23 Oct 2012

അമ്മയെന്ന പുണ്യം


ഷീലവിദ്യ


സ്വപ്നങ്ങളുടെ വളപ്പൊട്ടുകള്‍ സൂക്ഷിക്കുന്ന ചെപ്പു തുറന്നു  ഞാന്‍ ബെഡിലേക്ക് കുടഞ്ഞു, വിവിധ നിറത്തിലുള്ള വളപ്പൊട്ടുകള്‍  വെറുതെ അവയില്‍ പരതി നടന്നപ്പോള്‍ ആകാശ നീലിമയുള്ള വളപ്പൊട്ടുകള്‍ ആണ് കണ്ണില്‍ ആദ്യം പെട്ടെത്. അവയില്‍ അമ്മയുടെ മുഖം തെളിഞ്ഞു വന്നു, അതിസുന്ദരിയായ എന്‍റെ അമ്മ, ആ കണ്ണുകളിലും , പുഞ്ചിരിയിലും സ്നേഹം മാത്രം.   കുലീനയായ  അമ്മ, കൊളുത്തി വച്ച നിലവിളക്ക് പോലെ  പ്രകാശം പരത്തിയിരുന്നു.  

കാന്‍സര്‍  രോഗത്തിന്റെ പിടിയില്‍ അമര്‍ന്നു, വേദന സഹിക്കേണ്ടി വന്നപ്പോഴും, രോഗം അതിന്റെ എല്ലാ ശക്തിയോടും ശരീരം മുഴുവന്‍ വ്യാപിച്ചപ്പോഴും.  അമ്മയുടെ കണ്ണില്‍ ജീവിക്കാനുള്ള ആസക്തി  കണ്ടു.  ഓരോ കോശവും , ഓരോ അവയവവും  മരിച്ചു കൊണ്ടിരുന്നപ്പോളും വേദനയുടെ നിലവിളികള്‍ പുറത്തേക്ക് വരാതെ തന്റെ ഉള്ളില്‍ തന്നെ അടക്കി മരണത്തെ നേരിട്ടു. ഒരു മരുന്നിനും മാറ്റാന്‍ കഴിയാത്ത വേദന. അപ്പോഴാണ്‌ എനിക്ക് ദൈവത്തോട് ഏറ്റവും ദേക്ഷ്യം തോന്നിയത് എന്തിനു ഇങ്ങനൊരു രോഗം സൃഷ്ടിച്ചു .

 ''എനിക്ക് നല്ല ക്ഷീണം, ഞാന്‍ കിടക്കട്ടെ'' എന്ന് പറഞ്ഞു കിടന്ന അമ്മ, പിന്നെ ഉണര്‍ന്നതേയില്ല, ഞങ്ങളെ എല്ലാം തനിച്ചാക്കി ഏതു ലോകത്തേക്ക് പോയി, എവിടെ ആയാലും സ്നേഹം പങ്കിട്ട്, സുഖമായി കഴിയുന്നുണ്ടാവും. എല്ലാ അമ്മമാരേയും ദൈവം സ്നേഹം കൊണ്ടാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് തോന്നുന്നു. ആ സ്നേഹത്തിന്റെ ആഴങ്ങളില്‍ അഹങ്കരിച്ചു നടക്കുമ്പോള്‍ അറിയുന്നില്ല, അതിന്റെ വില. അവര്‍ നമ്മളെ വിട്ടുപോകുമ്പോള്‍ ഉണ്ടാകുന്ന വലിയ ശൂന്യത. ആ ശൂന്യതയില്‍ ആകെ തകര്‍ന്നു പോയത് അച്ഛനായിരുന്നു.

