22 Dec 2012

വെണ്മണിക്കുടിയിലേക്കൊരു തീര്‍ത്ഥയാത്ര

1



 വെട്ടത്തൻ
നാല്‍പ്പത്തൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷവും ആഹ്ലാദം തുളുമ്പുന്ന ഓര്‍മ്മയായിവെണ്മണിക്കുടിയാത്ര. ധാരാളം യാത്രകള്‍ നടത്തിയിട്ടുണ്ടെങ്കിലും മനസ്സ് ഇത്രയും നിറഞ്ഞൊരു യാത്ര അതിനു മുമ്പും പിമ്പും ഉണ്ടായിട്ടില്ല.
ശ്രീകൃഷ്ണാ ലോഡ്ജിന്റെ ഏഴാം നമ്പര്‍ മുറിയില്‍ ഒരു റീസര്‍വ്വേ ഓഫീസ് പ്രവത്തിച്ചിരുന്നു. സര്‍വ്വേയര്‍മാര്‍ മിക്ക ദിവസവും ഫീല്‍ഡിലോ വീട്ടിലോ ആയിരിക്കും. സ്‌കെച്ചും ഡ്രോയിങ്ങും തയ്യാറാക്കാന്‍ മാത്രമേ അവര്‍ ഓഫീസില്‍ കാണു. വെണ്മണിയില്‍ റീ സര്‍വ്വേ ജോലി കഴിഞ്ഞെത്തിയ പൌലോസ്സും ജനാര്‍ദ്ദനന്‍ പിള്ളയുമാണ് ആ സ്ഥലത്തെക്കുറിച്ച് പറഞ്ഞത്. പറഞ്ഞത് എന്നല്ല, പറഞ്ഞു മോഹിപ്പിച്ചത്. അപ്പോള്‍ തൊട്ട് ഞാനത് മനസ്സിലിട്ട് താലോലിക്കാന്‍ തുടങ്ങി.
ഒടുവില്‍, ബംഗ്ലാദേശ് യുദ്ധം കഴിഞ്ഞ ഉടനെ, 1971 ഡിസംബറിലെ ഒരു വെള്ളിയാഴ്ച, ഞങ്ങള്‍ പുറപ്പെട്ടു. ജോര്‍ജ് വര്‍ക്കി, സെബാസ്റ്റ്യന്‍ ജോസ്, പിന്നെ ഞാനും. ഗ്രേസ് സ്റ്റുഡിയോയില്‍ നിന്നു വാടകക്കെടുത്ത, എട്ട് പടമെടുക്കാവുന്ന ഒരു ക്യാമറ, രണ്ടുറോള് ഫിലിം, ഒരു കിലോ നല്ല പുകയില, ഹാഫ് എ കൊറോണ ചുരുട്ടിന്റെ രണ്ടു പായ്ക്കറ്റ്, ഒരു ചെറിയ ടോര്‍ച്ച്, രണ്ടു പായ്ക്കറ്റ് മോഡേണ്‍ ബ്രെഡ്, പിന്നെ മൂന്നു ദിവസത്തേക്കുള്ള വസ്ത്രങ്ങളും, ഇത്രയുമായിരുന്നു ലഗ്ഗെജ്.
പുകയിലയും ചുരുട്ടും ഊരാളി മൂപ്പനെ സന്തോഷിപ്പിക്കാന്‍ വേണ്ടി വാങ്ങിയതാണ്. വെണ്മണിക്കുടിയില്‍ താമസം മൂപ്പന്റെ കൂടെയാണ്. സര്‍വ്വയര്‍മാര്‍ പറഞ്ഞു ശരിപ്പെടുത്തിയിട്ടുണ്ട്.
