പ്രശാന്ത് മിത്രന്‍
'ആറ്റുമ്മണമ്മേലെ ഉണ്ണിയാര്‍ച്ച,ഊണും കഴിഞ്ഞങ്ങുറക്കമായി
ഉറക്കത്തില്‍ സ്വപ്‌നവും കണ്ടുപെണ്ണ്
അല്ലിമലര്‍ക്കാവില്‍ കൂത്തല്ലാണ്
അയ്യപ്പന്‍ കാവില്‍ വിളക്കല്ലാണ്
അയലത്തെപ്പെണ്ണുങ്ങള്‍ പോകുന്നുണ്ട്....... '
ആറ്റും മണ്ണമ്മേല്‍ ഉണ്ണിയാര്‍ച്ച ; മലയാളത്തില്‍ ഇത്രയ്‌ക്കും പൊടിപ്പും തൊങ്ങലും ചേര്‍ത്തു വര്‍ണ്ണിക്കപ്പെട്ട മറ്റൊരു സ്‌ത്രീകഥാപാത്രമുണ്ടാവില്ല. ചുരികയും പരിചയും നീട്ടി, ഉറുമിയും കച്ചയും മുറുക്കി കളരിയിലും കാവിലും അങ്ങാടിയിലും പൊയ്‌ത്തിനിറങ്ങിയ വേറെ ഒരുപാട് പെണ്ണുങ്ങളും ഇവിടെ ഉണ്ടാവില്ല. അതാണ് ഉണ്ണിയാര്‍ച്ചയുടെ ഖ്യാതി. ഈയൊരു വ്യാപ്‌തിയില്ലല്ലെങ്കിലും വടക്കന്‍ പാട്ടുകളില്‍ വേറെയും നിരവധി വീരാംഗനമാരുടെ പരാമര്‍ശമുണ്ട്.
കേരളത്തിന്റെ തെക്കും വടക്കും മധ്യതിരുവിതാംകൂറിലുമെല്ലാം വീരാപദാനപരമായ ഇത്തരം പാട്ടുകള്‍ നിരവധിയാണെങ്കിലും വടക്കന്‍ പാട്ടുകള്‍ക്കു കിട്ടിയ ഖ്യാതി മറ്റൊന്നിനും ഇവിടെ ലഭിച്ചിട്ടില്ല. ഒരു ജനത അവരുടെ അഭിമാനമായും പൈതൃകമായും ഉയര്‍ത്തിപ്പിടിച്ചതിന്റെ ഫലമാണ് വടക്കന്‍ പാട്ടുകള്‍ക്കു ലഭിച്ച ഈ ജനപ്രീതി. വീരാപദാനങ്ങളുടെ അതിശയോക്തി വൈചിത്ര്യങ്ങള്‍ നിറഞ്ഞ ആ പാട്ടുകള്‍ മുഖ്യമായും പുരുഷ കേന്ദ്രിതമാണെങ്കിലും സ്‌ത്രീവര്‍ണ്ണനകള്‍ക്കു പഞ്ഞമില്ല.
സ്‌ത്രീയെ ശരീരമായും രത്യുപകരണമായും ശൃംഗാരസാരമായും ചിത്രീകരിക്കുന്ന ഭാഗങ്ങള്‍ നിരവധിയാണെങ്കിലും അവളെ വീരാംഗനയായി വര്‍ണ്ണിക്കുന്നതും കുറവല്ല. അത്തരം വീരാപദാനത്തിന്റെ അത്യൂച്ചാവസ്ഥയാണ് ആറ്റുമ്മണമ്മേലെ ഉണ്ണിയാര്‍ച്ച.
