22 Dec 2012

കൃഷിയിടങ്ങളിലെ നൂതന കാർഷിക തന്ത്രങ്ങൾ


വി. കൃഷ്ണകുമാർ

കാർഷികോൽപന്നങ്ങളുടെ ഉത്പാദനത്തിലും കർഷകർക്ക്‌ ലഭ്യമായ വിഭവങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുന്നതിനും നൂതന കാർഷിക ആവിഷ്ക്കാരങ്ങൾ വളരെ പ്രാധാന്യമർഹിക്കുന്നു. ഗവേഷണ വികസന സ്ഥാപനങ്ങൾ വികസിപ്പിച്ച്‌ കൈമാറ്റം ചെയ്യുന്ന നൂതന സാങ്കേതികവിദ്യകളിൽ നിന്നും ശാസ്ത്രീയ കൃഷി പരിപാലന മുറകളിൽ നിന്നും വ്യത്യസ്തമായി ചില കർഷകരും ഗ്രാമീണ യുവജനങ്ങളും വികസിപ്പിച്ചെടുത്തിട്ടുള്ള താഴെത്തട്ടിലുള്ള സാങ്കേതികവിദ്യകളും കൃഷിരീതികളും കർഷകസമൂഹത്തിന്‌ ഗണ്യമായ പ്രയോജനം ചെയ്യാൻ കഴിയുന്നവയാണ്‌.  ചില കേരകർഷകർ തെങ്ങിൻ തോട്ടത്തിൽ നടപ്പിലാക്കിവരുന്ന നൂതനമായ ചില ആശയങ്ങൾ നമുക്ക്‌ പരിചയപ്പെടാം.
മണ്ണിന്റെ ഈർപ്പ സംരക്ഷണവും
ജലസേചനവും

ഭൂമാതാവിന്റെ അസീമമായ ജലസമ്പത്തിന്റെ ശക്തി മനസ്സിലാക്കിയ പൊള്ളാച്ചിയിലെ ശ്രീ. ഗോപാലകൃഷ്ണൻ തന്റെ തെങ്ങിൻ തോട്ടത്തിലെ ഭൂഗർഭജല സമ്പത്ത്‌ വർദ്ധിപ്പിക്കുന്നതിനുള്ള ഉപായം തേടി. തോട്ടത്തിൽ ചാലുകീറി മഴവെള്ളം ശേഖരിച്ചാൽ അത്‌ ഭൂമിയ്ക്കടിയിലേക്ക്‌ ഇറങ്ങുമെന്നും അപ്രകാരം മഴവെള്ളം ഒഴുകി പാഴായിപ്പോകാതെ തടയാൻ കഴിയുമെന്നും അദ്ദേഹം മനസ്സിലാക്കി. ഇതുവഴി മണ്ണൊലിപ്പ്‌ തടയാനും മണ്ണിന്റെ ഫലപുഷ്ടി മെച്ചപ്പെടുത്താനും കഴിയുന്നു. രണ്ടുവരി തെങ്ങുകൾക്കിടയിൽ സൗകര്യപ്രദമായ നീളത്തിൽ ഒരു മീറ്റർ വീതിയും ഒരു മീറ്റർ ആഴവുമുള്ള ചാലുകീറി മുക്കാൽ ഭാഗത്തോളം ഉണങ്ങിയ തെങ്ങോലകളും കരിയിലകളും കൊണ്ട്‌ നിറയ്ക്കുന്നു. ചാലുകളിൽ ശേഖരിക്കുന്ന വെള്ളം മണ്ണിലേക്ക്‌ ഊർന്നിറങ്ങാൻ ഇത്‌ സഹായകമായി. ചാലുകളിൽ കരിയിലകൾ നിറയ്ക്കേണ്ടത്‌ അനിവാര്യമാണെന്നും അതല്ലെങ്കിൽ കൊതുകുകൾ വളരാൻ ഇടയാകുമെന്നും ഗോപാലകൃഷ്ണൻ അഭിപ്രായപ്പെടുന്നു. ഇത്തരത്തിലുള്ള ചാലുകൾ തോട്ടം മുഴുവനും നിർമ്മിച്ചിട്ടുണ്ട്‌. അതുകൊണ്ട്‌ തന്നെ തോട്ടം വളരെയേറെ ഫലഭൂയിഷ്ഠമാണ.​‍്‌ ചാലുകളിൽ വാഴയും കൊക്കോയും കൃഷി ചെയ്തിരിക്കുന്നത്‌ വഴി കൂടുതൽ വരുമാനവും ലഭിക്കുന്നു.
തെങ്ങിൻ തടിയിൽ ചുറ്റിക്കെട്ടിയിരിക്കുന്ന പിവിസി പൈപ്പുകൾ വഴിയാണ്‌ ഗോപാലകൃഷ്ണൻ തെങ്ങിന്‌ ജലസേചനം നടത്തുന്നത്‌. ഇത്തരത്തിലുള്ള ജലസേചനം വഴി തെങ്ങിന്‌ ആവശ്യമുള്ളത്ര അളവിലുള്ള വെള്ളം മാത്രമേ ലഭിക്കുന്നുള്ളൂ.  മാത്രമല്ല, ജലനഷ്ടം ഒഴിവാക്കുകയും വിളവിൽ 60 ശതമാനം മുതൽ 70 ശതമാനം വരെ വർദ്ധനയുണ്ടാകുകയും ചെയ്യും.  ഇതിൽ ചില മാറ്റങ്ങൾ വരുത്തിയാൽ വളങ്ങളും ഇതുവഴി നൽകാൻ കഴിയും.
