സതി അങ്കമാലി
ഒരക്ഷരം മിണ്ടരുത്
എനിക്ക് പറയാനുണ്ട്!
അലക്കിപിഴിഞ്ഞ വാക്കിന്റെ-
ആകാശ ചതുരത്തിൽ
ചോര മണക്കുന്ന സത്യങ്ങൾ
ഉച്ഛിഷ്ടമാക്കിയതിനെപ്പറ്റി...
ഓലിയിട്ടതൊന്നും
കൂവി തെളിയാനല്ല
എച്ചിലിലകളുടെ വിലാസമൊട്ടിക്കാൻ
എന്നെ തിരയരുതെന്ന് പറയാൻ
വാൽ ചുരുട്ടി, ചുരുട്ടി
കുഴലിലിട്ടാലും നിവർത്താനാവാതെ
വിശ്വസ്തത്തയുടെ ഭാരമേൽപിച്ച്
നീ, വാതിലുകളെല്ലാം
അകത്തുനിന്ന് കുറ്റിയിട്ടില്ലേ?
മൗനത്തിന്റെ വിജാഗിരികൾകരഞ്ഞകലുമ്പോൾ...
ഓർമ്മകൾ സ്വകാര്യതയുടെ ഹൃത്തിടം തുറക്കുന്നു
കൂടെയുണ്ടെന്ന വാക്കിൽ തൂങ്ങീ
കാടിറങ്ങുമ്പോൾ...
ആത്മാവു തൊട്ട സ്വപ്നങ്ങൾക്ക്
സ്വാതന്ത്ര്യത്തിന്റെ പുലർവെട്ടമെന്ന് കരുതി
ഇന്ന്,
ഇരുട്ടിൽ...
തരിശ്ശിൽ
ഒറ്റപ്പെടലിന്റെ കടൽകുടിച്ച്
ഉള്ള് നിറയെ തീ മേഘമിഴയുന്നു.
ഒറ്റുകാരൊപ്പിട്ട ചിത്രകളങ്ങളിൽ
നീ എന്നെ തരം തിരിച്ചില്ലേ?
കള്ളക്കരച്ചിലിൻ ചങ്ങലകെട്ടുകൾ
ക്കപ്പുറം പോകാത്ത ജന്മമായ് ...
സങ്കട കോലായിൽ...
വരണ്ടനിസ്സംഗത
ചങ്ങലത്തുമ്പുതിന്നുമ്പോൾ
മൂർച്ചയുടെ വാൾമുനകളാഴ്ത്തി
നീയെന്റെ കാഴ്ചയുടെ ചാവി ചോദിക്കുന്നു.
ഒന്നും, ഞാനറിയാതിരിക്കാൻ
സാക്ഷി പറയാതിരിക്കാൻ
ഇന്നെനിക്കില്ല,
ചങ്കു തുരക്കുന്ന വേദന!
ചുരണ്ടിയെടുക്കാം എന്റെ ജീവൻ പോലും...
ഒരിറ്റ് ചോര വീഴാതെ,
കുടിച്ചു വറ്റിക്കാം എന്നാത്മ ദാഹങ്ങൾ
ഒരിറ്റ് നീര് നൽകാതെ.
ഒക്കെ കഴിഞ്ഞെങ്കിൽ പറയൂ...
തിരിച്ചറിവിന്റെ തൊട്ടിലിൽ
ഞാനൊന്ന് കരഞ്ഞുറങ്ങട്ടെ...