രാവിലെ ഏഴു മണിക്ക് പുറപ്പെട്ടു. തൊടുപുഴ നിന്നു ബസ്സില്‍ കാളിയാറിലേക്ക്. പിന്നെ നടരാജ സര്‍വ്വീസിലാണ് യാത്ര. കോട്ടപ്പാറമുടി എന്നൊരു വന്‍ മല കയറി ഇറങ്ങിയാല്‍ മുള്ളരിങ്ങാടെത്താം. കയറ്റം തുടങ്ങുന്ന സൈഡില്‍ താമസക്കാരുണ്ട്. അത് കൊണ്ട് തന്നെ വേലികളും നടപ്പുവഴികളുമുണ്ട്. കുറെ കയറിയപ്പോള്‍ പിന്നെ താമസക്കാരും വഴികളുമില്ലാ. വന്മരങ്ങള്‍ വെട്ടിമാറ്റിയതിന് ശേഷമുള്ള അവസ്ഥയിലാണ് കോട്ടപ്പാറമുടി. ഈറ്റക്കാടുകളും മുള്‍ക്കൂട്ടങ്ങളുമാണ് എങ്ങും. ഈറ്റ വെട്ടുന്നവരും വിറകു ശേഖരിക്കാന്‍ വരുന്നവരും നടന്നുണ്ടായ വഴികള്‍ ആണ് ചുറ്റും. ഒരു വഴി നടന്നു കുറെ ചെല്ലുമ്പോഴാണ് അത് കുന്നിന്‍ മുകളിലെക്കല്ല എന്നു മനസ്സിലാവുക. ഞങ്ങള്‍ കയ്യില്‍ മരക്കമ്പുകളുമായി വഴി തെളിച്ചു മുന്നേറി. ഉച്ചയോടെ കോട്ടപ്പാറയുടെ മുകളില്‍ എത്തി. മലയുടെ വലതുവശം താഴെ ഗ്രാമങ്ങളും പട്ടണങ്ങളും നോക്കെത്താ ദൂരത്തോളം കാണാം. മറുവശം മുള്ളരിങ്ങാടെന്ന കുടിയേറ്റ ഗ്രാമം. പുല്ലുമേഞ്ഞ വീടുകളും കൃഷിസ്ഥലങ്ങളും ചിന്നിച്ചിതറി കിടക്കുന്നു. ഇടതു വശത്ത് വനമാണ്. ആ വനം കടന്നു കയറി വേണം ഞങ്ങള്‍ക്ക് പോകാന്‍. ഒരു മണിക്കൂര്‍ കൊണ്ട് ഞങ്ങള്‍ മലയിറങ്ങി. പിന്നേയും കുറച്ചു നടന്നാലെ മുള്ളരിങ്ങാട് അങ്ങാടിയിലെത്തൂ.
ചായക്കടയില്‍ ചോറൊന്നുമില്ല. ഊണു വേണമെങ്കില്‍ നേരത്തെ പറയണം. കിട്ടിയതൊക്കെ തിന്നു ഞങ്ങള്‍ വിശപ്പടക്കി. വെണ്മണിക്കുടിയിലേക്കുള്ള വഴി ചോദിച്ചപ്പോള്‍ ലഭിച്ച മറുപടി അത്ര പ്രോല്‍സാഹജനകമല്ല. നാലുമണിക്കൂറെങ്കിലും എടുക്കും വനം താണ്ടാന്‍. വനത്തില്‍ നിറയെ വഴികളാണ്. വഴി തെറ്റാനുള്ള ചാന്‍സുണ്ട്. പോരെങ്കില്‍ ആനയടക്കമുള്ള വന്യമൃഗങ്ങളുണ്ട്. വെണ്മണിക്കുടിയിലേക്കുള്ള ഊരാളികളുടെ സംഘം സാധങ്ങളുമായി ഒരു മണിക്കൂര്‍ മുമ്പെ പോയിക്കഴിഞ്ഞു. തല്‍ക്കാലം അവിടെ എവിടെയെങ്കിലും തങ്ങി പിറ്റെന്നു വനം കടക്കാമെന്നായി നാട്ടുകാര്‍. ഞങ്ങള്‍ക്ക് പക്ഷേ ആ നിര്‍ദ്ദേശം സ്വീകാര്യമായില്ല. അജ്ഞത നല്‍കുന്ന ആത്മവിശ്വാസമാണ് ഞങ്ങളുടെ കൈമുതല്‍. പറ്റിയാല്‍ ഒരു കാട്ടാനയെ നേരില്‍ക്കാണാമെന്നോരു മട്ട്. ഞങ്ങള്‍ ആകെ ഉന്മേഷത്തിലായിരുന്നു. അഥവാ കാട്ടാനയേക്കണ്ടാല്‍ പതുക്കെ മാറിയാല്‍ മതി ഓടി ബഹളം വെയ്ക്കരുത് എന്നൊരു ഉപദേശം നല്കി ചായക്കടക്കാരന്‍.
