കാനനക്കാഴ്ചകള്‍


 ബോബൻ ജോസഫ് കെ

കാനനത്തിലൊരു ദിനത്തിലെത്തിയപ്പോളവിടെയാ
കാഴ്ചകളോ അതിമനോഹരങ്ങളായി തോന്നിയീ-
മനമവിടെയതിലലിഞ്ഞു നയനസുഖം തന്നതും
ഓര്‍ത്ത്‌ വന്ന കഥകളിതാ നല്കിടുന്നതിവിടെയും
അകിലുമത്തിയരണമരം അമ്പഴവും പിന്നെയോ
ആഞ്ഞിലിയും ആറ്റുതേക്ക് ആറ്റുവഞ്ചിയിത്തിയും
കാട്ടുകൊന്ന കാട്ടുപുന്ന കാട്ടുചെമ്പകത്തിനെ
നോക്കിയങ്ങിരുന്ന നേരം കണ്ടു മാതളിത്തിനെ
കാട്ടുകവുക് കരിമരുത് കശുമാവ് കരിങ്ങാലിയും
പാരിജാതം പവിഴമല്ലി പൂവരശു പെരുമരം
കണ്ടു ഹരിതകത്തിനോട് നന്ദിയോടിരുന്നതും
ആത്തച്ചക്ക തിന്നുവാനായാത്തയെത്തിരഞ്ഞതും
ആഞ്ഞിലിതന്‍ ചക്കയൊന്നുമുന്നിലായി വീണതും
മാവ്പൂത്തു പൂക്കള്‍പോലെ മാതളത്തിനരികിലും
നോക്കിയങ്ങിരുന്നുപോയി മോക്ഷലോകമെന്നപോല്‍
കാട്ടുകോഴി കാലിമുണ്ടി കൊക്ക് കൂമനെന്നിവര്‍
കാട്ടുവഴിയിലൂടെയെത്തിനോക്കി ഗോഷ്ടികാട്ടവേ
മുണ്ടി ചാരമുണ്ടി മൈന മണ്ണാത്തിപക്ഷിയെന്നിവര്‍
ചാരെ വന്നു തീഷ്ണമായി നോക്കിയങ്ങുപോകവേ
കണ്ടുമയില്‍ ശക്തിയോടെ പീലിനീര്‍ത്തി നിന്നതും
കാട്ടുകുളക്കോഴിയൊന്നു കൂട്ടു കൂടാനെത്തവേ
കുരുവിയെവിടെയെന്നു പരതിയെന്‍മനവുമിടറവേ
കണ്ടുകുരുവി ആവലിയായരികിലെത്തി നോട്ടവും
എന്റെയിഷ്ടപക്ഷിയായ തത്തയെത്തിരഞ്ഞതും
തത്ത പേരത്തത്ത എല്ലാം കൂട്ടമായ്പ്പറന്നതും
നോക്കിയങ്ങിരുന്നുപോയി മോക്ഷലോകമെന്നപോല്‍
കൂട്ടത്തോടെ ആനകളും കാനനത്തില്‍ കണ്ടതും
കാട്ടരുവി ഒഴുകിയൊഴുകി കള കളാരവത്തിലും
കാട്ടുപന്നി കുറുനരിയും കടുവ പുലിയെന്നിവ
കാട്ടുപൂച്ച കായ്കനികള്‍ തിന്നു തിന്നലഞ്ഞതും
വനരാജനായ സിംഹമെത്തിയിണ്ടലേകിപോയതും
കാട്ടുവെരുക് മുരടനക്കി കീരിയുടെ അരികിലും
കീരികണ്ട കാട്ടുപാമ്പ് പാഞ്ഞുപോയ നേരവും
അണ്ണാനാട്ടെ ചില്ലയിലാടി കീ കീ കീ കീ പാടിയതും
കാട്ടുതേളിന്‍ ‍ഗമനപാത കണ്ട കൌതുകത്തിലും
കാട്ടുകുളം നടുവിലൊരു താമരപ്പൂ കണ്ടതും
നോക്കിയങ്ങിരുന്നുപോയി മോക്ഷലോകമെന്നപോല്‍

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