ജി.എസ്‌. ഗിദ്ദേഗൗഡ കർണ്ണാടകയിലെ ഹസ്സനിലുള്ള ഒരു സ്കൂൾ അദ്ധ്യാപകനാണ്‌. ജലസംരക്ഷണമാർഗ്ഗങ്ങൾ ഫലപ്രദമായി വിനിയോഗിച്ചിരിക്കുകയാണ്‌ അദ്ദേഹത്തിന്റെ സുവർണ്ണ ഫാമിൽ.  ഒൻപത്‌ മീറ്റർ ഇടയകലത്തിലാണ്‌ ഇവിടെ തെങ്ങുകൾ നട്ടിരിക്കുന്നത്‌. ഓരോ വരിയിലേയും തെങ്ങുകൾക്ക്‌ 2.5 മീറ്റർ വീതിയിൽ തടം എടുത്തിട്ടുണ്ട്‌.  ഇത്തരം തടങ്ങളിലെല്ലാം രണ്ട്‌ തെങ്ങുകൾക്കിടയിലായി ഊറ്റ്‌ കുളങ്ങൾ നിർമ്മിച്ചിരിക്കുന്നു. ഇത്‌ ഭൂഗർഭ ജല സംരക്ഷണത്തിന്‌ സഹായകരമാകുന്നു. രണ്ട്‌ വരി തെങ്ങുകൾക്കിടയിലായി ഊറ്റുകുളങ്ങൾക്ക്‌ നേർരേഖയിൽ വരത്തക്കവണ്ണം ഒരുനിര സപ്പോട്ട മരങ്ങൾ വെച്ച്‌ പിടിപ്പിച്ചിട്ടുണ്ട്‌. ഈ രീതിയിൽ മണ്ണും ജലവും സംരക്ഷിക്കാനും തെങ്ങിന്റെ ചുവട്ടിലെ മണ്ണിലെ ഈർപ്പം സംരക്ഷിക്കാനും സാധിക്കുമെന്നാണ്‌ ഗിദ്ദേഗൗഡയുടെ അഭിപ്രായം. നൂതന കാർഷിക രീതിയിലൂടെ ഗൗഡയ്ക്ക്‌ ഒരു തെങ്ങിൽ നിന്ന്‌ ശരാശരി 150 മുതൽ 200 വരെ തേങ്ങ ലഭിക്കുന്നു.
സംയോജിതകൃഷി
ശ്രീ.എം. ബാബുവിന്റെ ഒന്നരയേക്കർ തെങ്ങിൻതോട്ടം കായംകുളത്തെ ഗോവിന്ദമുട്ടത്താണ്‌. തെങ്ങിൻ തോപ്പിൽ ചില നൂതന സംയോജിത കൃഷി രീതികൾ അവലംബിച്ചതിനാൽ ബാബുവിന്‌ വരുമാനം വർദ്ധിപ്പിക്കുവാൻ കഴിഞ്ഞു. ഇടവിളയായി തെങ്ങിൻ തോപ്പിൽ വാഴ കൃഷി ചെയ്യുന്നുണ്ട്‌. 2005ൽ നൂറ്‌ വാഴകളാണ്‌ നട്ടത്‌. വാഴയില വിൽക്കുന്നതിലൂടെയാണ്‌ ബാബു വരുമാനം ഉണ്ടാക്കുന്നത്‌. ചിലപ്പോഴെല്ലാം വാഴകളുടെ എണ്ണം 1500 വരെയായി ഉയർന്നിട്ടുണ്ട്‌.  അതിരാവിലേയാണ്‌ ബാബു വാഴയില മുറിക്കുന്നത്‌. 30 സെമി നീളത്തിൽ ഇലയുടെ തുഞ്ചറ്റം മാത്രമാണ്‌ മുറിച്ചെടുക്കുന്നത്‌. വാഴയിലയുടെ പ്രകാശസംശ്ലേഷണത്തിനാവശ്യമായ ഭാഗം നിലനിർത്തുന്നതിനാൽ ഇലവെട്ടുന്നത്‌ വിളവിനെ പ്രതികൂലമായി ബാധിക്കില്ലെന്നാണ്‌ ബാബുവിന്റ അഭിപ്രായം. ശരാശരി 18 കി.ഗ്രാം തൂക്കം വരുന്ന കുലകൾ വരെ വിളവെടുക്കാറുണ്ട്‌. സമീപത്തുള്ള കാറ്ററിംഗ്‌ യൂണിറ്റിന്‌ ഇലയൊന്നിന്‌ ഒരു രൂപ നിരക്കിലാണ്‌ വിൽപ്പന; ആഴ്ചയിൽ 2000 രൂപയോളം വരുമാനം ലഭിക്കുന്നു.