കൊടുത്തു തീരാത്ത സ്നേഹത്തിന്റെയും, സഫലമാകാത്ത സ്വപ്നങ്ങളുടെയും, ചെയ്തു തീര്‍ക്കാനുള്ള കടമകളുടെയും വലിയൊരു ഭാണ്ഡം ഇറക്കി വച്ച് പെട്ടെന്നൊരു ദിവസം അമ്മ പടി ഇറങ്ങിപ്പോയപ്പോള്‍  അച്ഛന്‍ തളര്‍ന്നു പോയി. ഇണയുടെ തുണ നഷ്ടപെടുന്നവര്‍ക്കെ അതിന്റെ വേദന മനസ്സിലാവൂ. കുടുംബത്തിലെ എല്ലാ ഉത്തരവാദിത്വങ്ങളും ഏറ്റെടുത്തിരുന്നത് അമ്മയാണ്. ജീവിത യാത്രയില്‍ ഇനിയുള്ള ദൂരം ഒറ്റയ്ക്ക് നടക്കണമെന്ന അറിവില്‍ അച്ഛന്‍ ആകെ തകര്‍ന്നു പോയി. അമ്മ തന്നിരുന്ന സുരക്ഷിതത്വം ഞങ്ങള്‍ മക്കള്‍ക്കും നഷ്ടമായി. എങ്കിലും അമ്മയുടെ സാന്നിദ്ധ്യം ഞാന്‍ ഇപ്പോഴും അറിയുന്നു. എല്ലാവരെക്കാളും അമ്മ എന്നെ സ്നേഹിച്ചിരുന്നോ,  അമ്മ എല്ലാ മക്കളെയും ഒരുപോലെ സ്നേഹിച്ചിരുന്നു. ആ പൊക്കിള്‍കൊടി ബന്ധം മരണം കൊണ്ടു തീരുന്നില്ല, ആത്മാവ് ഉള്ളിടത്തോളം കാലം.

ഇന്ന് പതിവില്ലാതെ എന്താണോ  അമ്മ എന്നെ കാണാന്‍ വന്നത്. അമ്മയുടെ ചന്ദന ഗന്ധം മുറിയിലാകെ നിറഞ്ഞു. കട്ടിലില്‍ എന്റെ അടുത്തായി അമ്മ ഇരുന്നു. ആ മടിയില്‍ കിടന്നു കഥ പറയാന്‍ എനിക്കും തിടുക്കമായി. അമ്മയുടെ  മുഖം വല്ലാതെ വലിഞ്ഞു മുറുകി ഇരുന്നിരുന്നു.  "നിന്റെ അടുത്ത് വരുമ്പോള്‍ എനിക്ക് മനസ്സിന് ഒരു സുഖമാണ്"  "ഞാന്‍ അമ്മയുടെ മകളല്ലേ, അമ്മ ഇവിടെ ഉപേക്ഷിച്ചു പോയ നന്മയും സ്നേഹവും എന്റെ മനസ്സിലും ഉള്ളതു കൊണ്ടായിരിക്കാം’’ എന്റെ മറുപടി കേട്ട് അമ്മയുടെ മുഖത്തൊരു പുഞ്ചിരി വിടര്‍ന്നു. അച്ഛന്റെ വിവരം അറിയാനല്ലേ ഈ വരവ്, എന്നോടുള്ള ഇഷ്ടം കൊണ്ടൊന്നുമല്ലെന്ന് എനിക്കറിയാം എന്നു കളിപറഞ്ഞപ്പോള്‍ ആ പഴയ കൊച്ചു കുട്ടി ആണെന്ന തോന്നലായിരുന്നു എനിക്ക്. അച്ഛന്റെ ആരോഗ്യനില വളരെ മോശമാണ് , കിഡ്നിക്കു പ്രോബ്ലം ഉണ്ട്, പിന്നെ വല്ലാത്തൊരു അവസ്ഥ ആണിപ്പോള്‍ അമ്മ ചെയ്യുന്നത് പോലൊക്കെ ചെയ്യാന്‍ അവിടെ ആരാണുള്ളത്. സഹോദരനും, ഭാര്യയും, മക്കളും രാവിലെ കൂടോഴിയും, പിന്നെ ഉള്ളതു ജോലിക്കാരി, ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല, ആര്‍ക്കും ഒന്നിനും നേരമില്ലാത്ത കാലം. സ്വന്തം നിലനില്പിന് വേണ്ടി എല്ലാവരും നെട്ടോട്ടം ഓടുന്നു.   അമ്മ വീണ്ടും പറഞ്ഞു, "അവന്‍ കുറേകൂടി അച്ഛന്റെ കാര്യങ്ങള്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍", അതൊന്നും അവിടെ നടക്കില്ല. അത് അമ്മക്കറിയാം, പിന്നെന്തിനു വെറുതെ ആഗ്രഹിക്കുന്നു.  ശ്രദ്ധ മാറ്റാന്‍ വേണ്ടി അമ്മയുടെ കൂട്ടുകാരികളെ കാണാന്‍ പോയ കഥ  പറയാമെന്നു  കരുതി, അത് കേള്‍ക്കാന്‍ അമ്മക്ക് ഏറെ ഇഷ്ടമാണ്.

