Skip to main content

കോക്കനട്ട്റീനി മമ്പലം
reenimambalam@gmail.com

അയാൾ  ഡിന്നറിന്‌ ക്ഷണിച്ചപ്പോൾ അവൾ സമ്മതിച്ചു. സ്വന്തലോകത്തിൽ നിന്ന് അൽപ്പനേരത്തേക്ക് പുറത്ത് കടക്കണമെന്ന് അവൾക്ക് തോന്നിയിരുന്നു. താമസിക്കുന്ന ഹോട്ടലിൽ തന്നെയുള്ള റെസ്റ്റോറന്റ്.  കോൺഫ്രൻസിൽ വെച്ച് പരിചയപ്പെട്ട മലയാളിയോടൊപ്പം  രണ്ടുമണിക്കൂർ ഡിന്നറിന്‌ ചെലവാക്കുന്നു. തന്റെ അടുത്ത  പട്ടണത്തിൽ താമസിക്കുന്ന മലയാളിയായ ജയനെ പരിചയപ്പെട്ടതിലുള്ള സന്തോഷം. വീട്ടിലെ അന്തരീക്ഷം അവളിൽ പിരിമുറുക്കം ഉണ്ടാക്കിയിരുന്നു.

രണ്ടുമൂന്ന് ആഴ്ച മുമ്പ്‌ ഒരുദിവസം ഫാമിലി റൂമിൽ നിന്ന് ഭർത്താവിന്റെ ശബ്ദം ഉയർന്നു കേട്ടു.        

“അവൾക്ക് മറ്റ് പെൺകുട്ടികളോടൊപ്പം സ്കൂൾ ഡാൻസിന്‌ പോയിക്കൂടെ? ഈ യുഗത്തിലും ആൺകുട്ടികളുടെ തുണ വേണമെന്നുണ്ടോ?” സന്ധ്യ ഫാമിലി റൂമിലേക്ക്   എത്തിനോക്കി.

“ഇത് വെറും സ്കൂൾ ഡാൻസ് അല്ല ഡാഡി, ഞങ്ങളുടെ സീനിയർ പ്രോം ആണ്‌. ഒരു ഡേറ്റ് ഇല്ലാതെ പ്രോമിന്‌ പോവുന്നത് നാണക്കേടാ. ബ്രയന്റെ ഡേറ്റാകാമോ എന്നു ചോദിച്ചു. ഇതൊക്കെ അമേരിക്കൻ സംസ്കാരത്തിന്റെ ഭാഗമല്ലേ, ഡാഡിക്കറിയില്ലെ?”

മകൾ കൈകൾ കൂട്ടി തിരുമ്മുന്നതും കണ്ണുകൾ മുകളിലേക്ക് മറിക്കുന്നതും കണ്ടു. ഡാഡിക്ക്  ഇത്രകാലമായിട്ടും  ഇതൊന്നും അറിയില്ലെ എന്നാണ്‌ ആ മുകളിലേക്കുമറിയുന്ന കണ്ണുകളുടെ അർത്ഥം. അടുത്തയിടയായി അവളുടെ കണ്ണുകൾ കൂടെക്കൂടെ മുകളിലേക്ക് മറിയുന്നു.

‘അമ്മെ, ഡാഡിയോട് ഒന്ന് പറയു,  പ്രോമെന്നും ഡേറ്റ് എന്നുമൊക്കെ പറഞ്ഞാൽ കുഴപ്പമില്ലാത്ത സംഗതിയാണന്ന്. പ്രോമിന്‌ പോയാൽ ലോകം അവസാനിക്കാനൊന്നും പോവുന്നില്ല. ഇതൊക്കെ ഹൈസ്കൂൾ ജീവിതത്തിന്റെ ഭാഗമല്ലേ?“

പാവം കുട്ടി, വെളുത്ത സംസ്കാരത്തിൽ ഇരുണ്ടതൊലിക്കുള്ളിൽ  അവൾ ഞെരിയുന്നു. ഈ നാട്ടിൽ പിറന്നുവീണ നിമിഷംതൊട്ട് അവളുടെ മനസ്സ് വെളുത്തതാണ്‌. അവളുടെ ചിന്തകൾക്കും വെളുത്ത നിറം തന്നെ. തന്റെ ഒരു സുഹൃത്ത് പറഞ്ഞതുപോലെ "She is like a coconut. Brown on the outside, white on the inside". ഇതെല്ലാം മനസ്സിലാക്കാൻ വിസമ്മതിക്കുന്ന ഡാഡി.

