പ്രഫുല്ലൻ തൃപ്പൂണിത്തുറ
ജ്യോതിർമഠം അഥവാ ജ്യോഷീമഠ് -8
കുതിരപ്പുറത്തും, നടന്നും, കേദാർനാഥിലേയ്ക്കുപോയവർ മടങ്ങിയെത്തുംവരെ ഞങ്ങൾ ഹെലികോപ്റ്ററിൽ യാത്രകഴിഞ്ഞു നേരത്തെയെത്തിയവർ, രാമപുരത്തുതങ്ങി. രാമപുരത്തെക്കുറിച്ചു പറയുമ്പോൾ ഒരു കാര്യം ഓർക്കുന്നു. ഇന്ത്യയിൽ 17 സ്ഥലത്തു രാമപുരം" എന്ന പേരിൽ പ്രധാനപോസ്റ്റാഫീസുകളുണ്ട്. 'രാമരാജ്യ'മാണ് മഹാത്മജി സ്വപ്നം കണ്ടതും. ശ്രീരാമൻ പുരുഷോത്തമനായും മാതൃകാ ഭരണാധികാരിയായും അറിയപ്പെടുന്നു. ശ്രീരാമനെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു ചിന്തയും ഭാരതത്തിലില്ലതന്നെ!
ഈ രാമപുരത്തു കുന്നിൻമുകളിൽ ഒരു ക്ഷേത്രമുണ്ട്; തികച്ചും ഒരു ഗ്രാമക്ഷേത്രം! ഹിമാലയയാത്രയിലെ ട്രാവൽപാക്കേജിലും ഉൾപ്പെടാത്ത ഒരു സാധാരണ ക്ഷേത്രം. ഓരോ പടവുകൾ കയറുമ്പോഴും, ഓരോ വളവുകൾ തിരിയുമ്പോഴും ക്ഷേത്രനടയിലെത്തി എന്നു ഞങ്ങൾ കരുതി പക്ഷേ ഒന്നരമണിക്കൂർ കുത്തിപ്പിടിച്ചു നടന്നപ്പോഴാണ് മുകളിൽ ക്ഷേത്രം കണ്ടത്. ഞങ്ങൾ ക്ഷേത്രത്തിലെത്തിയപ്പോഴേയ്ക്കു
ഓരോ മലമടക്കിലും അവിടവിടെയായി തീപ്പട്ടിക്കൂടുപോലത്തെ ചെറിയ കോൺക്രീറ്റു വീടുകൾ. അവയുടെ ടെറസിലും വീടിനുചുറ്റും നിറയെ പൂച്ചെടികൾ. അതിലെല്ലാം നിറയെ നല്ല നിറമുള്ള പൂക്കളും! പുറമേ നിന്നും ആരും ദർശനത്തിനെത്താത്തതിനാലാവണം, ഞങ്ങളെകണ്ടപ്പോൾ ആ ഗ്രാമീണർ അത്ഭുതത്തോടെ നോക്കി നിന്നു. ഒടുവിൽ ഞങ്ങൾ ലോഡ്ജിൽ മടങ്ങിയെത്തി.
ഉച്ചഭക്ഷണം കഴിഞ്ഞ് ഒന്നു വിശ്രമിച്ചപ്പോഴേയ്ക്കും കേദാർനാഥ് യാത്രകഴിഞ്ഞ് മറ്റുള്ളവരും തിരിച്ചെത്തി.
അപ്പോൾ ഞങ്ങളുടെ ലോഡ്ജിനുതൊട്ടടുത്ത മലനിരകളെ ഉരുമിക്കൊണ്ട് കേദാർനാഥിലേയ്ക്കുപോവുകയും വരുകയും ചെയ്യുന്ന ഹെലിക്കോപ്റ്ററുകൾ അന്തരീക്ഷത്തിൽ ചീറിപ്പായുന്നതുകാണാമായിരുന്നു.
തുടർന്നു ഞങ്ങൾ എല്ലാവരും ഒരുമിച്ചുള്ള യാത്രതുടർന്നു; ബദരീനാഥിലേയ്ക്ക്. (ചതുർധാമങ്ങളെക്കുറിച്ച് മുഖവുരയായി പറഞ്ഞകൂട്ടത്തിൽ ബദരീനാഥ ക്ഷേത്രത്തെക്കുറിച്ച് പറഞ്ഞുവല്ലോ!)
