Skip to main content

കുലപതികൾ/നോവൽ


 സണ്ണി തായങ്കരി 

അഞ്ച്‌
അഗ്നിയുരുക്കുന്ന ആകാശമേലാപ്പിലേക്ക്‌ ചൂടിനെ പ്രതിരോധിക്കാൻ ഉയർന്നുനിന്ന ഈന്തപ്പനക്കൂട്ടങ്ങൾക്കിടയിലെ കുളിർമയിൽ അനേകം കൂടാരങ്ങൾ. അതിൽ മുഖ്യമെന്ന്‌ തോന്നിച്ച വിസ്തൃതമായ കൂടാരത്തിന്റെ പ്രവേശനകവാടത്തിൽ ഹാഗാർ നിർന്നിമേഷയായി നിൽക്കുകയായിരുന്നു. ഇസ്മായേലിന്റെ പ്രവർത്തികളെല്ലാം അവൾ ഉൾപ്പുളകത്തോടെ വീക്ഷിച്ചു. ഇസ്മായേലിന്റെ പിതാവും ഭൃത്യന്മാരുമാണ്‌ മരുഭൂമിയിലെ യാത്രക്കാരെന്ന്‌ അവൾ തിരച്ചറിഞ്ഞിരുന്നു. ഉപേക്ഷിച്ചശേഷം ഏറെക്കാലം കഴിഞ്ഞ്‌ കണ്ടുമുട്ടുന്ന സ്നേഹശൂന്യനായ പിതാവിനോടുള്ള അവന്റെ പെരുമാറ്റം ഇത്രയും മയപ്പെട്ടതാകുമെന്ന്‌ കരുതിയില്ല. സ്നേഹത്തിന്റെയും കരുണയുടെയും ബീജങ്ങൾക്കുപകരം വെറുപ്പിന്റെയും വൈരാഗ്യത്തിന്റെയും വിത്തുകളാണല്ലോ അവന്റെയുള്ളിൽ വീണുവളർന്നത്‌. അത്‌ വിതച്ചതും മറ്റാരുമല്ല. ഏതായാലും ആദ്യദർശനം ഇങ്ങനെയൊക്കെയായതിൽ ഹാഗാറിന്‌ ആശ്വാസംതോന്നി.
യജമാനന്റെ ഭവനത്തിൽ അടിമയായി എത്തിപ്പെട്ട നാളുകളിൽ സാറായി യജമാനത്തിക്ക്‌ താൻ പ്രിയപ്പെട്ടവളായിരുന്നു. മറ്റ്‌ അടിമപ്പെൺകുട്ടികൾക്കില്ലായിരു

ന്ന സ്വാതന്ത്ര്യം തന്നു. അബ്രാം യജമാനന്റെ ശുശ്രൂഷയ്ക്ക്‌ പലപ്പോഴും തന്നെയാണ്‌ നിയോഗിച്ചിരുന്നത്‌. ഒരു അടിമയോടുള്ള മനോഭാവമായിരുന്നില്ല സാറായി യജമാനത്തിക്ക്‌ തന്നോട്‌.
യജമാനനും യജമാനത്തിയും സായംകാലങ്ങളിൽ കൂടാരത്തിന്‌ സമീപമുള്ള ഓക്കുമരച്ചുവട്ടിൽ ചോളവയലുകളെ തലോടിയെത്തുന്ന പടിഞ്ഞാറൻ കാറ്റിൽ സല്ലാപത്തിലേർപ്പെടുക സാധാരണമാണ്‌. അക്കാലങ്ങളിലെല്ലാം സംസാരം ആരംഭിക്കുക ദൈവം കനിഞ്ഞുനൽകിയ സമ്പത്തിനെപ്പറ്റിയും അടിമകളുടെയും ഭൃത്യന്മാരുടെയും ഗുണഗണങ്ങളെപ്പറ്റിയും അവരുടെ പ്രതിഫലത്തെപ്പറ്റിയുമൊക്കെയായി
രുന്നു. ക്രമേണ സംസാരം അനപത്യദുഃഖത്തിലേക്ക്‌ വഴുതിവീഴും. പിന്നീട്‌ എപ്പോഴൊക്കെയോ അറിഞ്ഞോ അറിയാതെയോ അവരുടെ ചിന്തകളിൽ താനും നിറയുന്നത്‌ ശ്രദ്ധിച്ചിട്ടുണ്ട്‌.