അല്ലിമലര്‍ക്കാവില്‍ കൂത്തുകാണാന്‍ പോയ അവളെ തടഞ്ഞ ജോനകന്മാരെ അവളൊറ്റയ്‌ക്ക് നിലംപരിശാക്കി. ആങ്ങളയെ ചതിച്ചുകൊന്ന ചന്തുവിന്റെ തലയറുക്കാന്‍ മകനെയും മരുമകനെയും കച്ചകെട്ടിച്ചയയ്‌ക്കുന്ന ഉണ്ണിയാര്‍ച്ച പകയുടെ പ്രതിരൂപമായാണ് നമ്മുടെ മുന്നില്‍ തെളിയുന്നത്. താന്‍ പോരിമയുടെയും തന്റേടത്തിന്റെയും പ്രതിരൂപമല്ല രൂപം തന്നെയായിരുന്നു ഉണ്ണിയാര്‍ച്ച. അത്തരമൊരു സ്‌ത്രീജന്മം ഇവിടെയുണ്ടായിട്ടുണ്ടെങ്കില്‍ അത് പെണ്‍ മലയാളത്തിന് അഭിമാനകരം തന്നെയാണ്. ഇനി ഇതൊരു സങ്കല്‌പമായാല്‍പ്പോലും അഭിമാനകരമായ പൈതൃക സങ്കല്‌പമാണെന്നേ പറയാവൂ.
ഇപ്രകാരം പുത്തൂരം പാട്ടുകളില്‍ പരാമര്‍ശിക്കപ്പെടുന്ന ഉണ്ണിയാര്‍ച്ചയോടൊപ്പം കുഞ്ചുണ്ണുലിയും തുമ്പോലാര്‍ച്ചയും മറ്റും ഇതേ പാട്ടുകളില്‍ കടന്നു വരുന്നുണ്ടെങ്കിലും അവരാരും ഉണ്ണിയാര്‍ച്ചയെപ്പോലെ വീരത്തരുണികളായല്ല ചിത്രീകരിക്കപ്പെടുന്നത്. ആരോമല്‍ ചേകവരുടെ പത്‌നിമാരായ അവരിരുവരും പൂര്‍ണമായും പത്‌നിമാര്‍ മാത്രമാണ്. ആയുധമെടുത്തോ അടരിനുവിളിച്ചോ അവര്‍ ആരുടെയും ശ്രദ്ധ കവരുന്നില്ല.
തച്ചോളിപ്പാട്ടുകളിലാണെങ്കില്‍ ഒളിമിന്നുന്ന സ്‌ത്രീകളാരും തന്നെ കടന്നു വരുന്നില്ല ഈപാട്ടില്‍ ആദ്യം വരുന്ന സ്‌ത്രീ ഒതേനന്റെ മാതാവായ കുമ്പയാണ്. അവര്‍ അകാലത്തില്‍ വിഷം ഉള്ളില്‍ച്ചെന്ന് മരണമടഞ്ഞു.
ഒതേനന്റെ സഹോദരി ചിരുതയും കാമുകി ചിരുവും കൊടുമല കുങ്കിയും മണിയൂരിടത്തില്‍ കുഞ്ഞിക്കുങ്കിയും കോയിക്കലിടത്തില്‍ കുഞ്ഞിമാക്കവും കുമ്പളത്ത് കുഞ്ഞിക്കന്നിയും പൂമി മലങ്കര കുഞ്ഞിക്കന്നിയും കദളീവനംകോട്ട കുഞ്ഞിക്കന്നിയും കണ്ടോത്തിടത്തില്‍ മാതുവും അതുപോലെ മറ്റനേകം സ്‌ത്രീകളും തച്ചോളിപ്പാട്ടുകളില്‍ കടന്നു വരുന്നു. ഇവരെല്ലാംതന്നെ ഒതേനന്റെ ജൈത്രയാത്രയുടെ വഴിയടയാളങ്ങള്‍ മാത്രമായേ നിലനില്‌ക്കുന്നുള്ളൂ. ചിലരെ ഒതേനന്‍ വിവാഹം കഴിക്കുന്നു.