ആദ്യം ഞങ്ങൾ 'ജ്യോഷീമഠി'ലാണു എത്തിയത്. ജില്ലാ ആസ്ഥാനമായ 'ചമോലി'യിൽ നിന്നും 48 കി.മീ ദൂരത്തിലാണ് ജ്യോഷീമഠ്. ശരിയായ നാമധേയം ജ്യോതിർമഠമെന്നാണ്.
ശ്രീശങ്കരാചാര്യർ സ്ഥാപിച്ചിട്ടുള്ള നാലുമഠങ്ങളിൽ ആദ്യത്തേതു ഇവിടെയാണ്. ഇവിടെ ശ്രീ ബദരീനാഥന്റെ സിംഹാസനം കാണാം. മഞ്ഞുകാലത്ത് ബദരീനാഥ വിഗ്രഹം ഇവിടെ കൊണ്ടുവന്ന് പ്രതിഷ്ഠിച്ച് ആറു മാസം ബദരീനാഥനെ ഇവിടെയാണു പൂജിയ്ക്കുന്നത്. ബദരീനാഥക്ഷേത്രത്തിലെ പൂജാരിയും ഹിമപാതം ആരംഭിയ്ക്കുന്നതോടെ ഇങ്ങോട്ടു പോരുന്നു.
വിഷ്ണുപ്രയാഗിൽവെച്ച് ധ്ലീ ഗംഗയുമായി സംഗമിച്ചൊഴുകുന്ന അളകനന്ദാതീരത്താണ് ജ്യോഷീമഠം. സമുദ്രനിരപ്പിൽ നിന്നും 1890മീറ്റർ ഉയരത്തിലാണ് ഈ പട്ടണം സ്ഥിതിചെയ്യുന്നത്. ഋഷികേശിൽ നിന്നും 250 കിലോമീറ്റർ അകലത്തിലാണ് ജ്യോഷീമഠം. ചരിത്രപരമായും ആത്മീയമായും പ്രാധാന്യമുള്ള ജ്യോഷീമഠം ഹിമാലയത്തിലെ മാന,നിതി,താഴ്‌വരകളെ കൂട്ടിയിണക്കുന്നു. ഔലി, നന്ദാദേവീ നാഷണൽപാർക്ക്, വാലി ഓഫ് ഫ്ലവേഴ്സ്, രൂപ്കുണ്ട്, കാമെത്, രതാബൻ, ദ്രോണിഗിരി, ബദരീനാഥ്, ഭവിഷ്യബന്ദി, വൃബബദി, യോഗധ്യാൻബദി, ഹേകേണ്ഡ് സാഹിബ് തുടങ്ങിയ പുണ്യ-പ്രസിദ്ധ-സ്ഥലങ്ങളിലേക്ക്
തന്ത്രപരമായും സൈനികമായും നിർണ്ണായക പ്രാധാന്യമുള്ള ഈ നഗരത്തിൽ നിന്നും ഇന്ത്യാ-ചൈനാ അതിർത്തിയിലേക്ക് കേവലം 100 കി.മീ മാത്രം അകലമേയുള്ളു. അതുകൊണ്ടുതന്നെ ജ്യോഷീമഠിന്റെ പലഭാഗങ്ങളിൽനിന്നാലും ഹിമാലയകൊടുമുടികളുടെ മനോഹാരിത ആസ്വദിയ്ക്കാനാകും.
1962ലെ ചൈനീസ് ആക്രമണശേഷം ജമ്മുകാശ്മീർ മുതൽ അരുണാചൽപ്രദേശ് വരെ നീണ്ടു കിടക്കുന്ന 3000 കി.മീ അതിർത്തിപ്രദേശം ഇൻഡോ-തിബത്തൻ അതിർത്തി സംരക്ഷണസേനയുടെ സംരക്ഷണയിലാക്കിയിരിയ്ക്കുന്നു.
ജ്യോഷിമഠിനെ 'ഔലിയു'മായി ബന്ധിപ്പിയ്ക്കുന്ന റോപ് വേ ഇന്ത്യയിലെ ഏറ്റവും നീളംകൂടിയതും ഉയരത്തിലുള്ളതുമാണ്. 40 മീറ്റർ ശരാശരി ഉയരമുള്ള ഈ റോപ്പ് വേയുടെ നീളം 4.15 കി.മീയാണ്. 10 ടവറുകൾ ഉപയോഗിച്ചാണ് ഈ റോപ്പ് വേ നിർമ്മിച്ചിരിക്കുന്നത്. ഒരു കേബിൾ കാറിൽ 25 പേർക്കു ഒരുമിച്ചു യാത്രചെയ്യാവുന്ന ഈ റോപ്പ് വേയ്ക്കു 28.07.1983ൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് തറക്കല്ലിട്ടത്.
