22 Dec 2012

ഇരകളുടെ വിലാപം

സൈനുദ്ധീന്‍ ഖുറൈഷി.
ജീവശ്ചവങ്ങള്‍തന്‍ ശവപ്പറമ്പാകുമീ-
കശുമാവിന്‍ തോപ്പിലൊരു മാത്ര നില്‍ക്കാം,

കണ്ണീരിലുയിരിട്ട, കരള്‍ പൊട്ടി ചാലിട്ട-

കളിചിരികള്‍ കുഴിച്ചിട്ട ഖബറുകള്‍ കാണാം.


ഒരു മൂട്‌ കപ്പയിലൊരു കപ്പ്‌ ചായയില്‍

ദശാബ്ദങ്ങളായെത്ര സ്വര്‍ഗ്ഗങ്ങള്‍ തീര്‍ത്തവര്‍.!!

ചിരിക്കുവാനരുതാതെ, കരയുവാനാവാതെ

അസ്ഥികള്‍ പൊട്ടുന്ന വേദനകള്‍ താങ്ങാതെ..!!

ഉള്ളില്‍ നെരിപ്പോടിന്‍ തീക്ഷ്ണമാം നീറ്റല്‍

തൊണ്ടയില്‍ പിടയുന്ന വാക്കിന്‍ പെരുപ്പം..

ഓടാന്‍ കൊതിക്കുന്ന കാലിന്‍ കുതിപ്പുകള്‍..,

കാണാന്‍ വിതുമ്പുന്ന കണ്ണിന്‍റെ ദാഹങ്ങള്‍..,

ഒരു ചാണ്‍ വയറിന്‍ വിശപ്പിന്നു പകരമായ്

എന്തിനീ..കൊച്ചു കിനാക്കള്‍ കരിച്ചു നീ…?


കുരുക്ഷേത്രമദ്ധ്യെ അപഹരിച്ചനിച്ചത്

കവചകുണ്ഡലമല്ല; മാനവകുലത്തിന്‍

സഹജസ്നേഹ സ്നിഗ്ദ്ധ വൈഡൂര്യം!!

ആണിപ്പഴുതിലംഗുലിയാല്‍ നേടിയത്

ആര്‍ത്തിയിലേക്കുള്ള ദശരഥചക്രങ്ങളും.!!

ചരിത്രമുരുണ്ടതു,മുരുളുന്നതും തഥാ-

ചാരിത്ര്യരഹിതമാം കാലത്തിനിരുട്ടിലേക്ക്!!

ഡോളറുകളിലരിച്ച പുഴുക്കളോടൊപ്പം

കരിച്ചതും കൊന്നതും കൊല്ലാതെ കൊന്നതും

പാതിപ്രാണനായ്, ചത്ത പുഴുക്കള്‍ക്കൊപ്പം

പുഴുവായ് പിന്നെയുമിഴയും മര്‍ത്ത്യജന്മങ്ങള്‍.

കോടിയ രൂപങ്ങള്‍തന്‍ ശപ്ത വൈരൂപ്യങ്ങളാല്‍

കോടികള്‍ കൊയ്യുന്നു.. ദൃശ്യസം‌വേദനം..!!

ആഗോളവിപണികളില്‍ ആര്‍ത്തിയുടെ ഗര്‍ജ്ജനം

അഴലിന്‍റെ പുരികളില്‍ ആതുരരോദനം..!!


മലര്‍ക്കെ പറക്കും ലോഹച്ചിറകുള്ള കാക്കകള്‍

മരണം വിതച്ചു, മഹാമാരിയും പെയ്യിച്ചു

മറക്കാവതല്ലിരോഷിമയും നാഗസാക്കിയും

മാറിയിട്ടില്ലിന്നും ഭോപ്പാലിന്‍ തലവരയും.


ആര്‍ക്കെതിരെ നിങ്ങളീ സമരമുഖങ്ങളില്‍..???

വാരിക്കുന്തങ്ങള്‍ മുന കൂര്‍പ്പിച്ച് വെയ്ക്കാം

വാത്മീകം പൊളിച്ച് വെളിപാട് നല്‍കാം

പട്ടിണി പൂഴ്ത്തിയ പാവം ജന്മിയുടെ

പത്തായം പൊളിച്ച് കമ്മ്യൂണിസ്റ്റാവാനല്ല;

പണാധിപതികളാം അധിനിവേശകന്‍റെയും

വെള്ളിക്കാശ് കിലുക്കുമൊറ്റുകാരന്‍റേയും
നെഞ്ച് തുരന്ന് പ്രതിക്രിയ ചെയ്യുവാന്‍.


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...