യുക്തിഭദ്രൻ


ചെമ്മനം ചാക്കോ

ആകയാലന്ധവിശ്വാസങ്ങളത്രയും
ലോകപുരോഗതിക്കാഘാതഹേതുകം
ഇന്ത്യതൻ ഭാവിനേതാക്കളതിൻ നേർക്കു
സന്ധിയില്ലാത്ത സമരം നടത്തണം
നാട്ടിൽ യുവജനമേളയ്ക്കു വന്നോരു
രാഷ്ട്രീയ നായകൻ, തൻപാർട്ടിതന്നിലെ
കാലുവാരൽ നീണ്ട ചേരിവഴക്കുകൾ
വേലവയ്പും ദുർവ്യയം തത്വലംഘനം
ഒന്നും തൊടാതിരിക്കാൻ തട്ടിമൂളിച്ചു
തന്നിളം പിൻഗാമിമാരോടു വീറോടെ;
'നീതികേടിന്നോടെതിരിട്ടു പൂർവ്വികർ
സ്വാതന്ത്ര്യയുദ്ധമധ്യത്തിലും ധീരമായ്‌!
മാനവനന്മയ്ക്കു കത്തിവയ്ക്കാൻ പോന്ന
നാനാദുരാചാര, മന്ധവിശ്വാസവും
ആയതിന്നൊപ്പം പറിച്ചെറിയാൻ ഗാന്ധി-
യാവതും യത്നിച്ചിരുന്നെൻ സഹജരേ!
ജാതകം വന്നു കല്യാണങ്ങൾ മാറ്റുന്നു,
രാഹുകാലം വന്നു നേരം കെടുത്തുന്നു.
നല്ല കാര്യങ്ങൾ ശകുനം മുടക്കുന്നു
പൊല്ലാപ്പിതേവിധമെത്രയാണെത്രയാം
!
ഹന്ത, നാമെത്തിയെതിർക്കേണ്ട തിന്മകൾ
മന്ത്രവാദങ്ങളു,മാഭിചാരങ്ങളും!
എന്തുവിലയും കൊടുത്തു നാം നാട്ടിൽ നി-
ന്നന്ധവിശ്വാസമകറ്റാൻ ശ്രമിക്കണം
ഇന്ത്യതൻ ഭാവിനേതാക്കളതിൻ നേർക്കു
സന്ധിയില്ലാത്ത സമരം നടത്തണം
അന്ധവിശ്വാസങ്ങൾ നീങ്ങിയാൽ നാടിന്റെ
ബന്ധുരഭാവിയുദിക്കും സുനിശ്ചിതം'
ഇങ്ങനെ നേതാവു ചൊല്ലിനിറുത്തവേ
രംഗവേദിക്കു മുകളിലെ ഭിത്തിയിൽ
ഉറ്റവർക്കുന്നിദ്രസാക്ഷി കണക്കിനേ
പറ്റിയിരുന്നോരു പല്ലി ചിലയ്ക്കയായ്‌!
നേതാവുചൊല്ലുന്നു: 'കേട്ടീലയോ പല്ലി
നേരെന്നു ചൊല്ലിയ,തെത്രയും കൃത്യമായ്‌!
ഉള്ളതേ ചൊല്ലാവൂ; മനസ്സിലായില്ലയോ
കള്ളമില്ലെൻ വാക്കിലെന്നിപ്പോഴെങ്കിലും!'

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