24 Oct 2012

ഒരു കുമാരസംഭവം... രമണീസംഭവവും....!!!!

ശ്രീജിത്ത് മൂത്തേടത്ത്


             വാതില്‍ താക്കോലിട്ടുപൂട്ടി, താക്കോല്‍ സണ്‍ഷേഡില്‍നിന്നും ഞാണ്ടുകിടക്കുന്ന ഉറിപ്പൂച്ചട്ടിയിലെ ചെടികള്‍ക്കിടയിലൊളിപ്പിച്ച്, സ്കൂട്ടര്‍ സ്റ്റാര്‍ട്ട്ചെയ്ത് ഗേറ്റ്കടന്ന് ഓഫ്ചെയ്യാതെതന്നെ വണ്ടി സ്റ്റാന്റില്‍ നിര്‍ത്തിയിറങ്ങിവന്ന് ഗേറ്റുംപൂട്ടി, താക്കോല്‍ മതിലിലെ ബോഗന്‍വില്ലച്ചെടിയുടെ ചട്ടിയില്‍ ഇലയടരുകള്‍ക്കിടയിലൊളിപ്പിച്ച് വീണ്ടും വണ്ടിയില്‍കയറി റോഡിലെ വളവുതിരിഞ്ഞപ്പോഴേക്കും വീണ്ടും ആ അശുഭചിന്ത കുമാരേട്ടന്റെ മനസ്സിലേക്ക് നുഴഞ്ഞുകയറി, തലച്ചോറിലൂടെ ഇഴയുവാന്‍ തുടങ്ങി.
                    “എന്തെങ്കിലും മറന്നുവോ?”
                                 കുറേ നാളുകളായി കുമാരേട്ടനെ അലട്ടുന്നൊരു പ്രശ്നമായിരുന്നുവത്. കഴിഞ്ഞമാസം നടന്നൊരു സംഭവം കേള്‍ക്കൂ.. രാവിലെ പതിവുപോലെ വീടുപൂട്ടിയിറങ്ങി ഓഫീസിലേക്കുള്ള യാത്രാമധ്യേ ഈയൊരുചിന്ത കുമാരേട്ടനെ പിടികൂടി. തലങ്ങും വിലങ്ങും ചിന്തിച്ചിട്ടും, ഓരോനിമിഷവും അറുത്തുമുറിച്ചു പോസ്റ്റുമോര്‍ട്ടം നടത്തിനോക്കിയിട്ടും ഒരെത്തും പിടിയും കിട്ടിയില്ല. ഒന്നും മറന്നിട്ടില്ല. തലച്ചോറിന്റെ ഇടത്തേത്തല പറയുന്നു. എങ്കിലും മനസ്സുവീണ്ടും വീണ്ടും വലത്തേത്തലയുടെ കൂടെച്ചേര്‍ന്ന് വീണ്ടും പറയുന്നു എന്തോ എവിടെയോ മറന്നിട്ടുണ്ട്. ഓഫീസില്‍ചെന്ന് ഫയല്‍ക്കെട്ടുകള്‍ മേശമേലില്‍നിന്നും മേശമേലേക്ക് ചുമക്കുമ്പോള്‍, ബെല്ലടിക്കനുസരിച്ച് മേലുദ്യോഗസ്ഥന്റെ മുറിയിലേക്ക് ഓടിച്ചെല്ലുമ്പോള്‍.... എല്ലാം മനസ്സില്‍ ഒരേ ചിന്ത..!!
                             'എന്തോ മറന്നിട്ടുണ്ടല്ലോ...'
                                   സൂപ്രണ്ടിന്റെ മുറിയിലേക്ക് ചായയുമായി ചെന്നപ്പോഴായിരുന്നു പൊടുന്നനെ മനസ്സിലൊരു കൊള്ളിയാന്‍ മിന്നിയത്. “വെള്ളം തിളപ്പിക്കാന്‍വച്ചിട്ട് സ്റ്റൗ ഓഫ് ചെയ്തിട്ടില്ല..!!” കുമാരേട്ടന്റെ കയ്യും കാലും വിറച്ചു. ചായക്കപ്പ് തുളുമ്പിത്തൂവി. “ഇനീപ്പോ വെള്ളംവറ്റി ഗ്യാസ് ലീക്കായി പൊട്ടിത്തെറിച്ചിട്ടുണ്ടാവ്വോ?” കുമാരേട്ടന്റെ അകം മണ്ണെണ്ണ ദേഹത്തുവീണ പാമ്പിനെപ്പോലെ പുളഞ്ഞു.
