വൃത്തി ഇഷ്ടപ്പെട്ട സ്ത്രീ


ഡോ.(മേജർ) നളിനി ജനാർദ്ദനൻ

    "ജനശതാബ്ദി എക്സ്പ്രസ്സ്‌ ഒന്നരമണിക്കൂർ ലേറ്റ്‌ ആണത്രേ!' എന്നു ഭർത്താവ്‌ വന്നുപറഞ്ഞപ്പോൾ 'എന്തൊരു കഷ്ടം!' എന്നു ഞാൻ ഉറക്കെ പറഞ്ഞുപോയി. രാവിലെ 10മണിമുതൽ മുംബൈ സി.എസ്‌.ടി റെയിൽവേസ്റ്റേഷനിലെ വെയിറ്റിംഗ്‌ർറൂമിൽ കാത്തിരിക്കുകയാണ്‌. ഉച്ചക്ക്‌ ഏകദേശം രണ്ടുമണിക്കു പുറപ്പെടേണ്ട ട്രെയിൻ മൂന്നുമണിക്കാണത്രേ വരിക. കാത്തിരിക്കുകയല്ലാതെ വേറെ രക്ഷയൊന്നുമില്ല. മുംബൈയിൽ എവിടെയെങ്കിലും കറങ്ങാമെന്നു വെച്ചാൽ ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തെത്താൻ തന്നെ കുറേനേരമെടുക്കുമല്ലോ. പിന്നെ ട്രെയിൻ പിടിക്കേണ്ടതാണ്‌ എന്നു കരുതി വേഗം തിരിച്ചുവരികയും വേണം. എല്ലാം ബുദ്ധിമുട്ടുതന്നെ. വെയിറ്റിംഗ്‌ ർറൂമിൽ കാത്തിരിക്കാമെന്നു ഞാൻ കരുതി.
    വെറുതെ മാസികകൾ വായിച്ചും മറിച്ചുനോക്കിയും ബോറടിച്ചപ്പോൾ വെയിറ്റിംഗ്‌ ർറൂമിലെ മറ്റുയാത്രക്കാരെ നിരീക്ഷിച്ചു. വിവിധ സ്ഥലങ്ങളിൽനിന്നും വരുന്ന പലതരത്തിലുള്ള യാത്രക്കാർ-സമയം കളയാൻ നല്ല കാര്യമാണ്‌ ചുറ്റുമുള്ള യാത്രക്കാരെ നിരീക്ഷിക്കുന്നത്‌ എന്നെനിക്ക്‌ തോന്നി.
    "ഞാനാണ്‌ ഈ സോഫ തുടച്ചു വൃത്തിയാക്കിയത്‌. അതിനു ശേഷം താഴെ സ്റ്റേഷനിൽപ്പോയി തിരിച്ചുവന്നതാണ്‌. ഇവിടെ ഞാനിരിക്കട്ടെ" എന്ന്‌ എന്റെ മകളോട്‌ ഒരു സ്ത്രീ പറയുന്നതുകേട്ട്‌ ഞാൻ നോക്കി. ഏകദേശം 55 വയസ്സുതോന്നിക്കുന്ന ഒരു തടിച്ച സ്ത്രീ. ചുവന്ന നിറത്തിൽ, കണ്ണാടിക്കഷ്ണങ്ങളും മുത്തുകളുംകൊണ്ടലങ്കരിച്ച കുർത്തയും പച്ചനിറത്തിലുള്ള പൈജാമയും ധരിച്ച മധ്യവയസ്ക. പക്ഷേ ഇറക്കം കുറഞ്ഞ കുർത്തയും ഇറുകിയ പൈജാമയുമായതുകൊണ്ട്‌ അൽപം ഭംഗികേട്‌ തോന്നിയിരുന്നു. കഴുത്തിലും കാതിലും, തിളങ്ങുന്ന കല്ലുകൾ പിടിപ്പിച്ച കൃത്രിമാഭരണങ്ങൾ ധരിച്ചിരുന്നു. അതിനുപുറമേ തിളങ്ങുന്ന കല്ലുകൾ വെച്ച മുടിപ്പിന്നു കൂടിയായപ്പോൾ ആകപ്പാടെ അസാധാരണമായ  ഒരു പ്രത്യേകത തോന്നി. ഈ പ്രായത്തിലും നന്നായി വേഷം ധരിച്ച്‌ നടക്കാനാഗ്രഹമുള്ള സ്ത്രീയായിരിക്കുമെന്നു കരുതി.