ജോഷിമഠ് പട്ടണത്തിൽ ഒരു പുരാതന ദുർഗ്ഗാക്ഷേത്രമുണ്ട്. ഈ ക്ഷേത്രത്തിൽ ഒരു വലിയ വാസുദേവ പ്രതിമയുണ്ട്. ശ്രീശങ്കരാചാര്യസ്വാമികളാണ് ഈ പ്രതിമ സ്ഥാപിച്ചതു. ഈ ക്ഷേത്രത്തിന്റെ ഇടതുഭാഗത്ത് ഒരു നരസിംഹ ക്ഷേത്രവുമുണ്ട്. നേപ്പാളിലെ ഗണ്ഡകി നദിയിൽ നിന്നും ലഭിച്ച നരസിംഹ വിഗ്രഹം ശ്രീശങ്കരനാണത്രെ ഇവിടെ പ്രതിഷ്ഠിച്ചതു. ഇവിടത്തെ കൽപവൃക്ഷച്ചുവട്ടിൽ വെച്ച് ശ്രീശങ്കരന് ജ്ഞാനോദയമുണ്ടായത് നരസിംഹമൂർത്തിയുടെ അനുഗ്രഹത്താലാണെന്നും പരക്കെ വിശ്വസിയ്ക്കപ്പെടുന്നു.
ബദരിനാഥ് - കേദാർനാഥ് ക്ഷേത്രക്കമ്മറ്റിയുടെ ആസ്ഥാനം കൂടിയാണ് ജ്യോഷീമഠ്.
എട്ടാം ശതകത്തിൽ ശ്രീശങ്കരൻ ഇവിടെയുള്ള ഗുഹയിൽ കഠിനതപസ്സ് അനുഷ്ഠിച്ചുവേന്നും തപസിന്റെ അന്ത്യത്തിൽ ജ്ഞാനോദയമുണ്ടായെന്നും വിശ്വസിയ്ക്കപ്പെടുന്നു. ആ ഗുഹയിലിരുന്നാണത്രെ ആദിശങ്കരൻ ഉപനിഷത്തുകൾക്കും ഗീതയ്ക്കും ഭാഷ്യങ്ങൾ ചമച്ചതു.
ശ്രീശങ്കരൻ ഇവിടെയാണ് ആദ്യമഠം സ്ഥാപിച്ചതു. ഒറീസ്സയിൽ ജഗന്നാഥപുരിയിലും ഗുജറാത്തിൽ ദ്വാരകയിലും കർണ്ണാടകയിൽ ശൃംഗേരിയിലും പിന്നീട് അദ്ദേഹം മഠങ്ങൾ സ്ഥാപിച്ചു.
കേദാർനാഥിലും ബദരിനാഥിലും പോകുമ്പോഴും വരുമ്പോഴും മിക്കവാറും തീർത്ഥാടകർ ജ്യോഷീമഠിൽ എത്തുന്നു. താമസസൗകര്യങ്ങളും ഹോട്ടൽ സൗകര്യങ്ങളുമുള്ള ഈ പട്ടണം തീർത്ഥാടകർക്കു അനുഗ്രഹമാണ്. ഇഡ്ഢലിയും ദോശയുമെല്ലാം ലഭിയ്ക്കുന്ന ഹോട്ടലുകളും ഇവിടെയുണ്ടെന്നത് ദക്ഷിണേന്ത്യയിൽ നിന്നും വരുന്നവർക്കും ആശ്വാസകരമാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ!
ഈ യാത്രയിൽ ഭഗീരഥി നദിയ്ക്കുമേൽ നിർമ്മിച്ചിട്ടുള്ള 'തിഹരി' അണക്കെട്ട് പ്രകൃതിയുടേയും ശാസ്ത്രത്തിന്റെയും മനുഷ്യപ്രയത്നത്തിന്റെയും ഒരത്യപൂർവ്വസാഗരമത്രെ!
ഈ കുറിപ്പിലെ തുകകളും അക്കങ്ങളും ധൈര്യമായി രേഖപ്പെടുത്താൻ ഈ ലേഖകനെ സഹായിച്ചതു ശ്രീ.എം.പി.വീരേന്ദ്രകുമാറിന്റെ ഹൈമവതഭൂവിൽ എന്ന ബൃഹത്തായ യാത്രാവിവരണമാണെന്നു നന്ദിപൂർവ്വം സ്മരിക്കുന്നു.
തുടരും...