നർമ്മം/നായകനും ലക്ഷങ്ങളും


ഗിരീഷ്‌ മൂഴിപ്പാടം

    ഓണത്തിന്റെ അവസാനദിനമായിരുന്നു അന്ന്‌. ദിലീപിന്റെ പുതിയ ചിത്രം കണ്ട്‌ ബൈക്കിൽ ഭർത്താവിനോടൊപ്പം യാത്ര ചെയ്യുന്നതിനിടയിൽ അൽപ്പമൊന്ന്‌ മുന്നോട്ടാഞ്ഞ്‌ അവൾ ഭർത്താവിന്റെ ചെവിയിൽ പറഞ്ഞു. "എത്ര ശൃംഗാരമായിട്ടാണ്‌ നായികയോട്‌ നായകൻ ഇടപെടുന്നത്‌. ചിങ്ങമാസത്തിലെ ചാറ്റൽ മഴ നനഞ്ഞുള്ള ആ യാത്രയിൽ കാലവർഷത്തെ ശപിച്ചുകൊണ്ട്‌ അയാൾ ഒന്ന്‌ മൂളുകമാത്രം ചെയ്തു. കേട്ട പാതി കേൾക്കാത്ത പാതി അവൾ വീണ്ടും നായികയോടുള്ള നായകന്റെ സ്നേഹത്തെ വാഴ്ത്തി സംസാരിച്ചുകൊണ്ടിരുന്നു.
    "എന്തായാലും ഈ സിനിമ തന്നെ കണ്ടത്‌ നന്നായി. നിങ്ങൾക്ക്‌ ഒന്ന്‌ കണ്ട്‌ പഠിക്കാൻ നല്ലതാ. ഭാര്യമാരോടെങ്ങനെ ഇടപെടണമെന്ന്‌. അതെങ്ങനെ എന്തു പറഞ്ഞാലും എന്നെ കടിച്ചുകീറാൻ വരുന്ന സ്വഭാവമല്ലേ."
    കാശ്‌ കൊടുത്ത്‌ കടിക്കുന്ന പട്ടിയെ വാങ്ങിയതുപോലെയായി ഈ സിനിമ കണ്ടതെന്ന്‌ അയാൾക്ക്‌ തോന്നി.
    മഴത്തുള്ളികൾക്ക്‌ കനം കൂടിവരുന്നതായി അയാൾക്ക്‌ തോന്നി. ഒന്ന്‌ ചിരിച്ചിട്ട്‌ അയാൾ പറഞ്ഞു. "എടീ  മണ്ടീ... അത്‌ സിനിമയല്ലേ. ഇങ്ങനെയൊക്കെ കാണിക്കുന്നതിന്‌ നായകന്‌ കിട്ടുന്നത്‌ ലക്ഷങ്ങളാ............. ലക്ഷങ്ങൾ  അറിയാമോ.......". പറഞ്ഞു തീരും മുമ്പ്‌  പിറകിൽ നിന്നും ഭാര്യയുടെ മറുപടി വന്നു. " അതെ എന്റെ അച്ഛനും രൂപ രണ്ടുലക്ഷമാ സ്ത്രീധനമായിട്ടു നിങ്ങൾക്ക്‌ തന്നത്‌. അത്‌ പിന്നെ എന്നാത്തിനാ ഇതിനോക്കെകൂടിയാ അതറിയാമോ നിങ്ങൾക്ക്‌. അതങ്ങു മറന്നുപോയോ നിങ്ങള്‌" . തൊട്ടുമുന്നിലൂടെ കടന്നുപോയ ആംബുലൻസിന്റെ സയറൻ അവളുടെ വാക്കുകൾക്ക്‌ താളം പിടിക്കുന്നതോടൊപ്പം അയാളുടെ തലച്ചോറിലും സയറൻ മുഴങ്ങി................!

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