23 Oct 2012

നീ വെറുതെ കളഞ്ഞതായിരുന്നു നിനക്ക് സ്വന്തമായിരുന്നത് *

എൻ.ബി.സുരേഷ്










ന്യൂസ് പേപ്പർ ബോയ് അമ്പതാം വാർഷിക വേള. വലത്ത് ഇരിക്കുന്നത് കോമളം.

ഞാൻ അതിവിടെ അവസാനിപ്പിച്ചു.നമ്മുടേതായ ലോകം
ജനലിലൂടെ നോക്കിനിൽക്കാൻ വേണ്ടി.(പാബ്ലോ നെരൂദ)


സിനിമ വന്നു കൈനീട്ടി നിന്നപ്പോൾ ഒന്നുമോർക്കാതെയല്ല,ഒരുപാട് എതിർപ്പുകൾ നേരിട്ടാണ് ഇറങ്ങിപ്പുറപ്പെട്ടത്. പക്ഷേ കൂടുതൽ ശക്തമായ ഭീഷണിയായി ജീവിതം പിന്നിൽ നിന്നു തിരികെ വിളിച്ചപ്പോൾ മടങ്ങിപ്പോന്നു. ഒടുവിൽ എനിക്ക് രണ്ടും നഷ്ടമായി,ജീവിതവും സിനിമയും.നെയ്യാറ്റിൻ‌കര കോമളം തന്റെ ജീവിതത്തിന്റെ തെരഞ്ഞെടുപ്പുകളെ വ്യാ‍ഖ്യാനിക്കുന്നത് ഇങ്ങനെയാണ്.


നമ്മുടെ ഓർമ്മകൾ മറന്നുപോയ ഒരുകാലത്തിൽ, നമുക്ക് വേണ്ടാത്ത രൂപത്തിൽ, കിനാവുകൾ കത്തിയെരിഞ്ഞ ചാരക്കൂമ്പാരത്തിനരുകിൽ അവർ ഇപ്പോഴും ഇരിക്കുന്നുണ്ട്.
എന്റെ മിഥ്യ തെരഞ്ഞെടുത്തത്
ഞാൻ തന്നെയാണ്.
തണുത്തുറഞ്ഞ ഉപ്പിൽനിന്ന്
ഞാനതിന്റെ രൂപം നിർമ്മിച്ചു.
പെരുമഴയ്ക്കനുസരിച്ചായിരുന്നു
എന്റെ കാലങ്ങൾ.
എങ്കിലും എനിക്കിപ്പോഴും ജീവനുണ്ട്.
ജീവിക്കുകയല്ലാതെ എനിക്ക് മറ്റു തരമില്ല.
പാബ്ലോ നെരൂദയുടെ ഈ വരികൾ നെയ്യാറ്റിൻ‌കര കോമളത്തെ സംബന്ധിച്ചിടത്തോളം നൂറുശതമാനം ശരിയാണ്.

ആഘോഷങ്ങളുടെ രാപകലുകളിലൂടെ ഒന്നു തിരിഞ്ഞുപോലും നോക്കാതെ പായുന്ന മലയാളികൾക്ക് ഏത് ലേബലിലാണ് കോമളത്തെ പരിചയപ്പെടുത്തേണ്ടത്? എന്നാശങ്കപ്പെടുമ്പോഴും മനസ്സു പറയുന്നു. അതുവേണം.