ഒരിക്കൽ കേട്ടതിങ്ങനെ-
"ഹാഗാർ ഒരൊത്ത പെണ്ണായി. നല്ല അഴകുള്ളവൾ. അടക്കവും ഒതുക്കവും ആവശ്യത്തിനുണ്ട്‌. അവൾക്കൊരുവരനെ അന്വേഷിക്കണം."
"ഒരു ഈജിപ്തുകാരൻതന്നെയാകും അവൾക്കുചേരുക."
യജമാനന്റെ അഭിപ്രായത്തോട്‌ സാറായി യജമാനത്തിയും യോജിച്ചു.
"നമ്മുടെ അടിമകളിൽ ഈജിപ്തുകാർ അനേകരുണ്ടല്ലോ. അവരിൽനിന്ന്‌ യോജിച്ചവനെ കണ്ടുപിടിക്കാം."
"അതുതന്നെയാണ്‌ നല്ലത്‌. നമ്മുടെ ദാസരായി അവർ ഭവനത്തിൽതന്നെയുണ്ടാകും. വൃദ്ധരായ നമുക്കിനിയും സന്താനങ്ങളുണ്ടാവില്ല. അവൾക്കുണ്ടാകുന്ന സന്തതിക്ക്‌ നമ്മുടെ വിസ്തൃതമായ സമ്പത്തിന്റെ ഒരു ഭാഗം കൊടുക്കാം. അവരും അവരുടെ സന്തതികളും മാതാപിതാക്കളെപ്പോലെ നമ്മെ സ്നേഹിക്കും, പരിചരിക്കും."
ഒരുനാൾ സാറായി യജമാനത്തി പനിബാധിച്ച്‌ കിടപ്പിലായി. യജമാനൻ കൂടാരത്തിലെ ബലിപീഠത്തിൽ കർത്താവിന്‌ ബലിയർപ്പിച്ച്‌ തിരിച്ചെത്തി ഭാര്യയെ ശുശ്രൂഷിച്ചുകൊണ്ടിരുന്നു. കാട്ടുചെടികൾ കുത്തിപ്പിഴിഞ്ഞുണ്ടാക്കിയ മരുന്നുമായി കിടക്കറയിലേക്ക്‌ പ്രവേശിച്ചപ്പോൾ തന്നെക്കുറിച്ചാണ്‌  അവർ സംസാരിക്കുന്നതെന്ന്‌ മനസ്സിലായി.
"ഞാൻ വന്ധ്യയും വൃദ്ധയുമാണെന്ന്‌ അങ്ങേയ്ക്കറിയാമല്ലോ."
"എന്താണ്‌ ഇപ്പോഴിങ്ങനെയൊരു തോന്നൽ...?"
"അങ്ങു വിചാരിച്ചാൽ നമുക്കൊരു കുഞ്ഞ്‌..."
"നിന്നെപ്പോലെ ഞാനും വൃദ്ധനല്ലേ? നമുക്കൊരു സന്തതിയെ തരാൻ കർത്താവ്‌ ആഗ്രഹിക്കുന്നില്ല. എന്റെ പ്രാർഥനകളൊന്നും അവിടുന്ന്‌ ഗൗനിച്ചില്ല. ഹാഗാർ നല്ലവളാണ്‌. നീ പറഞ്ഞതുപോലെ ഉടനെ അവളെ ഒരു ഈജിപ്തുകാരൻ യുവാവിനെക്കൊണ്ട്‌ വിവാഹം കഴിപ്പിക്കാം. ഞാൻ ആളെ കണ്ടുവെച്ചിട്ടുണ്ട്‌. ഇനി അവന്റെ സമ്മതം വാങ്ങണം. അവർക്കുണ്ടാകുന്ന കുഞ്ഞിന്‌ എന്റെ പേരിടണം."
"മറ്റാരുടെയെങ്കിലും സന്തതി നമ്മുടെ സ്വന്തം സന്തതിക്ക്‌ തുല്യമാകുമോ?"