ഇതിനുപുറമേ, താറാവുകളേയും വളർത്തുന്നുണ്ട്‌. തോട്ടത്തിലെ കുളത്തിന്‌ 3 മീറ്റർ മുകളിലായാണ്‌ താറാവിന്റെ കൂട്‌ നിർമ്മിച്ചിരിക്കുന്നത്‌. 22 സെന്റ്‌ വലിപ്പമുള്ള കുളത്തിൽ മീൻ വളർത്തലുമുണ്ട്‌. താറാവുകൾക്ക്‌ സൗകര്യപ്രദമായ സ്ഥിതി വിശേഷമെന്നതിനുപുറമേ കൂട്‌ വൃത്തിയായുമിരിക്കുന്നു. താറാവിന്റെ വിസർജ്ജ്യവും കൂട്‌ വൃത്തിയാക്കുമ്പോഴുള്ള ജലവും കുളത്തിൽ വീഴുന്നതിനാൽ കുളത്തിൽ വളരുന്ന സസ്യങ്ങൾക്ക്‌ വളമായി മാറുന്നു. ഇത്തരം സസ്യങ്ങൾ കുളത്തിലെ ഓക്സിജന്റെ തോത്‌ വർദ്ധിപ്പിക്കുകയും മീനുകൾക്ക്‌ വളരാൻ അനുയോജ്യമായ പരിസ്ഥിതി ഒരുക്കുകയും ചെയ്യുന്നു. ഇതേ കുളത്തിലാണ്‌ താറാവ്‌ നീന്തുന്നതും. അസോളയും കൃഷി ചെയ്യുന്നുണ്ട്‌ ബാബു. അവ താറാവിനും കോഴികൾക്കും മീനിനും തീറ്റയാകുന്നു. 'കൈരളി പുരുഷ സ്വയംസഹായ സംഘ'ത്തിലെ സജീവ അംഗമായ ബാബു പ്രദേശത്തെ മാതൃക കർഷകനും മറ്റ്‌ കർഷകർക്ക്‌ പ്രേരണ സ്രോതസ്സുമാണ്‌. സംയോജിത കൃഷിയിലെ സംഭാവനകൾ കണക്കിലെടുത്ത്‌ ആലപ്പുഴ ജില്ലയിലെ 'കർഷക ശ്രേഷ്ഠ 2011' അവാർഡ്‌ നൽകി ബാബുവിനെ ആദരിച്ചിട്ടുണ്ട്‌.

ജാതിയിൽ നിന്ന്‌ പത്ത്‌ പതിനഞ്ച്‌ വർഷത്തെ നിരീക്ഷണ പരീക്ഷണങ്ങൾക്ക്‌ ശേഷം മികച്ചയിനം ജാതി ഉരുത്തിരിച്ചെടുത്ത കോഴിക്കോട്‌ കല്ലാനോട്ടെ ശ്രീ. സജി മാത്യു വർഷങ്ങളേറെയായി തന്റെ തെങ്ങിൻതോപ്പിൽ സമ്മിശ്രവിളയായി ജാതി കൃഷി ചെയ്തുവരികയണ്‌. 10 ഗ്രാം തുക്കമുള്ള ജാതിക്കയും 3 ഗ്രാം തൂക്കമുള്ള ജാതിപത്രിയും ലഭിക്കുന്ന ഈ ഇനത്തിന്‌  വിപണിയിൽ നല്‌ പ്രിയമുണ്ട്‌. നാടൻ ജാതിക്കയ്ക്ക്‌ കിലോഗ്രാമിന്‌ 180 രൂപയും പത്രിക്ക്‌ 600 മുതൽ 750 രൂപവരേയും ലഭിക്കുമ്പോൾ പുതിയ ഇനത്തിന്‌ യഥാക്രമം 260 രൂപയും 1120 രൂപയും ലഭിക്കുന്നു. സജി ഈ ഇനത്തിന്‌ തന്റെ മകളുടെ പേരാണ്‌ നൽകിയിരിക്കുന്നത്‌, 'നോവ'.