    മകൾ മര്യാദപൂർവ്വം എഴുന്നേറ്റു മാറി എന്റെയടുത്ത്‌ വേറൊരു സോഫയിലിരുന്നു. ആ സ്ത്രീ വീണ്ടും സോഫ തുടച്ചു വൃത്തിയാക്കി കാലുകൾമുമ്പിലെ ചെറിയ മേശയ്ക്കുമുകളിൽ കയറ്റിവെച്ചുകൊണ്ട്‌ ഇരുന്നു. അൽപനേരം കഴിഞ്ഞപ്പോൾ സോഫയിൽ നീണ്ടുനിവർന്നു കിടന്നു. വെയിറ്റിംഗ്‌ ർറൂമിൽ തിരക്കുകൂടി.'ഇരിക്കാൻ അൽപം സ്ഥലം തരുമോ'-എന്ന്‌ ഒരു യാത്രക്കാരി ചോദിച്ചപ്പോൾ അവർ കാലിന്റെ ഭാഗത്ത്‌ ഇരുന്നുകൊള്ളാൻ അനുവദിച്ചു. പക്ഷേ കുറച്ചു സമയം കഴിഞ്ഞതും ആ മധ്യവയസ്ക കാലുകൾ നീട്ടുകയും വേദനിക്കുന്നതുപോലുള്ള മുഖഭാവം കാണിക്കുകയും ചെയ്തു. അതുകണ്ടപ്പോൾ കാൽക്കലിരുന്ന സ്ത്രീ എഴുന്നേറ്റു മാറി. വീണ്ടും പഴയതുപോലെ ആ മധ്യവയസ്ക സോഫയിൽ നീണ്ടുനിവർന്നു കിടന്നു. യാത്രക്കാരിൽ ചിലർ നീരസത്തോടെയും സൗമ്യമായും ദേഷ്യത്തോടെയും പറഞ്ഞുനോക്കിയെങ്കിലും അവർ എഴുന്നേറ്റുമാറുകയോ സീറ്റുകൊടുക്കുകയോ ചെയ്തില്ല. കുറേനേരം കഴിഞ്ഞപ്പോൾ അവരെഴുന്നേറ്റ്‌ സീറ്റ്‌ വീണ്ടും തുടച്ചു. ദുപ്പട്ട ഊരി നന്നായി കുടഞ്ഞശേഷം വീണ്ടും ധരിച്ചു. ബാഗിൽ നിന്ന്‌ ടൗവ്വലെടുത്ത്‌ കൈകാലുകൾ നന്നായി തുടച്ചു. പിന്നെ ബാത്ത്‌ർറൂമിൽ പോയി മുഖം കഴുകി തിരിച്ചുവന്ന്‌ വീണ്ടും വൃത്തിയാക്കുന്ന പ്രവൃത്തി ആവർത്തിച്ചു.