”നീ വിഷമിക്കാതെ, ഡാഡിയെ ഞാൻ പറഞ്ഞ് മനസ്സിലാക്കാം“ സന്ധ്യ മകളെ കെട്ടിപ്പിടിച്ച് അവളുടെ നെറുകയിൽ ചുംബിച്ചു. അവളുടെ കണ്ണുകൾ നിറഞ്ഞ് തുളുമ്പിയിരുന്നു.

അവൾ പിടിവിടുവിച്ച് കോവണി അമർത്തിച്ചവുട്ടി  സ്വന്തം മുറിയിലേക്ക് ഓടിക്കയറി.

പുതിയ മേച്ചിൽപ്പുറങ്ങൾ തേടിവന്ന കന്നുകാലികളാണ്‌ തങ്ങളെന്ന് സന്ധ്യക്ക് തോന്നി. മകൾ പോയവഴിയെ നിസ്സഹായതയോടെ നോക്കിനിന്നു. പുതിയ മേച്ചിൽപ്പുറം മാത്രം കണ്ട് വളർന്ന കുട്ടികളെ സുരക്ഷിതരായി പഴയ തൊഴുത്തിൽ അടച്ചിടുവാൻ  പലപ്പോഴും ആഗ്രഹിക്കുന്നു, സ്വന്തം ആശ്വാസത്തിനായി മാത്രം.

പ്രോം കഴിഞ്ഞ് ഒരാഴ്ചക്ക് ശേഷം അവൾ പുതിയ നിവേദനവുമായി എത്തി “ ഡാഡി, ബ്രയന്റെകൂടെ ഒരു മൂവിക്ക് പൊക്കോട്ടെ? ഞാൻ തനിയെ അല്ല, ഞങ്ങൾ കൂട്ടുകാർ കുറെപ്പേർ ഉണ്ട്.”

“അയാളുടെ മുഖത്ത് പടർന്ന അസ്വസ്ഥത സന്ധ്യ വായിച്ചെടുത്തു. 

”ഇവൾ എന്ത് ഭാവിച്ചാ?“ ഇത്തവണ അമർത്തിച്ചവുട്ടി കോവണികയറിപ്പോയത് അയാളായിരുന്നു.

”ഡാഡീടെ ഒരു മോൻ ഉണ്ടല്ലൊ, വിവേക്. അവൻ  എന്താണ്‌ ചെയ്യുന്നതെന്ന് ഡാഡിക്ക് വല്ല വിവരവും ഉണ്ടോ? വീട്ടിലേക്ക് വിളിച്ചിട്ട് എത്ര നാളായി? ഞാൻ വീട്ടിൽ താമസിക്കുന്നതുകൊണ്ട് ഡാഡിയുടെ അനുവാദം ചോദിക്കുന്നു. അടുത്ത വർഷം വീട് വിട്ട് കോളെജിൽ എത്തിയാൽ  എന്റെ ഓരോ നീക്കങ്ങളും ഡാഡി അറിയുമോ? “  അവൾ കോവണിപ്പടികളിലേക്ക് നോക്കി വിളിച്ചുപറഞ്ഞു.
   
”ഒന്ന് മനസിലാക്കാൻ ശ്രമിക്കു, ഇവൾ കരയിൽ അകപ്പെട്ട മീനാണ്‌.  കരയിൽ പിടിച്ചിട്ടത് നമ്മൾ തന്നെയല്ലേ? ഒരിക്കൽ ഒരു മൂവിക്ക് പോയതുകൊണ്ട് അവൾ അവനെ കല്ല്യാണം കഴിക്കാൻ ഒന്നും പോവുന്നില്ലല്ലോ. വല്ലപ്പോഴുമൊക്കെ  അവരുടെ ഇഷ്ടങ്ങൾ അനുവദിച്ച് കൊടുത്തില്ലെങ്കിൽ അവർ ഒളിച്ച് പലതും ചെയ്തേക്കും. പലതും നമ്മളോട് പറഞ്ഞില്ലെന്നും വരാം. നഷ്ട്പ്പെടുന്നത് നമുക്കല്ലേ?“ സന്ധ്യ അയാളുടെ പിന്നാലെ മുകളിലേക്ക് ചെന്നു.

