ഒരു കൊച്ചു ബ്രൂട്ടസിന്റെ കഥ!

കുഞ്ഞുമോൻ


വണ്ടി ഇരച്ചും തുമിച്ചും കയറ്റം കയറുന്നു, ഹൈറെയ്ഞ്ച് പാതയിലെ ഹെയര്‍പിന്‍ ബെന്റുകള്‍ കടന്ന് ആ ടൂറിസ്റ്റ് ബസ്, ഊട്ടിയെ ലക്ഷ്യമാക്കി പോകുന്നു. നനുത്ത കോടമഞ്ഞ് വണ്ടിയുടെ ജനാലചില്ലില്‍ ഒരുക്കുന്ന വേര്‍പ്പുകണങ്ങളുടെ ചാലുകള്‍ നോക്കിയിരുന്ന അവന്റെ ചുമലില്‍ കൈ വച്ച് കൊണ്ട് അവള്‍ പറഞ്ഞു…. ‘എനിക്കിന്നു വരെ നിന്നെപ്പോലൊരു കൂട്ടുകാരന്‍ ഉണ്ടായിട്ടില്ല…’ അവന്‍ അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് മെല്ലെ അവളുടെ കൈയ്യിലൊന്നു കൈവച്ചു, എന്നിട്ട് വീണ്ടും ജനാലച്ചില്ലിലെ വേര്‍പ്പുകണങ്ങളുടെ കുസൃതിയില്‍ മുഴുകി. അവള്‍ അവന്റെ ചുമലിലേക്ക് തല ചായ്ച്ച് കണ്ണുകളടച്ചു.
എല്ലാവരും ടൂറിന്റെ ആലസ്യത്തിലാണ്. ആടിയും തിമിര്‍ത്തും രണ്ട് ദിനങ്ങള്‍ പിന്നിട്ടതിന്റെ ആലസ്യം അവനും വേണ്ടുവോളം ഉണ്ട്. പക്ഷേ മനസ്സ്, കനമുള്ള വടം കൊണ്ട് ബന്ധിച്ച പോരുകാളയെപ്പോലെ അസ്വസ്ഥമാണ്. എല്ലാം നന്നായി പൊയ്‌ക്കൊണ്ടിരുന്ന തന്റെ കോളേജ് ജീവിത്തിലെ ആനന്ദത്തില്‍ പെട്ടെന്ന് ഈ ദിവസം എന്താണ് സംഭവിച്ചത്? അവന്റെ മനസ്സ് യ്യാത്ര ചെയ്യുകയാണ്, ഒരുപാട് പിന്നിലെക്കൊന്നുമല്ല, രണ്ട് ദിവസം മുമ്പ് ടൂറ് പുറപ്പെട്ടതു മുതല്‍ കുറച്ച് നാള്‍ പിന്നിലേക്ക്.
ഓര്‍മ്മകള്‍ക്ക് എത്തിപിടിയ്ക്കാന്‍ കഴിഞ്ഞ ആദ്യ കോളേജ് ദിനം മുതല്‍ ഈ കൂട്ടത്തിലെ ഒരാള്‍ തന്നെയായിരുന്നു താനും. ഇന്നലെ വരേയും അത് അങ്ങനെ തന്നെയായിരുന്നു! മാറ്റങ്ങള്‍ തുടങ്ങിയതു അവളില്‍ നിന്നാണ്. ആണുങ്ങള്‍ മാത്രം പഠിക്കുന്ന പ്രഫഷണല്‍ കോഴ്‌സിലേക്ക് വഴി തെറ്റി വന്ന അഞ്ചു പെണ്‍കുട്ടികളില്‍ കൂടുതല്‍ കാണാന്‍ കൊള്ളാവുന്ന ഒരു പെണ്ണ് എന്ന രീതിയില്‍ ആണു ആദ്യം അവളെ കാണുന്നത്. ഏറ്റവും അടുത്ത സുഹൃത്തിന്റെ പ്രണയാഭ്യര്‍ത്ഥനയുമായി അവളെ സമീപിക്കുമ്പോഴും ആ ചിന്തയില്‍ മാറ്റങ്ങളൊന്നും ഇല്ലായിരുന്നു. നിരാശ മാത്രം സുഹൃത്തിനു സമ്മാനിച്ച വീണ്ടും വീണ്ടുമുള്ള പ്രണയാഭ്യര്‍ത്ഥനകള്‍ പക്ഷേ, അവനേയും അവളേയും തമ്മില്‍ കൂടുതല്‍ അടുപ്പിച്ചു! സൌഹൃദം എന്നത് ഉണ്ടാക്കുന്നതല്ല ഉണ്ടാകുന്നതാണെന്ന് അവന്‍ പഠിച്ചു. സീമാധീനമായ ആണ്‍പെണ്‍ സൌഹൃദങ്ങള്‍ക്ക് നേരെ അവര്‍ കൊഞ്ഞനം കുത്തി!