രണ്ടുമണിയോടെ പുഴകടന്നു ഞങ്ങള്‍ വനത്തിനുള്ളില്‍ കയറി. കുത്തനെയുള്ള കയറ്റമാണ്. കുത്തിപ്പിടിച്ചു കയറാന്‍ മൂന്നുപേരും ഓരോ വടി കണ്ടെത്തി. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പിന്നെ പുറംലോകത്തെ ശബ്ദങ്ങളൊന്നുമില്ല. പക്ഷികളുടെ പലതരം ശബ്ദങ്ങള്‍, ബാക്ക് ഗ്രൌണ്ട് മ്യൂസിക് ആയി ചീവീടുകളുടെ മൂളലുകള്‍. എവിടെയോ വെള്ളം വീഴുന്നുണ്ട്. ഒരു വെള്ളച്ചാട്ടമാവും. വെള്ളച്ചാട്ടം കാണാനുള്ള മോഹം ഞങ്ങള്‍ അടക്കി. ഇരുട്ട് വീഴുന്നതിന് മുമ്പു സ്ഥലത്തെത്തണം. കുറെ കയറി മടുത്തപ്പോള്‍ ഒരു പാറയില്‍ ഇരുന്നു. രണ്ടു ഫോട്ടോയെടുത്തു. ബ്രഡ്ഡ് പൊട്ടിച്ച് കുറച്ചു തിന്നു. അടുത്തുകണ്ട നീര്‍ച്ചാലില്‍ നിന്നു ദാഹമകറ്റി. വീണ്ടും നടപ്പാരംഭിച്ചു. കുറച്ചകലെ വഴിയുടെ അരികിലായി ആവിപറക്കുന്ന ആനപ്പിണ്ഡം. പോരുമ്പോള്‍ ‘ഒരുകാട്ടാനയേ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ അമ്മാനമാടാമായിരുന്നു ‘ എന്നൊക്കെ തമാശ പറഞ്ഞിരുന്നു. പക്ഷേ പെട്ടെന്നു ഞങ്ങള്‍ നിശ്ശബ്ദരായി. ഒരു ഭയം. തൊട്ടപ്പുറത്തെ മരത്തിന് പിന്നില്‍ ആനയുണ്ടോ എന്നൊരു തോന്നല്‍. ശബ്ദമുണ്ടാക്കാതെ ഞങ്ങള്‍ മുന്നോട്ട് നടന്നു. ഒരു അരമണിക്കൂര്‍ കഴിഞ്ഞുകാണണം. അടിക്കാടില്ലാത്ത, വന്മരങ്ങള്‍ മാത്രം നിറഞ്ഞ ഒരു സ്ഥലത്തെത്തി. അഞ്ചു മിനുട്ട് വിശ്രമിച്ചു. വീണ്ടും നടപ്പ് തുടങ്ങി.
അഞ്ചു മണിയോടെ വഴി രണ്ടായി പിരിയുന്ന സന്ധിയിലെത്തി. ഒരുവഴി നേരെ മുകളിലോട്ടാണ്. മറ്റേത് വലതു ഭാഗത്തേക്ക് പോകുന്നു. വലതുവശത്തുള്ള വഴിയിലൂടെ പോകാനാണ് ചായക്കടക്കാരന്‍ പറഞ്ഞത്. ഞങ്ങള്‍ക്ക് ആ മല കടന്നു സമതലത്തിലെത്തണം. മലകടക്കണമെങ്കില്‍ മുകളിലോട്ടു പോകണം. ആലോചിച്ചു നില്‍ക്കാന്‍ സമയമില്ല. ഞങ്ങള്‍ കുറെ കൂവി നോക്കി. മലയില്‍ തട്ടി തിരിച്ചു അത് ഞങ്ങളുടെ ചെവിയില്‍ തന്നെയെത്തി. മനുഷ്യ ശബ്ദം ഒരിടത്തുനിന്നും ഇല്ല. മറ്റ് മാര്‍ഗ്ഗമില്ല. യാത്ര തുടര്‍ന്നെ പറ്റൂ. ഞങ്ങള്‍ വലതു വശത്തെ വഴിയിലൂടെ നടപ്പ് തുടര്‍ന്നു. വഴി വീണ്ടും കുത്തനെയുള്ള കയറ്റമായി. ഇരിക്കണമെന്നുണ്ട്. പക്ഷേ സൂര്യ പ്രകാശം കുറഞ്ഞുവരുന്നു. ഏതോ പക്ഷിയുടെ ഭീകരമെന്ന് തോന്നിച്ച ശബ്ദം.