എട്ട്‌ വർഷം പ്രായമുള്ള നോവയിൽ നിന്ന്‌ 2000 ലധികം കായ്കൾ ലഭിക്കുന്നുണ്ട്‌. തോട്ടത്തിലെ വിളവ്‌ കുറഞ്ഞ മരങ്ങളിൽ നോവയുടെ മുകുളങ്ങൾ ഒട്ടിക്കുന്നതിൽ സജി വിജയം കണ്ടു കഴിഞ്ഞു. ഒക്ടോബർ-നവംബർ മാസങ്ങളാണ്‌ ഒട്ടിക്കുന്നതിന്‌ ഏറ്റവും അനുയോജ്യമായ കാലമെന്ന്‌ സജി സാക്ഷ്യപ്പെടുത്തുന്നു. ഇപ്പോൾ ഒന്നുമുതൽ 12 വർഷം വരെ പ്രായമുള്ള 100 ബഡ്‌ ചെയ്ത ജാതിമരങ്ങൾ സജിയുടെ തോട്ടത്തിലുണ്ട്‌. ബഡ്‌ ചെയ്ത മരങ്ങളുടെ താഴെ പരാഗണവും കായ്പിടുത്തവും ഉറപ്പ്‌ വരുത്തുന്നതിനായി ഒന്ന്‌, രണ്ട്‌ ആൺ ശിഖരങ്ങൾ നിലനിർത്തുന്നുണ്ട്‌ സജി.കഴിഞ്ഞ ആറേഴ്‌ വർഷത്തിനുള്ളിൽ കേരളത്തിലെ 5 ജില്ലകളിലായി നൂറോളം കർഷകർക്ക്‌ 1500 ഓളം ഗ്രാഫ്റ്റുകൾ വിൽപ്പന നടത്തിയിട്ടുണ്ട്‌.ജൈവ തെങ്ങുകൃഷി
കോയമ്പത്തൂർ ജില്ലയിൽ സെയിന്തൻപാളയത്താണ്‌ ശ്രീ. രവിയുടെ 70 ഏക്കറിലുള്ള ജൈവ തെങ്ങിൻ തോട്ടം ഇക്കോഫാം. ഫാമിലെ ചില തെങ്ങിനങ്ങൾ ശ്രീലങ്കൻ കുറിയയിനത്തിൽപ്പെട്ടവയാണ്‌. തെങ്ങിൻ തോപ്പിൽ നിന്നം ലഭിക്കുന്ന ജൈവാവശിഷ്ടങ്ങളെല്ലാംതന്നെ ഉപയോഗിച്ച്‌ തോട്ടത്തിൽ മണ്ണിരകമ്പോസ്റ്റ്‌ നിർമ്മിക്കുന്നു. ഓരോ മാസത്തിലും 10 ടണ്ണോളം കമ്പോസ്റ്റാണ്‌ ഉത്പാദിപ്പിക്കുന്നത്‌. ഇത്‌ ഓരോ തെങ്ങിനും 60 കി.ഗ്രാം വീതം നൽകുന്നു. എഴുപത്തിയഞ്ച്‌ കന്നുകാലികളേയും വളർത്തുന്നുണ്ട്‌. കാലിത്തീറ്റയ്ക്കായി ആറേക്കർ സ്ഥലത്ത്‌ തീറ്റപ്പുൽ കൃഷി ചെയ്യുന്നുണ്ട്‌. തെങ്ങുകൾക്കിടയ്ക്ക്‌ ഉണ്ടാക്കിയിട്ടുള്ള ചാലിൽ തെങ്ങോലകൾ ഇട്ട്‌ മൂടുന്നു. 45 ദിവസത്തിലൊരിക്കൽ തേങ്ങയിടുന്നു; കരാർ കയറ്റക്കാരാണ്‌ തെങ്ങുകയറുന്നത്‌. ശരാശരി ഒരു തെങ്ങിൽ നിന്ന്‌ 180 തേങ്ങ ലഭിക്കുന്നുണ്ട്‌. തോട്ടത്തിൽ ജലസേചനത്തിനായി ഏഴ്‌ കുഴൽ കിണറുകളും രണ്ട്‌ കിണറുകളും കുഴിച്ചിട്ടുണ്ട്‌. തോട്ടം മുഴുവൻ ഓരോ ഭാഗങ്ങളായി തിരിച്ച്‌ ഓരോ ഭാഗവും പ്രത്യേകം നനയ്ക്കുകയാണ്‌ ചെയ്യുന്നത്‌. എല്ലാ തെങ്ങിനും ഒരു മണിക്കൂറിനുള്ളിൽ നനയ്ക്കാൻ സാധിക്കും. തോട്ടത്തിലെ ഏറെക്കുറെ എല്ലാ പ്രവർത്തനങ്ങളും യന്ത്രവൽക്കരിച്ചിരിക്കുകയാണ്‌ ഇവിടെ.
ശ്രീ. എം. മുഹമ്മദിന്റേയും ശ്രീമതി. ഷക്കീല മുഹമ്മദിന്റേയും മലപ്പുറത്തെ തിരൂരിലുള്ള നാല്‌ ഹെക്ടർ തെങ്ങിൻ തോട്ടം ബഹുവിള കൃഷിരീതികൊണ്ടും കൃഷിയിടത്തിലെ സംസ്ക്കരണം കൊണ്ടും ഉൽപന്നങ്ങൾ മൂല്യവർദ്ധന നടത്തി വിപണനം ചെയ്യുന്നതുകൊണ്ടും സമകാലീന കാർഷിക സ്ഥിതിവിശേഷത്തിൽ വേറിട്ട്‌ നിൽക്കുന്നു. നിരവധിതരം രാസവളങ്ങൾ മുഹമ്മദ്‌ തോട്ടത്തിൽ തന്നെ നിർമ്മിക്കുന്നു. സസ്യപോഷണത്തിന്‌ ആവശ്യമായ ഇഎം-2, ഇഎം-5 എന്നീ ലായനികൾ മുഹമ്മദ്‌ തന്നെ തയ്യാറാക്കുന്നു. നേർപ്പിച്ച ഇഎം ലായനികൾ സസ്യങ്ങളിൽ തളിക്കുന്നത്‌ കീടാക്രമണത്തിൽ നിന്ന്‌ സംരക്ഷിക്കുമെന്ന്‌ അദ്ദേഹം കണ്ടെത്തിയിട്ടുണ്ട്‌. നാടൻ കോഴിയുടെ മുട്ടയും ചുണ്ണാമ്പും ശർക്കരയും  ചേർത്തുണ്ടാക്കിയ ഒരു കൂട്ട്‌ സസ്യവളർച്ച ത്വരിതപ്പെടുത്തുവാൻ സഹായകരമാണ്‌. തെങ്ങിൻ തോട്ടം സംരക്ഷിക്കുന്നതിനായി നടപ്പിലാക്കിയ നൂതന സമീപനങ്ങൾ അവരെ 2008ലെ കർഷകശ്രീ വിജേതാക്കളാക്കിത്തീർത്തു.
