22 Nov 2012

സാംസ്കാരിക ജീവിതം - വർത്തമാനകാല പ്രതിസന്ധികൾ


 ഇ.കെ ദിനേശൻ

    ജീവിത വ്യവസ്ഥയുടെ സാമൂഹ്യ പാശ്ചാത്തലം ഒരുക്കിയെടുക്കുന്നതിൽ സാംസ്കാരിക ഇടപെലുകൾ വഹിക്കുന്ന പങ്ക്‌ വളരെ വിലപ്പെട്ടതാണ്‌. എന്നാൽ സാംസ്കാരിക ജീവിതത്തിന്റെ രാഷ്ട്രീയത്തെ വിശകലനം ചെയ്യുമ്പോൾ വ്യക്തമായും അത്‌ രണ്ട്‌ ദിശകളെ പ്രതിനിധാനം ചെയ്യുന്നതായി കാണാം. നിലവിലിരിക്കുന്ന ഏത്‌ സാംസ്കാരിക ബഹുസ്വരതയിലും ഇതിന്റെ സൊ‍ാചനകൾ നമുക്ക്‌ കാണാം. സമൂഹത്തിന്റെ സമൂർത്ത ചലനങ്ങളെ നിയന്ത്രിക്കുന്ന ആന്തരിക ബോധത്തിന്‌ അതാത്‌ കാലത്തേയും ദേശത്തേയും സാംസ്കാരിക ജീവിതവുമായി അഭേദ്യമായ ബന്ധമുണ്ടാവാറുണ്ട്‌. ഈ സത്യത്തെ നാം ഏത്‌ രീതിയിൽ വിശകലനം ചെയ്യുന്നു എന്നിടത്താണ്‌ സാംസ്കാരിക ജീവിതം നൽകുന്ന വർത്തമാനകാല പ്രതിസന്ധികളെ നമുക്ക്‌ തിരിച്ചറിയാൻ കഴിയുന്നത്‌.

പ്രത്യേകിച്ചും സവർണ്ണ സമ്പന്ന താൽപര്യങ്ങളെ സംരംക്ഷിക്കുന്ന വലതുപക്ഷ ചിന്തയും അടിസ്ഥാന ജനതയുടെ രാഷ്ട്രീയ മോചനത്തിനായി നിലകൊള്ളുന്ന ഇടതുപക്ഷ ചിന്തയും നിലനിൽക്കുന്ന സമൂഹത്തിൽ. സാംസ്കാരിക ജീവിതത്തിന്റെ പ്രതിസന്ധികളെ വിശകലനം ചെയ്യുമ്പോൾ സ്വഭാവികമായും ആദ്യമായി പരിഗണിക്കേണ്ടി വരിക നിലിവിലിരിക്കുന്ന രാഷ്ട്രീയ പരിസ്ഥിതികളെ ആയിരിക്കും. അത്തരമൊരിടത്ത്‌ ഇടപക്ഷ രാഷ്ട്രീയ ദർശനീയ തലം സർവ്വദേശിയാടിസ്ഥാനത്തിൽ നേരിട്ട്‌ കൊണ്ടിരിക്കുന്ന എല്ലാം തരം  പ്രതിസന്ധികളും സാംസ്കാരിക ഇടതുപക്ഷ മണ്ഡലങ്ങളിലും വ്യാപിച്ചു കിടക്കുന്നതായി നമുക്ക്‌ കാണാം.


 അതിനെ ഒരു കുറച്ചൽ ആയി കാണാതെ അത്തരമൊരു ഗതിമാറ്റത്തെ നിയന്ത്രിച്ച രാഷ്ട്രീയവും സാമൂഹികവുമായ കാരണങ്ങളെ തിരിച്ചറിയുമ്പോൾ മാത്രമാണ്‌ വർത്തമാനകാല സാംസ്കാരിക ജീവിതം നേരിടുന്ന പ്രതിസന്ധി കളെ സത്യസന്ധമായി നമുക്ക്‌ വിലയിരുത്താൻ കഴിയൂ.
