22 Dec 2012

പിരാന്തുതുണ്ടുകളുടെ കൊളാഷ്


ഗീത മുന്നൂര്‍ക്കോട്

ആദ്യം തേച്ചൊട്ടിച്ചത്
മൃദുലസ്പര്‍ശനത്തിന്റെ
നുറുങ്ങുകളായിരുന്നു.

വേണ്ടാത്തിടത്ത്
പടുമുളയായി പിറന്നെന്നും
ജന്മം തന്നവരുടെ
സമൃദ്ധി രൂപാന്തരപ്പെട്ട്
പൊന്നുരക്കലിന്റെ പഞ്ഞം പിടിച്ച
സ്വപ്നങ്ങളില്‍‍  വികൃതമായെന്നും
ആരോ ഒരു നാള്‍ 
ബുദ്ധിയിലേയ്ക്കെറിഞ്ഞിട്ട
സത്യത്തിന്റെ മിന്നല്‍പ്പിണറുകളായി….

കുട്ടിത്തം ശീലിക്കാത്ത ബാല്യം
കൗമാര കൗതുകങ്ങളില്‍
താക്കീതുകളായി താക്കോല്‍ തിരിച്ചതാണ്….

ദാമ്പത്യത്തിലേയ്ക്ക് വീടിറങ്ങിയപ്പോള്‍
ആവോളം സ്വപ്നങ്ങള്‍ മുതല്‍ക്കൂട്ടൊരുക്കി
കൂടെ കൂടിയിരുന്നു;
എന്നിട്ടും……
നിരന്തരം സന്ധി ചെയ്ത്
ഉള്ളതെല്ലാം വഴി പിരിഞ്ഞ്
ഇല്ലായ്മ വിരല്‍കോര്‍ത്ത്
വട്ടം കറക്കിയ ചിത്രങ്ങള്‍..‍..!

പങ്കു വച്ച ജീവിതത്തിന്റെ
ഓഹരിയില്‍
ആരാന്റെ കാമം
ദുരക്കോളുത്തിറക്കുന്നതും
ലഹരിയില്‍ കാലിടറുന്ന
അര്‍ദ്ധപ്രാണന്റെ മുരള്‍ച്ചയില്‍
നോവിന്റെ ചുവപ്പുണര്‍ന്നതും
തികട്ടി വരുന്ന ലഹരി
ഛര്‍ദ്ദിച്ചു തുപ്പുന്ന
ശകാരങ്ങളാകുന്നതും
ഏച്ചുകൂട്ടാന്‍..….

തെന്നിത്തെറ്റുന്ന വഴികളില്‍
വിരിഞ്ഞു വരുന്ന കൗമരത്തെ
ഒതുക്കാനാകാതെ
പുഞ്ചിരി മെടയുന്നുണ്ടൊരു
കള്‍...

പട്ടിണിയെ പാട്ടിലാക്കാന്‍
പരിഭ്രാന്തി കൊണ്ട്
പെരുവഴിയില്‍
യുവത്വം കോരിയൊഴുക്കി
മുഷ്ടിയെറിയുന്നുണ്ടൊരു മകന്‍..‍…

അമ്മത്തവി കൊണ്ട്
പട്ടിണി കോരി വിളമ്പി
തേങ്ങുന്നുണ്ട്
വിരലെല്ലുകള്‍….

ചായ്പ്പില്‍
ചില ഞരക്കങ്ങളെപ്പോഴും
ബാക്കി നിന്നു
കെട്ട വിളക്കുമായി
പടി കയറി വന്ന
ഒരുമ്പെട്ട വലതുകാലിനെ
പ്രാകിക്കൊണ്ട്…..

അവള്‍ ചിരിച്ചു…..
അറഞ്ഞു പൊട്ടിച്ചിരിച്ചു…….
ചിരിയുടെ കനല്‍
കത്തിയൊരു തീപ്പന്തമായി
അവളെല്ലാം വിഴുങ്ങുന്നു
പ്രതിരോധത്തിന്റെ
നിലവിളികളിലൂടിറങ്ങി
അവള്‍
വീടു  നീങ്ങുന്നു
തെണ്ടിത്തെരുവിലെ
കല്ലേറുകളിലേയ്ക്ക്
അവസാനത്തെ
തുണ്ടുചിത്രത്തിന്നായി…...




എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...