മീരാകൃഷ്ണ
കവിത എന്നു പറയുമ്പോൾ ഇന്ദ്രിയങ്ങളെ സന്തോഷിപ്പിക്കുന്ന ഒരു ഭാഷാനുഭവം (കാവ്യാനുഭവം) ആയിരിക്കണമെന്നുള്ള സ്ഥിരധാരണയുണ്ട്. ചിലപ്പോഴൊക്കെ അങ്ങനെയുള്ള ചില പുറംതോടുകൾക്കുള്ളിൽ എന്തുണ്ടെന്ന് നാം ചിന്തിച്ചുപോകാറുണ്ട്. ഇത്തരം സാമ്പ്രദായിക രീതികളിൽ നിന്ന് വ്യത്യസ്തമായി സാധാരണ വാക്കുകളിൽ കൂടി വൈവിദ്ധ്യമുള്ള വിഷയങ്ങൾ അവതരിപ്പിക്കുകയാണ് മുനീർ അഗ്രഗാമി എഡിറ്റ് ചെയ്ത പേടി പെയ്യുന്ന വഴികളെന്ന കാമ്പസ് കവിതാ സമാഹാരം. ഇരുത്തം വന്ന രചനകൾ ഇതിലുണ്ട്.
ദയാവധം എന്ന പാരിസ്ഥിതികാവബോധപരമായ കവിതയ്ക്ക് കേവലം ആശയതലത്തിലുള്ള പരിമിതവിധാനമല്ല ദർശിക്കുന്നത്. ആത്മാവിഷ്കാരത്തിന്റെ വികാര സാന്ദ്രതയാണ് ഇതിലുള്ളത്. സ്വപ്നങ്ങൾ ഫലിതങ്ങളാകുമ്പോൾ ഉറക്കം നഷ്ടപ്പെട്ടവരുടെ ലോകവും ഭ്രൂണഹത്യ ചെയ്യപ്പെട്ട പ്രണയവും ഇടനാഴിയിൽ വച്ച് രസതന്ത്രം പിഴച്ച പിതൃസ്നേഹത്തിന്റെ ജീനുകളും തലേന്നു വിഴുങ്ങിയ തന്റേതല്ലാത്ത അപ്പക്കഷണം മനസ്സാക്ഷിയിൽ തികട്ടുന്നതുമെല്ലാം കലാലയ യുവത്വത്തിന്റെ സപ്തവർണ്ണങ്ങളും ചാലിച്ചെഴുതിയ കാവ്യചിത്രങ്ങൾ തന്നെയാണ്. പരാജയവും അപകർഷതയും ബാക്കിപത്രമാകുമ്പോൾ എല്ലാ കണക്കെടുപ്പിന്റെയും ഒടുവിൽ മിച്ചം വരുന്നത് ചങ്ങലയിൽ കിടന്ന് ചിത്തഭ്രമം മൂത്ത മോഹങ്ങൾ മാത്രമാണ്. ചിലപ്പോൾ വാക്കുകൾ വേദനയാകാറുണ്ട്. അതിലേറെ വേദനിപ്പിക്കാറുണ്ട് ചിലപ്പോൾ മൗനവും. ജീവിതത്തിലേക്ക് പ്രകാശം നിറയ്ക്കാൻ പലപ്പോഴും മൗനത്തിന് കഴിഞ്ഞിട്ടുണ്ട്. പല ചോദ്യങ്ങൾക്കും കണ്ണീരിനും ഉത്തരമാകാനും.
ഉർവ്വരതയ്ക്കുവേണ്ടിയുള്ള ദാഹമാണ് വേനൽചൂട് എന്ന കവിതയിൽ ഉള്ളത്. നെറ്റി കറുത്ത നിസ്കാരക്കുറിയും തലപ്പാവിന്റെ തൂവെള്ളയും കണ്ട് ഭീകരവാദിയെന്ന് മുദ്രകുത്തപ്പെട്ടവന്റെ വേദനയിൽ ചാലിച്ചെഴുതിയ കവിതയും ഇതിലുണ്ട്. പുത്തനാശയങ്ങളുടെ വിളഭൂമിയാണ് പലപ്പോഴും കാമ്പസ്. സ്നേഹം ഒരു കണ്ടൻപൂച്ചയാണെന്ന കണ്ടെത്തൽ ഉദാഹരണം. കുട്ടിക്കാലത്ത് കൊഞ്ചിക്കുഴയുന്ന സ്നേഹം. വളർത്തുമ്പോൾ കണ്ടൻപൂച്ചയാകുന്നു. വളർന്ന് വളർന്ന് കാടുകയറുന്ന കാട്ടുപൂച്ച പോലെയുമാണ് സ്നേഹം. പ്രണയത്തെ ഏതെല്ലാം രീതിയിൽ നിർവ്വചിക്കാമെന്ന് ഇതിലെ പല കവിതകളും വായിച്ചാൽ വ്യക്തമാകും. സൈബർ പ്രണയകാലത്ത് കാമുകനുവേണ്ടി ബുൾസൈ പരുവത്തിൽ മൊരിച്ചുവച്ചിരിക്കുന്നു ഇവിടെ ഒരു ഹൃദയം. അട്ടയായി ഒട്ടിപിടിക്കുന്ന പ്രണയം, ഓർക്കാപ്പുറത്തേറ്റ അടിയാകുന്ന ഓർക്കൂട്ട് പ്രണയം, ഉച്ചസൂര്യനെപ്പോലെ കത്തുന്ന പ്രണയം, തുളവീണ കപ്പൽപോലെ പ്രണയം, പ്രണയത്തിന്റെ കളിപ്പാട്ടവും ഇവയെല്ലാംകൂടി പ്രണയത്തിന്റെ ധാരാളം നിർവ്വചനങ്ങൾ ഇതിലുണ്ട്. മഴയ്ക്കും നിലാവിനും, കുളിരിനും, വിയർപ്പു ഗന്ധത്തിനും, ഇടിമുഴക്കത്തിനും, ദുസ്വപ്നത്തിനും, അറിവില്ലായ്മയ്ക്കും, അരുളപ്പാടുകൾക്കും ഭ്രമകൽപനകൾക്കും അങ്ങനെ എല്ലാത്തിനും നിന്റെ പേരു ചൊല്ലി ഞാൻ വിളിക്കും. നീ എന്നിലേയ്ക്കായി മാത്രം വരുമെന്ന പ്രതീക്ഷയോടെ, പ്രണയത്തിന്റെ മറ്റൊരു മുഖമാണിത്. ഒരായുസിന്റെ പച്ചപ്പുമായി പ്രതീക്ഷക്കുട നിവർത്തുന്ന കാത്തിരിപ്പുപോലെയാണ് പ്രണയം. അടുക്കുമ്പോൾ ദാഹങ്ങളുടെ കണക്ക് തീരുന്നില്ല. അകലുമ്പോൾ കണ്ണീരിന്റെ കണക്കും, കലാലയ ഘടികാരം മുന്നോട്ടുപായുമ്പോൾ കള്ളും പെണ്ണും കെമിസ്ട്രി ലാബിലെ രാസവസ്തുക്കളെന്ന രഹസ്യം ഈ കവിതാ പുസ്തകത്തിൽ ഞെട്ടലോടെ വായിക്കുന്നു. അപ്പോഴാണ് പേടിപെയ്യുന്ന വഴികളെന്ന ശീർഷകത്തിന്റെ അർത്ഥസമ്പൂർണ്ണത സാദ്ധ്യമാകുന്നത്. സ്നേഹത്തിന്റെ നാലിതൾ പൂവാണ് ഹൃദയം.