22 Oct 2012

വിചിന്തനങ്ങൾ


സുധാകരൻ ചന്തവിള

കവിതയുടെ കൽപ്പണിക്കാരൻ

ഈയിടെ അന്തരിച്ച സാംബശിവൻ മുത്താന എന്ന കവിയെക്കുറിച്ച്
    'പട്ടിണികൊണ്ട്‌ പച്ചമങ്ങിയ ഒരിലയായ' സ്വജീവിതവും കവിതയും ഉപേക്ഷിച്ച്‌ സാംബശിവൻ മുത്താന നിതാന്തമായ ഉറക്കത്തിലേക്ക്‌ കടന്നുപോയി. കഴിഞ്ഞ സെപ്തംബർ 17-നുണ്ടായ തികച്ചും അവിചാരിതമായ ആ വേർപാടിൽ അദ്ദേഹത്തിന്റെ സഹധർമ്മിണി സുധർമ്മയെയും പ്രിയപുത്രിമാരായ ശിൽപയെയും ചിപ്പിയെയും ഒപ്പം നിരവധി സുഹൃത്തുക്കളെയും കാവ്യാസ്വാദകരേയും തീരാദുഃഖത്തിലാഴ്ത്തി.

സാംബശിവൻ മുത്താന

    വർക്കലക്കടുത്തുള്ള മുത്താന എന്ന ഗ്രാമത്തിന്റെയും സമീപഗ്രാമമായ പറകുന്നിന്റെയും മധ്യത്തിലുള്ള കശുവണ്ടിശാലയുടെയും പച്ചവിരിച്ച വയലേലകളുടെയും തോടുകളുടെയും ഓരത്ത്‌ പണിതീരാത്ത ഒരു കുഞ്ഞുവീട്ടിൽ കൽപ്പണിയും കവിതയും കൂട്ടിയോജിപ്പിച്ച സാംബശിവൻ മുത്താനയ്ക്ക്‌ കവിത പച്ചയായ ജീവിതത്തിന്റെ തനിയാവർത്തനങ്ങളായിരുന്നു. അതും തനിക്ക്‌ നേരിട്ടറിയാവുന്ന ജീവിതത്തെക്കുറിച്ചുമാത്രം എഴുതുന്ന ശൈലിയായിരുന്നു ആ കവിതകളുടേത്‌. ആ കവിതകൾക്ക്‌ വസന്തതിലകമോ, ശാർദൂലവിക്രീഡിതമോ, അന്നനടയേ, കേകയോ, കാകളിയോ ഉണ്ടായിരുന്നില്ല. ആലങ്കാരികതയോ, ശബ്ദമാധുര്യമോ, ശ്രവണസുഖമോ ആ കവിതകൾക്ക്‌ അകമ്പടിയില്ലായിരുന്നു. പരുപരുത്ത ജീവിതാവസ്ഥകളുടെ നിമ്നോന്നതങ്ങളായിരുന്നു അവയുടെ ശക്തിസൗന്ദര്യങ്ങൾ. നിത്യദുഃഖത്തിന്റെ താരാട്ടായിരുന്നു അതിന്റെ പല്ലവികൾ. പാറകളുടെ ശബ്ദമായിരുന്നു അതിന്റെ സംഗീതം.
    താനുൾപ്പടെയുള്ള നാലുജീവിതങ്ങൾക്കായി പകൽ മുഴുവനും പാറപൊട്ടിച്ചും ചാന്തുകുഴച്ചും കൂര പണിയവേ അതിജീവനത്തിന്റെ ആയുധമായി സാംബശിവനിൻ കവിതയും കൂട്ടിനെത്തി. എന്താണ്‌ കവിതയെന്നോ, കാവ്യശാസ്ത്രത്തിന്റെ ലക്ഷണങ്ങളെന്തെന്നോ പാഠശാലകളിൽ നിന്നു പഠിച്ചിട്ടില്ലാത്ത സാംബശിവൻ തനിക്കിണങ്ങുന്ന, വഴങ്ങുന്ന ഭാഷയിൽ ആത്മാവിഷ്കാരം നടത്തി. അവ പുതുകവിതയുടെ രസതന്ത്രത്തിൽ സ്ഥാനം നേടി. തികഞ്ഞ അനുഭങ്ങളിൽ നിന്നു വിരിഞ്ഞ നവീന കൽപനകളായിരുന്നു ആ കവിതകൾ. അധുനിക മലയാള കവിതയുടെ രാജശിൽപിയായ ഡോ. കെ. അയ്യപ്പപ്പണിക്കരെപ്പോലുള്ളവരു
ടെ മുക്തകണ്ഠമായ തലോടലിനുപോലും ഇടയാക്കിയിട്ടുണ്ട്‌ ആ കവിതകൾ.
    പട്ടിണിയുടെ പലവഴികളിലൂടെ കടന്നുപോയ സാംബശിവൻ കവിതപോലെ ജീവിതത്തെയും ജീവിതംപോലെ കവിതയെയും സ്നേഹിക്കുകയായിരുന്നു. വാസനയിലൂടെയും സ്വപ്രയത്നത്തിലൂടെയും അറിയപ്പെടുന്ന കവിയായി മാറിയിട്ടും തികച്ചും വിനയാന്വിതനായി ഏവരുടെയും ശ്രദ്ധനേടിയെടുത്ത കൂട്ടുകാരനും നാട്ടുകാരുടെ ഉറ്റ മിത്രവുമായിരുന്നു അദ്ദേഹം. കക്ഷിരാഷ്ട്രീയം നോക്കാതെ നാടിന്റെ ജനകീയപ്രശ്നങ്ങളിൽ ഇടപെട്ടുപ്രവർത്തിക്കാൻ സാംബശിവൻ സമയം കണ്ടെത്തിയിരുന്നു. മുത്താന 'ഗ്രാമശ്രീ' വായനശാലയിലെ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിലും കവിതയ്ക്കും സാഹിത്യത്തിനുമായുള്ള കുഞ്ഞുകുഞ്ഞു കൂട്ടായ്മകൾ സംഘടിപ്പിക്കുന്നതിലുമെല്ലാം എപ്പോഴും സാംബശിവൻ കൂട്ടുകാർക്കിടയിൽ മുൻപന്തിയിലായിരുന്നു.
    'ജലശയ്യ', 'കല്ലിൽകൊത്തിയ കവിത' എന്നീ രണ്ടു കവിതാസമാഹാരങ്ങൾ കാവ്യലോകത്തിനു സമർപ്പിച്ച സാംബശിവൻ മൂന്നാമതൊരു കാവ്യസമാഹാരത്തിന്റെ കൂടി കൈയ്യെഴുത്തുപണി തീർത്തിട്ടാണ്‌ തികച്ചും യാദൃച്ഛികമായി മരണത്തിന്റെ പിടിയിലകപ്പെട്ടത്‌. താനൊരു കൽപണിക്കാരനായ കവിയെന്ന്‌ ആരുടെ മുമ്പിലും സങ്കോചമില്ലാതെ പറഞ്ഞിരുന്ന സാംബശിവന്റെ കവിതകൾ മലയാളത്തിലെ മിക്കവാറും എല്ലാ പ്രസിദ്ധീകരണങ്ങളിലും ഇതിനകം ഇടം നേടിയിട്ടുണ്ട്‌. കുറേയൊക്കെ അർഹമായ അംഗീകാരങ്ങളും അറിയപ്പെടലുകളും അദ്ദേഹത്തിനു കിട്ടുകയുണ്ടായി.
    സാംബശിവന്റെ കവിതകളെ അറിയാത്തവരും അറിഞ്ഞവരും അദ്ദേഹത്തിന്റെ വേർപാടിനുശേഷം കൂടുതൽ അറിയുമെന്നത്‌ തീർച്ചയാണ്‌. ഒരുപക്ഷേ, ആ കവിതകൾക്ക്‌ അർത്ഥവത്തായ വായനയും സ്വീകാര്യതയും ഇനിയാണുണ്ടാകുന്നത്‌. കവികൾ കാലശേഷം ജീവിക്കുന്നവരാണെന്ന വാക്യം മലയാളത്തിലെ പല നല്ല കവികളുടെയും ജീവിതത്തിൽ സാർത്ഥകമാണല്ലോ? സാംബശിവൻ മുത്താനയ്ക്കും അങ്ങനെയൊരിടം മലയാള കവിതയിൽ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ ഒരു സുഹൃത്കവിയുടെ കണ്ണീരണിഞ്ഞ ആദരാഞ്ജലികൾ!