അയാൾ അപ്പോൾ മുറ്റത്തുള്ള എവർഗ്രീൻ ചെടിയിൽ കൂട് കൂട്ടുന്ന  കിളിയെ ശ്രദ്ധിക്കയായിരുന്നു. അവളുടെ കൂട്ടുകാരനാവാം അടുത്തുതന്നെ ഒരു ചെടിയിൽ ഇരിക്കുന്നു.

”വിവേക് വിളിച്ചിട്ട് കുറച്ചു ദിവസങ്ങൾ ആയല്ലോ! ഇന്നലെ വീണ്ടും മെസ്സേജ് ഇട്ടിട്ടും തിരികെ വിളിച്ചില്ല.“ അയാൾ മകനെക്കുറിച്ച് പറഞ്ഞു.

മകനെക്കുറിച്ച്  ഭർത്താവിന്‌ നിശ്ചിതമായ ധാരണകളും നിറപ്പകിട്ടുള്ള സ്വപ്നങ്ങളും ഉണ്ട്.  തന്റെ ചെറിയ ലോകത്തിൽ  വന്മതിൽ തീർത്ത്  കുടുംബത്തെ അതിനുള്ളിൽ സൂക്ഷിക്കുവാൻ അയാൾ ആഗ്രഹിക്കുന്നു. താൻ പറയുന്ന പെൺകുട്ടിയെ മകൻ വിവാഹം കഴിക്കുമെന്ന് അയാൾ വിശ്വസിക്കുന്നു. ഭർത്താവ് അതിനെക്കുറിച്ച് സംസാരിച്ചപ്പോഴൊക്കെ അവളുടെ ഉള്ള് പിടഞ്ഞു.

”വിവാഹമെന്നത് മനസ്സുകളുടെ ഇണക്കമാണ്‌. ഇണക്കമുള്ള മനസുകളിൽ പ്രണയം താനെ വിരിയും. വിവേക് അവന്‌ ഇഷടമുള്ള പെൺകുട്ടിയെ വിവാഹം കഴിക്കട്ടെ.“ അവൾ ഇടക്കിടെ അയാളെ ഓർപ്പിച്ചു.

ബന്ധുക്കൾ അലോചിച്ച് നടത്തിയ തങ്ങളുടെ വിവാഹം ഒരു ബന്ധനമാണ്‌. ഒരു ഉണങ്ങിയ മരം. അതിൽ പ്രണയം വിരിയുന്നില്ല. പാട്ടുപാടുന്ന കിളികൾക്കിരിക്കാൻ ചില്ലകൾ പോലും ഇല്ല.

വർഷങ്ങൾ കഴിഞ്ഞിട്ടും അമേരിക്കൻ രീതികളുമായി ഇഴുകിച്ചേരാനാവാത്ത ഭർത്താവിനെയോർത്ത് സന്ധ്യ വ്യാകുലപ്പെട്ടു.  കുട്ടികൾ അയാളിൽ നിന്ന് പലതും മറച്ചുവയ്ക്കുന്നു.

ഓഫീസ് മീറ്റിങ്ങ് കഴിഞ്ഞ് തിരികെ വന്നപ്പോൾ മെസേജ് ഉണ്ടന്ന് സെൽഫോണറിയിച്ചു.

”സന്ധ്യ, ജയനാണ്‌, ഇന്ന് വേറെ പ്ലാനൊന്നും ഇല്ലെങ്കിൽ ലഞ്ചിന്‌ കാണാൻ സാധിക്കുമോ? നിങ്ങളുടെ ഓഫീസിന്‌ അടുത്ത് വരെ വരേണ്ട കാര്യമുണ്ട്. ഒന്ന് തിരികെ വിളിക്കു“.

ഒരു പരിചയം പുതുക്കൽ. അവൾ രണ്ടാമതൊന്ന് ചിന്തിച്ചില്ല. അവൾക്ക് മുമ്പേ അയാൾ എത്തിയിരുന്നു. പണ്ട് കണ്ട ബിസിനസ് ഭാവം മുഖത്തില്ല. പകരം ഒരു സുഹൃത്ത് ഭാവം.