                   “എന്താടോയിത്? നിന്ന് സ്വപ്നംകാണുന്നോ? ചായയാകെ കളഞ്ഞല്ലോ താന്‍?”
            തന്നെക്കാള്‍ പ്രായം തീരെക്കുറഞ്ഞ ചെറുപ്പക്കാരനായ സൂപ്രണ്ടിന്റെ ശാസനകേട്ട് അപമാനിതനായി കുനിഞ്ഞശിരസ്സോടെ സൂപ്രണ്ടിന്റെ ക്യാബിനില്‍നിന്നിറങ്ങി, ആരോടും ഒന്നും മിണ്ടാന്‍നില്‍ക്കാതെ കുമാരേട്ടന്‍ സ്കൂട്ടറുമായി വീട്ടിലേക്ക് വച്ചടിച്ചു. ചെന്നപ്പോഴേക്കും വെള്ളം തിളച്ചുവറ്റി, അലൂമിനിയപ്പാത്രം വെന്ത് കനലുമാതിരിയായി നില്‍ക്കുന്നതാണ് കണ്ടത്. ഭാഗ്യത്തിന് അത്യാഹിതമൊന്നുമുണ്ടായില്ല. കുമാരേട്ടന്‍ നെടുവീര്‍പ്പിട്ടു.
                        കുമാരേട്ടന്റെ ഭാര്യ രമണിച്ചേച്ചിക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി താലൂക്കാഫീസില്‍ ക്ലാര്‍ക്കിന്റെ ജോലികിട്ടിയതുമുതല്‍ക്കാണ് കൃത്യമായിപ്പറഞ്ഞാല്‍ കുമാരേട്ടന് ഈയസുഖം തുടങ്ങിയതെന്നാണ് പൊതുജന സംസാരം. മക്കളില്ലാതിരുന്നതിനാല്‍ത്തന്നെ കുമാര – രമണീ ദമ്പതിമാര്‍ക്ക് ആശ്യത്തിന് ദുഃഖവും വേവലാതികളുമൊക്കെയുണ്ടായിരുന്നതാണ്. പ്രായമിത്രയുമായ സ്ഥിതിക്ക് കുമാരേട്ടന്‍ ആ മോഹം ഏതാണ്ടുപേക്ഷിച്ച മട്ടാണ്. പക്ഷേ യവ്വനം തീര്‍ത്തും വിടപറഞ്ഞിട്ടില്ലാത്ത രമണിച്ചേച്ചി അതുകൊണ്ടുതന്നെ പിന്തിരിയാന്‍ തയ്യാറായിരുന്നില്ല. അവര്‍ അതിനായി പല വൈദ്യന്‍മാരെയും പോയിക്കണ്ടുകൊണ്ടേയിരുന്നു. വയ്യാത്ത കുമാരേട്ടന്‍ ഇതുകഴിഞ്ഞാലെങ്കിലും സ്വസ്ഥമായി കിടന്നുറങ്ങാമല്ലോയെന്ന ചിന്തയോടെ രമണിച്ചേച്ചിക്ക് വഴങ്ങിക്കൊടുത്തുംകൊണ്ടിരുന്നു.