എന്നും സ്കൂളും , കുട്ടികളും, സഹപ്രവര്‍ത്തകരായ ടീച്ചേര്‍സും ആയിരുന്നു  അമ്മയുടെ ലോകം, മക്കളായ ഞങ്ങള്‍ രണ്ടാമതെ ഉള്ളു. റിട്ടയര്‍ ചെയ്യുമ്പോള്‍ അമ്മ എന്ത് ചെയ്യും, എന്നു ഞാന്‍  ആലോചിക്കാറുണ്ടായിരുന്നു , ജോലിയെ സ്നേഹിക്കുന്ന എല്ലാവരുടെയും പ്രശ്നമാണ് അത്. അതൊന്നും വേണ്ടി വന്നില്ല അതിനു മുന്‍പ് അമ്മ പോയി.

ഒരു ഇടവപ്പാതിയില്‍, ആകാശം ആകെ മൂടി കെട്ടി നിന്നൊരു ദിവസമാണ് ഞാന്‍ മാലതി ടീച്ചറിന്റെ വീട്ടില്‍ പോയത്. പ്രകൃതിയെപോലെ വീടിനകവും ആകെ നിശബ്ദവും മൂകവും ആയിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടപ്പോഴും മാലതി ടീച്ചറിന്റെ ഭര്‍ത്താവിനു എന്നെ തിരിച്ചറിയാന്‍ കഴിഞ്ഞു. വാര്‍ദ്ധക്യത്തിന്റെ ജരാനരകള്‍ ബാധിച്ച അദേഹത്തിന്റെ, മുഖത്ത് സന്തോഷത്തിന്റെ ലാഞ്ചന ഒന്നുമില്ല. ടീച്ചറിനെ അന്ന്വേഷിച്ചപ്പോള്‍, അകത്തെ മുറിയിലേക്ക് ക്ഷണിച്ചു, തലയില്‍ ഒരു വച്ചുകെട്ടുമായി ടീച്ചര്‍ ഉറക്കത്തിലാണ്. '' മാലതിക്കിപ്പോള്‍ ഓര്‍മ്മക്കുറവുണ്ടു, കഴിഞ്ഞ ദിവസം രാത്രിയില്‍ ഉണര്‍ന്നു, ഇരുട്ടില്‍ തപ്പി നടന്നു ഭിത്തിയില്‍ തല ഇടിച്ചതാണ്, ഈ മുറിവ്. ചിലപ്പോള്‍ കൊച്ചു കുട്ടികളെ പോലെ വീട്ടില്‍ നിന്ന് ഇറങ്ങി പോകും, അത് കൊണ്ടു ഞാന്‍ എപ്പോഴും കൂടെ കാണും". പാവം മനുഷ്യന്‍, സ്വന്തം അവശതകള്‍ മറന്നു ഭാര്യയെ ശുശ്രുക്ഷിക്കുന്നു.  അവസാന നാളുകളില്‍ പോലും സന്തോഷിക്കാന്‍ കഴിയാതെ വരുക. എല്ലാ ഭാരങ്ങളും ഒതുക്കി അല്പം ആശ്വാസത്തോടെ ജീവിക്കാം എന്ന് കരുതുമ്പോള്‍ പിന്നെയും ഭാരങ്ങള്‍  മാത്രം. കര്‍മഫലം അനുഭവിക്കാതെ പറ്റില്ലല്ലോ.

