22 Nov 2012

തൊളസീ.. കൊട എടുത്തില്ല അല്ലേ ?

ഷാഫി മുഹമ്മദ് റാവുത്തർ 


തൊളസീ.. കൊട എടുത്തില്ല അല്ലേ ? അന്ന് ഞാന്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്നു. സ്കൂളിലേക്ക് പോകുന്ന വഴിയില്‍ എന്നും അവളെ കാണുമായിരുന്നു കണ്ടു കണ്ട് എനിക്ക് അവളോട്‌ എന്തോ ഒരിത്. ഉറങ്ങുമ്പോള്‍ സ്വപ്നത്തില്‍ അവള്‍. പഠിക്കുമ്പോള്‍ പുസ്തകത്തില്‍ അവള്‍ . ഒന്നിലും ശ്രദ്ധിക്കാന്‍ കഴിയുന്നില്ല. എവിടെയും എപ്പോഴും അവള്‍……….

മാസം രണ്ടു കഴിഞ്ഞു. എന്‍റെ ഇഷ്ടം അവളോട്‌ ഇതുവരെ ഞാന്‍ പറഞ്ഞില്ല. എന്‍റെ ബഞ്ചിലെ ശങ്കരനോടും, തങ്കരാജിനോടും, ജോസഫ് പി.കെ യോടും ഞാന്‍ ചോദിച്ചു. എന്തുചെയ്യണം ? ഉപ്പയുടെ പോക്കറ്റില്‍ നിന്നും ഓസിയ രണ്ടു രൂപയ്ക്ക് വാങ്ങിയ പ്യാരീസ് മിട്ടായിയുടെ ബലത്തില്‍….. അവസാനം പദ്ധതി ഉരുത്തിരിഞ്ഞു. ഞാന്‍ അവളോട്‌ നേരിട്ട് സംസാരിക്കണം പ്രേമം നേരിട്ട് പറയാത്തവന്‍ ആണ് അല്ലെന്നുപോലും. തങ്കരാജിന്റെ കണ്ടെത്തല്‍.(കാലന്‍….! അവനു സ്മിത ബിയെ പ്രേമിക്കാന്‍ പാതിരാത്രിയില്‍ കുത്തിയിരുന്നു കത്തെഴുതിക്കൊടുത്തവനാണ്. ഈ ഞാന്‍) ഞാനൊന്നും മിണ്ടിയില്ല ആവശ്യക്കാരന്‍ ഞാനായിപ്പോയില്ലേ ആശാ അക്കാദമിയിലെ റ്റ്യൂഷന്‍ ക്ലാസ്സ്‌ കഴിഞ്ഞു അവള്‍ അമ്പലത്തിനടുത്തുള്ള വഴിയിലൂടെ വരുമ്പോള്‍ നേരിട്ട് കാര്യം പറയണം. “എനിക്ക് നിന്നെ ഇഷ്ടമാണെന്ന്” പലതവണ ചര്‍ച്ച ചെയ്തു അന്തിമ രൂപരേഖ തയ്യാറായി. നട്ടുച്ച. ഒടുക്കത്തെ വെയില്‍….. അവളെയും കാത്തുള്ള നില്‍പ്പ് തുടങ്ങിയിട്ട് ഒന്നര മണിക്കൂര്‍ ആകുന്നു. ദാഹിച്ചു വലഞ്ഞു അവള്‍ വരാനുള്ള സമയം അടുക്കുന്തോറും മനസ്സില്‍ തീ നിറയുന്നു കയ്കാലുകള്‍ തളരുന്നു. തൊണ്ട വരളുന്നു. മനസ്സില്‍ പലവട്ടം പറയേണ്ട ഡയലോഗുകള്‍ കാണാതെ പഠിച്ചു. മരിച്ചു പോയ പൂര്‍വികരോട് മനശക്തി തരുവാന്‍ അപേക്ഷിച്ചു മസ്സില് പിടിച്ചു നിന്നു അതാ അവള്‍ വരുന്നു. കുറ്റിക്കാട്ടിനുള്ളില്‍ ഒളിച്ചിരിക്കുന്ന കൂട്ടുകാര്‍ വിളിച്ചു പറഞ്ഞു. പോടാ..

പോയി പറയ് നിന്‍റെ ആണത്തം തെളിയിക്ക്.. ഞാന്‍ രണ്ടും കല്‍പ്പിച്ചു അവളുടെ അടുത്തേക്ക്‌ നടന്നു. എന്നെ കണ്ട് അവള്‍ ചിരിച്ചു. ഞാനും ചിരിച്ചു. പാടത്ത് എള്ള് പൂത്തു നില്‍ക്കുന്ന പോലെ. എന്തും വരട്ടെ എന്ന് മനസ്സില്‍ ഉറച്ചു ഞാന്‍ കാര്യം പറയാന്‍ തീരുമാനിച്ചു. “തൊളസീ.. കൊട എടുത്തില്ല അല്ലേ.. ഭയങ്കരവെയിലാ. കറത്ത് പോകും…” മറുപടിയായി അവള്‍ ചിരിച്ചു കൊണ്ട് എന്നെ കടന്നു പോയി. തങ്കരാജിനും,ജോസഫിനും,കാര്യങ്ങള്‍ ഒന്നും കേള്‍ക്കാന്‍ കഴിഞ്ഞില്ലെങ്കിലും അവളുടെ ചിരി കണ്ട് വിജയിച്ചു എന്ന് മനസ്സിലായി. ഒരു നിമിഷം കൊണ്ട് അവരുടെ ഇടയില്‍ ഞാനൊരു ഹീറോ ആയി മാറി. വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു. തങ്കരാജ് പട്ടാളത്തില്‍, ജോസഫ് ഗള്‍ഫില്‍, ശങ്കരന്‍ ബിസിനസ്‌മായി കഴിയുന്നു. ഇപ്പോഴും ഏതെങ്കിലും പെണ്ണിനെ പരിചയപ്പെടണമെങ്കില്‍.. അവന്മാര്‍ എന്നോട് ഉപദേശം ചോദിക്കും. അളിയാ. എങ്ങനാടാ. അത്…..? ഞാന്‍ ചിരിക്കും. എന്നിട്ട് ആദിവസം ഓര്‍ക്കും. “തൊളസീ.. കൊട എടുത്തില്ല അല്ലേ.. ഭയങ്കരവെയിലാ.. കറത്ത് പോകും..”

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...