പക്ഷേ അവനറിയുന്നുണ്ടായിരുന്നില്ല, അവന്‍ ഒരു കാല്പനിക ദുരന്ത പ്രണയകഥയിലെ വില്ലന്‍ ആവുകയാണെന്ന്! അതിന്റെ ക്ലൈമാക്‌സില്‍, ‘ഒരേ വേവ് ലെംഗ്തില്‍ ചിന്തിക്കുന്ന’ ഏറ്റവും അടുത്ത കൂട്ടുകാരന്‍ പോലും തനിക്കെതിരെ പൊട്ടിത്തെറിക്കുമെന്നും അവന്‍ സ്വപ്‌നേപി കരുതിയില്ല! റോമിയോ ജൂലിയറ്റ് കഥയിലേക്ക് ബ്രൂട്ടസ് കടന്നു വന്നതു പോലെയായിരുന്നു സുഹൃത്തിന്റെ മുന്നില്‍ അവന്‍ നിന്നിരുന്നത്. റോമിയോയുടെ ഹൃദയത്തിലേക്ക് മൂര്‍ച്ചയേറിയ കഠാര കുത്തിയിറക്കിയിട്ട് ജൂലിയറ്റുമായ് യവനികയില്‍ നൃത്തം ചെയ്യുന്ന ബ്രൂട്ടസ്!! ചോര വാര്‍ന്നൊലിക്കുന്ന ഹൃദയവുമായ് റോമിയോ പിടയ്ക്കുന്നു… കാണികള്‍ക്ക് മുന്നില്‍ ബ്രൂട്ടസ് വില്ലനാകാന്‍ ഇതില്പരം എന്തു വേണം??
ബ്രൂട്ടസിന്റെ മനസ്സും വികാരങ്ങളും കച്ചവട മൂല്യമില്ലാത്ത ചരക്കുകളാണ്!! റോമിയോയുടെ വേദനയ്ക്ക് നല്ല മാര്‍ക്കറ്റ് വാല്യൂ ആണ്, കാണികള്‍ക്ക് അതിനോടാണ് പ്രിയം കൂടുതല്‍. വേദനയില്‍ പുളയുന്ന റോമിയോക്ക് മുന്നില്‍ സഹതാപത്തിന്റെ കെട്ടുകളുമായി കാണികള്‍ ഓരോരുത്തരായി എത്തി. അവന്റെ മുറിവിലേക്ക് അവര്‍ സഹതാപതിന്റെ നീര് പിഴിഞ്ഞൊഴിച്ചു. അതിന്റെ നീറ്റല്‍ മരിക്കുവാന്‍ തുടങ്ങുകയായിരുന്ന അവന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി പുതുജീവന്‍ നല്‍കുന്നു, വീണ്ടെടുത്ത വീര്യവുമായ് അവന്‍ ബ്രൂട്ടസിന്റെ കഴുത്തിനെ ലാക്കാക്കി ഖഢ്ഗം പായിക്കുന്നു……ശുഭപര്യവസാനം!