മറ്റു ചിലരെ വധിക്കുന്നു. ഇവരില്‍ ചിലര്‍ ഉണ്ണിയാര്‍ച്ചയുടെ മട്ടില്‍ ആയുധമെടുത്തു പോരാടുകയും അങ്കത്തിനിറങ്ങുകയും ചെയ്യുന്നണ്ടെങ്കിലും അവരുടെ വിജയകഥകള്‍ വിളമ്പാന്‍ പാട്ടുകാര്‍ തയ്യാറാകുന്നില്ല. ഒതേനന്റെ ആയോധന പാടവവും വിഷയ ലമ്പടത്ത്വവും പാടിയുറപ്പിക്കാനുള്ള ഉപധാനങ്ങളായാണ് ഈ സ്‌ത്രീകഥാപാത്രങ്ങളെല്ലാം നിലകൊള്ളുന്നത്. അവര്‍ക്ക് അസ്‌തിത്വവും വ്യക്തിത്വവുമുണ്ടെങ്കില്‍പ്പോലും അത് വേണ്ട വിധത്തില്‍ വെളിപ്പെടുത്താനോ പാടി ഉറപ്പിക്കാനോ ഉള്ള ശ്രമങ്ങളുണ്ടാകുന്നില്ല. അങ്ങനെ തച്ചോളിപ്പാട്ടുകള്‍ തച്ചോളി ഒതേനന്‍ എന്ന ഒറ്റക്കല്‍ത്തുണിലുറച്ചു നിന്ന് മറ്റൊല്ലാത്തിനെയും അതിന്റെ ഉത്തരവും കഴക്കോലും മേച്ചിലോടുമാക്കി മാറ്റുന്നു.
എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്‌തമായി സ്‌ത്രീകളെ കേന്ദ്രീകരിക്കുന്ന കന്നിപ്പാട്ടുകളും നിരവധിയാണ്. ചതിയില്‍പ്പെട്ട് നശിക്കുകയോ ചതിയില്‍ പെട്ടിട്ടും രക്ഷപ്പെടുകയോ ചെയ്‌ത സ്‌ത്രീകളുടെ കഥകള്‍, വഞ്ചിക്കപ്പെടുകയും പിന്നീട് ഐശ്വര്യം പ്രാപിക്കുകയും ചെയ്‌ത അനാഥ സ്‌ത്രീകള്‍, വഞ്ചിക്കപ്പെടുകയോ വഞ്ചനാ ശ്രമത്തില്‍ നിന്ന് രക്ഷപ്പെടുകയോ ചെയ്‌തിട്ട് അതിന് പ്രതികാരം ചെയ്യുന്ന സ്‌ത്രീകളുടെ കഥകള്‍, ആയോധനവിദ്യ പഠിക്കുകയും അങ്കം നടത്തുകയും ചെയ്‌ത സ്‌ത്രീകള്‍, ആപത്തുകളില്‍പ്പെടുകയും അതില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്രാപിക്കുകയും ചെയ്‌ത സ്‌ത്രീകള്‍, എന്നിങ്ങനെ പലമട്ടില്‍ വകതിരിക്കാവുന്ന വിധത്തില്‍ വൈവിധ്യ പൂര്‍ണ്ണമാണ് ഈ പാട്ടുകളിലെ സ്‌ത്രീസാന്നിദ്ധ്യം.
ചീനേരി വീട്ടില്‍ ചിരുതേയി കളരിയില്‍ കച്ചകെട്ടി പഠിക്കുന്ന സ്‌ത്രീയാണ്. അവളുടെ സൗന്ദര്യവും ആകാര വടിവും കണ്ട് അസൂയമൂത്ത ചിറയ്‌ക്കല്‍ തമ്പുരാന്റെ കെട്ടിലമ്മ അവളെ പൊയ്‌ത്തിനു ക്ഷണിച്ചു ഗത്യന്തരമില്ലാതെ പൊയ്‌ത്തിനിറങ്ങിയ ചിരുതേയി കെട്ടിലമ്മയുടെ തലയരിഞ്ഞു.