                    താലൂക്കാഫീസ് വീട്ടില്‍നിന്നും വളരെയകലെയായിരുന്നതിനാല്‍ രമണിച്ചേച്ചിക്ക് രാവിലെ ആറരയ്ക്കെങ്കിലും വീട്ടില്‍നിന്നിറങ്ങണമായിരുന്നു. മൂന്ന് ബസ്സ് മാറിക്കേറിവേണമായിരുന്നു താലൂക്കാഫീസ് സ്ഥിതിചെയ്യുന്ന ഇരിങ്ങാലക്കുടയിലെത്താന്‍. കുമാരേട്ടന്റെ കൃഷിയാപ്പീസാണെങ്കില്‍ വളരെയടുത്തും. രാവിലെ പത്തുമണിക്ക് പത്തുമിനിട്ടുള്ളപ്പോള്‍ വീട്ടില്‍നിന്നിറങ്ങിയാല്‍ മതി. വൈകീട്ടഞ്ചുമണിയാകുമ്പോഴേക്കും തിരിച്ചുവീട്ടിലെത്താം. നാടുതാണ്ടി രമണിച്ചേച്ചിയെത്തുമ്പോള്‍ നേരമിരുട്ടി ഏഴുമണിയാവാറുണ്ട്. അപ്പേഴേക്കും കുമാരേട്ടന്‍ മാര്‍ക്കറ്റില്‍നിന്നും പച്ചക്കറി, മീന്‍, കോഴിമുട്ട തുടങ്ങി സകലസാധനങ്ങളും വാങ്ങി, റേഷന്‍കടയില്‍ ക്യൂ നിന്ന് അരിയും പഞ്ചസാരയും, മണ്ണെണ്ണയും വാങ്ങി വീട്ടിലെത്തി, പാചകമാരംഭിച്ചിരിക്കും. ചിലപ്പോള്‍ ഉള്ളിയരിയുകയായിരിക്കും. അല്ലെങ്കില്‍ അരികഴുകുകയായിരിക്കും. അയല്‍പക്കത്തെ രാമന്‍കുട്ടിയുടെ വീട്ടിലെ വളര്‍ത്തുപൂച്ച ചക്കി ഈ സമയത്തെല്ലാം കുമാരേട്ടന് കൂട്ടായി അടുത്തുണ്ടാവും. അല്ലെങ്കില്‍ ചക്കിമാത്രമായിരുന്നു കുമാരേട്ടന് എന്തെങ്കിലും മിണ്ടിയും പറഞ്ഞുമിരിക്കാന്‍ കൂട്ടുണ്ടായിരുന്നത്. കുമാരേട്ടന്‍ ചോദിക്കും.
                    “എന്താ ചക്കീ, നിനക്ക് വാസന്തിയൊന്നും തന്നില്ലേ?”
                      രാമന്‍കുട്ടിയുടെ വാമഭാഗമാണ് വാസന്തി. രമണിച്ചേച്ചിയോട് വഴക്കുകൂടുന്ന വാസന്തിയോടുള്ള 'കെറുവ്' കുമാരേട്ടന്‍ തീര്‍ക്കുന്നതിങ്ങനെയുള്ള ചോദ്യങ്ങളിലൂടെയാണ്. മറ്റേതൊരു മാതൃകാ അയല്‍ക്കാരെപ്പോലെയും കുമാരേട്ടനും രാമന്‍കുട്ടിയും പുറമെ സൗഹൃദവും അകമേ കെറുവും കൊണ്ടുനടക്കുന്നവര്‍തന്നെയെന്ന് വേറെ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. വെഞ്ചാമരം പോലുള്ള വാലുപൊക്കിവച്ച് കുമാരേട്ടന്റെ കാലില്‍ പൃഷ്ഠമുരച്ച്
                   “എനിക്ക് കൂറ് കുമാരേട്ടനോട് തന്ന്യാ” എന്ന് "മ്യാവൂ...മ്യാവൂ...”ന്നുള്ള ഭാഷയില്‍ പറയും. സംസാരിച്ച് സംസാരിച്ച് കുമാരേട്ടന് ചക്കിയുടെ ഭാഷയും, കുമാരേട്ടന്റെ ഭാഷ ചക്കിക്കും വശമായിക്കഴിഞ്ഞിരുന്നു. ചക്കിയുമായി പുന്നാരം പറഞ്ഞ് ഇടക്കിടെ
                           “ഹാവൂ വയ്യേ...”യെന്ന ആത്മഗതവുമായി മീന്‍മുറിച്ചോണ്ടിരിക്കുമ്പോഴായിരിക്കും രമണിച്ചേച്ചി വാതിലും തുറന്ന് കയറിവന്ന് കിടക്കയില്‍ "പ്ധോം”ന്നും പറഞ്ഞു വീഴുന്നത്. മൂന്ന് ബസ്സ്കേറി ഗുസ്തിപിടിച്ച് വന്നതിന്റെ ക്ഷീണം ഉടുത്തിരുന്നസാരിപോലും മാറ്റാതെ കിടന്നുതീര്‍ക്കുമ്പോള്‍ കുമാരേട്ടന്‍ ശല്യപ്പെടുത്താന്‍ ചെല്ലാറില്ല.