1950ൽ പുറത്തിറങ്ങിയ വനമാല എന്ന സിനിമയിലഭിനയിച്ചുകൊണ്ട് 60വർഷം മുൻ‌പ് മലയാള സിനിമയിലെത്തിയ അഭിനേത്രി.(അന്നവർ കൌമാരക്കാരി ആയിരുന്നു.) മലയാളത്തിലെ ആദ്യ നവറിയലിസ്റ്റ് സിനിമയായ ന്യൂസ്പേപ്പർ ബോയിയിലെ നായിക. നിത്യഹരിതനായകനായിരുന്ന പ്രേം നസീറിന്റെ ആദ്യനായിക. പിന്നെ മലയാളികളുടെ പാരമ്പര്യസ്വഭാവമായ യാഥാസ്ഥിതികത്വം എന്ന ദുർഗുണം വിലക്കു കല്പിച്ച കലാകാരി. നെയ്യാറ്റിൻ‌കര കോമളത്തെ കുറിച്ച് പറയുമ്പോൾ ഇതിലേതാണ് ഓർക്കാൻ താല്പര്യം? ഒന്നുമുണ്ടാവില്ല.(മലയാളത്തിലെ ആദ്യനായിക പി.കെ.റോസിയെ കല്ലെറിഞ്ഞ് നാടുകടത്തിയ മഹാപ്രതിഭകളാണ് മലയാളികൾ. ഇപ്പോഴോ പെൺ‌മക്കളെ എങ്ങനെയൊന്നു സിനിമയിൽ കയറ്റിവിടാം എന്ന് കുടുംബത്തിൽ പിറന്നവർ തലപുകയ്ക്കുന്നു.)


ന്യൂസ്പേപ്പർ ബോയിയുടെ അമ്പതാം വാർഷികം
കോമളം ഒന്നും മറക്കുന്നില്ല. മാത്രമല്ല ജീവിതമെന്ന പുഴ തന്നെ മോഹിപ്പിച്ചുകൊണ്ട് തന്റെ മുന്നിലൂടെ ഒഴുകിയകലുന്നത് നോക്കിനോക്കിയിരുന്ന് അവർക്കേറെ വയസ്സായി.അവർ സിനിമയിലെത്തിയതിന്റെ അറുപതാം വാർഷികം ആഘോഷിക്കാൻ ‘നിങ്ങളില്ലാതെ എനിക്കെന്താഘോഷം‘ എന്ന് മയക്കുന്ന ചിരിയുമായി ചോദിച്ചുകൊണ്ട് ആരും അവരുടെ പടി കടന്നെത്തുന്നില്ല. അതെ അവർ വെറുതെ കളഞ്ഞതായിരുന്നു അവർക്ക് സ്വന്തമായിരുന്നത്.

ന്യൂസ്പേപ്പർ ബോയിയുടെ അമ്പതാം വാർഷികം ആഘോഷിച്ചപ്പോൾ പോലും കോമളം വേണ്ടവിധത്തിൽ ആദരിക്കപ്പെട്ടോ? സംശയമാണ്. ഇരുപത്തിയൊന്നാം വയസ്സിൽ അഭിനയത്തോട് വിടപറഞ്ഞ് സെല്ലുലോയ്ഡിന്റെ പ്രഭാപൂരത്തിൽനിന്നും പിൻ‌വാങ്ങിയ കോമളം എന്ന സാധാരണ സ്ത്രീയെ ആരോർക്കാൻ. “ ന്യൂസ്പേപ്പർ ബോയ് പ്രദർശിപ്പിച്ചിട്ട് 55വർഷമാകുന്നു. ആ ചിത്രത്തിലഭിനയിച്ച ഞാൻ അഭിനയജീവിതത്തോട് വിടപറഞ്ഞിട്ടും അത്രയും വർഷമാകുന്നു.” നിരാശയോടെ, ഗൃഹതുരത്വത്തോടെ കോമളം ഓർമ്മിക്കുന്നു.

നെയ്യാറ്റിൻ‌കര മരുതൂർ കോവിച്ചൻ‌വിള രവിമന്ദിരത്തിൽ പങ്കജാക്ഷൻ‌മേനോന്റെയും കുഞ്ഞിയമ്മയുടെയും ഏഴുമക്കളിൽ അഞ്ചാമത്തെ ആളാണ് കോമളാമേനോൻ. അച്ഛൻ പൊതുമരാമത്ത് ഉദ്യോഗസ്ഥനും അമ്മ അദ്ധ്യാപികയുമായിരുന്നു. സിനിമ കോമളാ മേനോന്റെ വിദൂരസ്വപ്നങ്ങളിൽ പോലുമുണ്ടായിരുന്നില്ല . നെയ്യാറ്റിൻ‌കര സെന്റ് തെരേസാസ് ഇംഗ്ലീഷ് കോൺ‌വെന്റ് സ്കൂളിൽ നിന്ന് പത്താംതരം കഴിഞ്ഞു നിൽക്കുമ്പോൾ പതിനാറാം വയസ്സിലാണ് സിനിമയിലേക്ക് വരുന്നത്. തനിക്കിഷ്ടമുള്ള ഭൂതകാലത്തിലേക്ക് അവർ പോകുന്നു.