പാലക്കാട്‌ മങ്കരയിലുള്ള ശ്രീ. കെ. സൂര്യനാരായണൻ കഴിഞ്ഞ ഇരുപത്‌ വർഷത്തോളമായി തന്റെ 18 ഏക്കർ തെങ്ങിൻ തോട്ടത്തിൽ ജൈവകൃഷിരീതികളാണ്‌ അവലംബിച്ചുവരുന്നത്‌. കളകൾ 75 സെ. മീറ്ററോളം ഉയത്തിൽ വളരാൻ അനുവദിച്ചതിനുശേഷം അവയെ പിഴുത്‌ താഴെയിടുന്നു. തെങ്ങോലകൾ കളകൾക്ക്‌ മുകളിലിട്ട്‌ മൂടി അവയെ ചീയിക്കുന്നു. ഓരോ വർഷവും രണ്ടുപ്രാവശ്യമാണ്‌ ഇങ്ങനെ ചെയ്യുന്നത്‌. പലതരത്തിലുള്ള പുല്ലുകൾ ചീഞ്ഞ്‌ മണ്ണിൽ ഭാവഹവും പയർ ചെടികൾ പാക്യജനകവും മറ്റ്‌ കളകൾ ക്ഷാരവും മണ്ണിൽ ചേർക്കുന്നതായിട്ടാണ്‌ സൂര്യനാരായണന്റെ അനുഭവം. മണ്ണിൽ വെയിൽ അടിക്കാത്തതിനാൽ മണ്ണിൽ നിന്ന്‌ ഈർപ്പവും നഷ്ടപ്പെടുന്നില്ല. അദ്ദേഹം തൊണ്ട്‌ നിരത്തുന്നുണ്ട്‌ തോട്ടത്തിൽ. കുറേക്കാലത്തേക്ക്‌ തോട്ടം മുഴുവൻ തൊണ്ട്‌ കൊണ്ട്‌ മൂടിയിടുന്നു. ഈ രീതി മുഖേന മണ്ണിലെ ഈർപ്പം സംരക്ഷിക്കപ്പെടുകയും മണ്ണിലെ താപനില ഉയരാതെ സൂക്ഷിക്കുകയും നല്ല മഴക്കാലത്ത്‌ മണ്ണ്‌ ഒലിച്ചുപോകാതിരിക്കുകയും ചെയ്യുന്നു. ശ്രീ. സൂര്യനാരായണന്റെ നൂതന കാർഷിക തന്ത്രങ്ങളെ സംസ്ഥാനസർക്കാർ കേരകേസരി (2004-05) അവാർഡ്‌ നൽകി ആദരിച്ചു.
തെങ്ങ്‌ വെട്ടി റബ്ബർ പിടിപ്പിക്കുന്ന ഇക്കാലത്ത്‌ കോഴിക്കോട്‌ ജില്ലയിലെ തിരുവമ്പാടിയിലുള്ള ആനക്കാംപൊയിൽ ശ്രീ. എം.എം. ഡൊമിനിക്‌ ശ്രദ്ധേയനാകുന്നത്‌ പുതിയതായി തെങ്ങ്‌ വെച്ചതിലൂടെയാണ്‌. പിന്നീട്‌ ഇടവിളക്കൃഷി ചെയ്യാനായി പുതിയ സ്ഥലത്ത്‌ 12 മീറ്റർ ഇടയകലം നൽകിയാണ്‌ ഡൊമിനിക്‌ തെങ്ങ്‌ വെച്ചതു. ജേശിബി ഉപയോഗിച്ച്‌ പാറക്കല്ലുകൾ എടുത്ത്‌ മാറ്റി 3 മീറ്റർ വ്യാസവും ഒരു മീറ്റർ ആഴവുമുള്ള കുഴികളാണ്‌ ഉണ്ടാക്കിയത്‌. തെങ്ങിൻതൈ വേഗത്തിൽ വേരുപിടിച്ച്‌ വളരുന്നതിനും കായ്ക്കുന്നതിനും ഇത്‌ വഴിയൊരുക്കുമെന്നാണ്‌ ഡൊമിനിക്കിന്റെ അനുഭവം. കുഴികൾ മൂടിയതിനുശേഷം കൂനകൂട്ടി, അതിന്മേൽ സ്വയം പാകികിളിർപ്പിച്ച തെങ്ങിൻ തൈകൾ നടുന്നു. പതിവ്‌ രീതിയനുസരിച്ച്‌ ഒരു വർഷം പ്രായമുള്ള തൈകൾ നടുന്നതിന്‌ പകരം നഴ്സറിയിൽ ആദ്യം മുളയ്ക്കുന്ന (വിത്ത്‌ തേങ്ങ പാകി 90- 100 ദിവസത്തിനുള്ളിൽ) തൈകളാണ്‌ നടുന്നത്‌. വളമിടീലും ജലസേചനവും ഒന്നാം വർഷം മുതൽ തന്നെ തുടങ്ങുന്നതിനാൽ മൂന്നാമത്തെ വർഷം തെങ്ങ്‌ കായ്ക്കാൻ തുടങ്ങുന്നു. എല്ലാവർഷവും തൈക്കുഴികളുടെ വശങ്ങൾ വെട്ടി വലുതാക്കുന്നു.  തെങ്ങ്‌ നനയ്ക്കാൻ തുടങ്ങുന്നതോടെ കുഴികൾക്ക്‌ ആവശ്യത്തിന്‌ വലുപ്പമായി കഴിഞ്ഞിരിക്കും.