                         “ചക്കീ നിനക്കൊരു മീന്‍ചല്ലുകൂടിത്തരട്ടെ?”
കുനിഞ്ഞിരുന്നു മീന്‍മുറിക്കുന്ന കുമാരേട്ടന്റെ കൈത്തണ്ടയിലും ശരീരത്തിലും പൃഷ്ഠമുരച്ചും മൂക്കുരച്ചുംമ്യാവൂ... മ്യാവൂ..”എന്ന ഭാഷയില്‍ എനിക്ക് "വാസന്തിയോടും രാമന്‍കുട്ട്യോടും ഒരു സ്നേഹോംല്ല, കുമാരേട്ടനോട് മാത്രാണ് സ്നേഹം"ന്ന് പറഞ്ഞും മീന്‍കിട്ടിയതിന്റെ നന്ദി കാണിക്കും. ചോറും കറിയുംവച്ച്, അകവും തറയും അടിച്ചുവാരി, മേശതുടച്ച്, പിറ്റേദിവസത്തെ ചോറിനുള്ള അരിവേവിച്ച് റൈസ് കുക്കറില്‍ അടച്ചുവച്ചുകഴിയുമ്പോഴായിരിക്കും രമണിച്ചേച്ചി കോട്ടുവായിട്ടുകൊണ്ടെഴുനേറ്റുവരിക. അപ്പോഴേക്കും ചക്കി സ്ഥലം വിട്ടിരിക്കും. ചക്കിക്ക് രമണിച്ചേച്ചിയെ പേടിയായിരിക്കും. അല്ലെങ്കില്‍ പിന്നീടവിടെ സംഭവിക്കാനിടയുള്ള കാര്യങ്ങള്‍ കാണാന്‍ ത്രാണിയില്ലാത്തതുകൊണ്ട് ചക്കി സ്ഥലം കാലിയാക്കുന്നതാവും. ഒരു കുളിയുംകവിഞ്ഞ്, തീന്‍മേശമേല്‍ അടച്ചുവച്ച പാത്രത്തില്‍നിന്നും ചോറുംകറിയുമെടുത്തുകഴിച്ച്, കയ്യുംനക്കി, ഏമ്പക്കവുമിട്ട്, രമണിച്ചേച്ചി അന്നത്തെ ഓഫീസിലെ കാര്യങ്ങള്‍ വീശദീകരിക്കാന്‍ തുടങ്ങും.
            സൂപ്രണ്ടുസാറിന്റെ കാറിന്റെ വിശേഷവും ജലജാമേഡത്തിന്റെ പുത്തന്‍ പട്ടുസാരിയെക്കുറിച്ചും തുടങ്ങി, ഓഫീസില്‍ മണല്‍പ്പാസിനുവന്നു കാലുതേഞ്ഞ നാണപ്പന്റെ കാര്യംവരെ വിളമ്പും. കുമാരേട്ടനിതെല്ലാം വായുംപൊളിച്ചിരുന്നുകേള്‍ക്കണം. അതുംകഴിഞ്ഞ് പാത്രങ്ങള്‍കഴുകിവച്ച്, കിടപ്പറയിലേക്ക്ചെല്ലുമ്പോഴേക്കും രമണിച്ചേച്ചി മുടിയൊക്കെ മൂര്‍ദ്ധാവില്‍ ഉയര്‍ത്തിക്കെട്ടി, റെഡിയായിക്കാത്തിരിപ്പുണ്ടാവും. 'എന്നാപ്പിന്നിപ്പണ്ടാരവുംകൂടെ കഴിഞ്ഞിട്ടാവാം'ന്നു കരുതി, അതും കഴിഞ്ഞ് കിടന്നുറങ്ങുമ്പോഴായിരിക്കും നാലരമണിക്ക് അലാറമടിക്കാന്‍ തുടങ്ങുന്നത്.