തീയറ്റർ മാനേജരായിരുന്നു സഹോദരിയുടെ ഭർത്താവ്. അദ്ദേഹമാണ് അഭിനയിക്കാൻ പ്രേരിപ്പിച്ചത്. പക്ഷേ ചീത്തപ്പേരിന്റെ പേരും പറഞ്ഞ് യാഥാസ്ഥിതിക ബന്ധുക്കൾ എതിർത്തു. ഒരുവശത്ത് സിനിമയെന്ന പ്രലോഭനം. മറുവശത്ത് വാളെടുത്ത് അങ്കക്കലി പൂണ്ട് നിൽക്കുന്നവർ. അച്ഛൻ കോമളത്തിന് അഞ്ചു വയസ്സായപ്പോഴേ മരിച്ചു. അമ്മാവന്മാരുടെ സംരക്ഷണയിൽ കഴിയുന്ന ഒരു പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം കീഴടങ്ങിപ്പോകുന്ന ഒരു സന്ദർഭമായിരുന്നു അത്.(ഇന്നും നട്ടെല്ലു നിവർത്തി ഒരു സ്ത്രീ നിന്നാൽ അന്തസ്സും ആഭിജാത്യവും കടപുഴകിവീഴും എന്നു കരുതുന്ന ആളുകളാണ് മലയാളികൾ. അപ്പോൾ 50വർഷം മുൻ‌പുള്ള അവസ്ഥ പറയണോ.)

പക്ഷേ ഒടുവിൽ എല്ലാ എതിർപ്പുകളെയും അവഗണിച്ച് ഇറങ്ങിപ്പുറപ്പെടാൻ കോമളം തീരുമാനിച്ചു. ബന്ധുക്കൾ ഉയർത്തിയ സന്ദിഗ്ദ്ധാവസ്ഥയിൽ നല്ലതങ്കയിൽ നായികയാവനുള്ള അവസരം അതിനിടയിൽ കോമളത്തിനു നഷ്ടമായിരുന്നു. ഉദയാ സ്റ്റുഡിയോയിൽ പോയി സ്റ്റിൽ‌സ് വരെ എടുക്കുകയുണ്ടായി.

ഒടുവിൽ കോമളാമേനോൻ നെയ്യാറ്റിൻ‌കര കോമളമായി. ആദ്യചിത്രം വനമാല. പി.എ.തോമസ് ആയിരുന്നു സംവിധായകൻ. ചിത്രം ഹിറ്റായില്ല. പക്ഷേ കോമളത്തിന്റെ കഥാപാത്രം മാല ശ്രദ്ധിക്കപ്പെട്ടു. ഒരു ജമീന്ദാരുടെ കുടുംബത്തിൽ ദു:ഖങ്ങളെ താലോലിച്ച് ജീവിതം കഴിച്ചുകൂ‍ട്ടുന്ന ഒരു പെണ്ണായിരുന്നു അതിലെ നായിക. “നിർഭാഗ്യവശാൽ എന്റെ ജീവിതവും പിന്നീട് ആ കഥാപാത്രത്തിന്റേതുപോലെയായി.” കണ്ണീരിന്റെ ഉപ്പുചേർത്ത് കോമളം പറയുന്നു.