”ഷോർട്ട് നോട്ടീസ് തന്നത് ബുദ്ധിമുട്ടായില്ലല്ലോ! എനിക്കൊരു കൺഫഷൻ ഉണ്ട്, സന്ധ്യ, തന്നെ ഒന്ന് കാണണമെന്ന് തോന്നി.“

അവളുടെ ഉള്ള് പിടഞ്ഞു.

”ജയൻ, നിങ്ങൾ എന്തുകൊണ്ട് ഇതുവരെ വിവാഹം കഴിച്ചില്ല?“ ലഞ്ചിനിടയിൽ  പരിചയം പുതുക്കിയ ബലത്തിൽ അവൾ ചോദിച്ചു.

”ആലോചിച്ച് നടത്തുന്ന വിവാഹത്തിൽ ഞാൻ വിശ്വസിക്കുന്നില്ല. മനസിൽ അൽപ്പം ഭ്രാന്ത് സൂക്ഷിക്കുന്നതുകൊണ്ടാവാം മനസ്സിനിണങ്ങിയ ഒരാളെ ഇതുവരെ കണ്ടുമുട്ടിയില്ല എന്ന് കരുതിക്കോളു.  ഒറ്റയായി ഈ ഭൂമിയിലേക്ക് വന്നു. ഇപ്പോഴും ഒറ്റയായി നടക്കുന്നു.“ ദാ, തലമുടി നരച്ചു, കഷണ്ടിയും കയറിത്തുടങ്ങി. നരച്ചുതുടങ്ങിയ മുടിയിലും വീതിയേറിയ നെറ്റിയിലും തടവി അയാൾ ചിരിച്ചു. 

”ഇനി കാണണമെന്ന് തോന്നുമ്പോൾ ഞാൻ ലഞ്ചിന്‌ വിളിക്കും. അപ്പോൾ വരുമോ?“ ലഞ്ച് കഴിഞ്ഞ് യാത്ര പറയുമ്പോൾ അയാൾ ചോദിച്ചു.

ഉച്ച കഴിഞ്ഞ് ജയൻ അവളെ ഓഫീസിൽ വിളിച്ചു ”നല്ല കുറച്ചു സമയം തന്നതിന്‌ നന്ദി. ഐ ഹാഡ് എ ഗുഡ് റ്റൈം.“ ചെവികളിൽ സംഗീതം മുഴങ്ങിയോ?

തുടർന്നുള്ള ദിവസങ്ങളിൽ  അവൾ തീരവും അയാൾ തിരയുമാണന്ന് അവൾക്ക് തോന്നി. അല്ലെങ്കിൽ അയാൾ അവളുടെ ചിന്തകളുടെ നല്ലൊരു ഭാഗവുമായി തിരികെപ്പോവുന്നതെന്താണ്‌?. അയാളെക്കുറിച്ച് ഭാരമില്ലാത്ത തൂവലുകൾ പോലെ  പറന്നെത്തുന്ന  ചിന്തകൾ അവൾക്ക് ഏകാന്ത സന്തോഷം നൽകുന്നതെന്താണ്‌? ചെറുകുമിളകളായി, പതയായി, നുരയായി അവളിൽ ബാക്കിയാവുന്നതെന്തിനാണ്‌? ആളും തരവും സാഹചര്യവും നോക്കാതെ വന്നുപൊതിയുന്ന നനുത്ത വികാരങ്ങൾ അവളെ ഭയപ്പെടുത്തി. മനസ്സ് കൈവിട്ടുപോകുന്നുവോ? . മനസ്സ് എന്താണ്‌ പക്വതയില്ലാതെ ഇങ്ങനെയൊക്കെ? 

അയാൾ വീണ്ടും വിളിച്ചു. “ ഒരു ഹലോ പറയണമെന്ന് തോന്നി. ഇന്ന് ലഞ്ചിന്‌ കാണുവാൻ സാധിക്കുമോ?”.

“നിങ്ങളുടെ സൗഹൃദത്തിൽ എനിക്ക് സന്തോഷമേയുള്ളു. പക്ഷെ ഞാൻ വരില്ല. എനിക്ക് ചുറ്റും വരമ്പുകൾ ഉണ്ട്, മതിലുകൾ ഉണ്ട്. ഞാൻ പുറത്തേക്കിറങ്ങിയാൽ എന്റെ ഭർത്താവ് അതിനുള്ളിൽ ഒറ്റപ്പെട്ട് പോവും. ഇപ്പോൾ തന്നെ അയാൾക്ക് കുട്ടികളെ നഷ്ടപ്പെട്ടുവോ എന്ന് ഞാൻ ഭയക്കുന്നു.”