ജൈവവളങ്ങൾ മാത്രമാണ്‌ ഉപയോഗിക്കുന്നത്‌. ഓരോ തെങ്ങിന്റേയും വിളവ്‌ അനുസരിച്ചാണ്‌ വളം നൽകുന്നത്‌.  കൂടുതൽ കായ്ക്കുന്ന തെങ്ങിന്‌ കൂടുതൽ വളമെന്നാണ്‌ പ്രമാണം. ആദ്യഗഡുവായി ഏപ്രിൽ, മെയ്‌ മാസത്തിൽ 40 കി.ഗ്രാം മണ്ണിര കമ്പോസ്റ്റോ, ഉണങ്ങിയ ചാണകമോ ഓരോ തെങ്ങിനും നൽകും. രണ്ടാം ഗഡു ഒക്ടോബറിൽ 5 കി.ഗ്രാം എല്ലുവളത്തിന്റേയും നിലക്കടലപ്പിണ്ണാക്കിന്റേയും വേപ്പിൻ പിണ്ണാക്കിന്റേയും മിശ്രിതമായി നൽകുന്നു. ഇതിന്‌ പകരമായി ചാരവും സമീപത്തുള്ള ഹോട്ടലുകളിൽ നിന്നും ശേഖരിച്ച തേയിലച്ചണ്ടിയും നൽകാറുണ്ട്‌. തെങ്ങിൻ തടത്തിൽ പുതയിട്ടിട്ടുള്ള തൊണ്ട്‌ കാലവർഷക്കാലത്ത്‌ പുറത്തേക്ക്‌ എടുത്ത്‌ മാറ്റുന്നു. രണ്ടാം ഗഡു വളം ചേർത്തതിനുശേഷം അവ വീണ്ടും തിരിച്ച്‌ വെയ്ക്കുന്നു. വേനൽക്കാലത്ത്‌ വേര്‌ ഉണങ്ങാതിരിക്കുവാൻ ഇത്‌ സഹായകരമാണ്‌.
തെങ്ങിൻ തോട്ടത്തിൽ സമ്മിശ്രകൃഷി അവലംബിച്ചിട്ടുണ്ട്‌; പശുവിനേയും ആടിനേയും കോഴിയേയും താറാവിനേയും വളർത്തുന്നതിനൊപ്പം മീൻകൃഷിയുമുണ്ട്‌. വീട്ടുമുറ്റത്തുള്ള തെങ്ങിൻ തടങ്ങളിൽ ചേമ്പുകൃഷി ചെയ്യുന്നത്‌ പുതിയ രീതിയിലാണ്‌. ചേമ്പിന്റെ ചെടി ഒരിക്കലും പറിച്ചു മാറ്റുന്നില്ല; അതിന്‌ പകരം ആവശ്യമനുസരിച്ച്‌ കിഴങ്ങ്‌ അടർത്തിയെടുക്കുന്നു, ചെടി അവിടെത്തന്നെ നിർത്തുകയും ചെയ്യുന്നു.
നാളികേര വികസന ബോർഡിന്റെ ആനക്കാംപൊയിൽ നാളികേരോത്പാദക സംഘം പ്രസിഡന്റാണ്‌ ശ്രീ. ഡൊമിനിക്‌. തെങ്ങുകൃഷിയിലെ നൂതന തന്ത്രങ്ങൾക്കായി അദ്ദേഹത്തിന്‌ കേരകേസരി (2009-10) അവാർഡ്‌ ലഭിച്ചിട്ടുണ്ട്‌.