ജോസഫ് തളിയത്ത് ജൂനിയർ സംവിധാനം ചെയ്ത ആത്മശാന്തിയാണ് പിന്നീട് കോമളം അഭിനയിച്ച സിനിമ. വഞ്ചിയൂർ മാധവൻ നായരും മിസ് നായകനും നായികയും.നായികയുടെ അനുജത്തി ശാരദയുടെ വേഷമായിരുന്നു കോമളത്തിന്. എൻ.പി.ചെല്ലപ്പൻ നായരുടെ ശശികല എന്ന കഥയെ ആസ്പദമാക്കി തമിഴിലും ത്മശാന്തി നിർമ്മിച്ചത്. ചിത്രം നന്നായി ഓടി. കോമളത്തിന് സിനിമയിൽ തിരക്കേറി. ആത്മശാന്തിയെത്തുടർന്നാണ് കോമളം നസീറിന്റെ ആദ്യനായികയാകുന്നത്.
മരുമകൾ എന്നാണ് സിനിമയുടെ പേര്. സേലത്തുവച്ചാണ് ഷൂട്ടിംഗ്. പൊടിമീശയൊക്കെ വച്ച് നിറഞ്ഞ ചിരിയുമായി സെറ്റിലെത്തിയ അബ്ദുൾ ഖാദറിനെ കോമളം ഓർക്കുന്നു.(പിന്നീടാണ് അബ്ദുൾ ഖാദർ പ്രേം നസീർ ആകുന്നത്) അന്ന് നസീർ 21വയസ്സുകാരനും ഒന്നര വയസ്സുള്ള കുട്ടിയുടെ അച്ഛനുമായിരുന്നു. അന്ന് കോമളത്തിന് 16വയസ്സ് ആയിരുന്നു.

“ആ ഷൂട്ടിംഗ് കാലം മറക്കാനാവില്ല. ജീ‍വിതത്തിലെ പ്രകാശമുള്ള ഏടുകളാണത്. നസീർ സെറ്റിൽ അധികം സംസാരിക്കില്ല. എന്തെങ്കിലും ആരെങ്കിലും ചോദിച്ചാൽ മറുപടി പറയും. പക്ഷേ എല്ലാവരോടും അളവറ്റ സ്നേഹം.”

മരുമകൾക്ക് ശേഷം എഫ്.നാഗൂർ തമിഴിലും തെലുങ്കിലും മലയാളത്തിലുമായി ഒരുക്കിയ സന്ദേഹത്തിൽ കോമളം നായികയായി. ആ ചിത്രത്തിൽ എം.ജി.ആറിന്റെ സഹോദരൻ എം.ജി.ചക്രപാണിയായിരുന്നു കോമളത്തിന്റെ നായകൻ. അതിനെ തുടർന്നാണ്
ഒരുകൂട്ടം കോളേജ് വിദ്യാർത്ഥികളുടെ പരീക്ഷണസംരംഭമായിരുന്ന ന്യൂസ് പേപ്പർ ബോയ് എന്ന ചിത്രത്തിലേക്ക് ക്ഷണം ലഭിക്കുന്നത്. അതിൽ കല്യാണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. നാഗവള്ളി അർ.എസ്.കുറുപ്പാണ് അച്ഛനായി അഭിനയിച്ചത്.പി.രാംദാസായിരുന്നു സംവിധായകൻ. സ്വന്തം ജീവിതസാഹചര്യങ്ങളുടെ ഛായ ആ കഥാപാത്രത്തിനുണ്ടായിരുന്നു


ചിത്രത്തോടെ വീട്ടുകാരുടെയും ബന്ധുക്കളുടെയും എതിർപ്പ് സഹിക്കവയ്യാതായി.എത്ര കാലമാണ് ഒരു ചെറിയ പെൺകുട്ടി ഒരുകൂട്ടത്തോട് ചെറുത്തുനിൽക്കുക? “എന്റെ യൌവനവും നല്ലകാലവും തെളിഞ്ഞു നിന്ന സമയത്ത് എനിക്ക് സിനിമയിൽ നിന്ന് എന്നെന്നേയ്ക്കുമായി വിടപറയേണ്ടിവന്നു.എന്റെ ഇരുപത്തിയൊന്നാം വയസ്സിൽ.”ഉള്ളിലെ തേങ്ങലിന്റെ താളമുണ്ട് കോമളതിന്റെ വാക്കുകളിൽ. സമൂഹം ഒരു വേട്ടക്കാരന്റെ രൂപഭാവങ്ങളോടെ എന്നും സ്ത്രീക്കുനേരേ മാത്രം അസഹിഷ്ണുത കാണിക്കുന്നതിന്റെ എല്ലാക്കാലത്തെയും ഉദാഹരണങ്ങളിൽ ഒന്നാണിത്.(എഴുത്തുകാരി രാജലക്ഷ്മിയുടെ ആത്മഹത്യയ്ക്ക് പിന്നിലും സമൂഹത്തിന്റെ ഇത്തരം വേട്ടയാടലിന്റെ ചരിത്രമുണ്ടല്ലോ) യു.പി.സ്കൂളിൽ പഠിക്കുമ്പോൾ സൂപ്പർസ്റ്റാറിന്റെ നായികയായി അരങ്ങേറ്റം കുറിച്ച് സിനിമയിൽ നിന്നും പണവും പ്രശസ്തിയും നേടി ആചാരവെടിക്കെട്ടോടെ വിവാഹം നടത്തി ആഘോഷമായി സിനിമയിൽ നിന്ന് പിൻ‌വാങ്ങുന്ന നായികമാരുടെ കലാകേളി നാം ഇപ്പോൾ കാണുന്നുണ്ടല്ലോ.


