ഉയര്‍ന്നു നില്‍ക്കുന്ന പാറകളുടെ ഇടയിലൂടെയാണ് പുഴയുടെ യാത്ര. പാറകള്‍ക്കിടയിലൂടെ ചാടിച്ചാടി ബാലകൃഷ്ണന്‍ എന്റെ അടുത്തെത്തി. എനിക്കു പക്ഷേ ആ പാറകള്‍ക്കിടയിലൂടെ ചാടിക്കടക്കാന്‍ ധൈര്യം വന്നില്ല. എന്റെ ആതിഥേയന്‍ തിരിച്ചുപോയി ഒരു കയറുമായി വന്നു. കയറിന്റെ അറ്റം ഒരു മരത്തില്‍ കെട്ടി മറ്റെ അറ്റം അക്കരെ നില്‍ക്കുന്ന സുഹൃത്തുക്കള്‍ക്ക് എറിഞ്ഞു കൊടുത്തു. ഒരു കൈകൊണ്ടു കയര്‍ പിടിച്ച്, മറുകൈകൊണ്ടു എന്നെപ്പിടിച്ചു പതുക്കെ പതുക്കെ പുഴ കടന്നു. പുറമെ അങ്കലാപ്പൊന്നും കാണിച്ചില്ലെങ്കിലും എന്റെ ശ്വാസം നേരെ വീണത് പുഴ കടന്നതിന് ശേഷമാണ്.ഒരു അപകടം ഒഴിഞ്ഞ ആശ്വാസത്തില്‍ സുഹൃത്തുക്കള്‍ എന്നെ അണച്ച് പിടിച്ചു. എന്റെ ദേഹം മുഴുവന്‍ ചളിയാണ്. പോരെങ്കില്‍ തുമ്മലും ചീറ്റലും നില്‍ക്കുന്നില്ല. ജോസഫ് കിണറ്റില്‍ നിന്നു വെള്ളം കോരിത്തന്നു. കിണര്‍ വെള്ളത്തിലെ ആ കുളി എന്റെ മനസ്സും ശരീരവും തണുപ്പിച്ചു.
കുളി കഴിഞ്ഞു ചെന്നതേ ദേവകി ചൂടുള്ള ആഹാരം വിളമ്പി. ജലദോഷക്കാരന് വേണ്ടി പ്രത്യേകം തയ്യാറാക്കിയ രസം ഞാന്‍ രണ്ടു ഗ്ലാസ്സ് കുടിച്ചു. ആര്‍ക്കും ഒന്നും പറയാനുള്ള മൂഡ് ഉണ്ടായിരുന്നില്ല. നേരെ ഉറങ്ങാന്‍ കിടന്നു. ബാലകൃഷ്ണന്‍ തന്ന മഫ്‌ലര്‍ കൊണ്ട് ചെവിയും തലയും പൊതിഞ്ഞു, ഒരു കമ്പിളി പുതച്ച്, ഞാന്‍ കണ്ണടച്ചു കിടന്നു. ഉറക്കം ഒഴിഞ്ഞു നിന്ന ആ രാത്രി ഞാനെന്റെ മാതാപിതാക്കളെയും സഹോദരങ്ങളെയുമാണ് ഓര്‍ത്തത്.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...