(അത് മലമുഴക്കി വേഴാമ്പലിന്റെ ശബ്ദമാണെന്ന് മനസ്സിലാക്കാന്‍ പിന്നേയും വര്‍ഷങ്ങളെടുത്തു.) കൂടണയാന്‍ പോകുന്ന പക്ഷികളുടെ കോറസ്സ്. ചീവീടുകളുടെ കാതടപ്പിക്കുന്ന ഘോരസംഗീതം. ഞങ്ങളുടെ ആത്മവിശ്വാസം കുറേശ്ശെ കുറയുന്നുണ്ടോ? ഉള്ളിലെ ആപല്‍ശങ്ക മറച്ചു വെച്ച് മുന്നോട്ട് പോകാന്‍ ഞങ്ങള്‍ അന്യോന്യം പ്രോല്‍സാഹിപ്പിച്ചു. സമയം ആറ് ആയി. ഞങ്ങള്‍ വനം കയറാന്‍ തുടങ്ങിയിട്ടു നാലുമണിക്കൂര്‍ കഴിഞ്ഞു. കാട് അവസാനിക്കുന്നു എന്ന തോന്നലുണ്ടാകുന്നുണ്ട്. പക്ഷേ തീര്‍ന്നിട്ടില്ല. ഇരുട്ടായിത്തുടങ്ങി. ടോര്‍ച്ച് തെളിച്ചുനോക്കുമ്പോള്‍ അത് കത്തുന്നില്ല. കയ്യില്‍ ഒരു തീപ്പെട്ടി പോലുമില്ല. കണ്ട വഴിയിലൂടെ കൊണ്ടുപിടിച്ചു നടന്നു. പെട്ടെന്നു, വനം തീര്‍ന്നു എന്നു മനസ്സിലായി. വലിയ മരങ്ങള്‍, ശിഖരം മുറിച്ച് കൃഷിചെയ്യാന്‍ പാകത്തില്‍ കൊമ്പുകള്‍ വെട്ടിമാറ്റിയ മരങ്ങള്‍, കാണാന്‍ തുടങ്ങി. പക്ഷേ ഇരുട്ടായി. ഒരടി മുന്നോട്ട് വെയ്ക്കാന്‍ പറ്റുന്നില്ല. ചുറ്റും ഇരുട്ട് മാത്രം. വല്ല പാറയും കണ്ടിരുന്നു എങ്കില്‍ അതില്‍ കയറി ഇരുന്നു നേരം വെളുപ്പിക്കാമായിരുന്നു. അടുത്തെവിടെയോ മനുഷ്യരുണ്ട്. ഞങ്ങള്‍ മൂന്നുപേരും നിര്‍ത്താതെ കൂവാന്‍ തുടങ്ങി. ഭയവും ആകാംക്ഷയും നിറഞ്ഞ കൂവല്‍. അവസാനം മടുത്തു നിര്‍ത്തി.
വീണ്ടും കൂവല്‍ തുടങ്ങി. ഞങ്ങള്‍ക്ക് വേറെ വഴിയില്ല. രാത്രി മുഴുവന്‍ ഇങ്ങനെ കൂവേണ്ടി വരുമോ? ചുരുങ്ങിയ പക്ഷം മൃഗങ്ങളെ എങ്കിലും അകറ്റാം. ഇത്തവണ എവിടെ നിന്നോ ഒരു കൂവല്‍ കേട്ടു. വര്‍ദ്ധിത വീര്യത്തോടെ ഞങ്ങള്‍ തിരിച്ചു കൂവി. കൂവലുകളും വെളിച്ചവും ഞങ്ങളുടെ നേരെ വരുന്നു. കത്തിച്ച പന്തവുമായി ആളുകള്‍ വരുന്നു എന്നു മനസ്സിലായി. ഞങ്ങള്‍ ക്ഷമയോടെ കാത്തിരുന്നു. നില്‍ക്കുന്നിടത്ത് തന്നെ നിന്നാല്‍ മതിയെന്ന് അവര്‍ വിളിച്ച് പറഞ്ഞു. പന്തവുമായി നാലംഗ സംഘം അടുത്തെത്തി. മൂന്നുപേര്‍ ആദിവാസികളാണ്. നാലാമത്തെ ആള്‍ പരിചയപ്പെടുത്തി ‘ഞാന്‍ ഗോപി, ഇവിടത്തെ െ്രെടബല്‍ സ്‌കൂളിലെ ഹെഡ് മാസ്റ്റര്‍ ആണ്’ .ചിരപരിചിതനെപ്പോലെയുള്ള ഗോപിസ്സാറിന്റെ പെരുമാറ്റം ഞങ്ങളുടെ ആത്മ വിശ്വാസം തിരിച്ചുകൊണ്ടുവന്നു. ഞങ്ങള്‍, സര്‍വ്വേയര്‍മാര്‍ പറഞ്ഞതനുസരിച്ച് വെണ്മണിക്കൂടി കാണാനെത്തിയതാണെന്നറിഞ്ഞപ്പോള്‍ ഗോപിസ്സാറിന് സന്തോഷമായി. ഒരു ഊരാളി പെണ്‍കുട്ടിയെ വിവാഹം കഴിച്ചു അവിടെത്തന്നെ താമസിക്കുകയാണ് അദ്ദേഹം.