കോമളത്തിന് പക്ഷേ സിനിമ ഒന്നും നൽകിയില്ല. മാത്രമല്ല സിനിമയിൽ നിന്നും ജീവിതത്തിലേക്ക് അവരെ വലിച്ചിറക്കിക്കൊണ്ടുവരാൻ തിരക്കുകൂട്ടിയവർ ആരും തിരിഞ്ഞുനോക്കിയുമില്ല. എ.അയ്യപ്പൻ എഴുതിയപോലെ തിരിച്ചുവന്നപ്പോൾ മാളമില്ല തലചായ്ക്കാൻ എന്ന അവസ്ഥയായി. സിനിമയെന്ന സ്വപ്നവും നഷ്ടമായി, ജീവിതത്തിൽ ഒറ്റപ്പെടുകയും ചെയ്തു.
മെരിലാന്റ് അടക്കമുള്ള സിനിമാനിർമ്മാണ കമ്പനികൾ നിരന്തരം ഓഫറുകളുമായി അവരെ സമീപിക്കുമ്പോഴാണ് കോമളം മനസ്സില്ലാമനസ്സോടെ സിനിമയിൽനിന്നും ഇറങ്ങിപ്പോന്നത്. മലയാളസിനിമയുടെ പൂമുഖത്ത് കസേര വലിച്ചിട്ടിരിക്കുന്ന പല അനർഹരെക്കാളും ആ കസേരയ്ക്ക് അർഹത കോമളത്തിനുണ്ടായേനെ, അവർ സിനിമയിൽ തുടർന്നെങ്കിൽ. ഇപ്പോൾ സിനിമയുടെ പുറമ്പോക്കിൽ പോലും ഇടമില്ലാതെ, ആരാലും ഓർമ്മിക്കപ്പെടാതെ, അവർ ചരിത്രത്തിൽ നിന്നും വെട്ടിമാറ്റപ്പെട്ടിരിക്കുന്നു.

ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ എന്താണ് ബാക്കി? സിനിമയിൽ കത്തിനിൽക്കുമ്പോൾ സമൂഹം അവരെ അവിടെനിന്നും വലിച്ചു പുറത്തിട്ടു. കോമളമാകട്ടെ പിന്നീട് പുറം‌ലോകത്തിനു നേരേ വാതിൽ കൊട്ടിയടച്ചു. “നീണ്ട 14വർഷം ഞാനൊതുങ്ങിക്കൂടി. വീട്ടിൽ നിന്ന് പുറത്തിറങ്ങിയില്ല. വാശിയായിരുന്നു. ജീവിതത്തിൽ എനിക്ക് നേടിയെടുക്കാൻ കഴിയുമായിരുന്നവ പലരും ചേർന്ന് തട്ടിത്തെറിപ്പിച്ചു. ഒടുവിൽ 35-ആം വയസ്സിലാണ് വിവാഹം നടന്നത്. അച്ഛന്റെ അനന്തരവൻ ചന്ദ്രശേഖരൻ ആയിരുന്നു വരൻ.

