ദുഷ്യന്തനിലെ ശകുന്തള കുസുമം.ആര്‍.പുന്നപ്ര   

                           
                                             1

 മണിക്കുട്ടിക്ക്    അമ്മുമ്മയുടെ മുത്തശ്ശിക്കഥയിലെ    രാജകുമാരിയാകുവാനായിരുന്നു മോഹം. ഏഴാം കടലിനക്കരെ നിന്നൊരു രാജകുമാരന്‍ വെള്ളക്കുതിരകള്‍ പൂട്ടിയ തേരില്‍

തന്നെ കൂട്ടിക്കൊണ്ടുപോകുമെന്ന് എപ്പോഴും അവള്‍ സ്വപ്നം കാണും. കൂടെ വെള്ളിതളികയില്‍ പാല്‍ ചോറുണ്ണുന്നതും.  പക്ഷെ ചോര്‍ ന്നൊലിക്കുന്ന നടുത്തളത്തിന്റ അരികില്‍  ഉമ്മറപ്പടിയിലിരുന്ന് വര്‍ഷമേഘത്തിന്‍റെ ഗര്‍ജ്ജനമേറ്റു വാങ്ങുമ്പോള്‍   അവളുടെ   രാജകുമാരനും കുതിരകള്‍ പൂട്ടിയ തേരും എല്ലാം ആ മഴവെള്ളത്തിലൊലിച്ചു പോകും.  പട്ടിണികൊണ്ട് ഒട്ടിയ വയറുമായിരിക്കുമ്പോള്‍ വീണ്ടും അടുത്ത ദിവസം അമ്മുമ്മ കഥപറഞ്ഞു കൊടുക്കും. ആ കഥയില്‍,തേരിലിരിക്കുന്ന രാജകുമാരന് അവളൊരു കുടയും ചൂടും. നനയാതിരിക്കുവാന്‍. അവളുടെ രാജകുമാരനൊരിക്കലും നനയാന്‍ പാടില്ല.

മുകുന്ദപുരം ഹൈസ്ക്കൂളിന്‍റെ പേരു്  സംസ്ഥാനത്തു മൊത്തം അറിയുന്ന ഒരേ ഒരു വഴികാട്ടിയായിരുന്നു മണിക്കുട്ടി   എന്ന നന്ദന.  പ്രസംഗമത്സരം, നാടകം , ചിത്ര രചന എല്ലാത്തിനും സംസ്ഥാനതലത്തില്‍      സ്ക്കൂള്‍ യുവജനോത്സവത്തിന്         നന്ദന യെ കവച്ചു വെയ്ക്കുവാന്‍ ആരുമുണ്ടായിരുന്നില്ല.
   കാലത്തിന്റെ കരവിരുതില്‍  കൌമാരം കടഞ്ഞെടുത്ത നന്ദനക്ക്
മുത്തശ്ശിക്കഥയുടെ സ്ഥാനത്ത് ഇപ്പോള്‍ കൂട്ടുകാര്‍ പറയുന്ന കഥകളിലാണ് മനസ്സ് സ്വപ്നം നെയ്തു കൂട്ടുന്നത്.    അതില്‍ താമരയിതളില്‍ പ്രേമലേഖനമെഴുതിയ മുനികുമാരിയും ഹംസത്തിന്‍റ കൈവശം സന്ദേശം കൊടുത്തയച്ച രാജകുമാരനും ഒക്കെയുണ്ടായിരുന്നു.മുത്തശ്ശിക്കഥയിലെ രാജകുമാരനൊക്കെ കെട്ടു കഥകളായെ അപ്പോള്‍ മണിക്കുട്ടിക്കു തോന്നിയുള്ളു.പകരം ഹംസദൂതിലെ നളനെയും മുനികുമാരിയുടെ പ്രിയതമനും ഒക്കെ യാഥാര്‍ത്ഥ്യമാകുമെന്നവള്‍ വിശ്വസിച്ചു. ഏഴാം കടലിനക്കരെ നിന്നു വരുന്ന രാജകുമാരന്‍റെ ഓര്‍മ്മകള്‍ പോലും അവളില്‍ നിന്നും മാഞ്ഞു പോയി.