“സ്ത്രീ പുരുഷ സൗഹൃദം ഒരു യുദ്ധമല്ല, സന്ധ്യ. തികച്ചും സ്വഭാവികം. ഇത് നിനക്കും അറിയാം. ഞാൻ ഇടക്കിടെ നിന്നെ വിളിക്കും”.

വൈകിട്ട് വീട്ടിലെത്തുമ്പോൾ ഭർത്താവ് സോഫയിൽ ഇരിപ്പുണ്ടായിരുന്നു, അയാളിൽ നിന്ന് ജീവൻ വാർന്നൊലിച്ച് പോയപോലെ.

“വിവേക് വിളിച്ചിരുന്നു” അയാൾ പിറുപിറുത്തു“. അവൻ കൂടെ പഠിച്ചിരുന്ന ഒരു ചൈനീസ് പെൺകുട്ടിയെ റെജിസ്റ്റർ മാരിയേജ് ചെയ്തുവെന്ന്. നിനക്ക് ഇതിനെക്കുറിച്ച് എന്തെങ്കിലും അറിയാമായിരുന്നോ?“

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചുരുങ്ങിയത്‌ 50 വർഷത്തെയെങ്കിലും വിളവ്‌ പ്രതീക്ഷിച്ച്‌ വേണം  ഇനി തെങ്ങുകൾ നടാൻ. കൂടുതൽ ഉത്പാദനം നൽകുന്ന മികച്ച ഗുണമേന്മ തെങ്ങിൻ തൈകൾ മാത്രം തെരഞ്ഞെടുത്ത്‌ നടണം. എങ്കിൽ മാത്രമെ അത്‌ രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ ആദായം നൽകുകയുള്ളു. തെങ്ങുകൾ നേരത്തെ  കായ്ച്ചു തുടങ്ങിയാലെ കർഷകന്‌ അതുകൊണ്ട്‌ സാമ്പത്തിക നേട്ടം ഉണ്ടാവുകയുള്ളു.

വേനൽ മഴ യഥാസമയം എത്തിയതിനാൽ തെങ്ങിൻ തൈ വയ്ക്കാൻ പറ്റിയ സമയമാണിത്‌. ഈ സമയത്ത്‌ ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വാങ്ങി നട്ടാൽ മഴക്കാലത്തോടെ തൈകൾ വേരു പിടിക്കുകയും വെയ്ക്കുന്ന എല്ലാ തൈകളും പിടിച്ചു കിട്ടുകയും ചെയ്യും. തേങ്ങയ്ക്ക്‌ ഒരു കാലത്തും ലഭിക്കാതിരുന്ന ഏറ്റവും ഉയർന്ന വില ലഭിക്കുന്നതിനാൽ തെങ്ങിൻ തൈ വെച്ചുപിടിപ്പിക്കാൻ പൊതുവേ ജനങ്ങൾ താൽപര്യം കാണിക്കുന്ന കാലമാണിത്‌. എന്നാൽ ഏത്‌ ഇനം തൈ വയ്ക്കണം, ഗുണമേ?യുള്ള തൈ എവിടെ കിട്ടും, എത്രയും പെട്ടെന്ന്‌ കായ്ക്കുന്ന തൈ നടണം, ഉയരം കുറഞ്ഞ ഇനമായിരിക്കണം, ഇവതൊക്കെയാണ്‌ തെങ്ങിൻ തൈ നടാനായി ഉദ്ദേശിക്കുമ്പോൾ കർഷകരുടെ മനസ്സിലെ ചിന്തകൾ.  നടുന്ന തൈകൾ തോട്ടത്തിൽ പ്രക…