യവനികയിലായാലും, ജീവിതത്തിലായാലും അവന്റെ കഥാപാത്രം വില്ലന്‍ തന്നെയാണ്. അവന്റെ ദു:ഖം ഹാസ്യമായാണ് അരങ്ങിലെത്തുക! അവന്റെ സെന്റിമെന്റ്‌സ് സദസ്സില്‍ ചിരി പടര്‍ത്തും. അതു തന്നെയാണ് ഇന്ന് സംഭവിച്ചത്. പിടിച്ചു നിര്‍ത്താന്‍ ഒരുപാട് ശ്രമിച്ചെങ്കിലും, കണ്‍പോളകള്‍ നിറഞ്ഞ് കവിഞ്ഞപ്പോള്‍ കൈത്തണ്ടയില്‍ വീണു പൊട്ടിയ ആ അശ്രുകണത്തെ നോക്കി ചിരിച്ച കൂട്ടുകാര്‍ക്ക് മുന്നില്‍ ഭൂമി പിളര്‍ന്നു താഴേക്ക് പോയിരുന്നെങ്കില്‍ എന്ന് ഒരു നിമിഷം അവന്‍ കൊതിച്ചു! ടൂറിനിടയില്‍ ഉളുക്കിയ കാലുമായ് വേച്ച് നടന്ന അവളെ വണ്ടിക്കുള്ളില്‍ ഇരിക്കാന്‍ കല്‍പ്പിച്ച് എല്ലാവരും ത്രിവേണി സംഗമം കാണാന്‍ പോയപ്പോള്‍ നിരാശയോടെയിരുന്ന അവളുടെ നേര്‍ക്ക് അവന്‍ കൈനീട്ടിയത്, അതൊരു കൊടിയ പാതകമായി മാറും എന്നറിയാതെയാണ്! അവളുടെ കൈ പിടിച്ച് അവന്‍ നടന്ന വീഥികളില്‍ അവര്‍ക്കു പിന്നില്‍ കത്തുന്ന കണ്ണുകളുമായി ആ കാമുകന്‍ നടന്നത് അവന്‍ കണ്ടില്ല! ഒടുവില്‍ ത്രിവേണി സംഗമത്തിന്റെ കല്‍പ്പടവുകളില്‍ ഇരുന്ന അവരെ കടന്നു പോയ ആ കാമുകനെ ഒപ്പമിരിക്കാന്‍ ക്ഷണിച്ചപ്പോള്‍, എന്തിനും, ഏതിനും എപ്പോഴും കൂടെയുണ്ടായിരുന്ന ആ കൂട്ടുകാരന്‍ അതുവരെ അവന്റെ ഉള്ളിലൊളിപ്പിച്ച അമര്‍ഷത്തിന്റെ അണ തുറന്നു വിട്ടു. ആര്‍ത്തലച്ചു വന്ന ആ ശകാരവര്‍ഷത്തിനു കേള്‍വിക്കാര്‍ കൂടി. തന്നെ ബാധിക്കുന്നതൊന്നും ഇവിടെ നടക്കുന്നില്ല എന്ന ഭാവത്തില്‍ അവര്‍ മറ്റെങ്ങോ നോക്കിയിരിക്കാന്‍ ശ്രമിച്ചു. തന്റെയുള്ളിലെ അമര്‍ഷത്തിന്റെ തിരയിളക്കം അല്പമൊന്ന് ശമിച്ചപ്പോള്‍ കൈയ്യിലിരുന്ന ക്രിസ്റ്റല്‍ പാവ തറയിലേക്കെറിഞ്ഞ് പൊട്ടിച്ച് ആ കൂട്ടുകാരന്‍ നടന്നകന്നു. കേള്‍വിക്കാര്‍ അവനു പിന്നാലെയും! അപ്പോള്‍ മുതല്‍ അടക്കി വച്ച മനസ്സിന്റെ വിങ്ങലാണ് ഒരു ബാഷ്പബിന്ദുവായ് ഉതിര്‍ന്ന് വീണ് അവനെ പരിഹാസ്യനാക്കിയത്!
