ബിജോയ്കൈലാസ്
പത്മദളാക്ഷന്‍ നൈസര്‍ഗിക സാഹിത്യവാസനയുള്ള ഒരു ശുദ്ധാത്മാവായിരുന്നു. സാമാന്യം തെറ്റില്ലാതെ എഴുതിയിരുന്ന അയാള്‍ തന്റെ സൃഷ്ടികള്‍ പ്രസിദ്ധീകരിച്ചു കാണാന്‍ അതിയായി ആശിച്ചിരുന്നു. അങ്ങനെയാണ് അയാള്‍ ബ്ലോഗെഴുത്തിനെക്കുറിച്ച് അറിഞ്ഞതും അതാരംഭിച്ചതും.
ഓരോ സൃഷ്ടിയും പോസ്റ്റ് ചെയ്യുമ്പോള്‍, പാവം, ഒരുപാട് ലൈക് പ്രതീക്ഷിച്ചിരുന്നു.പക്ഷെ അയാളുടെ കൃതികള്‍ക്ക് യാതൊരു പരിഗണനയും കിട്ടിയിരുന്നില്ല.
ഒടുവില്‍ പത്മദളാക്ഷന്‍ ഒരു തൂലികാനാമം സ്വീകരിച്ചു…പത്മം. പ്രൊഫൈലിലും ചില്ലറ മാറ്റങ്ങള്‍ വരുത്തി.
തുടര്‍ന്ന് ബ്ലോഗന്മാരുടെ ഇടയില്‍ ഒരു തരംഗമായി പത്മം മാറി.
പത്മത്തിന്റെ കൃതികള്‍ക്ക് ലോകത്തിന്‍റെ നാനാഭാഗത്തുനിന്നും ആരാധകന്മാര്‍ ബഹുമതികള്‍ വാരിക്കോരി ചൊരിഞ്ഞു.
എല്ലാ എഴുത്തുകാരെയും തെറിയഭിഷേകം നടത്തി നിശിതമായി വിമര്‍ശിക്കുകയും കളിയാക്കുകയും ചെയ്യുന്ന മലയാള പണ്ഡിതനായ മധ്യതിരുവിതാംകൂറുകാരന്‍ അച്ചായന്‍ പത്മത്തിന്‍റെ രചനകളെ വാനോളം പുകഴ്ത്തി. പുതു തലമുറ എഴുത്തുകാരും വിദേശ മലയാളികളികളും കൂടാതെ നവസാഹിത്യ സങ്കേതങ്ങളില്‍ പ്രതിഭകളും ആസ്വാദകരും ആയി വിലസുന്നവരായ എല്ലാ പുലികളും പത്മത്തിന്‍റെ ആരാധകരായി മാറി. പത്മത്തെ പ്രണയിക്കാന്‍ തുടങ്ങിയ ദുര്‍ബല മനസ്കരും എണ്ണത്തില്‍ കുറവല്ലായിരുന്നു.
പ്രണയത്തെക്കുറിച്ച് പത്മം എഴുതിയതുപോലെ മറ്റാര്‍ക്കും എഴുതാന്‍ കഴിയില്ലെന്നും, സ്ത്രീകളുടെ സൃഷ്ടികളെ പെണ്ണെഴുത്തെന്ന് പറഞ്ഞു കളിയാക്കുന്നവര്‍ക്ക് പത്മമാണ് തങ്ങളുടെ മറുപടിയെന്നും സ്ത്രീവിമോചനപ്രസ്ഥാനക്കരായ പെണ്‍ ശിങ്കങ്ങള്‍ പൊതുയോഗങ്ങളില്‍ പറഞ്ഞും, ആനുകാലികങ്ങളില്‍ എഴുതിയും അഭിമാനം കൊണ്ടു.
അങ്ങനെ ഒടുവില്‍ ലോകമാസകലമുള്ള ആരാധകര്‍ ചേര്‍ന്ന് പത്മത്തെ അവാര്‍ഡ് നല്‍കി ആദരിക്കാന്‍ തീരുമാനിച്ചു.
പ്രൊഫൈലില്‍ നിന്ന് ലഭിച്ച ഇ മെയില്‍ അഡ്രസ് മുഖേന ഇക്കാര്യം അവര്‍ തങ്ങളുടെ പ്രിയപത്മത്തെ അറിയിച്ചു. ക്ഷണം സ്വീകരിക്കപ്പെട്ടു.
ആരാധകര്‍ക്ക് മുഖം നല്‍കാത്ത പത്മം ഇതാ ആദ്യമായി അരങ്ങത്തേക്ക്. മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചു.
പത്മത്തിന്‍റെ പ്രൊഫൈലില്‍ സിംഗിള്‍ എന്ന് കണ്ടതുകൊണ്ടാകാം ആരാധകരായ ആണ്‍പുലികള്‍ മുഖം മിനുക്കിയും ഗള്‍ഫ് ഗേറ്റും ഇന്‍ ഷേപും ധരിച്ചു സുന്ദരന്മാരായും സ്വീകരണ സ്ഥലത്ത് നിറഞ്ഞു തുടങ്ങി.
പുരസ്കാരം നല്‍കുവാന്‍ എത്തിയ ഒരിക്കലും ചിരിക്കാത്ത മഹാ സാഹിത്യകാരന്‍റെ മുഖത്തും ഒരു മന്ദസ്മിതത്തിന്‍റെ ഇത്തിരിവെട്ടം തെളിഞ്ഞുവോ എന്ന് ദോഷൈകദൃക്കുകള്‍ സംശയിച്ചു.
ചടങ്ങുകള്‍ ആരംഭിക്കുവാന്‍ സമയമായി. എല്ലാവരും ആകാംക്ഷയോടെ പത്മത്തെ പ്രതീക്ഷിച്ചു നിന്നു.
പത്മത്തെ സ്വീകരിക്കുവാന്‍ ഉത്സുകരായി നിന്നിരുന്ന പത്മവ്യൂഹത്തിലേക്ക് ഒരു ഓട്ടോറിക്ഷ വന്നു നിന്നു. മാലയും പൂച്ചെണ്ടുകളും നീട്ടി ഓടിയെത്തിയ ആരാധക വൃന്ദത്തെ ഇവന്‍റ് മാനേജ്മെന്റ് ഗുണ്ടകള്‍ തടഞ്ഞു. റിക്ഷയില്‍ നിന്നു പുറത്തിറങ്ങിയ മെലിഞ്ഞു ചടച്ച മധ്യവയസ്കനെ ഒരു ഇവന്‍റ് മാനേജ്മെന്റ് ഗുണ്ട കഴുത്തിനു പിടിച്ച് പുറത്ത് വഴിയിലേക്ക് തള്ളി.
പത്മം എത്തിച്ചേരാത്തതിനാല്‍ പുരസ്കാര ദാനച്ചടങ്ങ് മുടങ്ങി.
വേദനിക്കുന്ന കഴുത്തില്‍ ബാമിട്ട് ഉഴിഞ്ഞതിനു ശേഷം പത്മദളാക്ഷന്‍ തന്‍റെ തൂലികാനാമത്തില്‍ അവസാനമായി ഒരു സാഹിത്യസൃഷ്ടിക്കുകൂടി തുടക്കം കുറിച്ചു….”പത്മം പുരുഷനായ കഥ”.