പക്ഷേ അതും നീണ്ടു നിന്നില്ല. 9വർഷം നീണ്ട ദാമ്പത്യജീവിതം ചന്ദ്രശേഖരന്റെ മരണത്തോടെ അവസാനിച്ചു. ഒരു അമ്മയാവാനുള്ള ഭാഗ്യവും അവർക്കുണ്ടായില്ല. ജീവിതത്തിലുടനീളം അവരെ ഒറ്റപ്പെടുത്താൻ അരൊക്കെയോ നടത്തിയ ഗൂഡാലോചനയിൽ അങ്ങനെ വിധിയും പങ്കുചേർന്നു. കടൽത്തീരത്തെ നനഞ്ഞ മണൽത്തരികളെക്കാൾ ഭാരമേറിയ സ്വന്തം ദു:ഖങ്ങളുമായി ഒരു ജീവിതം മുഴുവൻ ഒറ്റയ്ക്ക് മനസ്സിന്റെ ഏകാന്തതയിൽ അവർ കഴിച്ചുകൂട്ടി. “ ഒന്നും പ്രതീക്ഷിക്കാനില്ലാതെ, നല്ല വാക്കും സ്നേഹവുമായി ആരും കടന്നുവരാനില്ലാതെ,എന്റെ മാത്രം ലോകത്ത് യുഗങ്ങൾ പോലെ നീളുന്ന ഒരു ജീവിതം ഞാൻ ജീവിച്ചുതീർക്കുന്നു.” എന്ന് കോമളം നിസ്സംഗയാവുന്നു.

തൊഴുത്തിൽകുത്തിന്റെയും ചെളിവാരിയെറിയലിന്റെയും ഊരുവിലക്കിന്റെയും പണക്കൊഴുപ്പിന്റെയും കല തൊട്ടുതേച്ചിട്ടില്ലാത്ത പെരുമാറ്റത്തിന്റെയും സർവ്വോപരി നന്ദികേടിന്റെയും പര്യായമായ മലയാള സിനിമ കോമളത്തെപ്പോലുള്ളവരെ ഓർമ്മിക്കുമോ? ഞാനും എന്റെ വാലാട്ടികളും എന്ന വിഷയത്തിലാണല്ലോ അവരെല്ലാം പി.എച്ച്.ഡി. എടുത്തിട്ടുള്ളത്.പിന്നിൽ വീണുപോയവരെ തിരിഞ്ഞുനോക്കാതെ ഉടലോടെ സ്വർഗ്ഗത്തിൽ പോകാൻ വെമ്പുന്ന (മഹാഭാരതത്തിൽ പാണ്ഡവരുടെ മഹാപ്രസ്ഥാനം) ഒരു യാത്രയിലാണല്ലോ മലയാള സിനിമ ഇന്ന്.
“ഒരേയൊരു സിനിമയിലേ ഒന്നിച്ചഭിനയിചിട്ടുള്ളൂ. പിന്നീടൊരിക്കലും കണ്ടിട്ടുമില്ല. പക്ഷേ 30വർഷത്തിന് ശേഷം എനിക്കൊരു കത്തുകിട്ടി. നെയ്യാറ്റിൻ‌കര കോമളം, സിനി ആർട്ടിസ്റ്റ്, നെയ്യാറ്റിൻ‌കര. എന്ന വിലാസത്തിൽ. ഒരു വിവാഹ ക്ഷണപ്പത്രിക. പ്രേംനസീറിന്റെ ഇളയ മകൻ ഷാനവാസിന്റെ വിവാഹം ക്ഷണിച്ചുകൊണ്ടുള്ള കത്തായിരുന്നു അത്. തീർച്ചയായും വരണം വരാതിരിക്കരുത് എന്ന് നിർബന്ധിച്ചെഴുതിയ കത്ത്. ഞാൻ ഇന്നും നിധിപോലെ ആ കത്ത് സൂക്ഷിച്ചു വച്ചിരിക്കുന്നു.
ഞാൻ ആശ്ചര്യപ്പെട്ടു. സിനിമയിൽ കത്തിനിൽക്കുന്ന അദ്ദേഹം അതിന്റെ ഓരങ്ങളിൽ പോലുമില്ലാതെ മറഞ്ഞുപോയ എന്നെ ഇത്ര വർഷങ്ങൾക്കു ശേഷവും ഓർത്തല്ലോ. വഴുതക്കാട് സുബ്രഹ്മണ്യം ഹാളിൽ ചെന്നിറങ്ങുമ്പോൾ ഞാൻ അമ്പരന്നു. ആകെ തിരക്ക്. ആരാധകരുടെയും പ്രമുഖരുടെയും പ്രവാഹം. ആരാണെന്നെ തിരിച്ചറിയുക? പക്ഷേ എവിടെ നിന്നെന്നറിയില്ല, അദ്ദേഹം ഓടിയെത്തി. ഭാര്യയുടെയും മകന്റെയും അടുത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. ഇതെന്റെ ആദ്യ നായിക കോമളം എന്നു പരിചയപ്പെടുത്തി. വിവാഹം കഴിഞ്ഞു പോകാനിറങ്ങിയ എന്റെയൊപ്പം ഗേറ്റിൽ വരെ അദ്ദേഹം വന്നു. നല്ല വാക്കുകൾ പറഞ്ഞു യാത്രയാക്കി.” കോമളത്തിന്റെ കണ്ണുകളിൽ സ്നേഹവും നിർവൃതിയും കണ്ണീർക്കണങ്ങളായി തിളങ്ങുന്നു.