ഗോപിസ്സാര്‍ ഞങ്ങളെ ഊരാളി മൂപ്പന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഒന്നൊന്നര കിലോമീറ്റര്‍ അകലെയാണ് മൂപ്പന്റെ വീട്. പുല്ലുമേഞ്ഞ വലിയൊരു വീട്. രണ്ടു വശവും മുറ്റം. മുറ്റത്തിന്റെ അതിരില്‍ നിറയെ ചെടികള്‍. മൂപ്പനും കുടുംബവും ഞങ്ങളെ ഊഷ്മളമായി സ്വീകരിച്ചു. ഒരു മുറി ഞങ്ങള്‍ക്കായി ഒഴിവാക്കിത്തന്നു. കുളിച്ചു കഴിയുമ്പോഴേക്കും ആഹാരം തയ്യാറാവും എന്നറിയിച്ചു. ഏതോ മലമുകളില്‍ നിന്നു ഹോസ്സിലൂടെയാണ് വെള്ളമെത്തുന്നത്. നല്ല തണുത്ത വെള്ളത്തിലുള്ള കുളി ഞങ്ങളുടെ ക്ഷീണമെല്ലാം കഴുകിക്കളഞ്ഞു. കുളി കഴിഞ്ഞതേ ഭക്ഷണം വിളമ്പി. ചൂടുള്ള ചോറും കറിയും. കപ്പളങ്ങയും തൊമരയും ചേര്‍ന്ന സ്വാദിഷ്ടമായ കറി ഒഴിച്ചുള്ള ഊണിന്റെ സ്വാദിനെ വെല്ലുന്ന ഒരു ഭക്ഷണം ഞാന്‍ ഇന്നുവരെ കഴിച്ചിട്ടില്ല. ഇപ്പൊഴും അന്നത്തെ കറിയുടെ സ്വാദിനെക്കുറിച്ച് പറയുമ്പോള്‍ എന്റെ ശ്രീമതി കളിയാക്കും. ഒരു പക്ഷേ യാത്രയുടെ ക്ഷീണമാവാം ഭക്ഷണത്തിന്റെ സ്വാദ് കൂട്ടിയത്. ഭക്ഷണം കഴിഞ്ഞ ഉടനെ കിടന്നു. നിലത്തു ഉറപ്പിച്ച കാലുകളില്‍ മരം കൊണ്ടുള്ള ഫ്രയിമിന് മുകളില്‍ മുള കൊത്തിയുണ്ടാക്കിയ തൈതല്‍. അതില്‍ പായ വിരിച്ചാണ് ഉറക്കം. കിടന്നതെ ഉറങ്ങിപ്പോയി.
ഗോപിസ്സാറിന്റെ ശബ്ദം കേട്ടാണ് ഉണര്‍ന്നത്. സന്ദര്‍ശകരെ വെണ്മണി കൊണ്ടുനടന്നു കാണിക്കാന്‍ എത്തിയിരിക്കയാണ് അദ്ദേഹം. ഞങ്ങള്‍ വേഗം ഒരുങ്ങി. തലേന്ന് ഉറങ്ങിയ വീടും പരിസരവും നന്നായി കണ്ടു. മുറ്റത്തിന്റെ അതിരില്‍ നട്ടു വളര്‍ത്തിയിരിക്കുന്നത് കഞ്ചാവ് ആണെന്ന് മനസ്സിലായി. ആദിവാസികള്‍ കഞ്ചാവ് വില്‍ക്കാറില്ലത്രേ. സ്വന്തം ഉപയോഗത്തിന് ഒന്നു രണ്ടെണ്ണം നട്ടോളാന്‍ ഹൈറേഞ്ചില്‍ പാലം ഉല്‍ഘാടനം ചെയ്യാന്‍ വന്ന പ്രധാനമന്ത്രി നെഹ്രു അനുവദിച്ചിട്ടുണ്ടത്രേ. അന്ന് ഊരാളികളുടെ കരവിരുതിന്റെ തെളിവായി അവരുണ്ടാക്കിയ നേര്‍മയേറിയ പനമ്പു ഒരു ഓടക്കുഴലിലിട്ടു നെഹ്‌റുവിന് സമ്മാനിച്ചത് മൂപ്പനാണ്. ഞങ്ങള്‍ക്ക് പനമ്പു വേണോയെന്ന് ഗോപിസ്സാര്‍ ചോദിച്ചു.15 രൂപാ കൊടുക്കാനില്ലാതിരുന്നതുകൊണ്ട് ആ മോഹം ഉപേക്ഷിച്ചു.