ടീച്ചര്‍ കണ്ണ് തുറന്നു, ആ കണ്ണുകള്‍ എന്റെ മുഖത്ത് തറഞ്ഞു, എന്താണ് എന്നെ ഉറ്റു നോക്കുന്നത്?എന്നെ മനസ്സിലായോ എന്തോ, ആ നോട്ടവും ഭാവവും കണ്ടിട്ട് അങ്ങനെ തോന്നി. ഞാന്‍ അടുത്തേക്ക് ചെന്ന്, ആ കൈ വിരലുകളില്‍ തൊട്ടു , ആ കണ്ണുകള്‍ നിറഞ്ഞു, എന്റെ മനസ്സില്‍ ഒരു ഭാരം വന്നു നിറഞ്ഞു. കരയാനാവാതെ ഞാന്‍ കൈകളില്‍ അമര്‍ത്തി പിടിച്ചു. ഒരു പക്ഷെ ഓര്‍മയുടെ ഒരു നുറുങ്ങു വെട്ടം  ബോധ മണ്ടലത്തില്‍ തെളിഞ്ഞിരിക്കാം. അവിടുന്ന് ഇറങ്ങിയപ്പോള്‍ അടുത്ത മഴക്കു   മേഘങ്ങള്‍   ഉരുണ്ടു കൂടാന്‍ തുടങ്ങി.

അടുത്ത് തന്നെ താമസിക്കുന്ന രമ ടീച്ചറിന്റ വീട്ടില്‍ പോകണോ വേണ്ടെയോ എന്ന്  മനസ്സില്‍ ഉരുവിട്ടു, ഭാരമുള്ള മനസ്സിന് മടി. ഒടുവില്‍ പോകാന്‍ തന്നെ തീരുമാനിച്ചു, ഇനി ഒരിക്കല്‍ വരാന്‍ കഴിഞ്ഞില്ലെങ്കിലോ, ആളനക്കമില്ലാത്ത ആ വീടൊരു ഭാര്‍ഗ്ഗവി നിലയം പോലെ തോന്നി, കുറെ നേരം കാത്തു നിന്നപ്പോള്‍ മരുമകള്‍ വന്നു കതകു തുറന്നു. ഒട്ടും പരിചയ ഭാവം കാണിക്കാത്ത ആ കുട്ടിയോട് ഒന്നും ചോദിക്കാന്‍ തോന്നിയില്ല, രമ ടീച്ചറിനെ കാണണമെന്ന് പറഞ്ഞപ്പോള്‍ അകത്തേക്ക് കൂട്ടി കൊണ്ടു പോയി. ഒരു ജീവശവം പോലൊരു രൂപം. കുണ്ടിലാണ്ട കണ്ണുകളും, ഈര്ക്കിലുപോലെ ഉണങ്ങിയ ശരീരവും,എന്നെ മനസ്സിലായി എന്ന് ആ കണ്ണിലെ തിളക്കവും, മുഖത്ത് പെട്ടെന്നുണ്ടായ പ്രകാശവും കണ്ടപ്പോള്‍ തോന്നി, സംസാരിക്കാന്‍ കഴിയാതെ അവര്‍ എന്റെ കണ്ണിലേക്കു നോക്കി ഇരുന്നു. എന്ത് ചെയ്യണംഎന്നറിയാതെ ഞാന്‍ തല കുമ്പിട്ടു, മനസ്സുരുകി ഒന്ന് കരയാന്‍ മോഹിച്ചു, വേദനകളെല്ലാം ഉള്ളിലൊതുക്കി, ഒറ്റപെടലിന്റെ വീര്‍പ്പുമുട്ടലുകലുമായി  ഒരു ജീവിതം. ഉറക്കത്തിനും ഉണര്‍വിനും ഇടയില്‍ മരണം കാത്തു കിടക്കുന്ന അതി ദാരുണമായ ജീവിതം. രണ്ടു വര്‍ഷമായി ഒരേ കിടപ്പ് കിടക്കുന്നു. മരുമകള്‍ തീര്‍ത്തും പറഞ്ഞു അവള്‍ക്കിനിയും നോക്കാന്‍ കഴിയില്ലെന്ന്, മൂത്ത മകള്‍ രാധ വന്നു കൊണ്ടുപോകും". ജോലിക്കാരി പറഞ്ഞു.
 തിരിച്ചു പോരാന്‍ , യാത്ര ചോദിക്കാന്‍ ആ കുട്ടിയെ തിരഞ്ഞിട്ടു അവിടെങ്ങും കണ്ടില്ല. തിരിച്ചു കാറില്‍ കയറിയപ്പോള്‍ മഴ ആര്‍ത്തലച്ചു പെയ്തു തുടങ്ങി, എന്റെ മനസ്സും.  എന്റെ അമ്മ ഭാഗ്യവതി ആണ്, ഒന്നും അറിയാതെ കേള്‍ക്കാതെ അനുഭവിക്കാതെ നേരത്തെ കടന്നു പോകാന്‍ കഴിഞ്ഞില്ലേ, ഞാന്‍ മനസ്സില്‍ പറഞ്ഞു. ദൈവത്തിന്റെ പുസ്തകത്തിലെ നല്ലവരായ മക്കളെ നേരത്തെ വിളിക്കുമെന്ന് കേട്ടിട്ടുണ്ട്.

അമ്മയുടെ മടിയില്‍ കിടന്നു കഥ പറയുമ്പോള്‍ ഞാന്‍ അറിഞ്ഞു അമ്മയും കരയുകയാണെന്നു,ഒന്ന് രണ്ടു കണ്ണുനീര്‍ തുള്ളികള്‍ എന്റെ നെറ്റിയിലും വീണു. കൂടു വിട്ടു അകലങ്ങളിലേക്ക് നേരത്തെ പറന്നു പോയതില്‍ അമ്മയ്ക്കു ആശ്വാസം തോന്നിയിട്ടുണ്ടാവും.

അമ്മ ചോദിച്ചു, "നിനക്ക് പോയി അച്ഛനെ ഇവിടേയ്ക്ക് കൊണ്ട് വരാന്‍ പറ്റില്ലേ", അച്ഛന്‍ സ്വന്തം വീട് വിട്ടു എവിടെയും പോകില്ല എന്നു അമ്മക്ക് അറിയാത്തതൊന്നുമല്ലല്ലോ, പിന്നെ ഈ ദൂരം താണ്ടി വരാനുള്ള ആരോഗ്യമൊന്നും ഇപ്പോള്‍ അച്ഛനില്ല. അച്ഛന്റെ വിഷമം അതിന്റെ ആഴം അമ്മക്ക് മാത്രമേ അറിയൂ, അതാണ്‌ അമ്മക്ക് ഇത്ര ആധി. അമ്മ എന്താണ്  അവിടം വരെ പോയി അച്ഛനെ കാണാത്തതെന്ന്  തിരക്കിയപ്പോള്‍, ഞാന്‍ പോകുന്നുണ്ടെന്ന് മാത്രം  പറഞ്ഞു.  അമ്മ എന്റെ നെറ്റിത്തടം  പതുക്കെ പതുക്കെ  തടവുന്നുണ്ടായിരുന്നു ആ സുഖത്തില്‍ ഞാന്‍ ഉറങ്ങിപ്പോയി.

 കോളിംഗ് ബെല്‍ ശബ്ദം ഉണ്ടാക്കിയപ്പോള്‍ കണ്ണ്  തുറന്നു ചുറ്റും നോക്കി, ഈ അമ്മ എവിടെ പോയി., അമ്മയെ അടുത്തെങ്ങും കണ്ടില്ല, സ്വപ്നമോ...... ഞാന്‍ എന്‍റെ അമ്മയെ കണ്ടതാണ്, ആ ശംഖ്‌ പോലെ വെളുത്ത വയറില്‍ തല ചായിച്ചു കിടന്നാണ് കഥകളൊക്കെ പറഞ്ഞത്, ചുറ്റും നോക്കിയപ്പോള്‍ സ്വപ്നങ്ങളുടെ വളപ്പൊട്ടുകള്‍ കട്ടിലില്‍ നിരന്നു കിടക്കുന്നു, എല്ലാം പെറുക്കി കൂട്ടി, നീല വളപ്പൊട്ട്‌ മാത്രം ഞാന്‍ പുറത്തു വച്ചു, അമ്മ ഇനിയും വരുമെന്ന് എന്റെ മനസ്സ് പറഞ്ഞു. വാതില്‍ തുറന്നപ്പോള്‍ ജോലി കഴിഞ്ഞെത്തിയ അദ്ദേഹം, മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയിട്ടു ചോദിച്ചു, "ശ്രീമതി നല്ല ഉറക്കത്തിലായിരുന്നല്ലോ. ഇന്നു ആരാണോ  സ്വപ്നത്തില്‍ വിരുന്നു വന്നത്". ഒന്നും മിണ്ടാതെ അടുക്കളയിലേക്കു നടന്നു.