കാർട്ടൂൺ കവിതകൾ

ജി.ഹരിനീലഗിരി

1) അയ്യപ്പൻ
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.
കാക്കകൊത്തി കടലിലിട്ടീല.
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തീല.
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചീല.
വാണിയപ്പിള്ളേരു വായിലുമിട്ടീല.
അയ്യപ്പൻ തന്നെ നെയ്യപ്പം തിന്നു!
2) നിരൂപഹയൻ
മണ്ഡൂകം കൂപത്തിൽ നിന്നിറങ്ങി.
കൂപത്തിനാശ്വാസമായി.
മണ്ഡൂകത്തിനും.
ഇരുവർക്കുമിവ്വിധമാശ്വാസമാകീടിലും
മണ്ഡൂകം മണ്ഡൂകമല്ലാതായീടുമോ?!
കൂപം കൂപവും?!
സർ?
3) കല്യാണരാമൻ
കല്യാണരാമൻ ജമീലയോടു പറഞ്ഞു;
ആഴ്ചപ്പതിപ്പിലോട്ടു കയറിക്കിടക്കെടീ,
ഞാൻ നിന്നെ ഒന്നു ...........!
4) ഫെമിനിഷം
ഇതെൻ വക്ഷോജങ്ങൾ.
ഇതെൻ യോനി.
ഇതെൻ ജഘനങ്ങൾ.
ഇതെൻ കാർക്കൂന്തൽ.
ഇതെല്ലാ-
മെല്ലാ മെല്ലാ-
മെന്റേതെന്റേതെന്റേതു മാത്രം!
5) 40+
പ്രണയമേ,
എന്റെ വഴികളിൽ
എന്നും നീയുണ്ടായിരുന്നു..
7ലും,
17ലും,
37ലും.
ഇപ്പോൾ
40+ ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിൻകൂടുപോൽ
എന്നുള്ളിലെഫ്ഫെം സംഗീതമായ്‌
പ്രണയമേ,
നീ കിടന്നു
പിട പിടിയ്ക്കുകയാണ്‌...
6)ചുള്ളൻ
വയലാർ കവിയല്ലെന്നു
(പണ്ടൊരിക്കൽ)
ഗുണ്ടൊരെണ്ണം പൊട്ടിച്ചൂ.
ചുള്ളിയും കാടുമെല്ലാം പോയ്‌
ഗൗതമസുധാംശുവായ്ത്തീർന്നു! 7) A.M എന്റെ റേഡിയോ.
പൊന്നു റേഡിയോ.
എന്റെ കൗമാരദിനങ്ങളെ
പാടിയുണർ…

ജൈവവളം മാത്രം പോരേ?

ആർ. ജ്ഞാനദേവൻ
അസി. ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌

കഴിഞ്ഞ 28 വർഷമായി ഈ ലേഖകൻ പങ്കെടുത്ത കാർഷിക സെമിനാറുകളിൽ കേരകർഷകർ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്‌ തെങ്ങിന്‌ ജൈവവളം മാത്രം ചേർത്താൽ പോരെയെന്ന്‌. തെങ്ങിന്‌ വളം ചെയ്യുമ്പോൾ നാം ആദ്യം ഓർക്കേണ്ടത്‌ ജൈവവളപ്രയോഗം തന്നെയെന്നതിൽ സംശയമില്ല. കാരണം ഇന്ന്‌ നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തടങ്ങളിലും വർഷം തോറും വേണ്ടത്ര ജൈവവളം ചേർത്ത്‌ കൊടുക്കാത്തതിനാൽ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര ജൈവാംശം ചേർത്ത്‌ തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്‌ നാം ആദ്യം ചെയ്യേണ്ടത്‌. രാസവളം ശുപാർശ ചെയ്ത അളവിൽ നൽകിയാലും തെങ്ങിൻ തടത്തിൽ വേണ്ടത്ര ജൈവാംശം ഇല്ലെങ്കിൽ അതുകൊണ്ടുള്ള ഗുണം തെങ്ങിന്‌ ലഭിക്കില്ല എന്നതാണ്‌ വാസ്തവം. ഉദാഹരണമായി യൂറിയ എന്ന രാസവളം തെങ്ങിൻ തടത്തിൽ വിതറിയാൽ തടത്തിലെ മണ്ണിൽ ജൈവാംശം ഉണ്ടെങ്കിൽ മാത്രമേ ഈ വളത്തിലെ പോഷകങ്ങൾ തെങ്ങിന്‌ വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതായത്‌ ഈ വളത്തിൽ അടങ്ങിയിരിക്കുന്ന പാക്യജനകത്തെ വലിച്ചെടുക്കാൻ പാകത്തിലാക്കുന്ന രാസപ്രവർത്തനത്തെ സഹായിക്കുന്ന ചില എൻസൈമുകൾ പുറപ്പെടുവിക്ക…