    പുതിയ ലോകത്തിന്റെ ജീവിത രീതികളും അത്‌ ഉൽപ്പാദിപ്പിക്കുന്ന സാമുഹ്യബോധവും സവിശേഷമായ വലതുപക്ഷ രാഷ്ട്രീയത്തിന്റെ തണലിൽ ആണ്‌ നിലനിൽക്കുന്നത്‌.

സത്യസന്ധമായ സാമുഹ്യവിക്ഷണം വെച്ചുപുലർത്താത്ത ജീവിത കാഴ്ചപ്പാട്‌ വ്യക്തികേന്ദ്രീകൃതമായ തലങ്ങളിലാണ്‌ ഇന്ന്‌ വളർന്നുകൊണ്ടിരിക്കുന്നത്‌. അതേ സമയം ഏതൊരു മനുഷ്യനും സാമുഹ്യജീവിതത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ മാത്രമാണ്‌ ആ വ്യക്തി ഒരു സാമൂഹ്യ ജീവിയായി മാറുന്നത്‌. ഇത്‌ സാംസ്കാരികപ്രവർത്തനത്തിന്റെ ഭാഗമായി മാറുമ്പോഴാണ്‌ സമൂഹത്തിന്‌ അതിന്റെ ഗുണത്തെ അനുഭവിക്കാൻ കഴിയുക. എന്നാൽ ആധുനിക മനുഷ്യവർഗ്ഗത്തിന്റെ ദൈനദിന ജീവിതാവസ്തകളെ സൂക്ഷമമായി പരിശോധിക്കുമ്പോൾ മാത്രമാണ്‌ ഓരോ വ്യക്തിയും പ്രതിനിധാനം ചെയ്യുന്ന സാംസ്കാരിക തലങ്ങളെ നമുക്ക്‌ മനസിലാക്കാൻ കഴിയുന്നത്‌. കാരണം ബാഹ്യപ്രകടനങ്ങളിൽ ഒരിക്കലും തിരിച്ചറിയാൻ കഴിയാത്ത വിധം രൂപപ്പെടുത്തിയെടുക്കുന്ന സാംസ്കാരിക ചിഹ്നങ്ങൾ പെട്ടന്ന്‌ തകർന്ന്‌ അടിയുന്നത്‌ നിത്യ സംഭവമായി തീർന്നിരിക്കുയാണ്‌.


നമ്മുടെ പൊതുസമൂഹത്തൽ മാന്യൻമാരായ പല വ്യക്തികളും അഴിമതി കേസുകളിലും, പെൺവാണിഭ കേസുകളിലും പെട്ട്‌ വാർത്തകളിൽ നിറയുമ്പോഴാണ്‌ ഇവർ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രയവും സാംസ്കാരികവുമായ ജീവിതത്തിന്റെ അർത്ഥം ബോദ്ധ്യപ്പെടുന്നത്‌. സാംസ്കാരിക സമ്പന്നരായ വ്യക്തികൾക്കേ സാംസ്കാരിക മുല്യമുള്ള ഒരു ജനതയുടെ ജീവിതത്തെ ക്രീയാത്മകമായി മുന്നോട്ട്‌ നയിക്കാൻ കഴിയൂ എന്ന കാഴ്ച്ചപ്പാട്‌ ഇത്തരം അവസരത്തിൽ പ്രസക്തമാണ്‌. അതുകൊണ്ടുതന്നെ സംസ്കാരത്തിന്റെ രാഷ്ട്രയത്തേയും രാഷ്ട്രീയത്തിന്റെ സംസ്കാരത്തേയും വളരെ ആഴത്തിൽ പഠിക്കുമ്പോൾ മാത്രമാണ്‌ സമകാലീന സംസ്കാര ജീവിതത്തിന്റെ പ്രതിസന്ധികളെ നമുക്ക്‌ വിലയിരുത്താൻ കഴിയൂ. എന്നാൽ ഇത്തരം വിലയിരുത്തലുകൾ യഥാവിഥി നടക്കാത്തസമൂഹത്തിൽ സാമസ്കാരിക ജീർണ്ണതകളെ എന്നും പ്രതിരോധിച്ചിട്ടുള്ളത്‌ ഇടതുപക്ഷ ചിന്തകൾ തന്നെയാണ്‌. ഇന്ന്‌ പലകാരണങ്ങളാൽ ദുർബലമായികൊണ്ടിരിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ നിലപാടുകൾ നമ്മുടെ പൊതുസമൂഹത്തിൽ ഗുരുതരമായ പ്രതിസന്ധികൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്‌. ചോദ്യം ചെയ്യാൻ ഒരു ശക്തിയില്ല എന്ന തോന്നൽ വലതു പക്ഷചിന്താഗതിക്കരെ സാംസ്കാരിക അധ:പതനത്തിലേക്ക്‌ നയിച്ചുകൊണ്ടിരിക്കുകയാണ്‌ തങ്ങളെ മുന്നോട്ട്‌ നയിച്ച്‌ കൊണ്ടിരിക്കുന്ന രാഷ്ട്രീയ നിലപാടുകൾ സാമൂഹ്യ ജീവിതത്തിൽ സൃഷ്ടിക്കുന്ന മാറ്റങ്ങൾ എന്താണ്‌ എന്ന്‌ പരിശോധിക്കാനോ അതിൽ തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്താനോ ഇത്തരം നിലപാടുകാർ തയ്യാറാവുന്നില്ല. അവരെ നയിച്ച്‌ കൊണ്ടിരിക്കുന്നത്‌ പുതിയൊരു നാഗരിക സംസ്കാരമാണ്‌ എന്ന്‌ കൂടി മനസ്സിലാക്കേണ്ടിയിരിക്കുന്നു.



    പുതിയ ലോകത്തിന്റെ സവിശേഷമായ സഞ്ചാരപഥത്തിൽ കൂടി സഞ്ചരിക്കുമ്പോൾ നമുക്ക്‌ കാണാൻ കഴിയുന്നത്‌ നവസാംസ്കാരികത പണിതീർത്ത നാഗരികതയെയാണ്‌. ഈ നാഗരിക സംസ്കാരത്തിൽ മുതാളിത്തത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും രക്തകറകൾ കാണാം. ലോകത്തിലെ ന്യൂനപക്ഷമായ സമ്പന്ന വർഗ്ഗത്തിന്റെ സുഖജീവിത താൽപര്യങ്ങൾ സംരക്ഷിക്കാൻ അടിസ്ഥാന ജനവിഭാഗങ്ങൾക്ക്‌ തങ്ങളുടേതായ ഇടങ്ങളിൽ നിന്നും മാറി നിൽക്കേണ്ടിവരുന്നു.


പ്രാന്തവൾക്കിക്കപ്പെട്ട ഒരു ജനകൂട്ടം ലോകത്തിലെ പ്രത്യേച്ചും മൂന്നാം ലോകരാജ്യങ്ങളിലെ ചേരികളിൽ കൂടി വരാൻ കാരണം ഇതാണ്‌. കാലങ്ങളായി ചില പ്രത്യേക ഭൂമിശാസ്ത്രപരമായ സവിശേഷ സാഹചര്യങ്ങളിൽ ജിവിച്ച ജനതക്ക്‌ അത്തരമൊരിടത്ത്‌ നിന്നും മാറിനിൽക്കേണ്ടി വരുമ്പോൾ തങ്ങളുടെ സാംസ്കാരിക ജീവിതത്തെ തന്നെയാണ്‌ ബലിനൽകേണ്ടിവരുന്നത്‌. ഇന്ന്‌ ഭൂവിസ്തൃതി കുറവും ജനവാസം കൂടുതലുള്ള കേരളത്തിൽ നടപ്പാക്കാൻ പോകുന്ന ചില വികസന പദ്ധതികളുടെ ഭാഗമായി കുടിയിറക്കപ്പെടുന്ന സാധാരണ ജനതയ്ക്ക്‌ ഇത്തരമൊരു സാംസ്കാരിക ജീവിതത്തെ നേരിടേണ്ടി വരുന്നുണ്ട്‌. നവലോക ജീവിത ക്രമത്തിൽ നിർബന്ധമായും പാലിക്കേണ്ട ചില സാംസ്കാരിക രൂപകങ്ങളെ നിർമ്മെച്ചെടുക്കൽ അധികാരവർഗ്ഗത്തിന്റെ കടമയാകുമ്പോൾ അത്തരമൊരിടത്ത്‌ ഇടതു-വലതു-രാഷ്ട്രീയ ചിന്തകൾ ചില സമാനതകളിൽ എത്തിച്ചേരുന്നത്‌ നമുക്ക്‌ കാണാം. ഇത്‌ നമ്മുടെ സാംസ്കാരിക ജീവിതം നേരിടുന്ന വലിയൊരു പ്രതസന്ധിയാണ്‌.