                   പിന്നെ വീണ്ടും തുടങ്ങുകയായി. അടുക്കളയിലെ ഗുസ്തിപിടുത്തം, രമണിച്ചേച്ചി കുളിച്ചുവരുമ്പോഴേക്കും പ്രാതല്‍ ശരിയാക്കണം. കൂടാതെ ഓഫീസിലേക്കുകൊണ്ടുപോവാനുള്ള ഉച്ചഭക്ഷണവും കാലമാക്കണം. ചോറ് റൈസ് കുക്കറില്‍ നിന്നെടുത്ത് വാര്‍ത്താല്‍ മതി. കറി നുറിക്കിയുണ്ടാക്കിയേ പറ്റുള്ളൂ. ആറുമണിക്ക് രമണിച്ചേച്ചി വീട്ടീന്ന് ബാഗുംകുടയുമെടുത്തിറങ്ങിയാലേ കുമാരേട്ടനൊന്ന് നടുനിവര്‍ത്താനാവൂ.. ഇതിനിടയില്‍ എന്തൊക്കെ ഓര്‍ത്തു, എന്തൊക്കെ മറന്നു എന്നൊന്നും ദൈവംതമ്പുരാനുപോലും നിശ്ചയം കാണില്ല. ഈ പങ്കപ്പാടിനിടയില്‍ ഓരോ കാര്യങ്ങള്‍ മറന്നുപോയില്ലെങ്കിലേ അതിശയിക്കാനുള്ളൂവെന്നാണ് കുമാരേട്ടന്റെ സുഹൃത്തുക്കളില്‍ ചിലര്‍ പറയുന്നത്. ഭാര്യയ്ക്ക് ക്ലാര്‍ക്കുദ്യോഗം കിട്ടിയതുകൊണ്ട് വര്‍ഷങ്ങളായി പ്യൂണായി ജോലിയില്‍ തുടരുന്ന കുമാരേട്ടനുള്ള അസൂയസൃഷ്ടിച്ച ഇന്‍ഫീരിയോരിറ്റി കോംപ്ലക്സ് ആണ് ഈ മറവിക്കുകാരണമെന്നാണ് ഓഫീസിലെ ചെറുപ്പക്കാരായ മേലുദ്യോഗസ്ഥര്‍ പറയുന്നത്.
                          മറ്റൊരിക്കല്‍ കുമാരേട്ടന്റെ മറവിസൃഷ്ടിച്ച പുലവാല് ജോലിതന്നെ തെറിപ്പിക്കാന്‍ പോന്നതായിരുന്നു. ഒരു ബുധനാഴ്ച്ചയായിരുന്നു അന്ന്. രാവിലെ പതിവുപോലെ ഓഫീസിലെത്തിയ കുമാരേട്ടന്‍ ഓഫീസുമുറിയുടെ ജനലുകളെല്ലാം തുറന്നിട്ട്, ശുദ്ധവായുവിനെ അകത്തേക്ക് കടന്നുവരാനനുവദിച്ച്, സ്വീപ്പിംഗ് ബ്രഷും, വേസ്റ്റ്ബിന്നുമെടുത്തുവച്ച് ഒപ്പിടാനായിച്ചെന്നപ്പോഴാണ് സാറന്‍മാരെല്ലാം വിഷണ്ണരായി നില്‍ക്കുന്നതുകണ്ടത്. ഒപ്പടാനുള്ള അറ്റന്റന്‍സ് രജിസ്റ്റര്‍ കാണാനില്ല!
                    “ഇന്നരെ വൈകുന്നേരവുമിവിടെയിരുന്നതാണല്ലോ...?” -  
                കൃഷിയോഫീസറും സൂപ്രണ്ടുചെറുക്കനുമൊക്കെ മേശമേലും അലമാരമേലുമൊക്കെ തപ്പോടുതപ്പ്. തൂത്തുവാരലൊക്കെ പിന്നീടാവാമെന്നുകരുതി, ബ്രഷും, ബിന്നുമൊക്കെ ഉമ്മറത്തുവച്ച്, കുമാരേട്ടനും രജിസ്റ്ററുതപ്പാന്‍ തുടങ്ങി. കുന്തം തിരഞ്ഞു കുടത്തിലും, ഭരണിയിലും കിണറ്റിലും തപ്പിയിട്ടും സാധനം കിട്ടിയില്ല. അവസാനം അണ്ടികളഞ്ഞുപോയ അണ്ണാന്‍മാരെപ്പോലെ, കൃഷി ആപ്പീസറും, സൂപ്രണ്ടും, ക്ലാര്‍ക്കുമാരും, പിന്നെ കുമാരേട്ടനും ഉമ്മറപ്പടിയിലിരുന്നാലോചിക്കുമ്പോഴാണ് ഇടിവെട്ടിയവനെ പാമ്പുകടിച്ചുവെന്നോ മോങ്ങാനിരുന്ന നായയുടെ തലയില്‍ തേങ്ങാവീണുവെന്നോ പറയാന്‍ പറ്റുന്നതരത്തില്‍ ജില്ലാ ആഫീസറുടെ കാറ് മുറ്റത്തുവന്നു നിന്നത്. ഇന്‍സ്പെക്ഷനാണത്രെ!