( പ്രേം നസീർ മലയാള സിനിമയ്ക്ക് നൽകിയ ധാർമ്മികഗുണങ്ങളെല്ലാം വളരെ വേഗത്തിൽ കുപ്പത്തൊട്ടിയിലെറിഞ്ഞ് അദ്ദേഹത്തെയും മറന്നുകൊണ്ടിരിക്കുന്ന പുതിയ കാലത്തിന് ഇതൊരു സെന്റിമെന്റൽ തമാശയായി മാത്രമേ തോന്നൂ.പക്ഷേ കോമളത്തിന് അത് തന്റെ ജീവിതത്തിലെ ദീപ്തമായ ഒരോർമ്മയാണ്) “അദ്ദേഹത്തിന്റെ മരണം എന്നെ വല്ലാതെ വേദനിപ്പിച്ചു. അദ്ദേഹം മനുഷ്യനായിരുന്നു.മനുഷ്യനെ തിരിച്ചറിയുന്ന പച്ചമനുഷ്യൻ”

നെയ്യാറ്റിൻ‌കര കോമളത്തിന് വയസ്സ് 75 കഴിഞ്ഞിരിക്കുന്നു. പ്രായത്തിന്റെ അവശതകൾ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു. സഹോദരിയോടൊപ്പമാണ് താമസം. അവർക്ക് ജീവിതം ഇപ്പോൾ ഒഴുകുന്ന ഒരു പുഴയല്ല. തളംകെട്ടി നിൽക്കുന്ന ഒരു ജലാശയം മാത്രം. അവിടെ ഓർമ്മകളുടെ നേർത്ത അലകൾ മാത്രം. എവിടേയ്ക്കും സഞ്ചരിക്കാനില്ലാത്ത സ്വന്തം ജീവിതത്തിന്റെ ജാലകത്തിനരുകിൽ ഒരിക്കലും തന്റെയടുത്തേക്ക് വരാത്ത പുറ‌ലോകത്തെ നോക്കി അവർ ഇരിക്കുന്നു. പേരിനൊപ്പം കൂട്ടിപ്പറയാൻ ഒരുപാട് സിനിമകൾ ഇല്ല. അവാർഡുകളില്ല. ദു:ഖപുത്രിയായി സിനിമയിലെത്തി, ആ വേഷം ജീവിതത്തിലും തുടരേണ്ടിവന്നതിന്റെ ഒരു വ്യഥ അവരെ എന്നും അലട്ടിയിരുന്നു. അഭിനയത്തിൽ ജീവിക്കാനായില്ല. ജീവിതത്തിൽ അഭിനയിക്കാനുമായില്ല.