രാഷ്ട്രീയ പ്രസ്ഥാനങ്ങൾ സാംസ്കാരിക രംഗത്തെ പ്രതിരോധ ശക്തികളായി മാറുമെന്ന വിചാരത്തെയാണ്‌ മേൽ സൂചിപ്പിച്ച ഐക്യപ്പെടൽ തകർത്തുകളയുന്നത്‌. ഒരു ഭാഗത്ത്‌ ഇത്തരമൊരു സവിശേഷ സാഹചര്യങ്ങൾ രൂപപ്പെടുമ്പോൾ മറുഭാഗത്ത്‌ സംഭവിക്കുന്നത്‌ എന്താണ്‌? ജാതിയും മതവും സമുദായവും സമൂഹത്തിൽ പ്രത്യേകം പ്രത്യേകം ഗോളങ്ങൾ തീർക്കുകയാണ്‌. ജാതിമത വർണ്ണങ്ങൾക്ക്‌ അതീതമായി നിലകൊണ്ട രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക്‌ സംഭവിച്ച അടിസ്ഥാനപരമായ അപചയങ്ങൾ പൊതു സമൂഹത്തിൽ ഉണ്ടാക്കിയ വിശ്വാസ തകർച്ച ചെറുതല്ല. അക്രമത്തിന്റേയും അഴിമതിയുടെയും  രൂപങ്ങളായി രാഷ്ട്രീയ പാർട്ടികൾ ചിത്രീകരിക്കപ്പെടുമ്പോൾ സമൂഹത്തിൽ നിർജീവിതം അനുഭവപ്പെടുക സ്വാഭാവികമാണ്‌. അവിടെയാണ്‌ ജാതി-മത സംഘടനകൾ പുതിയൊരു സാംസ്കാരിക ഗ്രൂപ്പുകളായി വളരാൻ തുടങ്ങിയത്‌. ഇത്തരം നവസാംസ്കാരിക പ്രവർത്തനങ്ങളെ പ്രതിരോധിക്കേണ്ടത്‌ പുരോഗമന ചിന്താഗതിക്കാരുടെ അടിയന്തര കടമയാണ്‌.