നെറ്റിയിൽ തലോടുന്ന യജമാനന്റെ വലതുകൈ സ്വന്തം കരങ്ങൾക്കുള്ളിലാക്കി അവർ.
"അങ്ങേയ്ക്ക്‌ അങ്ങയുടെ സ്വന്തം മകൻ... അതുവഴി എന്റേതും..."
"അതെങ്ങനെ സാറായി? നിനക്കിനി ഒരു കുഞ്ഞിനെ... മാത്രല്ല, ഞാനും പടുവൃദ്ധനായില്ലേ? നമ്മുടെ തലതിരിഞ്ഞ ആഗ്രഹം അറിഞ്ഞാൽ മറ്റുള്ളവർ ചിരിക്കും."
"ചിരിച്ചോട്ടെ. എന്തും പറഞ്ഞോട്ടെ. എനിക്കറിയാം വൃദ്ധനാണെങ്കിലും ഒരു കുഞ്ഞിന്‌ ജന്മം കൊടുക്കാൻ അങ്ങേയ്ക്ക്‌ കഴിയും."
"അതെങ്ങനെ? നടക്കാത്ത കാര്യം ആലോചിക്കണ്ട." യജമാന്റെ സ്വരം കടുത്തു.
"ഞാൻ പറയുന്നത്‌ അങ്ങ്‌ കേൾക്കണം. കഴിഞ്ഞ രാത്രിയിൽ ഞാനൊരു സ്വപ്നംകണ്ടു."
"എന്തു സ്വപ്നം...?"
"ഹാഗാർ പ്രസവിച്ചെന്നും കോമളനായ ഒരാൺകുട്ടി നമ്മുടെ ഭവനത്തിൽ സന്തോഷം വിതറി ഓടി നടക്കുന്നെന്നും."
 യജമാനൻ ഉച്ചത്തിൽ ചിരിച്ചു.
"അതിനർഥം ഉടനെ ഹാഗാറിന്റെ വിവാഹം നടത്തണമെന്നാണ്‌. കർത്താവ്‌ നൽകിയ സന്തോഷ വാർത്തയാണിത്‌." അദ്ദേഹത്തിന്റെ ആഹ്ലാദത്തിന്‌ അതിരില്ലെന്നുതോന്നി.
"പക്ഷേ, സ്വപ്നത്തിൽ ഞാൻ കണ്ടത്‌ ഹാഗാറിന്റെ മാത്രം മകനെയല്ല..."
"പിന്നെ...?"
"അവൻ അങ്ങയുടെയും മകനാണ്‌..."
അദ്ദേഹം പെട്ടെന്ന്‌ നിശ്ശബ്ദനായി. ചിന്തകളുടെ ചുഴിയിൽ അദ്ദേഹം അകപ്പെട്ടെന്ന്‌ വ്യക്തം. സാറായി യജമാനത്തിയുടെ ഉദ്ദേശ്യം ശുദ്ധനായ അദ്ദേഹത്തിന്‌ മനസ്സിലായിട്ടുണ്ടാവില്ല.
"അങ്ങ്‌ ഹാഗാറിനെ പ്രാപിക്കണം. അവളിൽ അങ്ങേയ്ക്ക്‌ ജനിക്കുന്നവൻ നമ്മുടെ സ്വന്തം മകനായിരിക്കും. വന്ധ്യയായ ഞാനവനെ മടിയിലിരുത്തി ലാളിക്കും." യജമാനത്തിയുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പുമ്പോൾ യജമാനന്റെ നോട്ടം പാറിവീണത്‌ ഇതികർത്തവ്യതാമൂഢയായിനിന്ന തന്റെ മുഖത്ത്‌.
അതായിരുന്നു ആരംഭം. തന്റെ ജീവിതഗതി മാറ്റിയ തീരുമാനം. സ്വപ്നംപോലും കാണാനാവാത്തത്‌ യാഥാർഥ്യമായപ്പോൾ അന്തിച്ചുപോയി. ഇന്നലെവരെ യജമാനനായി കണ്ട ഒരാൾ  ഭർത്താവുക...! അതും പടുവൃദ്ധനായ ഒരാൾ...!! അദ്ദേഹത്തിന്റെ സന്താനത്തെ പ്രസവിക്കുക... പക്ഷേ, ആ ബീജം തന്നിലേക്കുപകരാൻ അദ്ദേഹത്തിന്‌ കഴിയുമോ? കഴിഞ്ഞില്ലെങ്കിൽ... കുറ്റം സ്ത്രീയുടേതുമാത്രമായി വ്യാഖ്യാനിക്കില്ലേ?