                                                        2

  കോളേജുതലങ്ങളില്‍സംസ്ഥാന തല കലോത്സവങ്ങളില്‍ചാമ്പ്യന്‍ഷിപ്പ്.   ആരിലും മനം കവരുന്ന ആകൃഷ്ടത.ആരെയും മയക്കുന്ന ശാലീന  സൌന്ദര്യം   എല്ലാവരും ഒരു നോട്ടമെറിഞ്ഞില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളു  .കോളേജുദിനത്തില്‍  കൂട്ടുകാരുമായി കെട്ടിയാടിയ നാടകം.അരങ്ങു തകര്‍ത്തു.ശാകുന്തളം.ദുഷന്തനായിട്ടു്.നാടകം കഴിഞ്ഞപ്പോള്‍ദുഷന്തനിലെ ശകുന്തളയെ തേടി ഒരാള്‍ സ്റ്റേജിനു പുറകില്‍കാത്തുനിന്നിരുന്നു.  സാമ്പത്തിക ശാസ്ത്രം ഡിഗ്രി

ക്ലാസ്സിലെ ഭാസ്ക്കര്‍ .  കോളേജിലെ അവസാന ദിവസങ്ങളില്‍ കണ്ണ്വാശ്രമത്തിലെ മുനികുമാരിയുടെ വിരഹവേദന അനുഭവിക്കുകയായിരുന്നു.
  റിസല്‍ട്ട്  അറിയുന്നതിനു മുമ്പു തന്നെ സര്‍ക്കാരാഫീസിലേക്ക്  നേരത്തെ എഴുതിയ മത്സരപരീക്ഷയില്‍കിട്ടിയ ജോലി.

ദുഷന്തനിലെ ശകുന്തളയുടെ വീടു കണ്ടു പിടിച്ച് ആലോചനയുമായി വന്നപ്പോള്‍ തോന്നി താമരയിലയിലെ പ്രേമലേഖനവും മുദ്ര മോതിരവും ഒക്കെ  സത്യമാകുവാന്പോകുകയാണെന്ന്. ആഢ്യത്തം നിറഞ്ഞ തറവാട്ടില്‍ആലോചനയുമായി വന്നപ്പോള്‍ ആട്ടിയകറ്റിയ അച്ഛന്  മകളുടെ ഹൃദയത്തിലെ മുറിവിന്‍റെ ആഴംഅളക്കാനായില്ല.പേരുകേട്ട തറവാട്ടില്‍നിന്നും, തൊട്ടു പുറകേ വന്ന  വിജയന്‍ മേനോന്റെ    ആലോചന ഉറപ്പിക്കുവാന്‍  ആ അച്ഛന് ഒന്നും നോക്കാനുണ്ടായിരുന്നില്ല.മിച്ചഭൂമിയുള്ള കുടുംബം.എല്ലാവരും അതിശയിച്ചു.പുത്തേഴത്തു മാധവന്‍പിള്ളയുടെ  മകള്‍ക്കു വന്ന ആലോചനയുടെ കാര്യം പറയുവാനേ നാട്ടുകാര്‍ക്കു നേരമുണ്ടായിരുന്നുള്ളു.

       മുനികുമാരിയുടെ   അനുവാദത്തിനു കാത്തു നില്‍ക്കാതെ   വിവാഹം പൊടിപൊടിച്ചു നടത്തി.നാട്ടുകാര്‍അങ്ങോട്ടും ഇങ്ങോട്ടും കുശുകുശുത്തു.ഭാഗ്യം..മഹാഭാഗ്യം.

  ആദ്യരാത്രിയില്‍തന്നെ മദ്യത്തിന്‍റെ മണവുമായി വന്ന പുതുമണവാളനെ മണവാട്ടി നല്ലവണ്ണം മനസ്സിലാക്കി.മനസ്സില്‍ മൊട്ടിട്ട മോഹങ്ങള്‍വിടരാതെ തന്നെ മണവാട്ടിയുടെ മനസ്സില്‍കരിഞ്ഞു നിന്നു.രണ്ടുപേരും തമ്മില്‍ തെറ്റാന്‍അധികം ദിവസം വേണ്ടി വന്നില്ല. ആദ്യമാദ്യം ആരുമറിയാതെ ഒളിച്ചുവെച്ചു.പിന്നീട് നാട്ടില്‍പാട്ടായി.പൊട്ടിത്തെറിയ്ക്കലും ചീറ്റലും കൊണ്ട് കലുഷിതമായകുടുംബജീവിതം.അതിനിടയില്‍എപ്പോഴോ ജനിച്ചുവീണകുട്ടികള്‍

   ചെറിയ സര്‍ക്കാരു ജോലിയില്‍നിന്നുള്ള ശമ്പളത്തില്‍  വീട്ടു ചിലവുകളുടെ   അറ്റം   കൂട്ടി മുട്ടിക്കുവാന്‍   അവള്‍ നന്നെ പണിപ്പെട്ടു. സഹിക്കാതെ യായപ്പോള്‍  വീട്ടുകാരെ  ഇടപെടുത്തി.അത് രംഗം വഷളക്കാനേ  ഉപകരിച്ചുള്ളു.കൂടിയാലോചനകളും ഒരുമിപ്പിക്കല്‍ശ്രമവും വൃഥാവിലായി.രണ്ടു പേരും രണ്ടു വഴിയ്ക്കൊഴുകി.എവിടെയും എത്താത്ത ജീവിതം.