                  “ഇക്കുരിപ്പിന് പൊട്ടിമുളക്കാന്‍കണ്ട സമയം..!”
           സകലരും മനസ്സില്‍ പ്രാകി, പുറമെയും, അകമെയും വിറച്ചു.
        സ്വീകരിക്കാന്‍ എല്ലാവരും ഉമ്മറത്തുതന്നെ കാത്തുനിന്നതില്‍ സന്തുഷ്ടനായി കയറിവന്ന ഓഫീസര്‍ പക്ഷെ വാതില്‍ക്കല്‍ത്തന്നെ വേസ്റ്റ്ബിന്നും ബ്രഷും പ്രദര്‍ശിപ്പിച്ചുവച്ചിരിക്കുന്നതുകണ്ട് കോപിഷ്ഠനായി. പ്യൂണിനെവിളിച്ച് താക്കീതുനല്‍കാന്‍ സൂപ്രണ്ടിനെ ചുമതലപ്പെടുത്തി, ഓഫീസിലേക്ക് കടന്ന് കസേരയിലിരുന്ന ഓഫീസര്‍ "ഇന്ന് ആരൊക്കെ ലീവുണ്ട്?” എന്നുചോദിച്ചുകൊണ്ട് രജിസ്റ്റര്‍ കൊണ്ടുവരാന്‍ പറഞ്ഞു. കൃഷിയാഫീസറുടെയും സൂപ്രണ്ടിന്റെയും മുട്ടുകള്‍ കൂട്ടിയിടിക്കുന്ന ശബ്ദം കൊണ്ട് ആ പഴയകെട്ടിടംതന്നെ ഇപ്പോള്‍ ഇടിഞ്ഞുവീഴുമോയെന്നുതോന്നിച്ചു. അവര്‍ വിക്കിവിക്കി കാര്യമവതരിപ്പിച്ചു. ജില്ലാ ആഫീസര്‍ കോപംകൊണ്ട് വിറച്ചു. അദ്ദേഹമിരുന്ന കസേരയും ഒപ്പം വിറച്ചു. അന്തരീക്ഷത്തിലൂടെ ആ വിറ പടര്‍ന്ന് പടര്‍ന്ന് സകലരെയും വിറപ്പിച്ചു. ഭൂമികുലുക്കംപോലെ ആ വിറയല്‍ അങ്ങിനെ നിലനില്‍ക്കുമ്പോഴാണ് കുമാരേട്ടന് ബോധോദയമുണ്ടായത്.
           “ഇന്നലെ വൈകിട്ട് ഓഫീസുപൂട്ടിപ്പോവുമ്പോള്‍ ചട്ടയിടാനും, പിന്നിപ്പറഞ്ഞുപോയ പേജുകള്‍ ഒട്ടിച്ചുവയ്ക്കാനുമായി രജിസ്റ്റര്‍ വീട്ടില്‍കൊണ്ടുപോയതുപോലെന്തോ ഒരോര്‍മ്മ..!”
ഓര്‍ക്കാത്തപാതി, ഓര്‍ത്തപാതി കുമാരേട്ടന്‍ ആരുംകാണാതെ പുറത്തിറങ്ങി സ്കൂട്ടറുമായി ശരേയെന്ന് ഒറ്റയോട്ടം. വീട്ടിലെത്തി സകലയിടത്തും തപ്പിനോക്കി. അവസാനം ഫ്രീഡ്ജില്‍ത്തപ്പിയപ്പോഴാണ് തലേന്നുവാങ്ങിയ പച്ചക്കറിയോടൊപ്പം സാധനം ഭദ്രമായി ഫ്രീസറിലിരിക്കുന്നതുകണ്ടത്! അഞ്ചുമിനിട്ടിനകം ഓഫീസിലെത്തിയ കുമാരേട്ടനെ ആരുമധികം ശ്രദ്ധിച്ചിരുന്നില്ല. ഒരു കൂട്ട സസ്പെന്‍ഷന്‍ പ്രതീക്ഷിച്ച് എല്ലാവരും കുന്തംപോലെ നില്‍ക്കുമ്പോഴാണ് ദൈവദൂതനെപ്പോലെ കുമാരേട്ടന്‍ രജിസ്റ്ററുമായിയെത്തിയത്.