‘എല്ലാവരും ഇറങ്ങിക്കോ’ എന്ന െ്രെഡവറിന്റെ ഉറക്കെയുള്ള വിളി കേട്ടാണ് അവന്‍ ചിന്തയില്‍ നിന്നുണര്‍ന്നത്. ഊട്ടിയിലെ ഒരു ഹോട്ടലില്‍ താമസം റെഡിയാക്കിയതിന് ശേഷമുള്ള അഹ്വാനമായിരുന്നു അത്. വണ്ടി നിര്‍ത്തിയിട്ടിട്ട് കുറച്ച് നേരമായി എന്നവന്‍ ഊഹിച്ചു, ‘താനുറങ്ങുകയായിരുന്നില്ലല്ലോ….? എന്തോ അറിയില്ല’ ബസ്സിനുള്ളില്‍ ബാഗുകള്‍ വലിച്ചെടുക്കുന്നതിന്റേയും മറ്റും ബഹളങ്ങള്‍ തുടങ്ങി. എല്ലാവരും ക്ഷീണിച്ചവശരാണ്, ഒന്നുറങ്ങിയാല്‍ മതി എന്ന ഭാവത്തില്‍ എല്ലാവരും മുറികളെ ലക്ഷ്യമാക്കി ഉറക്കച്ചടവില്‍ നടക്കുന്നു. അവളും മറ്റു പെണ്‍കുട്ടികളോടൊപ്പം പൊയ്ക്കഴിഞ്ഞിരുന്നു. അവന്‍ ഡോര്‍മെട്രിയുടെ വാതില്‍ക്കല്‍ എത്തിയപ്പോള്‍ അവളവിടെ കാത്തുനിക്കുന്നുണ്ടായിരുന്നു. അതു കണ്ട് കുസൃതിച്ചിരികളുമായി മറ്റുള്ളവര്‍ ഡോര്‍മെട്രിയിലേക്ക് കയറി. അവര്‍ മാത്രമായപ്പോള്‍ അവള്‍ അവനോട് പറഞ്ഞു, ‘എനിക്കറിയാം നീ നിന്റെ കൂട്ടുകാരുടെ ഇടയില്‍ എത്രത്തോളം ഒറ്റപ്പെടുന്നെന്ന്…’ ഒന്നു നിര്‍ത്തി, കുറച്ച് നേരം മറ്റെങ്‌നോ നോക്കി നിന്നതിനു ശേഷം അവള്‍ തുടര്‍ന്നു, ‘ഈ സമൂഹത്തിനു മുന്നില്‍ നമുക്ക് അടുത്തിടപഴകണമെങ്കില്‍ ഒന്നുകില്‍ നമ്മള്‍ പ്രണയിക്കണം അല്ലെങ്കില്‍…….ഒരു വയറ്റില്‍ പിറക്കണം.’ അവന്‍ മുഖത്തൊരു കൃത്രിമച്ചിരി വരുത്തി, എന്നിട്ട് വാച്ചില്‍ നോക്കി ഒരു തമാശ പോലെ പറഞ്ഞു, ‘ഉറങ്ങാന്‍ നേരം തെറ്റി അല്ലേ, പിച്ചും പേയും പറയാതെ നീ പോയി ഉറങ്ങാന്‍ നോക്ക്.’ അവള്‍ക്ക് ചിരി വന്നില്ല, ബാഡ് ജോക്ക് എന്നറിയിക്കാന്‍ അവള്‍ വിരലുകള്‍ കൊണ്ട് ‘V’ എന്നു കാണിച്ചിട്ട് അവളുടെ മുറിയിലേക്ക് പോയി.
ചിരിച്ച് കൊണ്ട് യാത്ര പറയുമ്പോഴും അവന്റെ മനസ്സ് കലുഷിതമായിരുന്നു. കമ്മിറ്റ് ചെയ്യാനാകാത്ത പ്രണയജോഡികളുടെ അഭയസ്ഥാനം ആണ് ‘ഫ്രണ്ട്ഷിപ്പും’, ‘സാഹോദര്യവും’ എന്ന് അവനും വിശ്വസിച്ചിരുന്നു, പക്ഷേ, വയറോ, പൊക്കിള്‍കൊടിയോ, രക്തമോ, വര്‍ണ്ണമോ ഒന്നും സൌഹൃദത്തിനും, സഹോദര്യത്തിനും മാനദണ്ഡങ്ങളല്ല, അതിനെല്ലാമപ്പുറമുള്ള എന്തോ ഒന്ന്… പേരറിയാത്ത എന്തോ ഒന്ന്, അതാണ് അതിനെല്ലാമാധാരം എന്നിപ്പോളവന്‍ മനസ്സിലാക്കുന്നു.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?