ഉലയ്ക്കുന്ന വിളികള്‍
ഗീത മുന്നൂർക്കോട്

പുലര്‍ ക്കോഴിയുണരും മുമ്പ്
ഇരുനാഴിക പിന്‍ നടന്ന്
അകത്തൊരു പിട
കൂകാന്‍ തുടങ്ങും
എന്റെ ദിനാരംഭം
ഊതിക്കുറിച്ചും കൊണ്ട്…

പിന്നെയങ്ങോട്ട്
അടുക്കളത്തള്ത്തിലുരുണ്ട്
തീന്‍ മേശയില്‍ നിരന്ന്
പാഥേയങ്ങളില്‍ കെട്ടി വരിഞ്ഞ്
എന്റെ കൈമെയ്പ്പുണ്യങ്ങള്‍
തകൃതിയിലോടും….

ഫയല്‍ തപ്പണം…
ഓഫീസിലെ
അക്കങ്ങളും അക്ഷരങ്ങളും
കൂട്ടിക്കുഴച്ച്
ആവോളമുരുട്ടിയുണ്ണണം
ബാക്കി വരുന്നത്
കെട്ടിപ്പൊതിയാം…..!!!
കൂട്ടത്തില്‍
കണ്‍മയക്കത്തില്‍
തറയ്ക്കുന്ന
മണിയടിച്ചുണര്‍ ത്തുന്ന
ശകാരമുള്ളുകളും
പെറുക്കിക്കൂട്ടണം…..

കൂട്ടില്‍
കാത്തിരുന്ന് മുഷിയുന്ന
വിഴുപ്പുകളെയും എച്ചിലുകളെയും
ഒന്ന് തട്ടിത്തിരുത്തി
ആവലാതികള്‍ ക്കും
വിശപ്പുകള്‍ ക്കും
ആശ്വാസം കൊത്തിക്കൊടുത്ത്
എന്തോ കളഞ്ഞു പോയെന്നുറച്ച്
രാച്ചന്ദ്രനെ കാണനറച്ച്
മനസ്സുടലുടഞ്ഞ്

ഒറ്റ മുങ്ങല്‍…………
തണുത്തു മറയാന്‍…..

അപ്പോഴും
അടുത്ത വിളിയ്ക്ക്
കാതോര്‍ക്കാന്‍
ഉണര്‍ന്നിരിയ്ക്കും
ഈ ഞാന്‍…!!!!
Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