പതുക്കെ  നാട്ടിലോട്ട് ഒരു സ്ഥലം മാറ്റം. ഒരു നാലുകാലോലപ്പുരകെട്ടിയെന്നു   ഏതോ കവി പാടിയതു പോലെ    എങ്ങിനെയോ,    അവള്‍ഒരു കൂര കെട്ടിപ്പടുത്തു.   അതിലൊതുങ്ങികൂടിയജീവിതം.  കഴുത്തില്‍രുദ്രാക്ഷം ധരിച്ചത്, സ്വര്‍ണ്ണത്തിലുള്ള മോഹം ഇല്ലാഞ്ഞിട്ടായിരുന്നില്ല. അതുപോലെ വെള്ളസാരിയും..ജീവിതത്തില്‍നിന്നുള്ള ഒളിച്ചോട്ടം ആയിരുന്നോ..ആവോ..
 കുട്ടികള്‍   ഓരോരുത്തരും പറക്കമുറ്റിയപ്പോള്‍പറന്നകന്നു.   
 പിന്നീട് ഭാഗവതം കയ്യിലേന്തി  പ്രയാണമായിരുന്നു..അമ്പലങ്ങളില്‍നിന്നും അമ്പലങ്ങളിലേക്ക്...ദശാവതാരചാര്‍ത്തുകള്‍.. സപ്താഹയജ്ഞം.രുക്‍മിണീ സ്വയംവരവും,കുചേലഗതിയും അഭവൃതസ്നാനവും കൊണ്ട് ദിവസങ്ങള്‍ കടന്നുപോയി.പഴയ ദുഷന്തനിലെ ശകുന്തളയുടെ മനസ്സ് എപ്പോഴൊക്കെയോ  താമരയിതളിലെ പ്രേമലേഖനത്തിന്റെ വരികളിലൂടെ കടന്നുപോകുവാന്‍     കൊതിച്ചു.

മദ്യം കാര്‍ന്നുതിന്നുകഴിഞ്ഞ കരളുമായി വന്നു കേറിയ    വിജയന്‍ മേനോന്    അഭയം കൊടുക്കുമ്പോള്‍ ഭാഗവതത്തിന്‍റെ വരികളില്‍ മനസ്സിനെ കടിഞ്ഞാണിട്ടു പിടിച്ചു നിര്‍ത്തി. മനസ്സിലപ്പോള്‍    ഭഗവത് ഗീതയിലെ   ഗീതോപദേശമായിരുന്നു.

പിന്നീടങ്ങോട്ടുള്ള അയാളുടെ  ജീവിതം ആമയെപ്പോലെ ഉള്‍വലിഞ്ഞ്.അതില്‍അവളുടെ സ്ഥാനം

അകലെ എവിടെയോ ആയിരുന്നു.പശ്ചാത്താപമോ, നിസ്സംഗതയോ.മാറി..മാറി  എപ്പോഴും ആമുഖത്ത് നിഴലിച്ചിരുന്നു.

ഒരുദിവസം ഈലോകത്തോടു യാത്രയായി അയാള്‍  പറന്നകന്നു.

മിച്ചഭൂമിയില്‍ജനിച്ച  കുടുംബ നായകന് അന്തിയുറങ്ങാന്‍  മിച്ചമായിട്ട് ആറടിമണ്ണില്ലാഞ്ഞിട്ട്

അന്യരുടെ  കാരുണ്യത്തിനായി കാത്തുകിടക്കേണ്ടി വന്നു. ജീവിതത്തിന്റെ കണക്കു ബുക്കില്

തെറ്റിയ കൂട്ടി കിഴിക്കല്.ഹരണഫലം ശിഷ്ടം വരാത്ത സംഖ്യകളുടെ ഹരണം.


.             എല്ലാവരും പറഞ്ഞു ഭാഗ്യം ചെയ്തയാള്‍കിടന്നു നരകിച്ചില്ലല്ലൊ. ശരിയാണ്.അയാള്‍

എല്ലാം കൊണ്ടും ഭാഗ്യം ചെയ്തയാള്‍തന്നെയാണ്... വായില്‍ വെള്ളിക്കരണ്ടിയുമായി പിറന്നയാളല്ലെ, ഭാഗ്യമില്ലാതാകുമോ.. വിരമിക്കലില്‍ നിന്നു കിട്ടിയ തുകമുഴുവനും അടിച്ചുപൊളിച്ചു തീര്‍ത്തയാള്‍.ഭാഗ്യം ഇല്ലാതാകുമോ. എല്ലാംകഴിഞ്ഞ് തിരിച്ചുവന്നത് ഓട്ടകാലണപോലെ....