വെണ്മണിയുടെ തിലകക്കുറി പോലെയുള്ള പാറയിലേക്കാണ് ഞങ്ങളെ ആദ്യം കൊണ്ടുപോയത്. ഗോപിസ്സാറും, വെള്ളവുമായി ഒരു സഹായിയും ഉണ്ട് കൂടെ. ഒരു പ്രദേശം മുഴുവന്‍ പരന്നു കിടക്കുകയാണ് ആ ഭീമന്‍ പാറ. പാറയില്‍ വല വിരിച്ചതിന്റെ പാട് സാര്‍ കാണിച്ചു തന്നു. പാണ്ഡവന്മാര്‍ വല വിരിച്ചതിന്റെ പാടാണത്രേ. പുരാണങ്ങളിലെ കഥാപാത്രങ്ങളോട് ബന്ധപ്പെട്ടുള്ള മിത്തുകള്‍ പല ഇടങ്ങളിലും ഉണ്ട്. മുക്കാല്‍ മണിക്കൂര്‍ കൊണ്ട് ഞങ്ങള്‍ പാറയുടെ മുകളിലെത്തി. ഞങ്ങള്‍ക്കുള്ള അത്ഭുതം പാറയുടെ മുകളിലാണുണ്ടായിരുന്നത്. രണ്ടേക്കറില്‍ കുറയാത്ത ഒരു നിബിഡ വനം. വലിയ മരങ്ങളും അടിക്കാടും നിറഞ്ഞ ഒരു മാതൃകാ വനമായിരുന്നു അത്. താഴെ നിന്നു നോക്കിയാല്‍ വനം കാണാന്‍ കഴിയില്ല. പാറയുടെ വലതുവശം കുത്തനെയുള്ള താഴ്ചയാണ്. അതിനപ്പുറം പാറകള്‍ നിറഞ്ഞ ഒരു ഭീമന്‍ മല. രണ്ടിനുമിടയില്‍ ഒരു തോടുപോലെ പെരിയാര്‍. ഒരു പത്തു പതിനഞ്ചു കിലോമീറ്റര്‍ ദൂരത്തില്‍ പെരിയാര്‍ കാണാം. ആന അടക്കമുള്ള മൃഗങ്ങള്‍ പെരിയാറില്‍ നിന്നു വെള്ളം കുടിക്കുന്നു. പാറയുടെ മുകളിലെ വനത്തില്‍ നില്‍ക്കുമ്പോള്‍ നമ്മള്‍ വേറൊരു ലോകത്താണു. പ്രകൃതിയും പ്രകൃതിയൊരുക്കുന്ന അവര്‍ണ്ണനീയമായ ഒരു അനുഭൂതിയും നമ്മെ തഴുകുന്നു. ആ അനുഭവം വാക്കുകള്‍ക്കതീതമാണ്. ഉച്ച വരെ ഞങ്ങള്‍ പാറയുടെ മുകളില്‍ ചെലവഴിച്ചു. ഞങ്ങളുടെ പെട്ടിക്ക്യാമറയില്‍ പാറയുടെയും വനത്തിന്റെയും പടങ്ങളെടുത്തു. പാറയെക്കുറിച്ച് ഗോപിസാര്‍ പറഞ്ഞു തന്നു. പണ്ട് ഇതും ഒരു നിബിഡ വനം ആയിരുന്നിരിക്കാം. ഭൂമി കുലുക്കത്തിലോ ഉരുളുപൊട്ടലിലോ മുകളിലെ വനം ഒഴിച്ച് ബാക്കിയൊക്കെ ഒലിച്ചു പോയിരിക്കാം. ഏതായാലും 600 ഏക്കര്‍ പാറയുടെ മുകളിലെ രണ്ടേക്കര്‍ വനം ഒരു സത്യമായി അവശേഷിക്കുന്നു.
മൂന്നു മണിയോടെ ഞങ്ങള്‍ മൂപ്പന്റെ വീട്ടില്‍ തിരിച്ചെത്തി. കുറച്ചു സമയത്തെ വിശ്രമത്തിന് ശേഷം ഊരാളിക്കുടിലുകള്‍ കാണാന്‍ പുറപ്പെട്ടു. എല്ലാം പുല്ലുമേഞ്ഞ വീടുകളാണ്. നല്ല വൃത്തിയുള്ള അന്തരീക്ഷം. ഒട്ടു മിക്ക വീടുകള്‍ക്ക് മുന്‍പിലും ജമന്തിയും ഡാലിയായും പൂച്ചെടികളും നട്ടു പിടിപ്പിച്ചിരിക്കുന്നു. നാട്ടുകാരുടെ വീടുകളെക്കാള്‍ ഭംഗിയായി സംരക്ഷിക്കുന്ന വീടുകള്‍ ഞങ്ങള്‍ക്ക് അത്ഭുതമായി. അവരുടെ പറമ്പുകള്‍ നല്ല കൃഷിയിടങ്ങളായിരുന്നു. സ്ത്രീകള്‍ പൊതുവേ സുന്ദരികള്‍.