    ഇന്നത്തെ ലോകത്ത്‌ പുരോഗമനപരമായ ചിന്തപദ്ധതികളിലൂടെയാണ്‌ മാനവരാശിക്ക്‌ മുന്നോട്ട്‌ നടക്കാൻ കഴിയൂ. എല്ലാവർക്കും അ​‍ിറയാവുന്നതു പോലെ ഒരു ബഹുസ്വര സമൂഹത്തിൽ നിലനിൽക്കുന്ന ജാതിപരവും, മതപരവും രാഷ്ട്രീയപരവുമായ ആഭ്യന്തര വൈരുദ്ധ്യങ്ങൾ പരിഹരിക്കപ്പെടുന്നത്‌ ഒരു പൊതു സാംസ്കാരിക ബോധത്തിലൂടെയാണ്‌. മതത്തിന്റെ മേഖലകളിലും രാഷ്ട്രീയത്തിന്റെ മേഖലകളിലും വ്യക്തമായ നിലപാടുകളായി പ്രവർത്തിക്കുന്നവർ സാംസ്കാരിക പ്രവർത്തന രംഗത്ത്‌ പരമാവതി പൊരുത്തപ്പെട്ട്‌ ജീവിക്കുന്നത്‌ നമുക്ക്‌ കാണാം. എന്നാൽ ഇത്തരം പുരോഗമനപരമായ നീക്കങ്ങളെ പോലും ഉന്മൂലനംചെയ്യുന്ന വിധം ഓരോ മതവും, മതത്തെ കേന്ദ്ര സ്ഥാനത്ത്‌ നിലനിർത്തിക്കൊണ്ട്‌  പ്രവർത്തനം നടത്തുന്ന രാഷ്ട്രീയ പാർട്ടികളും സങ്കുചിതമായ വർഗ്ഗതാൽപര്യങ്ങളോടെ സാംസ്കാരിക രംഗങ്ങളിൽ ഇടപെടുന്നത്‌ നമ്മുടെ സാംസ്കാരിക ജീവിതരംഗത്തെ പഴയ കാല സ്വഭാവത്തിലേക്കാണ്‌ തിരിച്ച്‌ കൊണ്ടുപോകുന്നത്‌. തെറ്റിനെ തിരുത്താതെ, തെറ്റിനെ തെറ്റ്‌ കൊണ്ട്‌ ന്യായീകരിക്കുന്ന ഭൂതകാല ജീർണ്ണതയുടെ കണ്ണാടിയിൽ നോക്കി മുഖം മിനുക്കുന്ന സാംസ്കാരിക നായക?​‍ാരുടെ തേരോട്ടത്തിൽ നമുക്ക്‌ പലതും നഷ്ടപ്പെടും. ഏറ്റവും ഒടുവിലായി മാതാ അമൃതാനന്ദമയീ മഠത്തിൽ സന്ദർശനത്തിനെത്തിയ ഭക്തൻ കാണിച്ച മാനസീക വിഭ്രാന്തി, സത്നം സിങ്ങ്‌ എന്ന ആ 23 വയസ്സുകാരനായ ബിഹാരി സ്വദേശിയുടെ കൊലപാതകത്തിൽ അവസാനിച്ചതു നാം കണ്ടതാണ്‌. ഒരിക്കലും ഒരു സ്വാഭാവികമായ മരണമല്ലാതെ ആ സംഭവത്തോടെ കേരളത്തിലെ ശാസ്കാരിക ലോകം എങ്ങിനെയാണ്‌ പ്രതികരിച്ചതു?


    സാംസ്കാരിക ജീവിത്തിന്റെ അർത്ഥതലങ്ങൾ ഇങ്ങിനെ വ്യത്യസ്തമായ വിതാനങ്ങളിലൂടെ വളരുന്നതാണെങ്കിലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ സവിശേഷമായ മാനവികതയ്ക്ക്‌ ഇതുമായി നല്ല ബന്ധമുണ്ട്‌. ഏകധ്രുവലോകത്തിന്റെ താത്വിക അടിത്തറ സാമ്രാജ്യത്വ താൽപര്യമാണെന്നും അത്തരം താലപര്യങ്ങൾ ഒരിക്കലും സാംസ്കാരിക വൈവിധ്യങ്ങളെ പരിഗണിച്ചല്ല മുമ്പോട്ട്‌ നീങ്ങുന്നത്‌ എന്നതും നേരത്തെതന്നെ വ്യക്തമാക്കപ്പെട്ടതാണ്‌. പുത്തൻ നാഗരിക സംസ്കൃതിയിൽ ലോകത്തിലെ ചെറുതും വലുതുമായ സാംസ്കാരിക ജീവിതങ്ങൾ ഇതിനകം തന്നെ വാണിജ്യവൽക്കരിക്കപ്പെട്ടിട്ടു