അപ്പോൾ മറ്റൊരു ചിന്ത ആദ്യത്തേതിനെ നിഷ്പ്രഭമാക്കി. ദാസിയിൽനിന്ന്‌ യജമാനത്തിയിലേക്കുള്ള പടികയറ്റത്തിന്റെ തുടക്കമാവും അത്‌. തനിക്ക്‌ സാറായി യജമാനത്തിയോളമോ അല്ലെങ്കിൽ അതിനടുത്ത സ്ഥാനമോ ലഭിക്കുകയെന്നത്‌ എത്ര സൗഭാഗ്യകരം! ഒരു അടിമപ്പെണ്ണിന്‌ അചിന്ത്യമായതാണ്‌ ഇരുണ്ടുവെളുത്തപ്പോൾ സംഭവിച്ചിരിക്കുന്നത്‌. ഒന്നും വാഗ്ദാനം ചെയ്യാതെതന്നെ ഏത്‌ അടിമപ്പെണ്ണിനെയും പ്രാപിക്കാൻ അദ്ദേഹത്തിന്‌ എന്താണ്‌ തടസ്സം? പക്ഷേ, ഇന്നുവരെ ഒരു പെണ്ണിനോടും നിലവിട്ട്‌ അദ്ദേഹം പെരുമാറിയിട്ടില്ല. സാറായി അല്ലാതെ മറ്റൊരു സ്ത്രീയെപ്പറ്റി ചിന്തിക്കുന്നതുപോലും ഇപ്പോൾ മാത്രമാണ്‌. അത്‌ തന്റെ സ്ഥാനത്തിന്‌ ഒന്നുകൂടി ഔന്നിത്യം നൽകും, തീർച്ച. ഒരു മകനെയോ മകളെയോ അദ്ദേഹത്തിന്‌ സമ്മാനിക്കാൻ കഴിഞ്ഞാൽ താൻ മറ്റാരെക്കാളും... തനിക്കുവേണ്ടി ആരോ ഒരു സിംഹാസനം സജ്ജമാക്കിയിരിക്കുന്നുവേന്ന്‌ മനസ്സിലാരോ പറയുന്നു.
സാറായി യജമാനത്തിയുടെ അസുഖം ഭേദമായി. ഒരുനാൾ തന്നെ ശുദ്ധിവരുത്തി, ആടയാഭരണങ്ങൾ അണിയിച്ചുനിർത്തിയിട്ട്‌ സാറായി യജമാനത്തി പറഞ്ഞു-
"നീയിപ്പോൾ അടിമപ്പെണ്ണല്ല. ഒരു ഹൂറിയെപ്പോലെ അതിമനോഹരിയായിരിക്കുന്നു. പഴയ ഹാഗാർ ഇപ്പോൾ നിന്റെ നിഴൽപോലുമല്ല."
ഭർത്താവിന്റെ കിടക്കറയിലേയ്ക്ക്‌ മറ്റൊരു പെണ്ണിനെ അണിയിച്ചൊരുക്കി വിടുകയെന്നത്‌ യാഥാർഥ്യമായി കാണാൻ ഏത്‌ സ്ത്രീക്കു കഴിയും? അപ്പോൾ സാറായി യജമാനത്തിയുടെ മിഴികളിൽ നനവുണ്ടായിരുന്നിരിക്കുമോ? അറിയില്ല. ലജ്ജമൂലം താൻ തലകുമ്പിട്ട്‌ നിൽക്കുകയായിരുന്നല്ലോ.
പിറ്റേന്ന്‌ പ്രഭാതത്തിൽ സാറായി യജമാനത്തിയുടെ കണ്ണുകളിൽ നോക്കാൻ മടിയായിരുന്നു.  മറ്റു അടിമപ്പെണ്ണുങ്ങൾക്കെല്ലാം പതിവില്ലാത്ത കുശുകുശുപ്പ്‌. അസൂയാലുക്കളായ അവർ  യജമാനനെ 'വശീകരിച്ചെടുത്തവൾ' എന്ന ദുഷ്പ്പേരും നൽകി.