    സീറ്റ്‌ തുടയ്ക്കുക, മൊബെയിലും ബാഗും തുടയ്ക്കുക, ഡ്രസ്സ്‌ തട്ടിക്കുടയുക, ദുപ്പട്ട ഊരിക്കുടയുക ഇങ്ങിനെ നീണ്ടുപോയി അവരുടെ കാര്യം. ഇതെല്ലാം കണ്ടപ്പോൾ എനിക്കു മനസ്സിലായി അവർക്ക്‌ മനഃശാസ്ത്രപരമായി എന്തോ ചെറിയ തകരാറുണ്ടായിരിക്കുമെന്ന്‌- എത്ര വൃത്തിയാക്കിയാലും മതിവരാത്ത ശീലം ഇത്‌ ഛയലെശൈ​‍്ല ഇ​‍ീ​‍ാ​‍ു​‍ൗഹശെ​‍്ല ഉശ​‍്​‍ൃറലൃഎന്ന അസുഖത്തിന്റെ ഒരു വകഭേദമാവാം-ഇതിനിടയിൽ എന്റെ ഭർത്താവിന്റെ കയ്യിൽ നിന്ന്‌ ഒരു വിലപിടിച്ച പാർക്കർ പെൻ എഴുതാൻ വാങ്ങിയ ശേഷം തിരച്ചുതന്നില്ല. ചോദിച്ചപ്പോൾ ഇപ്പോൾ താരാമെന്നു പറയുകയല്ലാതെ തന്നതേയില്ല. വീണ്ടും മൂന്നുനാലു പ്രാവശ്യം ചോദിച്ചപ്പോൾ മാത്രം മടക്കിത്തന്നു.
    അപ്പോഴേക്കും ഞങ്ങൾക്കു പോകാനുള്ള വണ്ടിയുടെ അനൗൺസ്‌മന്റ്‌ കേട്ടു. വേഗം സാധനങ്ങൾ എടുത്തു നടക്കുന്നതിനിടയിൽ" എനിക്കിത്തിരി കുടിക്കുന്ന വെള്ളം വേണം'-എന്തായി ആ സ്ത്രീ. നോക്കിയപ്പോൾ ഞങ്ങളുടെ കൈവശം അരക്കുപ്പി വെള്ളം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പെട്ടെന്ന്‌ പുറത്തെ കടയിൽ നിന്ന്‌ വെള്ളക്കുപ്പി വാങ്ങാൻ പറ്റുമോ എന്നറിയില്ല. വണ്ടിയിൽ വെള്ളക്കുപ്പി വിൽപനക്കാർ എപ്പോൾ വരുമെന്നും അറിയില്ല. അതുകൊണ്ട്‌ എന്റെ ഭർത്താവ്‌ പറഞ്ഞു. 'സോറി, ഞങ്ങളുടെ കൈവശം അരക്കുപ്പി മാത്രമേ വെള്ളമുള്ളൂ. ഈ വെയിറ്റിംഗ്‌ ർറൂമിനു മുമ്പിൽ അൽപ ദൂരെ വലത്തുവശത്ത്‌ 'ഹൗസ്‌ കീപ്പിംഗ്‌' എന്നെഴുതിയ ബോർഡുകാണാം. ആ മുറിയിൽ കുടിക്കാനുള്ള വെള്ളം കിട്ടും. അതല്ലെങ്കിൽ താഴെ പടികളിറങ്ങിച്ചെന്നാൽ സ്റ്റേഷനിലെ കടകളിലെല്ലാം വെള്ളക്കുപ്പികൾ കിട്ടുമല്ലോ'.
    'അതൊന്നും എനിക്കു വേണ്ട അവിടെ തണുത്തവെള്ളമായിരിക്കും കിട്ടുക. കടകളിലും തണുത്ത വെള്ളമാണ്‌ കിട്ടുക. എനിക്ക്‌ തൊണ്ടവേദനയാണ്‌. എനിക്കു നിങ്ങളുടെ കയ്യിലുള്ള വെള്ളം വേണം!' ഇത്രയും കേട്ടപ്പോൾ 'ഏട്ടാ, നമുക്കു വേഗം പോകാം. ഈ സ്ത്രീയെ പറഞ്ഞുമനസ്സിലാക്കാൻ നിന്നാൽ നമ്മുടെ ട്രെയിൻ പോകും" എന്നു പറഞ്ഞ്‌ ഭർത്താവിന്റെ കൈപിടിച്ചുവലിച്ചുകൊണ്ട്‌ മകളെയും കൂട്ടി ഞാൻ നടന്നു. വണ്ടിയിലിരുന്നപ്പോഴും മനസ്സിൽ ആ സ്ത്രീയുടെ മുഖമായിരുന്നു-എത്ര വൃത്തിയാക്കിയാലും മതിവരാത്ത ആ സ്ത്രീയുടെ മുഖം!

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