ണ്ട്‌. അതിനുമപ്പുറം സാംസ്കാരിക വൈവിധ്യങ്ങളെ പരിപാലിച്ചിരുന്ന പല മതരാഷ്ട്രങ്ങളും അധിനിവേശം രാഷ്ട്രീയം നൽകിയ സങ്കുചിത ചിന്തയുടെ ഭാഗമായി വംശീയമായി തന്നെ ചിന്തിക്കാൻ തുടങ്ങി. നൂറ്റാണ്ടുകളായി അഫ്ഗാനിസ്ഥാനിൽ നിലനിന്ന ബുദ്ധപ്രതിമകൾ അമേരിക്കൻ അധിനിവേശത്തോടെ തകർപ്പെട്ടത്‌ ഇതിന്റെ ഉദാഹരണമാണ്‌. ഇറാഖിലെ അതിസമ്പന്നമായ നെയിൽ തട സംസ്കാരത്തിന്റെ ശേഷിപ്പുകളെ സ്മശനമാക്കിയതും അമേരിക്കൻ അധിനിവേശത്തെ തന്നെയാണ്‌. ഇങ്ങനെ പുത്തൻ സാംസ്കാരിക ജീവിതത്തിന്റെ രാഷ്ട്രീയം എന്നത്‌ അധിനിവേശരാഷ്ട്രീയത്തിന്റെ താൽപര്യങ്ങളെ സംരക്ഷിച്ച്‌ നിർനിർത്തുന്നത്‌. സംസ്കാരത്തിന്റെ വർത്തമാന കാല പ്രതിസന്ധിയെയാണ്‌ ചൂണ്ടി കാണിക്കുന്നത്‌. ഇതോടൊപ്പംതന്നെ സമ്പന്നവും പൗരാണികവുമായ സാംസ്കാരിക അടയാളങ്ങളെ തമസ്കരിക്കപ്പെടുന്നിടത്ത്‌ പുതിയ താൽപര്യങ്ങൾ അവതരിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ട്‌. അതിന്റെ ഭാഗമായിട്ടാണ്‌ വിലപിടിപ്പുള്ള കാറുകൾ, വീടുകൾ, വസ്ത്രങ്ങൾ തുടങ്ങിയ മറ്റ്‌ ഭൗതീക ജീവിതസൗകര്യങ്ങൾക്ക്‌ സമൂഹത്തിൽ വിലമതിക്കാനാവാത്ത അംഗീകാരം ലഭിച്ചതു. ഇതാകട്ടെ പുത്തൻ വർഗത്തിന്റെ ജീവിത സംസ്കാരത്തിന്റെ അടയാളങ്ങളായി മാറ്റപ്പെട്ടു. ഇതൊടെ നമ്മുടെ ലോകബോധത്തെ നിയന്ത്രിക്കുന്ന ഘടകങ്ങളിൽ ഭൗതീക ജീവിതാവസ്ഥയ്ക്ക്‌ ഏറ്റവും മുന്തിയ സ്ഥാനം തന്നെ സമൂഹം തൽകി. പിന്നെ തുടങ്ങുകയായ ഉപഭോഗസംസ്കാരത്തിന്റെ അനുകരണങ്ങൾ. ഗ്രാമങ്ങളിലെ സമ്പന്ന വർഗ്ഗങ്ങൾ പോലും നഗരകേന്ദ്രീകൃതമായ ജീവിതത്തിലേക്ക്‌ ആകർഷിക്കപ്പെട്ടത്‌ ഇത്തരമൊരു സാംസ്കാരിക ജീവിതത്തിന്റെ ഭാഗമായിട്ടാണ്‌. ഇങ്ങനെയുള്ള മാറ്റങ്ങൾ സ്വാഭാവികമായി സംഭവിക്കുന്നതല്ല. എന്നിടത്‌ നമ്മെ ചില രാഷ്ട്രീയ വിചാരങ്ങൾ നമ്മെ ഇരുതിതി ചിന്തിപ്പിക്കുന്നുണ്ട്‌. പ്രത്യേകിച്ചും ഇടതുപക്ഷ ചിന്തകൾക്ക്‌ മുൻതൂക്കമുള്ള ദേശസമൂഹങ്ങളിൽ.