ബിസിനസ്സുകാരനായ ശ്രീ. സജീവ്‌ ആന്റണി തെങ്ങുകൃഷിയിൽ ശാസ്ത്രീയ രീതികൾ അവലംബിക്കുന്ന, ജൈവരീതിയിൽ കൃഷിചെയ്യുന്ന കേരകർഷകനാണ്‌. സമ്മിശ്രകൃഷി ചെയ്യുന്ന അദ്ദേഹം നിരവധി ഫലവൃക്ഷങ്ങൾ തോട്ടത്തിൽ നട്ടുവളർത്തുന്നുണ്ട്‌. തെങ്ങ്‌ വെച്ചുപിടിപ്പിച്ചിട്ടുള്ളത്‌ പുതുതായി നികർത്തിയെടുത്ത സ്ഥലത്തായതിനാൽ മണ്ണിന്റെ ഫലപുഷ്ടി കുറവാണ്‌. മണ്ണിന്റെ ഫലപുഷ്ടി വർദ്ധിപ്പിക്കാനായി സജീവ്‌ ആന്റണി ചേന ഇടവിളയായി കൃഷി ചെയ്യാൻ തുടങ്ങി. ഇതിനായി നൂതന മാർഗ്ഗമാണ്‌ അദ്ദേഹം അവലംബിച്ചതു. ചേന നടുന്നതിനായി കുഴിച്ച കുഴിയിൽ ചാണകവും ചകിരിച്ചോർ കമ്പോസ്റ്റും നിറച്ചു. ഇതുവഴി മണ്ണിന്റെ പോഷകഘടന മെച്ചപ്പെട്ടു.  മലയൻ മഞ്ഞ കുറിയയിനം, പതിനെട്ടാംപട്ട, ഡിഃടി സങ്കരയിനം തെങ്ങുകളടക്കം 450 കായ്ഫലമുള്ള തെങ്ങുകളുള്ള തോട്ടത്തിൽ ഒരു തെങ്ങിൽ നിന്ന്‌ ശരാശരി 130 മുതൽ 140 വരെ തേങ്ങ ലഭിക്കുന്നു.
മൂല്യവർദ്ധന
റവന്യൂ വകുപ്പിൽ നിന്ന്‌ ഡെപ്യൂട്ടി തഹസിൽദാരായി വിരമിച്ച ശ്രീ. പി. സെബാസ്റ്റ്യന്റെ നൂതന കണ്ടുപിടുത്തമാണ്‌ കരിക്കിൻ വെള്ളത്തിൽ നിന്നുണ്ടാക്കിയ വൈൻ. ഇതിന്റെ പ്രധാന ചേരുവ തെങ്ങിൽ നിന്നും ഇട്ടെടുത്ത ഏഴ്‌ മാസം പ്രായമായ കരിക്കിന്റെ വെള്ളമോ കരിക്കിൻ വെള്ളത്തിനൊപ്പം ഇളംകാമ്പും ചേർത്ത മിശ്രിതമോ ആണ്‌. ഇതിനൊപ്പം നിരവധി മറ്റ്‌ ചേരുവകളം ചേർക്കുന്നു. വൈൻ പാകമാകാൻ  10 മുതൽ 28 ദിവസം വരെ വേണ്ടിവരും. സെബാസ്റ്റ്യൻ അതിനൊപ്പം കശുമാങ്ങയിൽ നിന്നുണ്ടാക്കിയെടുക്കുന്ന ആൽക്കഹോളോ അതുപോലുള്ള മറ്റേതെങ്കിലും ആൽക്കഹോളോ ചേർക്കുന്നു. കരിക്കിൽ യീസ്റ്റോ, ബാക്ടീരിയയോ ഒന്നും ഇല്ലാത്തതിനാൽ വൈൻ ശുദ്ധവും പ്രകൃതിദത്തവുമാണെന്ന്‌ അദ്ദേഹം അവകാശപ്പെടുന്നു. ഇതിൽ കൃത്രിമ പദാർത്ഥങ്ങളോ, മറ്റ്‌ വൈനുകളിലുള്ളതുപോലെ വെള്ളം പോലുമോ ചേർത്തിട്ടില്ലാത്തതിനാൽ വളരെ ആരോഗ്യകരവും പരിശുദ്ധവും പോഷക സമ്പന്നവുമാണ്‌.
ശ്രീ. സെബാസ്റ്റ്യന്‌ കരിക്കിൽ നിന്ന്‌ വൈൻ നിർമ്മിക്കുന്നതിന്‌ ഇന്ത്യൻ പേറ്റന്റ്‌ (നമ്പർ 209015) 2007 ആഗസ്റ്റിൽ ലഭിച്ചു. ലോകത്ത്‌ തന്നെ ഇങ്ങനെയൊന്ന്‌ ആദ്യത്തേതാണ്‌. അദ്ദേഹത്തിന്‌ സംസ്ഥാന സർക്കാരിന്റേ കേരകേസരി അവാർഡ്‌ (1998-99) ലഭിച്ചിട്ടുണ്ട്‌.
കണ്ണൂർ ജില്ലയിൽ ചെമ്പേരിയിലെ ശ്രീ തോമസ്സ്‌ ജോർജ്ജ്‌ കർഷക ശാസ്ത്രജ്ഞനാണ്‌. തേങ്ങാപ്പാലിൽ നിന്നുണ്ടാക്കിയ തൈരാണ്‌ അദ്ദേഹത്തിന്റെ കണ്ടുപിടുത്തം.