         “രജിസ്റ്ററിവിടെത്തന്നെയുണ്ടായിരുന്നു സാര്‍.. ആ അലമാരയുടെ അടിയില്‍.. തൂത്തുവാരുമ്പോള്‍ കിട്ടിയതാണ്.” 
             മനോഹരമായി അവസരോചിതമായൊരു കള്ളംപറഞ്ഞ് കുമാരേട്ടന്‍ സകലരുടെയും തടിരക്ഷിച്ചു. ഒരു സസ്പെന്‍ഷന്‍ ഒഴിവായി വെറുമൊരു ശാസനയില്‍ ശിക്ഷാവിധിയൊതുങ്ങിക്കിട്ടിയതിന്റെ ചാരിതാര്‍ത്ഥ്യത്തില്‍ കാര്യമൊന്നും തിരക്കാതെതന്നെ കൃഷിയോഫീസര്‍ കുമാരേട്ടന് അന്ന് വൈകിട്ട്, ഹോട്ടലില്‍നിന്നൊരു ചായവാങ്ങിക്കൊടുത്തു.
         കഴിഞ്ഞ രണ്ടുദിവസമായി രമണിച്ചേച്ചി എന്തോ വയ്യായ്ക കാരണം ഓഫീസില്‍ പോയിരുന്നില്ല. ഇന്നലെ വൈകിട്ട് ആശുപത്രിയില്‍പോയി ഡോക്ടറെകണ്ടപ്പോള്‍ മൂത്രം പരിശോധിക്കാന്‍ പറഞ്ഞു. അപ്പോത്തന്നെ ലാബില്‍പ്പോയി യൂറിന്‍ ടെസ്റ്റിന് കൊടുത്തതാണ്. വൈകുന്നേരമായതിനാല്‍ ഇനി നാളെയേ റിസല്‍ട്ട് കിട്ടൂവെന്നാണ് പറഞ്ഞത്. അതായത് ഇന്ന്. ഓഫീസില്‍പ്പോയിട്ട് പതിനൊന്നുമണിക്കുള്ള ചായസമയത്ത് പോയി റിസല്‍ട്ട് വാങ്ങിക്കാം. കുമാരേട്ടന്‍ മനസ്സില്‍ പറഞ്ഞു. എന്നാലും എന്തോ മറന്നിട്ടുണ്ടല്ലോ... ശ്ശെ.. ഇല്ല. ഓഫീസിലെത്തി രജിസ്റ്ററില്‍ ഒപ്പുവച്ചു, തൂത്തുവാരി, ജനാലകള്‍ തുറന്നിട്ട്, പച്ചനിറത്തിലുള്ള ഖാദി കര്‍ട്ടന്‍ നേരെയിട്ട്, ഓഫീസ് പ്രവര്‍ത്തനത്തന്റെ പ്രാരംഭ നടപടികള്‍ പൂര്‍ത്തിയാക്കി, കുമാരേട്ടന്‍ ഉമ്മറത്തെ ബെഞ്ചില്‍ ഇരിപ്പുറപ്പിച്ചു. പതിനൊന്നുമണിക്ക് ചായവാങ്ങിക്കാന്‍ പോവേണ്ടസമയമാവാന്‍ കാത്തിരുന്നു. ഓരോന്നാലോചിച്ചു. ഇന്നുവൈകിട്ട് ചെല്ലുമ്പോള്‍ മണ്ണെണ്ണ വാങ്ങിക്കണം. സോപ്പും തീര്‍ന്നിരിക്കുന്നു. അരി നാളേക്കുകൂടെയുണ്ട്. ശമ്പളം കിട്ടിയിട്ടുവേണം പലചരക്കുകടയിലെ പറ്റുതീര്‍ക്കാന്‍. കടക്കാരന്‍ രാമന്റെ മുഖം കൊട്ടപോലെയാവാന്‍ തുടങ്ങിയിട്ടുണ്ട്.