അദ്ദേഹത്തിന്റെ സാമീപ്യം പഴയതുപോലെ കിട്ടാതെയായപ്പോൾ യജമാനത്തിയിൽ അതൃപ്തി നിഴലിച്ചുതുടങ്ങി. പക്ഷേ, അത്‌ ഏതാനും മാസങ്ങളേ നീണ്ടുനിന്നുള്ളു. താൻ ഗർഭിണിയാണെന്നറിഞ്ഞപ്പോൾ മറ്റെന്തും ഉപേക്ഷിക്കാൻ അവർ തയ്യാറായി. സ്നേഹംകൊണ്ട്‌ തന്നെ വീർപ്പുമുട്ടിച്ചു. ഗർഭിണിയായ സ്വന്തം അനുജത്തിയോടെന്നപോലെ പെരുമാറി. അപ്പോഴാണ്‌ തന്നിൽ സ്ത്രീസഹജമായ ഗർവ്വ്‌ ഉടലെടുത്തത്‌. അതൊരുതരം വെറുപ്പായിമാറി. എത്രമാത്രം സ്നേഹം അവർ തന്നിൽ ചൊരിഞ്ഞോ അത്രയധികം അവജ്ഞയാണ്‌ അവരോട്‌ തോന്നിയത്‌. യൗവനാരംഭം മുതൽ വാർധക്യത്തിന്റെ പടുകുഴിയിലെത്തുവോളം ഉർവരയാകാൻ കഴിയാതിരുന്ന പാഴ്ഭൂമിയാണ്‌ അവരെന്നുതോന്നി. ഈ സ്നേഹപ്രകടനമൊക്കെ തനിക്കു ജനിക്കാനിരിക്കുന്ന കൺമണിയെ തട്ടിയെടുക്കാനുള്ള സൂത്രമാണ്‌. അവരുടെ ഭർത്താവിന്റെ കുഞ്ഞിനെ പ്രസവിക്കാനുള്ള യന്ത്രമായിട്ടാണ്‌ തന്നെ അവർ കാണുന്നതെന്ന്‌ വിശ്വസിക്കാൻ ശ്രമിച്ചു. കാര്യം കഴിയുമ്പോൾ തന്നെ അവർ ചണ്ടിപോലെ വലിച്ചെറിയും.
അതുവേണ്ടാ. പുരുഷന്റെ ബീജം ഗർഭപാത്രത്തിൽ സ്വീകരിച്ച്‌  അതിന്‌ ജീവൻ നൽകാൻ കഴിവുള്ള താനോ ശപിക്കപ്പെട്ട വന്ധ്യയോ അടിമ? അടിമയല്ലേ യജമാനത്തിക്ക്‌ ശുശ്രൂഷ ചെയ്യുന്നത്‌? ചെയ്യേണ്ടതും... ഇപ്പോൾ സാറായിയാണ്‌ തന്റെ ശുശ്രൂഷക. അപ്പോൾ അവർതന്നെയാണ്‌ അടിമയും. താൻ യജമാനത്തിയാണ്‌. യജമാനത്തിക്ക്‌ അടിമയോടെന്നപോലെ അവരോട്‌ പെരുമാറുന്നതിൽ എന്താണ്‌ തടസ്സം? ഗർഭത്തിലുള്ള തന്റെ ശിശു എല്ലാറ്റിനും ന്യായീകരണമാകും, അവകാശവും.
ഒരിക്കൽ സാറായിയുടെ അടച്ചിട്ട കിടക്കറയ്ക്കരികിലൂടെ നടക്കുമ്പോൾ പരാതികളും പതംപെറുക്കലുകളും കേട്ടു. അദ്ദേഹത്തിനുമുന്നിൽ സാറായി പരാതികളുടെ കെട്ടഴിക്കുകയായിരുന്നു. ചെവിവട്ടം പിടിച്ച്‌ മറഞ്ഞുനിന്നു.
"അവളിപ്പം ആളാകെ മാറി. പഴയ ഹാഗാറേയല്ല. ഇങ്ങനെയൊന്നും അവളെപ്പറ്റി ഞാൻ കരുതിയില്ല."