പൊന്നോല മായില കുഞ്ഞിമാക്കവുമായി പൊയ്‌ത്തു നടത്തുന്ന ആതി അതിയാലൂറ് കുഞ്ഞിപ്പാട്ടിയെക്കുറിച്ച് ഒരു പാട്ടുണ്ട്. ഏഴുകളരിയില്‍ പയറ്റിയവളാണ് കുഞ്ഞിമാക്കം. അവളോട് ഇത്തിരിപ്പോന്ന കുഞ്ഞിപ്പാട്ടി എങ്ങനെ എതിരിടും എന്നതായിരുന്നു കുഞ്ഞിപ്പാട്ടിയുടെ ബന്ധുക്കളുടെ ചിന്ത.. എന്നിട്ടും പൊയ്‌ത്തു നടന്നു. കുഞ്ഞിപ്പാട്ടി ജയിക്കുകയും ചെയ്‌തു.
മയ്യഴിക്കളരിയില്‍ ചെന്ന് മണലടി വിദ്യ പഠിച്ച കല്യാട്ട് കുങ്കിയമ്മയുടെ സാഹസത്തെ കുറിച്ചും പാട്ടുണ്ട്. അവളെ പൊയ്‌ത്തിനുക്ഷണിച്ചത് കോട്ടയത്തു തമ്പുരാനാണ്. അദ്ദേഹത്തിന്റെ മകനുമായാണ് പൊയ്‌ത്ത് നിശ്ചയിക്കുന്നത്. രാവിലെ മുതല്‍ ഉച്ചവരെ അങ്കം വെട്ടിയിട്ടും ആരും ജയിക്കുകയോ തോല്‌ക്കുകയോ ചെയ്‌തില്ല. പിന്നീട് ഗത്യന്തരമില്ലാതെ കുങ്കിയമ്മ മണലടിവിദ്യ പ്രയോഗിച്ച് കുഞ്ഞിക്കണ്ണനെ വധിച്ചു.
മേലൂര്‍ക്കോട്ട കുഞ്ഞിക്കന്നി, പൊയ്‌ത്തു നടത്തി മരിച്ച തന്റെ ആങ്ങളയുടെ വേഷത്തില്‍ ആങ്ങളയെ പൊയ്‌ത്തില്‍ വധിച്ച പാറക്കടവന്‍ ചിണ്ടനുമായി പൊയ്‌ത്തു നടത്തി ജയിക്കുന്നു. പൊന്മല കുങ്കിയുമായി പൊയ്‌ത്തു നടത്തി ജയിച്ച പൂമലക്കോട് കുങ്കമ്മയുടെ കഥയും വടക്കന്‍ പാട്ടായി പാടിവരുന്നു.
ഒന്നുപറഞ്ഞ് രണ്ടിന് പൊയ്‌ത്തു കുറിച്ച് വറോല അയയ്‌ക്കുന്നതും പുരുഷന്മാരെ എന്നപോലെ സ്‌ത്രീകളെയും പൊയ്‌ത്തിനു ക്ഷണിക്കുന്നതും വടക്കന്‍ പാട്ടുകളില്‍ അസാധാരണമല്ലെന്നാണ് ഈ ഉദാഹരണങ്ങള്‍ വെളിപ്പെടുത്തുന്നത്. അങ്കം കുറിച്ചാല്‍ ആണായാലും പെണ്ണായാലും പിന്മാറ്റം അപമാനകരമാണ്. അത് ആ കുടുംബത്തിന് ഒള്ളൊള്ള കാലത്തേയ്‌ക്കും മാറാത്ത ഒരപഖ്യാതിയായി നിലനില്‌ക്കും.