    കേരളത്തിലെ സാംസ്കാരിക നവോത്ഥാന പ്രസ്ഥാനങ്ങൾക്ക്‌ തുടക്കത്തിൽ ശക്തിപകർന്നത്‌ ഇടതുപക്ഷ ചിന്തകൾ തന്നെയാണ്‌. അടിസ്ഥാന ജനവിഭാഗങ്ങളിൽ തിരിച്ചറിവിന്റെ പുത്തൻ ചിന്തകൾ നൽകി അവരെ ഉണർത്തിയെടുക്കുന്നതിൽ ഇടതുപക്ഷം വഹിച്ച പങ്കിനെ നിഷേധിക്കാൻ കഴിയില്ല. അതേസമയം  അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായി ഭരണകൂടരാഷ്ട്രീയത്തെ പൈന്തുണക്കുമ്പോൾ തന്നെ സാമൂഹിക ജീർണതകളെ പ്രതിരോധിക്കാൻ ഇടതുപക്ഷചിന്തകൾക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. അടിയന്തിരാവസ്ഥകാലത്ത്‌ തീവ്ര ഇടതുപക്ഷചിന്തകൾ  കേരളത്തിന്റെ സമൂഹാന്തരീക്ഷത്തിൽ സൃഷ്ടിച്ച ഉണർവ്വിന്റെ അടയാളങ്ങൾ ഇന്നും ജനമനസ്സുകളിൽ നിന്ന്‌ മാഞ്ഞിട്ടില്ല. കൈകൂലി വാങ്ങിയ ഡോക്ടറെ ചെരുപ്പ്‌ മാലയണിയിച്ച്‌ നൽകിയ ശാസ്കാരിക സന്ദേശത്തിന്റെ ഭയത്തിൽ കുറേകാലം ഡോക്ടർമാർക്ക്‌ കഴിയേണ്ടി വന്നു. എന്നാൽ സർവ്വത്ര അഴിമതിയും, ആരോഗ്യ, വിദ്യാഭ്യാസ, മേഖലയിലെ പണാധിപത്യത്തിനുമെതിരെ വ്യവസ്ഥാവിതമായ രഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക്‌ അപ്പുറത്ത്‌ ഇന്ന്‌ ഏത്‌ രീതിയിലാണ്‌ പ്രതികരിക്കാൻ കഴിയുന്നത്‌? ഈ രംഗത്ത്‌ ഇന്ന്‌ കാണുന്നനിർജീവിതയെ ഇതിനെ രാഷ്ട്രീയമായ പ്രതിസന്ധിയായി നമുക്ക്‌ കണ്ടു കൂട. കാരണം രാഷ്ട്രീയം അധികാരത്തിന്റെയും വ്യക്തി താൽപര്യത്തിന്റേതും കൂടാരമായി മാറുകയും അഴിമതി ചെയ്യാനുള്ള തുറന്നിടമായി മാറുകയും ചെയ്തിരിക്കുന്നു. മന്ത്രിമാർക്ക്‌ തന്നെ തെരഞ്ഞേടുത്ത ജനങ്ങളെ സാക്ഷിനിർത്തി ജയിലിലേക്ക്‌ പോകാം. അത്കണ്ട്‌ സാംസ്കാരിക ലോകത്തിന്‌ നിശബ്ദമായിരിക്കാം. കാരണം സാംസ്കാരിക പ്രവർത്തനം രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമല്ലെന്ന്‌ അധികാര രാഷ്ട്രീയം സമൂഹത്തെ ബോധ്യപ്പെടുത്തിയിരിക്കുന്നു. അതായിരിക്കാം ഇന്ന്‌ നമുക്ക്‌ മുമ്പിൽ കാണുന്ന സാമൂഹ്യജീർണ്ണതയ്ക്കെതിരെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മൗനം പാലിക്കുന്നത്‌.