10വർഷം മുൻ‌പ് ഒരു സീരിയലിൽ അവർ അഭിനയിച്ചിരുന്നു.പിതൃവനത്തിൽ. എം.ആർ.ഗോപകുമാറിന്റെ അമ്മവേഷത്തിൽ. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ കാരണം സീരിയൽ‌ഫീൽഡിൽ തുടർന്നില്ല.സീരിയലിൽ അഭിനയിക്കാൻ അടുത്തിടെ വരെ ക്ഷണമുണ്ടായിരുന്നു. പക്ഷേ വയ്യ. “ മരിക്കുന്നതിനു മുൻപ് ഒരാഗ്രഹം മാത്രമേ ബാക്കിയുള്ളൂ. ഒരിക്കൽ കൂടി ഒരു സിനിമയിൽ അഭിനയിക്കണം. പക്ഷെ ആരാ കിഴവിയായ എന്നെ വിളിക്കുക.....” നിരാശ വന്ന് അവരുടെ അവസാന സ്വപ്നത്തെ മൂടിക്കളയുന്നു.

ജീവിതത്തിലും സിനിമയിലും വലിയ ഉയരങ്ങളിൽ എത്തേണ്ടിയിരുന്ന കോമളാമേനോൻ ദാ ഇവിടെ തീരെ ചെറുതാക്കപ്പെട്ട് നിറം മങ്ങി വരയും പൊട്ടലും വീണ ഒരു ബ്ലാക്&വൈറ്റ് ഓർമ്മ പോലുമല്ലാതെ ആയിത്തീർന്നിരിക്കുന്നു. സെല്ലുലോയ്ഡിന്റെ വർണ്ണലോകത്തിൽ തന്റെ നിറമാർന്ന രൂപം കാണാൻ അവർക്ക് കഴിഞ്ഞതേയില്ല. തന്റേതല്ലാത്ത കുറ്റങ്ങളാൽ അവർ അവർക്ക് അവകാശപ്പെട്ട തറവാട്ടിൽ നിന്നും ഇറങ്ങിപ്പോകേണ്ടി വന്നു. നെരൂദയുടെ ഈ വരികൾ കൂടി അവരുടെ ജീവിതത്തിന്റെ ഇപ്പോഴത്തെ അവസ്ഥയോട് ചേർത്ത് വയ്ക്കാം.
ഞാൻ എന്തായിരുന്നു എന്നതിലേയ്ക്കും
എന്താണ് എന്നതിലേയ്ക്കും
മടങ്ങിവരാനല്ല
ഞാൻ തിരിച്ചുപോകുന്നത്.
ഇതിലധികം സ്വയം വഞ്ചിക്കാൻ
ഞാനിഷ്ടപ്പെടുന്നില്ല
പിന്നോട്ട് അലയുന്നത് അപകടമാണ്.
പെട്ടന്നതാ ഭൂതകാലം
തടവറയായി മാറിയിരിക്കുന്നു
* ശീർഷകം( ഷോത റസ്താവേലി എന്ന ജോർജ്ജിയൻ കവിയുടെ വരികൾ)
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
അനുബന്ധം. :- വർഷങ്ങൾക്ക് മുൻപ് നെയ്യാറ്റിൻ‌കരയിൽ ജോലി നോക്കുമ്പോൾ കോമളത്തിനെ കണ്ട് തയ്യാറാക്കിയ കുറിപ്പാണിത്. അന്ന് എടുത്ത ഫോട്ടോകൾ മറ്റൊരാളുടെ കയ്യിൽ ആയി.നെയ്യാറ്റിൻ‌കര കോമളം എന്ന പഴയ സിനിമാതാരത്തിന്റെ ചിത്രങ്ങൾ നോക്കി ഇന്റർനെറ്റിൽ പോയപ്പോൾ അവരുടെ പഴയതും പുതിയതുമായ ഒരു ചിത്രം പോലും കണ്ടെത്താനായില്ല. ചലച്ചിത്ര അക്കാദമിയുടെ ഫോട്ടോഗ്യാലറിയിലുമില്ല. എന്തൊരു ദയാരാഹിത്യമാണ് നാം പഴയ മനുഷ്യരോട് കാട്ടുന്നത്? മറവിക്കെതിരെ ഓർമ്മയുടെ സമരം നാം എന്നാണ് തുടങ്ങുന്നത്.?

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...