പിറ്റെന്നു രാവിലെ കാപ്പി കഴിഞ്ഞു ഞങ്ങള്‍ തിരിച്ചു പോന്നു. ഞങ്ങള്‍ കൊടുത്ത കുറച്ചു പൈസ വളരെ മടിയോടെയാണ് മൂപ്പന്‍ വാങ്ങിയത്. പോരുമ്പോള്‍ ഞങ്ങളുടെ നിര്‍ബ്ബന്ധത്തിന് വഴങ്ങി രണ്ടു ചോട് കഞ്ചാവ് അദ്ദേഹം പറിച്ചു തന്നു. തിരിച്ചുള്ള യാത്രയും കഞ്ചാവിന്റെ ഉപയോഗവും ഈ ലിങ്കില്‍ വായിക്കാം
വീണ്ടും വെണ്മണിക്കുടിയിലേക്കൊരു യാത്ര. 41 വര്‍ഷത്തിനു ശേഷം പോകുമ്പോള്‍ കൂട്ട് 61കാരിയായ ഭാര്യയും െ്രെഡവറും. പഴയ കൂട്ടുകാരില്‍ ജോര്‍ജ്ജ് വര്‍ക്കി സ്ഥലത്തില്ല. സെബാസ്റ്റ്യന് ഭാര്യയുമായി എറണാകുളത്ത് ഡോക്റ്ററേ കാണാന്‍ പോകണം. ഞങ്ങള്‍ എന്തായാലും പോകാന്‍ തീരുമാനിച്ചു. സുഹൃത്ത് കുന്നംകുഴ വിട്ടു തന്ന വണ്ടിയുമായി രാവിലെ അഞ്ചു മണിക്ക് പുറപ്പെട്ടു. െ്രെഡവര്‍ക്ക് വഴിയറിയാം. അയാള്‍ ഒരാഴ്ച മുമ്പും ആ വഴി പോയതാണ്. പഴയ കാട്ടു വഴികളിലൂടെയല്ല. നല്ല ടാര്‍ റോഡ്. വനം ഒരിടത്തും തന്നെയില്ല. എല്ലാം കൃഷിഭൂമിയായിരിക്കുന്നു. ക്രമേണ ഹൈറേഞ്ചിന്റെ ഇളം തണുപ്പ് ഞങ്ങളെ തഴുകി. ഒരു ഉല്‍സാഹത്തിന് പുറപ്പെട്ടു എങ്കിലും മനസ്സില്‍ ആശങ്കകളുണ്ടായിരുന്നു. പാറ അന്നത്തേത് പോലെ അവിടെയുണ്ടാവുമോ? മുകളിലെ വനം നശിപ്പിച്ചിട്ടുണ്ടാവുമോ?. എല്ലാറ്റിനുമുപരി, മുട്ടുവേദനയും സന്ധിവേദനയുമായി കഴിയുന്ന ഞങ്ങള്‍ക്ക് പാറ കയറുവാന്‍ കഴിയുമോ?.
‘സാറേ സ്ഥലമെത്തി’. െ്രെഡവര്‍ ജോസിന്റെ ശബ്ദം എന്നെ മനോവിചാരത്തില്‍ നിന്നു ഉണര്‍ത്തി. കുറച്ചു കടകളുള്ള ഒരു സ്ഥലം. കടകളുടെ ബോര്‍ഡില്‍ ‘വെണ്‍മണി’ എന്നു കണ്ടു. വെണ്മണിക്കുടി വെണ്‍മണി ആയോ? അടുത്ത് കണ്ട ആളോടു ഞാന്‍ പാറയിലേക്കുള്ള വഴി ചോദിച്ചു. ‘മീനൂളിയാന്‍ പാറയിലേക്കാണോ, അത് പട്ടയക്കുടി യിലാണ്. ഈ കാണുന്ന മണ്ണ് റോഡുവഴി പോയാല്‍ പട്ടയക്കുടിയിലെത്താം.’ കാലം മാറിയപ്പോള്‍ വെണ്മണിക്കുടി പട്ടയക്കുടിയായി. പാറയ്ക്ക് മീനൂളിയാന്‍ പാറ എന്നു പേരുമായി. വെണ്‍മണി, കുടിയേറ്റക്കാരുടെ സ്ഥലമാണ്. ഏതായാലും അയാള്‍ പറഞ്ഞ മണ്ണ് റോഡിലൂടെ ഞങ്ങള്‍ തിരിച്ചു. അടുത്ത കാലത്ത് തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി കുറച്ചു മണ്ണിട്ടിട്ടുണ്ടെങ്കിലും ഉരുളന്‍ കല്ലുകളും കുഴികളും നിറഞ്ഞ വഴിയിലൂടെയുള്ള യാത്ര വല്ലാത്തതായി. ഈ വഴി എങ്ങിനെ തിരിച്ചു കയറും എന്നായിരുന്നു എന്റെ ചിന്ത. യാത്രയില്‍ സെബാസ്റ്റ്യന്റെ ഫോണ്‍ വന്നു. ഞങ്ങള്‍ എവിടെ എത്തി എന്നു അന്യോഷണം. ഞങ്ങള്‍ സ്ഥലത്തെത്താറായി എന്നു കേട്ടപ്പോള്‍, ഭാര്യയെ ഒരു വീട്ടിലിരുത്തി ഒരു ജീപ്പ് വിളിച്ച് ആശാനും ഞങ്ങളുടെ പുറകെ എത്തി.
