ശ്രീധരനുണ്ണി
ആരുമൊന്നും പറഞ്ഞില്ല ,പുസ്തക -
ത്താളിലെന്തോ തിരയുകയാണയാള്‍ ,
അക്ഷരങ്ങളഴുകി ദ്രവിച്ചുപോയ് ,
ചിത്ര ഭാഷ തുരുമ്പ് കവര്‍ന്നു പോയ് .
മാഞ്ഞു പോയ മഷി തിരഞ്ഞങ്ങനെ
മാഴ്കി നിശ്ചലം നില്ക്കുകയാണയാള്‍ .
ഇന്നലെ വന്ന കത്തിലും കാണാതെ ,
ഇന്നുവന്ന കുറിപ്പിലും കാണാതെ ,
വര്‍ത്തമാനപത്രത്തിലും കാണാതെ ,
ഇത്ര നേരവും മാഴ്കുകയാണയാള്‍ .
വന്ന സന്ദേശമൊക്കെ പരതിയും,
കേട്ട വാര്‍ത്തകളൊക്കെ തികട്ടിയും
ചത്ത നൂലില്‍ കുരുങ്ങുകയാണയാള്‍ ,
ശുഷ്കപത്രമായ് മാറുകയാണയാള്‍ .
പിന്നെഞെട്ടിയുണരുകയാണയാള്‍ ,
പിന്നെയെന്നെ തിരക്കുകയാണയാള്‍ !