മോഹൻ ചെറായി
ഭാര്യയ്ക്കു ജോലി വേണ്ട!
ഇനി, ഭാര്യക്കു ജോലി ഉണ്ടെന്നു വക്കുക. ഭാര്യക്കും ഭർത്താവിനും ജോലി ഒരു ഓഫീസിലായിക്കൂടാ!!
അഥവാ, ഒരേ ഓഫീസിൽ ആണെങ്കിൽ തന്നെ ഭാര്യ ഉയർന്ന തസ്തികയിലായിക്കൂടാ!!!
എന്തു ചെയ്യാം.... അയാളുടെ കാര്യത്തിൽ എല്ലാം വിപരീതമായിപ്പോയി. ഓഫീസിൽ അവൾ ആജ്ഞാപിച്ചു; കീഴുദ്യോഗസ്ഥനായ അയാൾ അനുസരിച്ചു - നിവൃത്തികേടു കൊണ്ട് .
പക്ഷെ വീട്ടിലും.......
ഒരു ദിവസം അയാൾ പറഞ്ഞു:
"വീടായാൽ ഒരു പട്ടി വേണം "
ഉടൻ അവളെതിർത്തു : "വേണ്ട!"
'വേണം - വേണ്ട' കുറെ നേരം തുടർന്നു. ഒടുവിലയാൾ പറഞ്ഞു:
"എന്റെ വീട്ടിൽ ഒരു പട്ടിയെ വളർത്താൻ നിന്റെ അനുവാദം വേണ്ട!"
അവിടെ അവൾ ബ്രഹ്മാസ്ത്രം പ്രയോഗിച്ചു:
"ഇതേയ് ..... എന്റെ പേരിലുള്ള വീടാ, ഇവിടെ പട്ടിയെ വളർത്താൻ എന്റെ അനുവാദം വേണം."
ശരിയാൺ് ലോൺ എടുക്കുന്നതിനു വീടും പുരയിടവും അവളുടെ പേരിലാക്കിയിരുന്നു....
ബധിരത നടിച്ചു.
കല്ലും കട്ടയുമിറക്കി പട്ടിക്കൂടിന്റെ പണി തുടങ്ങി.
അവൾ കുരച്ചു കൊണ്ടിരുന്നു. കൂടിന്റെ പണി പൂർത്തിയായ ഉടൻ ഒരു പട്ടിയേയും സംഘടിപ്പിച്ചു. പട്ടിയ്ക്ക് അവരുടെ ഓഫീസറുടെ പേരിട്ടു
അവൾക്കു പ്രിയങ്കരനായ ഓഫീസറുടെ പേര്!
പൂർവ്വാധികം ശബ്ദത്തിൽ അവൾ കുരച്ചു. അതു കേട്ട് ഒരു കാര്യവുമില്ലാതെ അയാൾ പട്ടിയെ തല്ലി.
അവളുടെ കുരയ്ക്കു മീതെ പട്ടിയുടെ കരച്ചിൽ മുഴങ്ങി (പട്ടിയെ തല്ലുമ്പോൾ ഓഫീസറെ തല്ലുന്ന സുഖം!) ഒരു ദിവസം ഓഫീസറും അയാളുടെ നേരെ കുരക്കുന്നു.പട്ടിയുടെ പേര് അയാളറിഞ്ഞിരിക്കുന്നു. വാഗ്വാദം മൂത്തു.
അതവസാനിച്ചപ്പോൾ വെളുത്ത ഓഫീസറുടെ തുടുത്ത കവിളിൽ ചുവന്ന പാടുണ്ടായിരുന്നു.
ഓഫീസ് ക്ലോക്കിലെ സെക്കന്റ് സൂചി അൽപ നേരം നിശ്ചലമായി. സസ്പെൻഷൻ ഓർഡർ ഡ്രാഫ്റ്റ് ചെയ്തത് അവൾ തന്നെയായിരുന്നു: സാക്ഷാൽ ഭാര്യ!
അതു വാങ്ങാൻ നിൽക്കാതെ അയാളിറങ്ങി നടന്നു..........
അടുത്ത ശമ്പളം കിട്ടാതെ വന്നപ്പോൾ കടം വാങ്ങി. കടം കിട്ടാതെ വന്നപ്പോൾ........
ശരിക്കും കുടുങ്ങിപ്പോയി. ഒടുവിൽ വിശന്നുവലഞ്ഞപ്പോൾ അവളോടു തന്നെ ഇരക്കേണ്ടി വന്നു.
"ഞാൻ പറയുന്നത് അനുസരിയ്ക്കാമോ?"
വയറ്റിൽ, വൻകുടൽ ചെറുകുടലിനെ തിന്നു തുടങ്ങിയിരുന്നതു കൊണ്ട് നിഷേധിക്കാൻ കഴിഞ്ഞില്ല.
"അപ്പുറത്തേയ്ക്കുവാ" അകത്തു കടക്കാൻ ഭാവിച്ചു
"ഛീ പുറത്തൂടെ" അവൾ പുറത്തേക്കു വിരൾ ചൂണ്ടി.
പുറത്തുകൂടെ അടുക്കള ഭാഗത്തേക്കു നടന്നപ്പോൾ ഒഴിഞ്ഞ പട്ടിക്കൂട്! (പട്ടിയെ ഇതിനോടകം അവൾ വിഷം കൊടുത്ത് കോന്നിരുന്നു) അടുക്കള വാതിൽക്കൽ പട്ടിക്കു തീറ്റി കൊടുത്തിരുന്ന പ്ലേറ്റിൽ ഭക്ഷണം! കൂടിക്കുഴഞ്ഞ തണുത്ത ചോറിനും മീൻ ചാറിനും ഉശിരൻ സ്വാദ്.!! തിന്നു കഴിഞ്ഞപ്പോൾ നട്ടെല്ലിന് താഴെ ചലനം! എന്തോ വളരുന്നതു പോലെ.....
കയ്യിലെ എച്ചിൽ നക്കിക്കൊണ്ടു മുൻ ഭാഗത്തേയ്ക്കു ചെന്നു. ഓഫീസറുടെ വിലപിടിച്ച ഷൂ സിറ്റൗട്ടിൽ! ദേഷ്യം കൊണ്ട് അറിയാതെ വിറച്ചു. ഒരിയ്്ക്കലെങ്കിലും ജയിക്കണം! നശിപ്പിക്കാൻ മറ്റൊരായുധവുമില്ലാത്തതു കൊണ്ട് കടിച്ചു തന്നെ ഷൂ കീറി പല കഷ്ണങ്ങളാക്കി. പിന്നെ നിന്നു കിതച്ചു. അനന്തരം സാവധാനം തണുത്ത് തിരിഞ്ഞു നടന്നു. വല്ലാത്ത തളർച്ച...... ഒന്നു കിടക്കണം.
പട്ടിക്കൂട് ഒഴിഞ്ഞു കിടക്കുന്നു.
പെട്ടെന്ന് ഒരുൾ വിളി! തിരിഞ്ഞ് അടഞ്ഞു കിടന്ന വാതിലിനു നേരെ നോക്കി ഉറക്കെ പറഞ്ഞു.
"വീടായാൽ ഒരു പട്ടി വേണം"
പട്ടിക്കൂടിന്റെ വാതിൽ തുറന്ന് സാവധാനം അകത്തു കടന്ന് ചുരുണ്ടു കിടന്നു........