അവള്‍ മാനഭംഗം ചെയ്യപ്പെട്ടിട്ടുണ്ടാകുമോ ആവോ…?

അഷ്റ ഫ കാളത്തോട്

മഴ തുമ്പികളും പൂക്കളും സമാശ്വസിപ്പിക്കാതെ
സമയം നീണ്ടു പോകുന്നതിലുള്ള അസ്വസ്ഥതയായിരുന്നു
അസഹ്യമായനേരം സൂര്യന്‍ ആകാശത്ത് ചിതറി
രശ്മികള്‍ തെറിച്ചു പോകുന്നതുപോലെ
ചിന്ത തെറിച്ചു പോകുന്നതിനിടയ്ക്ക് .
നക്ഷത്രങ്ങള്‍ വിളക്ക് കത്തിച്ചു
‘ദീപം… ദീപം…’ എന്ന്
നിശബ്ദം കണ്ണുകളില്‍ ഇരുട്ടുന്ന നേരത്തിന്റെ പിന്നിട്ട
ദൈര്‍ഘ്യത്തെ ബോധ്യപ്പെടുത്തി
ഇലഞ്ഞിമരത്തില്‍ചേക്കേറിയ
പക്ഷിപറ്റങ്ങള്‍
ഏകാന്തതയെ തെറിപ്പിച്ചു.
വെട്ടുവഴിയുടെ ഏതോ കോണിലോ, മധ്യത്തിലോ
ഇപ്പോള്‍ എത്തിക്കാണുമോ ആവോ….
അവിടെ പതുങ്ങിയിരിക്കുന്ന
അസ്രായില്‍ (യമന്‍)
പതിയെ അല്ലെങ്കില്‍ പെട്ടെന്ന്
അല്ലെങ്കില്‍ വെറുത ഒരു സൗഹൃദം
സ്ഥാപിച്ചിട്ടുണ്ടാകുമോ ആവോ..?
കിഴുക്കാംതൂക്കായി നില്‍ക്കുന്ന മലകളും
കൊക്കകളും കൊണ്ട് സമ്പന്നമായ വഴിമധ്യത്തില്‍
മറ്റെന്തെങ്കിലും…സംഭാവിച്ചിട്ടുണ്ടാകുമോ ആവോ..?
നീണ്ടു കൊലുന്നനെയുള്ള ഉടലില്‍
ഏതെങ്കിലും ഗരുഡ പരാക്രമം.. നടന്നിട്ടുണ്ടാകുമോ ആവോ…?
തണുത്തു മരവിച്ച കാടിന്റെ
കാണാന്‍ കഴിയാത്ത വിദൂരതയില്‍ നിന്നും ഉയരുന്ന ശവപ്പുക
ഈ മട്ടിലൊരു കാഴ്ചയുടെ ദുര്‍ഗതിയിലേക്ക്
സ്വാഗതം ചെയ്യുമോ ആവോ….?
വേട്ട മൃഗത്തിന്റെ ഗര്‍ജനംകൊണ്ട് തുറിച്ച കണ്ണുകളില്‍
രക്ഷയ്ക്ക് വേണ്ടിയുള്ള ദയനീയത കല്ലിച്ചുനില്‍ക്കുന്നുണ്ടാകുമോ ആവോ…?
കൂറ്റന്‍ രതിമേഘങ്ങളുടെ സംഹാരാത്മക
രതിക്രീഡയ്ക്ക് തൊട്ടുമുമ്പ് മേഞ്ഞ തണുത്തു മരവിച്ച ലാന്‍ഡ്‌സ്‌കേപ്.
ആ പുല്‍മേട്ടില്‍നിന്ന് അരുത് കാട്ടാളാ….!!!! എന്ന ഒരു ധ്വനിയിലേക്ക്
കാട് പ്രകമ്പനം കൊണ്ടിട്ടുണ്ടാകുമോ ആവോ..?
ഇണയെ പിരിഞ്ഞൊരു ക്രൗഞ്ച പക്ഷി
നിണനിളയായി ഒഴുകിയിട്ടുണ്ടാകുമോ ആവോ….?
ഇഴ പൊട്ടി വീണ മഴത്തുള്ളിയില്‍ ആ രക്തപ്പാടുകള്‍
ഉണ്ടാക്കിയേക്കാവുന്ന ഒരു തൊണ്ടി പോലും
അവശേഷിപ്പിക്കാതെ കഴുകപ്പെട്ടിട്ടുണ്ടാകുമോ ആവോ…?
കാട്ടാളന്റെ പിടിയില്‍ പകച്ചൊന്നു നോക്കിയശേഷം
ചോരയില്‍ കുതിര്‍ന്ന പ്രാണരക്ഷാപ്രയോകങ്ങള്‍ വിലപോകാതെ
സ്ഥലജലവിഭ്രമത്തില്‍ പെട്ട് ഉഴറിയിട്ടുണ്ടാകുമോ ആവോ…?
എങ്ങോട്ട് എന്ന് അറിയാതെ വന്യമൃഗ കൊലനിലങ്ങളില്‍നിന്ന്
ക്രൗഞ്ച പക്ഷി ചോരക്കൈ തുടച്ചുകൊണ്ട്
ഓരോ കാല്‍വെപ്പിലും ശ്രദ്ധിച്ചു നീങ്ങുന്നതിനിടയ്ക്കു
പിന്നെ എന്താണ് സംഭാവിച്ചിട്ടുണ്ടാകുക..?
വന്ന വഴിയേ തിരിച്ചുപോവാന്‍
പിന്തിരിഞ്ഞോടിയപ്പോള്‍ കരിമ്പാറക്കെട്ടുകളില്‍
പതിക്കുന്നതിനിടയ്ക്കു ഉയര്‍ന്ന രോദനം
നാല് ദിക്കും ചെന്നലച്ചു തകര്‍ന്നിട്ടുണ്ടാകുമോ ആവോ…?
അതു പകര്‍ത്തിയ സ്‌നാപ്പിന്റെ പകര്‍പ്പ്
നൂലുകളില്‍ കോര്‍ത്ത് ആ അധമനെ കായം തേച്ചു
പൊരിക്കാനായി നരകത്തിലെ തീ കുണ്ടിലെയ്ക്ക്
ആഴ്ത്തപ്പെടുന്ന നിമിഷം കിനാവുകണ്ട് അവള്‍
നിതാന്ത ഉറക്കത്തിലേയ്ക്കു ആഴ്ത്തപ്പെട്ടിരിക്കുമോ ആവോ…?

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?