മണ്ണ് റോഡ് ഒരു ടാര്‍ റോഡിലാണെത്തിയത്. മുള്ളരിങ്ങാട് കൂടിയുള്ള വഴിയാണ്. ഈ വഴി വന്നിരുന്നെങ്കില്‍ വെണ്‍മണിയില്‍ നിന്നുള്ള കല്ല് റോഡ് ഒഴിവാക്കാമായിരുന്നു. ആളുകളോട് ചോദിച്ചു ഞങ്ങള്‍ മുന്നോട്ട് പോയി. പാറ അവിടെയുണ്ട്. എട്ട് മണിയോടെ ഞങ്ങള്‍ പാറയുടെ മുകളിലെത്തി. ശ്രീമതി പാറ കയറില്ല എന്നു നാട്ടുകാരൊക്കെ പറഞ്ഞിരുന്നു. പക്ഷേ കുന്നംകുഴ സമ്മാനിച്ച കുട ഒരു ഊന്നു വടിയാക്കി അവളും ഞങ്ങള്‍ക്കൊപ്പം പാറ കയറി. പാറക്കു മുകളിലെ നിബിഡവനം ഇപ്പൊഴും അതേപോലെയുണ്ട്. വനം കണ്ടതെ ഞങ്ങളുടെ ക്ഷീണം പമ്പ കടന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പു കണ്ട അതേ പാറ. അതേ വനം. അത്ഭുതം അടക്കാനായില്ല. നമ്മുടെ നാട്ടില്‍ പാറ പൊട്ടിക്കാതെ, വനം വെട്ടിമാറ്റാതെ ഒരു സുന്ദര ദൃശ്യം അതേപോലെ സംരക്ഷിച്ചിരിക്കുന്നു. സര്‍ക്കാരല്ല. നാട്ടുകാര്‍, ആദിവാസികള്‍. എന്റെ മനസ്സ് നിറഞ്ഞു.

കൊലുമ്പന്‍ മൂപ്പന്‍
ഉച്ച വരെ ഞങ്ങള്‍ ആ വനത്തിലിരുന്നു. താഴെ ഇറങ്ങിയപ്പോള്‍ ആദ്യം അന്യോഷിച്ചത് ഗോപിസ്സാറിനെയും. മൂപ്പനെയുമാണ്. സാറും കുടുംബവും പെന്‍ഷനായതിന് ശേഷം തിരുവല്ലക്ക് തിരിച്ചു പോയി. രണ്ടു പേരും ഇന്നില്ല. പഴയ മൂപ്പന്‍ കൊലുമ്പനും ഭാര്യയും ജീവിച്ചിരിപ്പുണ്ട്. ഞങ്ങള്‍ അന്യോഷിച്ചു പോയി കണ്ടു. മൂപ്പന് ഞങ്ങളെ ഓര്‍മ്മയില്ല. ഞങ്ങള്‍ ചെല്ലുമ്പോള്‍ മൂപ്പന്റെ മക്കള്‍ പണിക്ക് പോയിരിക്കയാണ്. ഊരാളികള്‍ക്കെല്ലാം സര്‍ക്കാര്‍ നല്ല വീടുകള്‍ പണിതു കൊടുത്തിട്ടുണ്ട്.പക്ഷേ മൂപ്പന്റെ മക്കള്‍ കൂലിപ്പണിക്ക് പോകുന്നു. പഴയത് പോലെ പൂക്കള്‍ എവിടേയും കണ്ടില്ല.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...