ചിറകൊടിഞ്ഞ പക്ഷിക്കുഞ്ഞ്

ഗോപകുമാർ


ചിറകൊടിഞ്ഞൊരു പക്ഷിക്കുഞ്ഞ്
കിടക്കുന്നുണ്ടീ വൃക്ഷച്ചുവട്ടില്‍.
‘മലാല’ എന്നാണവള്‍ക്കുപേര് .
പറക്കുവാന്‍ പഠിച്ചതിനവര്‍
എറിഞ്ഞൊടിച്ചതാണീ ചിറകുകള്‍.
അവര്‍ മറച്ച കാഴ്ചയിലേക്ക്
മിഴിനീട്ടിയപ്പോള്‍ കുത്തിമുറിച്ചതാണീ
നക്ഷത്രങ്ങള്‍ തോല്‍ക്കും കണ്ണുകള്‍.
കറുത്തതെന്ന് അവര്‍ പറഞ്ഞ
മുഖങ്ങളെ നോക്കിച്ചിരിച്ചതിന്നു
തല്ലിയുടച്ചതാണീ ചുവന്ന ചുണ്ടുകള്‍.
അവരെഴുതാത്ത വരികള്‍ ഉറക്കെ
ചൊല്ലിയതിനറുത്തതാണീ നാവും.
സ്‌നേഹഗീതം കേള്‍ക്കാതിരിക്കാന്‍
വെടിയോച്ച തകര്‍ത്തതീ കര്‍ണ്ണങ്ങളും.
അവര്‍നയിച്ച വഴികളില്‍ പിന്തിരിഞ്ഞതിനു
കാലില്‍ കെട്ടിയതാണീ ചങ്ങലക്കിലുക്കം.
ആരുനല്‍കി ഇവര്‍ക്കെറിയാന്‍ കല്ലും,
രുധിരസ്‌നാനം നടത്തുവാന്‍ വാളും.
വിധാതാവല്ലെന്നു നിസംശയം ചൊല്ലിടാം.
അറ്റുപോകാതിന്നുമീ ഹൃദയത്തില്‍
തുടിക്കും ജീവന്‍ തന്നെയതിന്നുത്തരം.
അവര്‍ക്കുമുന്നിലൊരു ചോദ്യമായി തൂങ്ങും
മലാലതന്‍ ജീവന്‍തന്നെ അതിനുത്തരം.


Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?