                        വെള്ളവസ്ത്രത്തിന് പിന്നീട് അര്‍ത്ഥം വെച്ചു. രുദ്രാക്ഷത്തിനും.

 ഭാഗവതം കയ്യിലേന്തി    വീണ്ടും ഒരു ഇടവേളക്കുശേഷം  പ്രയാണം.  സപ്താഹയജ്ഞത്തിലെ രുക്മിണീ സ്വയംവര നാളുകളില്‍ മനസ്സ് പഴയ ശാകുന്തളം നാടകത്തിലേക്ക് അറിയാതെ ഓടിപ്പോകും.  ദിവസങ്ങള്‍ അഭവൃതസ്നാനത്തില്‍  ആറാടി മുന്നോട്ടു പോയ്ക്കൊണ്ടിരുന്നു.  ഒരുപാടു മുന്നോട്ടെത്തിയപ്പോള്‍  ഒന്നുതിരിഞ്ഞു നോക്കി.എന്താണു ,നഷ്ടപ്പെട്ടതെന്നു മനസ്സിലായി. ഇങ്ങിനി തിരിച്ചുകിട്ടാത്തവണ്ണം പലതും....

                                                3

അഷ്ടപദിയില്‍ ലയിച്ച് പതിവു പോലെ    അമ്പല നട തുറക്കുന്നതും കാത്ത് നില്‍ക്കുകയായിരുന്നു...

അമ്പല നടതുറക്കാന്‍  ഇനിയും സമയമെടുക്കും.    ഭാഗവതത്തിനെ മാറിലൊതുക്കി രുദ്രാക്ഷവും കഴുത്തിലിട്ട് നടന്നു നീങ്ങിയ രൂപം..    ഇടയ്ക്കെപ്പോഴോ കണ്ണിലൊന്നു മിന്നി മറഞ്ഞു.... അതെ അത് അവള്‍തന്നെ. ഭാസ്ക്കറിന്  അയാളുടെ   പഴയ ദുഷന്തനിലെ ശകുന്തളയെ തിരിച്ചറിയാന്‍  ഒട്ടും ബുദ്ധിമുട്ടേണ്ടി വന്നില്ല.  മുദ്ര മോതിരത്തിലെ വൈരക്കല്ലു പോലെ ഇപ്പോഴും മനസ്സില്‍  തിളങ്ങി നില്‍ക്കുന്നു....അഷ്ടപദിയുടെ  ദ്രുത താളം പോലെ ഹൃദയമിടിച്ചു.

അയാളോര്‍ത്തു...കാവിധാരിയായ തന്നെ തിരിച്ചറിയുമോ..

 പഴയ വിളിപ്പേര്‍  വിളിച്ചു.  അയാള്‍ മാത്രം വിളിക്കുന്നത്.  അവള്‍ പെട്ടെന്നു തിരിഞ്ഞുനോക്കി....അടുത്തുചെന്നു.

അവളുടെ മനസ്സിലെ വേലിയേറ്റം..മുഖത്തു നിന്നും വായിച്ചെടുക്കാന്‍ എളുപ്പം കഴിഞ്ഞു...ഒരായിരം കൊന്ന  ഒരുമിച്ചു പൂവിട്ട പോലെ...

വീണ്ടും  അവള്‍ ഒരു നിമിഷം അമ്മുമ്മയുടെ മണിക്കുട്ടി   ആയതുപോലെ...ഏഴാം

കടലിന്നക്കരെയുള്ള രാജകുമാരനെത്തിയിരിക്കുന്നു....

 ഭാഗവതത്തിനെ അയാള്‍  ഏറ്റുവാങ്ങിയപ്പോള്‍  അവളുടെ കാതുകളില്‍ പാഞ്ചജന്യം മുഴങ്ങി.
കണ്വാശ്രമത്തിലെ   ഇണ മാനുകളേപ്പോലെ  അകലേക്കവര്‍   നടന്നു നീങ്ങിയപ്പോള്‍   അങ്ങകലെ ഏതോ  ക്ഷേത്രത്തില്‍    രുക്‍മിണീ സ്വയംവരത്തിന്റെ  ഈരടികള്‍ അവരുടെ കാതുകളിലേക്ക്   അലയടിച്ചെത്തിക്കൊണ്ടിരുന്നു...

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?