അതുകൊണ്ടുതന്നെ സ്‌ത്രീ- പുരുഷഭേദമെന്യേ പൊയ്‌ത്തിനിറങ്ങുന്നു. വെട്ടി ജയിക്കുന്നു അല്ലെങ്കില്‍ വെട്ടി മരിക്കുന്നു. ഇതൊരു കാലത്തിന്റെ സാംസ്‌കാരിക ചിഹ്നമാണ്. ഇതില്‍ ഒരായുധ മത്സരത്തിന്റെ നിണക്കൊതിക്കപ്പുറം മറ്റുപല സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളും ഒളിഞ്ഞിരിക്കുന്നു. അടുക്കളക്കാരികളും വീടാംകൂട്ടില്‍ കുടുങ്ങും തത്തമ്മകളുമായ സ്‌ത്രീകളെ ആരും പൊയ്‌ത്തിനു വിളിക്കാന്‍ സധ്യതയില്ല. അതുപോലെ, പൊയ്‌ത്തിനു ക്ഷണിക്കുന്ന വറോല കിട്ടിയതിനുശേഷം പോയി വാളെടുത്ത് പയറ്റു പഠിച്ച് ആരും പൊയ്‌ത്തിനിറങ്ങി ജയിക്കാനും പോകുന്നില്ല. അപ്പോള്‍ രണ്ടുകാര്യങ്ങള്‍ വ്യക്തമാകുന്നു. ഒന്ന്, അക്കാലത്ത് സ്‌ത്രീകള്‍ സമൂഹത്തിലും സമാജത്തിലും ഇറങ്ങി പ്രവര്‍ത്തിച്ചിരുന്നു എന്ന വസ്‌തുത. മറ്റൊന്ന് അവര്‍ ബാല്യം തൊട്ടേ കളരിയിലിറങ്ങി കച്ചകെട്ടി വാളെടുത്തു പയറ്റിയിരുന്നു എന്ന വസ്‌തുത.
ഇതു രണ്ടും ശരിയാണെങ്കില്‍ കടത്തനാട്ടിലെ, അല്ലെങ്കില്‍ വടക്കന്‍ പാട്ടിന്റെ ഭൂമികയിലെ സ്‌ത്രീകള്‍ പിന്നെ എപ്പോഴാണ് അടുക്കളക്കാരികളായി ചുരുങ്ങിപ്പോയത് എന്ന വസ്‌തുത ഗവേഷണമര്‍ഹിക്കുന്നു. പാട്ടുകളില്‍ അതിശയോക്തിയുണ്ടാവാം. എന്നാല്‍ അതില്‍ ഒരുശതമാനമെങ്കിലും നേരുണ്ടാവും. ഒരു പൊയ്‌ത്തെങ്കിലും നടക്കാതെ നൂറ് പൊയ്‌ത്തു നടന്നു എന്നു പറയുക സാധ്യമല്ല. അപ്പോള്‍ സ്‌ത്രീസമത്വത്തിന്റെ കാര്യത്തില്‍ ഇടക്കാലത്ത് നമുക്കൊരു റിവേഴ്‌സ് ചെയ്‌ഞ്ചുണ്ടായി എന്നു പറയേണ്ടിവരും. ഒരു പിന്മടക്കം.
സാമൂദായിക- രാഷ്‌ട്രീയ യാഥാര്‍ത്ഥ്യങ്ങള്‍ ഇതിനു വഴിമരുന്നിട്ടിട്ടുണ്ടാവാം. എങ്കിലും ഒന്നു പറയാം. ഇന്നത്തെ സര്‍വ്വതന്ത്ര സ്വതന്ത്രയായ സ്‌ത്രീ ആ സ്വാതന്ത്ര്യം ഒരു പുത്തനനുഭവമാണെന്ന് അഹങ്കരിച്ചാല്‍ തെറ്റിപ്പോയി എന്നു മറുപടി പറയാം. നൂറ്റാണ്ടുകള്‍ക്കു മുമ്പ് നമ്മുടെ സ്‌ത്രീകള്‍ ഇതിനെക്കാള്‍ സ്വതന്ത്രരും സ്വത്വബോധമുള്ളവരുമായിരുന്നു എന്നറിയുക. അതിന്റെ രേഖപ്പെടുത്തലുകളാണ് വടക്കന്‍ പാട്ടുകളില്‍ ന്മമള്‍ കാണുന്നത്. അതൊരു ചെറിയ കാര്യമല്ലെന്ന് നമുക്കുറക്കെത്തന്നെ പറയാം.