"എന്തുണ്ടായി സാറായി... നിനക്കെന്തുപറ്റി...?"
"എനിക്കല്ല, അവൾക്കാണ്‌ പറ്റിയത്‌. ഇപ്പോൾ അവൾക്കെന്നോട്‌ വെറുപ്പാണ്‌. ഗർഭിണിയായണെന്നറിഞ്ഞപ്പോൾ മുതൽ അവൾ യജമാനത്തിയായതുപോലെ.  ഞാൻ അടിമയും." സാറായിയുടെ ശബ്ദം വിറകൊണ്ടു. 
"എന്നോട്‌ അവളിപ്പോൾ ഒരു നികൃഷ്ടജീവിയോടെന്നപോലെയാണ്‌ പെരുമാറുന്നത്‌. അങ്ങേയ്ക്ക്‌ ഒരു കുഞ്ഞിനെ തരാൻ സാധിക്കാത്ത ഞാൻ നമ്മുടെ കർത്താവിനാൽ ശപിക്കപ്പെട്ടവളാണത്രേ."
"കുഞ്ഞിനെ നൽകുന്നതും നൽകാതിരിക്കുന്നതും കർത്താവല്ലേ സാറായി? അതിനു മനുഷ്യർക്ക്‌ എന്തുചെയ്യാൻ കഴിയും?" അബ്രാം നിസ്സഹായനായി.
"ഞാൻതന്നെയാണ്‌ എന്റെയീവസ്ഥയ്ക്ക്‌ കാരണക്കാരി. എന്റെ അടിമയെ അങ്ങേയ്ക്ക്‌ പ്രാപിക്കാൻ തന്നതാണ്‌ എന്റെ തെറ്റ്‌. ഇപ്പോൾ ഞാൻ ഹാഗാറിന്റെ അടിമയായി..." സാറായി പൊട്ടിക്കരഞ്ഞു.
"നിന്റെ ഭവനത്തിന്റെ യജമാനത്തി നീ തന്നെയാണ്‌. നീ തോറ്റുപിന്മാറേണ്ട ഒരു കാര്യവുമില്ല. നമുക്കാവശ്യം ഒരു കുഞ്ഞാണ്‌. നമ്മുടെ വംശപരമ്പര നിലനിർത്താൻ. അളവില്ലാത്ത സമ്പത്തിന്റെ ഉടമയാകാൻ. ഒരു കുഞ്ഞിനുവേണ്ടി ഞാനവളെ പ്രാപിച്ചെന്നുകരുതി അവളെങ്ങനെ എന്റെ ഭവനത്തിന്റെ ഉടമയാകും? ആ സ്ഥാനം നിനക്കെന്നേ നൽകിയതാണ്‌. നിനക്ക്‌ ഇഷ്ടമുള്ളപോലെ അവളോട്‌ പെരുമാറിക്കൊള്ളുക. ഹാഗാർ ഇന്നും നിന്റെ അടിമതന്നെ."
സാറായിയുടെ മുഖം പ്രസന്നമായി. യജമാനനിൽനിന്ന്‌ ഈയൊരു ഉറപ്പിനുവേണ്ടിയാവും അവർ പരാതിക്കെട്ടഴിച്ചതു. അടച്ചിട്ട വാതിൽതുറന്ന്‌ വിരിമാറ്റി അദ്ദേഹം പുറത്തുകടക്കുംമുമ്പ്‌ അവിടെനിന്ന്‌ പിൻവാങ്ങി.
അപ്പോൾ അതാണ്‌ മനസ്സിലിരിപ്പ്‌. സംശയിച്ചതുപോലെത്തന്നെ കാര്യങ്ങൾ. കുട്ടിയെ കിട്ടിക്കഴിഞ്ഞാൽ അവർ കൂടുതലായി തന്നെ വെറുക്കും. ഒരുപക്ഷേ, ഭവനത്തിൽനിന്നുപോലും...