                  ഓഫീസിനകത്തെ ക്ലോക്കില്‍ സമയം പതിനൊന്നടിച്ചപ്പോള്‍ കുമാരേട്ടന്‍ ചായവാങ്ങിക്കാനിറങ്ങി. ആദ്യം ലാബില്‍പ്പോയി റിസല്‍ട്ട് വാങ്ങിക്കാം. ലാബിലെത്തിയപ്പോള്‍ തിരക്കൊന്നുമില്ല. റിസപ്ഷനിസ്റ്റും ടെക്നീഷ്യനും എന്തോ തമാശപറഞ്ഞുകൊണ്ടിരുന്നത് കുമാരേട്ടന്‍ കയറിച്ചെന്നപ്പോ പെട്ടന്നു നിര്‍ത്തി. റിസല്‍ട്ട് വാങ്ങിയപ്പോള്‍ ലാബസിസ്റ്റന്റിനോടുചോദിച്ചു.
                “പരിശോധനയിലെന്തെങ്കിലും കുഴപ്പമുണ്ടോ?”
              “കുഴപ്പമോ? ടെസ്റ്റ് പോസറ്റീവാണ്. ചെലവുചെയ്യണം.”
               കാര്യം മനസ്സിലാവാതെ അന്തിച്ചുനിന്ന കുമാരേട്ടനെ ലാബസിസ്റ്റന്റ് കാര്യം പറഞ്ഞ് മനസ്സിലാക്കി.
               “ഈ വയസ്സുകാലത്ത്...”
               അവര്‍ കളിയാക്കിച്ചിരിച്ചു.
               ആഹ്ലാദംകൊണ്ട് മതിമറന്ന് ഹോട്ടലില്‍നിന്നും ചായയുംവാങ്ങി ഓഫീസിലേക്ക് തിരിച്ച കുമാരേട്ടന്‍ എന്താണ് മറന്നതെന്നകാര്യം ഒന്നുകൂടെ സ്റ്റെപ്പ് ബൈ സ്റ്റെപ്പ് ആലോചിച്ചുനോക്കി.
പിന്നിലെ ഗ്രില്‍സ് പൂട്ടി, ബാത്റൂം അടച്ചുകുറ്റിയിട്ട്, ഗ്യാസ് ഓഫ്ചെയ്ത്, മുന്‍വാതില്‍ പൂട്ടി, താക്കോല്‍ ചട്ടിയില്‍ വച്ച്.... ഏയ് ഒന്നും മറന്നിട്ടില്ല. ടെസ്റ്റ് റിസല്‍ട്ട് ഇപ്പോത്തന്നെ രമണിയെ അറിയിക്കണം. കുമാരേട്ടന്‍ തീരുമാനിച്ചു. പെട്ടെന്നാണ് രമണിച്ചേച്ചി വീട്ടിലുണ്ടെന്ന യാഥാര്‍ത്ഥ്യം ഒരു കൊള്ളിയാന്‍പോലെ കുമാരേട്ടന്റെ മനസ്സിലൂടെ പാഞ്ഞത്. വയ്യാത്ത അവളെ വീട്ടിനുള്ളില്‍ പൂട്ടിയിട്ടാണ് താന്‍... കുമാരേട്ടന് വിറയല്‍ വന്നുതുടങ്ങി. കയ്യുംകാലും വിയര്‍ത്ത് ചെരിപ്പില്‍നിന്നും കാലുവഴുക്കിത്തുടങ്ങി. ഓഫീസറോട് അനുവാദം ചോദിക്കാന്‍പോലും നില്‍ക്കാതെ സ്കൂട്ടറുമായി വീട്ടിലേക്ക് കുതിച്ചു. ഈസമയമത്രയും പുറത്തുനിന്നുകുറ്റിയിട്ട ബാത്ത്റൂമില്‍നിന്നും പുറത്തുകടക്കാനാവാതെ നിലവിളിച്ചും വാതിലിനിടിച്ചും അവശയായി രമണിച്ചേച്ചി ബാത്ത്റൂമില്‍ത്തന്നെ കഴിയുകയായിരുന്നു.
             പാവം ചേച്ചിക്കെന്തുപറ്റിയോ ആവോ?!!

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...