ബോധി


ജയചന്ദ്രന്‍ പൂക്കരത്തറ
9744283321


പാഠശാലയില്‍ പോകണമിപ്പോഴും
പാഠമൊക്കെ പഠിച്ചു തീര്‍ത്തീടണം
തമ്മില്‍ തള്ളി നിരങ്ങിയുരസിയ
കാലു വേറിട്ട ബെഞ്ചിലിരിക്കണം.
മുന്നിലെ ബെഞ്ചി,ലോര്‍മ്മിച്ചെടുക്കുവാന്
ചെന്നിയില്‍ വിരലോടിച്ച പെണ്‍വിരല്‍
തൊട്ടെടുക്കുമറിവിന്നുറവിലേ-
യ്ക്കെത്തി നോക്കി പകര്‍ത്തിയെടുക്കുവാന്‍
ദീര്‍ഘകാലം ശ്രമിച്ചു, പരീക്ഷകള്‍
നല്കിവെച്ച പരാജയത്തൂവലാല്‍
തീര്‍ത്തു നല്ല കിരീടങ്ങള്‍,വേനലില്‍
വേര്‍ത്തു ചീര്‍ത്തതാം മെയ് മാസനാളുകള്‍.

വീണ്ടും മൂത്തു നരച്ചതാം കൂട്ടുകാര്‍-
ക്കണ്ണ, നായി പിടഞ്ഞു പിന്‍ ബെഞ്ചിലായ്
കാലമേറെ കഴിഞ്ഞ കുടുംബത്തില്‍
കാത്തു വെച്ച വസന്തമായന്നൊരാള്‍
എന്‍ വിരല്‍ പിടി,ച്ചാല്‍മരച്ചോട്ടിലെ
പൊന്തി നില്ക്കുന്ന വേരിലിരുത്തി കൊ-
ണ്ടെന്റെ കണ്‍കളില്‍ നോക്കിയൊരിത്തിരി
കണ്ണുനീരു പൊഴിച്ചു കടന്നുപോയ്.

പിന്നെയെങ്ങും തിരഞ്ഞു ഞാനാമിഴി-
ക്കോണില്‍ നിന്നുമുറന്ന പൊന്‍താരകം
പിന്നെയെങ്ങും തിരഞ്ഞു ഞാനാ മൃദു-
പ്പൊന്‍വിരല്‍ സ്പര്‍ശമാകാന്‍ കൊതിച്ചുപോയ്
പിന്‍തിരിഞ്ഞു ഞാന്‍ നോക്കിയില്ലാ, മുകില്‍
വന്‍കരകള്‍ മുഴുക്കെ നിറഞ്ഞുവോ ?

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