പിന്നീട്‌ സാറായിയുടെ പീഡനം കഠിനമായിരുന്നു. മുറിവേറ്റ സിംഹിണിയുടെ ഭാവമായിരുന്നു അവർക്ക്‌. ഏതാനും നാൾ അവരെ താൻ അടിമയായിവച്ചിരുന്നതിന്റെ പ്രതികാരം അവർ വീട്ടിത്തുടങ്ങി. ശരിയായി ഭക്ഷണം നൽകാതെ, പകലന്തിയോളം പണിയെടുപ്പിച്ച്‌ തളർത്തി. വലിയ വയറുമായി കിണറ്റിൽനിന്ന്‌ വലിക്കുന്ന വെള്ളം കമഴ്ത്തിക്കളഞ്ഞ്‌ വീണ്ടും വലിപ്പിച്ചു. അദ്ദേഹത്തിന്റെ സാമീപ്യത്തിൽനിന്ന്‌ മനഃപൂർവം അകറ്റി.രാത്രിയിൽ അദ്ദേഹത്തോടൊപ്പം ഉറങ്ങാൻ സമ്മതിക്കാതെ തന്റെ കൂടാരത്തിൽഏകാന്തത്തയിൽ വസിപ്പിച്ചു.അദ്ദേഹം സാറായി യജമാനത്തിയോടൊപ്പം ശയനമാരംഭിച്ചു. 
[തുടരും]

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചുരുങ്ങിയത്‌ 50 വർഷത്തെയെങ്കിലും വിളവ്‌ പ്രതീക്ഷിച്ച്‌ വേണം  ഇനി തെങ്ങുകൾ നടാൻ. കൂടുതൽ ഉത്പാദനം നൽകുന്ന മികച്ച ഗുണമേന്മ തെങ്ങിൻ തൈകൾ മാത്രം തെരഞ്ഞെടുത്ത്‌ നടണം. എങ്കിൽ മാത്രമെ അത്‌ രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ ആദായം നൽകുകയുള്ളു. തെങ്ങുകൾ നേരത്തെ  കായ്ച്ചു തുടങ്ങിയാലെ കർഷകന്‌ അതുകൊണ്ട്‌ സാമ്പത്തിക നേട്ടം ഉണ്ടാവുകയുള്ളു.

വേനൽ മഴ യഥാസമയം എത്തിയതിനാൽ തെങ്ങിൻ തൈ വയ്ക്കാൻ പറ്റിയ സമയമാണിത്‌. ഈ സമയത്ത്‌ ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വാങ്ങി നട്ടാൽ മഴക്കാലത്തോടെ തൈകൾ വേരു പിടിക്കുകയും വെയ്ക്കുന്ന എല്ലാ തൈകളും പിടിച്ചു കിട്ടുകയും ചെയ്യും. തേങ്ങയ്ക്ക്‌ ഒരു കാലത്തും ലഭിക്കാതിരുന്ന ഏറ്റവും ഉയർന്ന വില ലഭിക്കുന്നതിനാൽ തെങ്ങിൻ തൈ വെച്ചുപിടിപ്പിക്കാൻ പൊതുവേ ജനങ്ങൾ താൽപര്യം കാണിക്കുന്ന കാലമാണിത്‌. എന്നാൽ ഏത്‌ ഇനം തൈ വയ്ക്കണം, ഗുണമേ?യുള്ള തൈ എവിടെ കിട്ടും, എത്രയും പെട്ടെന്ന്‌ കായ്ക്കുന്ന തൈ നടണം, ഉയരം കുറഞ്ഞ ഇനമായിരിക്കണം, ഇവതൊക്കെയാണ്‌ തെങ്ങിൻ തൈ നടാനായി ഉദ്ദേശിക്കുമ്പോൾ കർഷകരുടെ മനസ്സിലെ ചിന്തകൾ.  നടുന്ന തൈകൾ തോട്ടത്തിൽ പ്രക…

ജൈവവളം മാത്രം പോരേ?