    നമ്മുടെ സാംസാകാരിക ജീവിതത്തിന്റെ പുറം ദേശങ്ങളിൽ ഇന്ന്‌ നടക്കുന്ന അതിക്രമങ്ങളിൽ ഇരമായകുന്നത്‌ പെൺ ജീവിതങ്ങൾ ആണ്‌. ലൈംഗിക വ്യാപാരത്തിനുമപ്പുറം പ്രലോഭിതമായ കീഴടങ്ങലാണ്‌ ഈ രംഗത്ത്‌ ഇന്ന്‌ നടക്കുന്നത്‌. ആധുനിക വാർത്താമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കപ്പെടുന്ന പെൺ ജീവിതത്തിന്റെ സാംസ്കാരിക പരിസരത്ത്‌ പഴയകാല സദാചാരമുല്യജീവിതം എന്നത്‌ ഒരു പഴഞ്ചൻ സമ്പ്രദായമായിട്ടാണ്‌ വ്യാഖ്യാനിക്കപ്പെടുന്നത്‌. പുതിയ നാഗരിക ജീവിതത്തിന്റെ പിറവിയൊടെ കീഴടക്കലിന്റെ പരിധിയിൽ സമ്പത്തും, ഭൂമിയും പ്രകൃതിവിഭവങ്ങളും മാത്രമല്ലന്നും അതാത്‌ ദേശത്തെ ജനങ്ങളുടെ ബോധത്തെയും അത്‌ കീഴടക്കിക്കൊണ്ടിരിക്കുന്നതാണ്‌ നാം കാണുന്നത്‌. പൊതുസമൂഹം ആവേശത്തോടെ സ്വീകരിച്ച പുത്തൻ വാർത്താവിതരണ സാങ്കേതികത  കഴിഞ്ഞ രണ്ട്‌ പതിറ്റാണ്ടുകൊണ്ട്‌ സൃഷ്ടിച്ച്‌ കാഴ്ചയുടെ സംസ്കാരം എന്നത്‌ പ്രതിലോമ ചിന്തയും നിഷ്ക്രിയമാകുന്ന മനസ്സുമാണ്‌. പുതിയ ജീവിതം എന്നാൽ പരമാവധി ആനന്ദത്തിൽ നിലനിർത്തപ്പെടേണ്ട ഭൗതീകതയാണെന്ന ചിന്ത മനുഷ്യരിൽ വളർത്തിയെടുത്തത്‌ അതിരില്ലാത്ത്‌ ജീവിതാസക്തിയാണ്‌. ഇതിലേക്ക്‌ ആകർഷിക്കപ്പെട്ട അടിസ്ഥാന ജനവിഭാഗം മധ്യവർഗ്ഗജീവിത പരിസത്ത്‌ ഓടിയെത്താനുള്ള വിഭ്രാന്തിയിൽ എങ്ങിനെയെങ്കിലും പണം കണ്ടെത്താനുള്ള ശ്രമത്തിൽ എത്തിപ്പെടുന്നത്‌ പരിഹരിക്കാൻ പറ്റാത്ത്‌ സാമ്പത്തിക ബാധ്യതയിലാണ്‌. ഇതാകട്ടെ ഒടുക്കം അത്മഹത്യയിൽ ചെന്നവസാനിക്കുന്നു. പുറം ജീവിതത്തിന്റെ ഈ വർണ്ണ കാഴ്ചയിൽ അകം ജീവിതത്തിൽ വന്നുപെടുന്ന സാംസ്കാരിക ജീർണ്ണതകളെ തുറന്നു കാട്ടാനുള്ള പുതിയ ശ്രമമായിരിക്കണം ഇനിയുള്ള കാലത്ത്‌ സാംസ്കാരിക ലോകം നിർവ്വഹിക്കേണ്ടത്‌. പുതിയ ജീവിതത്തെ നിരീക്ഷിക്കുകയും ചലിപ്പിക്കുകയും ചെയ്യുന്ന പുത്തൻ അധിനിവേശ രാഷ്ട്രീയ ശക്തികൾ മുഴുവൻ വലതുപക്ഷ ജീവിതത്തെ പ്രോത്സാഹിപ്പിക്കുമ്പോൾ സാംസ്കാരിക ഇടതുപക്ഷം ഇതിനെതിരെ പ്രതിരോധശക്തിയായി തീർന്നാൽ മാത്രമേ സാംസ്കാരിക ജീവിതം നേരിടുന്ന വർത്തമാന പ്രതിസന്ധികളെ നമുക്ക്‌ തടഞ്ഞ്‌ നിർത്താൻ കഴിയൂ.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...