 സാംബശിവൻ മുത്താന ഫണ്ട്
മലയാളത്തിലെ പുതുതലമുറക്കവിതയിലെ ശ്രദ്ധേയ സാന്നിദ്ധ്യമായിരുന്ന സാംബശിവൻഅകാലവിയോഗത്തെത്തുടർന്ന്‌ അനാഥമായ അദ്ദേഹത്തിന്റെ കുടുംബത്തെ സഹായിക്കുന്നതിന്‌ സുഹൃത്തുക്കൾ ശ്രമം ആരംഭിച്ചിരിക്കുകയാണ്‌.
    എസ്‌. ബി. ടിയുടെ കല്ലമ്പലം ശാഖയിൽ സാംബശിവന്റെ വിധവ സുധർമ്മയുടെ പേരിൽ 67197910507 എന്ന നമ്പരിൽ അക്കൗണ്ട്‌ ആരംഭിച്ചിട്ടുണ്ട്‌. വിലാസം: സുധർമ്മ സാംബശിവൻ, തേജസ്‌, പറകുന്ന്‌ പി. ഒ, നാവായിക്കുളം, തിരുവനന്തപുരം, പിൻ-695603. ബാങ്കിന്റെ ഐ. എഫ്‌. എസ.​‍്‌ സി. കോഡ്‌ എസ്‌. ബി.ടി. ആർ 0000221 എന്നതാണ്‌. സുഹൃത്തുക്കളും അഭ്യുദകാംക്ഷികളും പരമാവധി സഹായം നൽകണമെന്ന്‌ അഭ്യർത്ഥിക്കുന്നു.
    സാംബശിവന്റെ കുടുംബത്തിന്റെ പങ്കാളിത്തമോ സമ്മതമോ ഇല്ലാത്ത വിലാസങ്ങളിലേക്ക്‌ ശരിയായ അന്വേഷണമില്ലാതെ പണമയയ്ക്കരുതെന്നും അഭ്യർത്ഥിക്കുന്നു. ഫോൺ: 9496155138, 9745870100, 9387726596. കുടുംബ സഹായ കൂട്ടായ്മയ്ക്കുവേണ്ടി കൺവീനർ.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...