ആർ. ജ്ഞാനദേവൻ
അസി. ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌

കഴിഞ്ഞ 28 വർഷമായി ഈ ലേഖകൻ പങ്കെടുത്ത കാർഷിക സെമിനാറുകളിൽ കേരകർഷകർ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്‌ തെങ്ങിന്‌ ജൈവവളം മാത്രം ചേർത്താൽ പോരെയെന്ന്‌. തെങ്ങിന്‌ വളം ചെയ്യുമ്പോൾ നാം ആദ്യം ഓർക്കേണ്ടത്‌ ജൈവവളപ്രയോഗം തന്നെയെന്നതിൽ സംശയമില്ല. കാരണം ഇന്ന്‌ നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തടങ്ങളിലും വർഷം തോറും വേണ്ടത്ര ജൈവവളം ചേർത്ത്‌ കൊടുക്കാത്തതിനാൽ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര ജൈവാംശം ചേർത്ത്‌ തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്‌ നാം ആദ്യം ചെയ്യേണ്ടത്‌. രാസവളം ശുപാർശ ചെയ്ത അളവിൽ നൽകിയാലും തെങ്ങിൻ തടത്തിൽ വേണ്ടത്ര ജൈവാംശം ഇല്ലെങ്കിൽ അതുകൊണ്ടുള്ള ഗുണം തെങ്ങിന്‌ ലഭിക്കില്ല എന്നതാണ്‌ വാസ്തവം. ഉദാഹരണമായി യൂറിയ എന്ന രാസവളം തെങ്ങിൻ തടത്തിൽ വിതറിയാൽ തടത്തിലെ മണ്ണിൽ ജൈവാംശം ഉണ്ടെങ്കിൽ മാത്രമേ ഈ വളത്തിലെ പോഷകങ്ങൾ തെങ്ങിന്‌ വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതായത്‌ ഈ വളത്തിൽ അടങ്ങിയിരിക്കുന്ന പാക്യജനകത്തെ വലിച്ചെടുക്കാൻ പാകത്തിലാക്കുന്ന രാസപ്രവർത്തനത്തെ സഹായിക്കുന്ന ചില എൻസൈമുകൾ പുറപ്പെടുവിക്ക…

കാർട്ടൂൺ കവിതകൾ

ജി.ഹരിനീലഗിരി

1) അയ്യപ്പൻ
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.
കാക്കകൊത്തി കടലിലിട്ടീല.
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തീല.
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചീല.
വാണിയപ്പിള്ളേരു വായിലുമിട്ടീല.
അയ്യപ്പൻ തന്നെ നെയ്യപ്പം തിന്നു!
2) നിരൂപഹയൻ
മണ്ഡൂകം കൂപത്തിൽ നിന്നിറങ്ങി.
കൂപത്തിനാശ്വാസമായി.
മണ്ഡൂകത്തിനും.
ഇരുവർക്കുമിവ്വിധമാശ്വാസമാകീടിലും
മണ്ഡൂകം മണ്ഡൂകമല്ലാതായീടുമോ?!
കൂപം കൂപവും?!
സർ?
3) കല്യാണരാമൻ
കല്യാണരാമൻ ജമീലയോടു പറഞ്ഞു;
ആഴ്ചപ്പതിപ്പിലോട്ടു കയറിക്കിടക്കെടീ,
ഞാൻ നിന്നെ ഒന്നു ...........!
4) ഫെമിനിഷം
ഇതെൻ വക്ഷോജങ്ങൾ.
ഇതെൻ യോനി.
ഇതെൻ ജഘനങ്ങൾ.
ഇതെൻ കാർക്കൂന്തൽ.
ഇതെല്ലാ-
മെല്ലാ മെല്ലാ-
മെന്റേതെന്റേതെന്റേതു മാത്രം!
5) 40+
പ്രണയമേ,
എന്റെ വഴികളിൽ
എന്നും നീയുണ്ടായിരുന്നു..
7ലും,
17ലും,
37ലും.
ഇപ്പോൾ
40+ ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിൻകൂടുപോൽ
എന്നുള്ളിലെഫ്ഫെം സംഗീതമായ്‌
പ്രണയമേ,
നീ കിടന്നു
പിട പിടിയ്ക്കുകയാണ്‌...
6)ചുള്ളൻ
വയലാർ കവിയല്ലെന്നു
(പണ്ടൊരിക്കൽ)
ഗുണ്ടൊരെണ്ണം പൊട്ടിച്ചൂ.
ചുള്ളിയും കാടുമെല്ലാം പോയ്‌
ഗൗതമസുധാംശുവായ്ത്തീർന്നു! 7) A.M എന്റെ റേഡിയോ.
പൊന്നു റേഡിയോ.
എന്റെ കൗമാരദിനങ്ങളെ
പാടിയുണർ…