ഇതിനായി 2008ൽ പേറ്റന്റിന്‌ അപേക്ഷിച്ചിട്ടുണ്ട്‌. തേങ്ങപ്പാൽ തൈര്‌ കാഴ്ചയിലും സ്വാദിലും സാധാരണ തൈര്‌ പോലെയിരിക്കുമെങ്കിലും തേങ്ങാപ്പാലിന്റെ എല്ലാ ഗുണങ്ങളും അടങ്ങിയതാണ്‌. ഇപ്പോൾ അദ്ദേഹം തേങ്ങാപ്പാലിൽ നിന്ന്‌ വിന്നാഗിരിയും ഐസ്ക്രീമും നിർമ്മിക്കാനുള്ള പരിശ്രമങ്ങളിൽ മുഴുകിയിരിക്കുന്നു.
തെങ്ങ്‌ കയറുന്നതിനുള്ള യന്ത്രം
കണ്ണൂർ ചെമ്പേരിയിലെ ശ്രീ. എം.ജെ. ജോസഫ്‌ അപ്പച്ചൻ എന്ന കർഷകന്റെ നൂതന കണ്ടുപിടുത്തം തെങ്ങുകയറ്റമേഖലയിൽ ഒരു വിപ്ലവത്തിന്‌ തുടക്കം കുറിച്ചു. സമയത്തിന്‌ മുൻപേ ചിന്തിച്ച ശ്രീ. അപ്പച്ചൻ 1984ൽ തന്റെ പുത്രനോടൊപ്പം ചേർന്ന്‌ തെങ്ങുകയറ്റം അനായാസമാക്കുന്ന ഒരു യന്ത്രം രൂപകൽപന ചെയ്തു നിർമ്മിച്ചു. അപ്പച്ചന്റെ മകൻ പിന്നീട്‌ യന്ത്രത്തിന്‌ പല പരിഷ്കാരങ്ങളും വരുത്തി പേറ്റന്റ്‌ എടുത്തു. നാഷണൽ ഇന്നവേഷൻ ഫൗണ്ടേഷനടക്കം നിരവധി സംഘടനകളുടെ സഹായത്തോടെ, ഈ തെങ്ങുകയറ്റ യന്ത്രം ദക്ഷിണേന്ത്യയിലെ ഗ്രാമങ്ങളിലെല്ലാം ജനപ്രീതിയാർജ്ജിച്ചു. പിന്നീട്‌ പല മാതൃകകൾ പുറത്തു വന്നെങ്കിലും ഒരു കേര കർഷകന്റെ നൂതന കണ്ടുപിടുത്തമായി ഈ യന്ത്രം പ്രസിദ്ധമായി.
കർഷകരുടെ മേൽവിലാസം
1.     ഡി. ഗോപാലകൃഷ്ണൻ, കോവിൽതോട്ടം, ചിലക്കംപട്ടി, പൊള്ളാച്ചി, തമിഴ്‌ നാട്‌
2.     ജി.എസ്‌. ഗിദ്ദേഗൗഡ, സുവർണ്ണ ഫാം, ബ്രഹ്മദേവരഹള്ളി, നിട്ടൂർ പോസ്റ്റ്‌, ഹസൻ - 573219, കർണ്ണാടകം.
3.     എം. ബാബു, തെക്കേകളത്തട്ടിൽ, ഗോവിന്ദമുട്ടം, പി.ഒ, കായംകുളം.
4.     സജി മാത്യു, കടുക്കമ്മാക്കേൽ വീട്‌, കല്ലനോട്‌ പി.ഒ., കോഴിക്കോട്‌.
5.     രവി, ഇക്കോഫാം, സെയിന്തൻ പാളയം, കോയമ്പത്തൂർ.
6. സി.എം. മുഹമ്മദ്‌, മണ്ടയപ്പുറത്ത്‌ ചുണ്ടൻ വീട്‌, തിരൂർ, മലപ്പുറം.
7.     കെ.കെ. സൂര്യ നാരായണൻ, കക്കാട്ടിൽ വീട്‌, മാങ്കുറിശ്ശി, മങ്കര, പാലക്കാട്‌.
8.     എം.എം. ഡൊമിനിക്‌, മണ്ണുക്കുശുമ്പേൽ വീട്‌, ആനക്കാംപൊയിൽ പി.ഒ, തിരുവമ്പാടി, കോഴിക്കോട്‌.
9.     സജീവ്‌ ആന്ററണി, അയിനിക്കൽ വീട്‌, കുണ്ടൂർ പി.ഒ, മാള തൃശ്ശൂർ.
10. സെബാസ്റ്റ്യൻ പി. അഗസ്റ്റിൻ, പാലമറ്റം പി.ഒ, ഭൂമനടി, വെസ്റ്റ്‌ എളേരി, കാസറഗോഡ്‌.
11.     തോമസ്‌ ജോർജ്ജ്‌, ചെമ്പേരി, കണ്ണൂർ.
പ്രിൻസിപ്പൽ ശയന്റിസ്റ്റ്‌, പ്രാദേശിക കേന്ദ്രം, കേന്ദ്ര തോട്ടവിള ഗവേഷണ
സ്ഥാപനം, കായംകുളം







എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...