എങ്കിലും മനസ്സാകെ മൂടി കെട്ടിയിരുന്നു, അച്ഛന്റെ നില വളരെ മോശമാണ്. അമ്മയുടെ മുഖത്ത് നല്ല വിഷമം ഉണ്ട്. അച്ചന്റെ ആരോഗ്യകാര്യത്തില്‍ അമ്മക്ക് എന്നും വളരെ ശ്രദ്ധ ആയിരുന്നു. പക്ഷെ ഞങ്ങള്‍ മക്കള്‍ക്ക്‌ അത്ര ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ലെന്നത് സത്യം തന്നെ.  വിവരം അറിയാന്‍ വീട്ടിലേക്കു വിളിച്ചപ്പോള്‍ കുറച്ചു സീരിയസ് ആണെന്നാണ് പറഞ്ഞത്. രാത്രി ഭക്ഷണം കഴിഞ്ഞു കിടന്നപ്പോള്‍ മനസ്സാകെ അസ്വസ്ഥമായിരുന്നു, ഉറക്കം വരാതെ  കുറെ നേരം കിടന്നു, എപ്പോഴോ ഉറക്ക ത്തിലേക്കു വഴുതി വീണു, അമ്മ വീണ്ടും എന്റടുത്തു  വന്നു, അമ്മയുടെ മുഖത്ത് നല്ല പ്രകാശം ഉണ്ടായിരുന്നു, പോകാന്‍ ധൃതി കാണിച്ചപ്പോള്‍ ഞാന്‍  പറഞ്ഞു, രണ്ടു ദിവസം കഴിഞ്ഞു പോയാല്‍ മതി. എന്നത്തെയും പോലെ അമ്മ പിന്നെയും പോകാന്‍ തിരക്ക് കൂട്ടി  "ഒരുപാട് ജോലി ഉണ്ട്, ഞങ്ങളുടെ തിരക്ക് നിനക്കറിയാമല്ലോ, ഈ പ്രാവശ്യം അച്ഛനെ ഞാന്‍ കൂടെ കൊണ്ട് പോകുകയാണ്". ഞാന്‍  ഒന്നും മിണ്ടാതെ നിന്നു. അപ്പോള്‍ എന്‍റെ മനസ്സില്‍, എന്റെ കാതുകളില്‍  “ഞാന്‍ അച്ഛനെ കൂടെ കൊണ്ടു പോകുകയാണു ആ ഒരു വാചകംമാത്രം. അതെനിക്ക് ആശ്വാസമായി, അച്ഛന്റെ തീരാ വേദനകള്‍ ഇതോടെ മാറുമല്ലോ. ഇനി അച്ഛന് കൂട്ടായി അമ്മ ഉണ്ടല്ലോ  എന്ന ആശ്വാസം.  

അപ്പോഴേക്കും വെളുപ്പാന്‍ കാലാമായിക്കാണും, നിർത്താതെ അടിക്കുന്ന ഫോണ്‍ ബെല്‍ കേട്ടാണ് ഉണര്‍ന്നത്, ഏട്ടന്‍ ഫോണ്‍ എടുത്തു, സംസാരിക്കുന്നത് കേള്‍ക്കാം, വളരെ പതുക്കെ ആണെങ്കിലും എനിക്ക് മനസ്സിലായി. ഫോണ്‍ വച്ചിട്ടു എന്നോടായി പറഞ്ഞു., അച്ഛന് അസുഖം കൂടുതലാണ്. പെട്ടെന്ന് പോകാനുള്ള കാര്യങ്ങള്‍ ചെയ്യണം. ഞാന്‍ അറിഞ്ഞു. അവര്‍ എന്റെ അടുത്ത് വന്നിരുന്നു. എന്റെ മറുപടി കേട്ട് , അദ്ദേഹം അന്തം വിട്ട്  എന്നെ നോക്കി നിന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...